നസീര്‍ മണ്ണഞ്ചേരി
നിയമ ലംഘനത്തിന്റെ തെളിവുകള്‍ അക്കമിട്ട് നിരത്തപ്പെട്ടിട്ടും മന്ത്രി തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്നത് ഇടതു മുന്നണിയുടെ പൊള്ളയായ അഴിമതി വരുദ്ധ പ്രതിച്ഛായക്ക് തെളിവാണ്. പണത്തിന്റെയും അധികാരത്തിന്റെയും മറവില്‍ മന്ത്രി പടുത്തുയര്‍ത്തിയ ടൂറിസം സാമ്രാജ്യത്തിനായി തണ്ണീര്‍ത്തട നിയമ ലംഘനവും ഭൂ സംരക്ഷണ നിയമ ലംഘനവും നടന്നിട്ടുണ്ടെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കുറ്റക്കാരനായ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും സ്വീകരിക്കുന്നത്. കയ്യേറ്റ വിഷയങ്ങളില്‍ സി.പി.എമ്മില്‍ നിന്നും വ്യത്യസ്തമായ നിലപാടുകള്‍ എല്ലാ കാലവും സ്വീകരിക്കുന്നവരെന്ന് അവകാശപ്പെടുന്ന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ പാര്‍ട്ടിയായ സി.പി.ഐ പോലും ഉദ്യോഗസ്ഥരെ പഴിചാരി തടിയൂരാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നടപടി വേണമെന്ന റവന്യൂ മന്ത്രിയുടെ നിലപാടിന് പോലും പാര്‍ട്ടിയില്‍ നിന്നോ മന്ത്രിസഭയില്‍ നിന്നോ കാര്യമായി പിന്തുണ ലഭിക്കാത്തത് തോമസ് ചാണ്ടി വിഷയത്തില്‍ ഇടതുമുന്നണി തുടരുന്ന ഒളിച്ചുകളിയാണ് വ്യക്തമാക്കുന്നത്. കൃത്യമായ തെളിവുകള്‍ കളക്ടര്‍ സമര്‍പ്പിച്ചിട്ടും റവന്യൂ വകുപ്പ് സെക്രട്ടറി നിയമോപദേശത്തിന് പിന്നാലെ പോകുന്നത് തോമസ്ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടുപോവുകയെന്ന ഒറ്റ ഉദ്ദേശത്തോടെ മാത്രമാണെന്ന് വ്യക്തമാണ്.
തോമസ്ചാണ്ടി വിഷയം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചക്ക് പോലും എടുക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടും അഴിമതിക്ക് സംരക്ഷണ കവചമൊരുക്കുന്നുവെന്ന ആക്ഷേപത്തിന് ശക്തിപകരുകയാണ്. ഒറ്റക്ക് മത്സരിച്ചാല്‍ കുട്ടനാട്ടില്‍ ഒരു പഞ്ചായത്ത് വാര്‍ഡ് പോലും വിജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയുടെ നേതാവായ തോമസ് ചാണ്ടിക്ക് ഇടതുമുന്നണിയിലെ മേധാവിത്വമാണ് ഈ പിന്തുണകള്‍ വ്യക്തമാക്കുന്നത്.
കുട്ടനാട്ടിലെ അത്താഴ പട്ടിണിക്കാരന്‍ തലചായ്ക്കാനൊരു കൂരപണിയാന്‍ ഒന്നോ രണ്ടോ സെന്റ് വയല്‍ നികത്തിയാല്‍ പോലും മണിക്കൂറുകള്‍വെച്ച് അത് പൂര്‍വസ്ഥിതിയിലാക്കാന്‍ മത്സരിക്കുന്ന ഉദ്യോഗസ്ഥ വര്‍ഗമാണ് മന്ത്രിയുടെ അഴിമതികള്‍ക്ക് തുടക്കം മുതലേ സംരക്ഷണം നല്‍കിപോന്നത്. കുട്ടനാട്ടിലെ തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍കൂടി അതിനൊപ്പം ചേര്‍ന്നതോടെ കുട്ടനാട്ടില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി തോമസ്ചാണ്ടി വളരുകയായിരുന്നു.
മാര്‍ത്താണ്ഡം കായലിലെ നിലംനികത്തല്‍, ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിന്റെയും പുറം ബണ്ടിന്റെയും നിര്‍മ്മാണം, ആലപ്പുഴ വലിയകുളം-സീറോ ജെട്ടി റോഡ് നിര്‍മ്മാണം, റിസോര്‍ട്ടിന് മുന്നിലെ കായല്‍ ബോയ സ്ഥാപിച്ച് കൈയേറിയ നടപടി തുടങ്ങി മന്ത്രിയുടെ നിയമ ലംഘനങ്ങളുടെ പട്ടിക നീളുകയാണ്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലും മാര്‍ത്താണ്ഡം കായലിലും നഗ്നമായ റവന്യു നിയമങ്ങളുടെ ലംഘനങ്ങള്‍ നടന്നിട്ടുള്ളതായി കളക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും മന്ത്രിയെ സംരക്ഷിക്കാനുള്ള വാശിയിലാണ് ഇടതു മുന്നണിയും സി.പി.എം നേതൃത്വവും.
കാലങ്ങളായി തുടരുന്ന തോമസ് ചാണ്ടിയുടെ നിയമ ലംഘനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സംരക്ഷണം നല്‍കുന്നത് ടൂറിസമെന്ന സ്വര്‍ണഖനി കാണിച്ചാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനെന്ന പേരില്‍ തോമസ് ചാണ്ടി നേടിയെടുക്കുന്ന ചെറിയ ഇളവുകള്‍ പിന്നീട് വലിയ കയ്യേറ്റങ്ങളായി മാറുകയാണ് ചെയ്യുന്നത്.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മ്മിച്ചത് പോലും നിലം നികത്തിയ ഭൂമിയിലാണെന്ന് വ്യക്തമായിട്ടും നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല. 50 സെന്റോളം ഇവിടെ നികത്തിയെന്നാണ് വിവരം. റിസോര്‍ട്ടിന് മുന്‍വശമുള്ള വേമ്പനാട്ട് കായലില്‍ ബോയ കെട്ടി ഏക്കര്‍കണക്കിന് ഭാഗം സ്വന്തമാക്കി ഉപയോഗിക്കാന്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക്പാലസ് റിസോര്‍ട്ട് ശ്രമിച്ചത് ഇതേ ടൂറിസത്തിന്റെ പേരില്‍ തന്നെ. ടൂറിസ്റ്റുകള്‍ക്ക് സൈ്വര്യമായി വിഹരിക്കുന്നതിനായി കായല്‍ ഇവര്‍ ബോയകെട്ടി തിരിച്ചപ്പോള്‍ നിയമലംഘനത്തിന്റെ കോണ്‍ക്രീറ്റ് തൂണും കായലില്‍ ഉയര്‍ന്നു. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഈ ഭാഗത്തേക്ക് പ്രവേശനം നിഷേധിച്ചതിനൊപ്പം മത്സ്യ തൊഴിലാളികള്‍ക്ക് മീന്‍പിടിക്കാനുള്ള അവകാശവും ഇതിനൊപ്പം തടയപ്പെടുകയായിരുന്നു.
ലേക്ക് പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിങ് ഏരിയയുടെ നിര്‍മ്മാണത്തില്‍ തണ്ണീര്‍തട നിയമത്തിന്റെ വ്യക്തമായ ലംഘമാണ് നടന്നിട്ടുള്ളത്. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള നെല്‍പ്പാടം നികത്തിയാണ് ഇവിടെ പാര്‍ക്കിങ് ഏരിയ നിര്‍മ്മിച്ചതെന്ന് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിക്കുന്നു. 2014ന് ശേഷം നടന്ന നികത്തല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളതെന്ന് വ്യക്തമാണ്. കൂടാതെ ഇവിടെത്തെ നീര്‍ച്ചാല്‍ അനുമതി കൂടാതെ റിസോര്‍ട്ട് അധികൃതര്‍ തിരിച്ചുവിടുകയും ചെയ്തിരുന്നു. 2014ല്‍ അന്നത്തെ ജില്ലാ കളക്ടറായിരുന്ന എന്‍. പത്മകുമാര്‍ നിലം നികത്തി പൂര്‍വ സ്ഥിതിയിലാക്കാന്‍ ആര്‍.ഡി.ഒക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
മാര്‍ത്താണ്ഡം കായലില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിയമ ലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കായല്‍ കയ്യേറിയതിനൊപ്പം ഇവിടെ ഒന്നര മീറ്ററോളം പൊതു വഴി മന്ത്രി സ്വന്തമാക്കിയാതും മറ്റു നിയമ ലംഘനങ്ങള്‍ നടക്കുന്നതായും കളക്ടറുടെ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
തെളിവുകള്‍ എത്രതന്നെ പുറത്തുവന്നാലും തോമസ് ചാണ്ടിയുടെ അഴിമതികള്‍ സംരക്ഷിക്കപ്പെടുകയാണ്. ഉഴവൂര്‍ വിജയന്റെ മരണശേഷം എന്‍.സി.പി പൂര്‍ണമായും തോമസ് ചാണ്ടിയുടെ കൈപ്പിടിയില്‍ തന്നെയാണ്. എതിര്‍ ശബ്ദം ഉയര്‍ത്തിയ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ്‌റഹ്മാനെ പുറത്താക്കാനും തോമസ്ചാണ്ടിക്ക് കഴിഞ്ഞതോടെ പൂര്‍ണമായും പാര്‍ട്ടി മന്ത്രിയുടെ നിയന്ത്രണത്തിലായി.
എന്‍.സി.പിക്ക് ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക മന്ത്രി സ്ഥാനം കളയാന്‍ ദേശീയ നേതൃത്വത്തിനു താല്‍പര്യമില്ലാത്തതും തോമസ് ചാണ്ടിക്ക് അനുഗ്രഹമായി. ഇടതുമുന്നണിയില്‍ പോലും തോമസ് ചാണ്ടിക്ക് എതിരെ പരസ്യമായി നിലപാട് സ്വീകരിക്കാന്‍ പല നേതാക്കളും തയാറാകുന്നില്ല. സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാ നേതൃത്വം ചാണ്ടിക്ക് പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയത് തോമസ് ചാണ്ടിയെന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരന്റെ തന്ത്രങ്ങളുടെ ഭാഗമായാണ്.
വേങ്ങര ഉപ തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ചാണ്ടിക്ക് എതിരെയുള്ള കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്‌വരാതിരിക്കാന്‍ സി.പി.എം നേതൃത്വം ഇടപെട്ടെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു. ഇപ്പോള്‍ എല്‍.ഡി.എഫിന്റെ സംസ്ഥാന ജാഥക്ക് വേണ്ടി വീണ്ടും തോമസ് ചാണ്ടിക്ക് സംരക്ഷണം നല്‍കാനാണ് ഇടതുമുന്നണിയുടെ ശ്രമമെന്നാണ് പുതിയ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. വടക്ക് നിന്ന് കോടിയേരിയും തെക്ക് നിന്ന് കാനം രാജേന്ദ്രനും നയിക്കുന്ന ജാഥ പ്രയാണം തുടരുമ്പോള്‍ മന്ത്രിക്ക് എതിരെ നടപടിയുണ്ടായാല്‍ അത് പ്രചാരണത്തെ ബാധിക്കുമെന്ന വാദമാണ് ഉയര്‍ത്തുന്നത്. വ്യക്തമായ തെളിവുണ്ടായിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് തോമസ് ചാണ്ടിയുടെ അഴിമതിക്ക് സംരക്ഷണം നല്‍കിയും നടപടികള്‍ ദീര്‍ഘിപ്പിച്ചും അധികാര കസേരയില്‍ തോമസ് ചാണ്ടിയെ ഉറപ്പിച്ചിരുത്താനുള്ള ശ്രമമാണ് ഇടതു മുന്നണി ഇപ്പോഴും തുടരുന്നത്.