ഉബൈദ്‌റഹിമാന്‍ ചെറുവറ്റ
കാലാവസ്ഥാ വ്യതിയാന സംബന്ധമായ ചര്‍ച്ചകളും സംവാദങ്ങളും ധാരണാപത്രങ്ങളൊപ്പുവെക്കലുകളും ലോക വേദികളില്‍ പുതിയതല്ലെങ്കിലും ‘കാലാവസ്ഥാപ്രക്ഷോഭം’ എന്ന പേരില്‍ അതൊരു ആഗോള ജനകീയ കൂട്ടായ്മയായി രൂപമെടുക്കുന്നത് ഇതാദ്യമായാണ്. അതിന് പ്രചോദനമായതാകട്ടെ, ഗ്രെറ്റ തന്‍ബര്‍ഗ് എന്ന പതിനാറുകാരി സ്വീഡിഷ് പെണ്‍കൊടിയും. കാലാവസ്ഥാവ്യതിയാനം ഭൂഗോളത്തിനുണ്ടാക്കാന്‍ പോകുന്ന മഹാദുരന്തത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് സ്വീഡിഷ് പാര്‍ലമെന്റ് മന്ദിരത്തിനുമുന്നില്‍ ക്ലാസ് ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിയായ ഈ കൗമാരക്കാരി തന്റെ ആദ്യ സമരത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ച് പോളണ്ടില്‍ നടന്ന യു.എന്‍ സമ്മേളനത്തില്‍ പങ്കെടുത്തതോടെ ലോകം ഗ്രെറ്റയെ ഗൗരവമായി ശ്രദ്ധിച്ചുതുടങ്ങി. ആഴ്ചയിലൊരിക്കല്‍ ലോകത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തെന്നവണ്ണം കാലാവസ്ഥാസംരക്ഷണ പ്രക്ഷോഭങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയത് ഇതുമുതലാണ്. നാല് വര്‍ഷം മുമ്പ് ‘ആസ്പര്‍ജേര്‍സ് ഓട്ടിസം’ (ങഥ ചഅങഋ കട ഗഒഅച എന്ന ചിത്രത്തില്‍ ഷാരൂഖ്ഖാന്‍ അനശ്വരമാക്കുന്ന റിസ്‌വാന്‍ എന്ന കഥാപാത്രത്തിനും ‘ഹെയ് ജൂഡില്‍’ ജൂഡ് എന്ന കഥാപാത്രത്തിനും ബാധിക്കുന്ന അതേ രോഗം) എന്ന രോഗം സ്ഥിരീകരിക്കപ്പെട്ടെങ്കിലും ഗ്രെറ്റയുടെ പോരാട്ട വീര്യത്തിനത് ഒരു വിധത്തിലുള്ള മങ്ങലും ഏല്‍പിച്ചില്ല. വര്‍ധിത വീര്യത്തോടെ സമര മുഖത്തിറങ്ങിയ ഗ്രെറ്റ വെള്ളിയാഴ്ചകള്‍തോറും ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.
‘നാളേക്ക് വേണ്ടിയുള്ള വെള്ളിയാഴ്ചകള്‍’ എന്നറിയപ്പെട്ട വെള്ളിയാഴ്ച സമരങ്ങള്‍ക്കങ്ങിനെയാണ് ആരംഭം കറിക്കപ്പെടുന്നത്. ഈ സമരത്തോടെ മാധ്യമശ്രദ്ധ ആകര്‍ഷിച്ച സ്വീഡിഷ് പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങളോടൊപ്പംതന്നെ യൂറോപ്പിലെ തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരില്‍ നിന്നു രൂക്ഷ വിമര്‍ശനങ്ങളും അതിലേറെ പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. കാലാവസ്ഥാ സംരക്ഷണത്തിനല്ല, മറിച്ച്, സ്‌കൂള്‍ ക്ലാസുകളില്‍ നിന്ന് വിട്ട്‌നില്‍ക്കാനുള്ള കൗശലമായി വരെ ഗ്രെറ്റയുടെ സമരത്തെ വ്യാഖ്യാനിച്ച യൂറോപ്യന്‍ ജനപ്രതിനിധികളുമുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്യാന്‍വേണ്ടി മാത്രം ശീലിച്ച ബ്രസീലിയന്‍ പ്രസിഡണ്ട് ബൊല്‍സനേറയുടെയും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെയും അനുകൂലികള്‍ ഗ്രെറ്റിനെ വിമര്‍ശിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. അല്ലെങ്കിലും ലാഭക്കൊതിയന്‍മാര്‍ ഭൂമിയെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ അതല്ലെങ്കില്‍ വരും തലമുറയുടെ ജീവിതത്തെക്കുറിച്ചോ എന്തിന് ഉത്കണ്ഠപ്പെടണം?
തന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷമാദ്യം നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഗ്രെറ്റ തന്‍ബര്‍ഗ് കഴിഞ്ഞ മാസം വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നത് സപ്തംബര്‍ 23ന് യു.എന്‍ ആസ്ഥാനമായ മാന്‍ഹാട്ടനിലെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിമാന യാത്ര ഒഴിവാക്കി അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ന്യൂയോര്‍ക്ക് ലക്ഷ്യമിട്ട് ഇന്ധനമുക്തമായ കൊച്ചു നൗകയില്‍ യാത്ര പുറപ്പെട്ടതോടെയാണ്. നീണ്ട പതിനഞ്ച് ദിവസമെടുത്ത്, 3000 കിലോമീറ്റര്‍ താണ്ടി സമുദ്ര യാത്രയിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് കഴിഞ്ഞ മാസം 18 ന് ന്യൂയോര്‍ക്കിലെത്തിയ തെന്‍ബര്‍ഗിന് ആവേശോജ്വല വരവേല്‍പ്പാണ് നഗരം നല്‍കിയത്. ലോകത്തിന് വലിയൊരു സന്ദേശമെത്തിക്കുക എന്നതിലുപരി ഗ്രെറ്റക്ക് ഈ അറ്റ്‌ലാന്റിക് സാഹസത്തിന് പ്രേരകമായത് താനുയര്‍ത്തിപിടിക്കുന്ന പാരിസ്ഥിതിക ആദര്‍ശങ്ങളും മൂല്യങ്ങളും തന്നെയാണ്. അതായത് വിമാനം ഉപയോഗിക്കാതെ ആളോഹരി ‘കാര്‍ബണ്‍ ഫൂട് പ്രിന്റ്’ കുറച്ച് പ്രകൃതിയെയും കാലാവസ്ഥയെയും സംരക്ഷിക്കുന്നതിന് അവനവനാല്‍ കഴിയുന്നത് ചെയ്യുക എന്ന മൂല്യബോധം. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഏഴ് വന്‍കരകളിലെ ചൈന ഒഴികെയുള്ള ഏകദേശം എല്ലാ രാജ്യങ്ങളിലെയും പ്രധാന പട്ടണങ്ങളിലെല്ലാം നടന്ന റാലികളില്‍ കണ്ട അഭൂതപൂര്‍വമായ വിദ്യാര്‍ത്ഥി സാന്നിധ്യം ഗ്രെറ്റ ഉയര്‍ത്തുന്ന ഉത്കണ്ഠകള്‍ ലോകം ശരിവെക്കുന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളായി മാറുകയായിരുന്നു. മാത്രമല്ല, ‘ലോകത്തിന്റെ ശ്വാസകോശ’മായി വിശേഷിപ്പിക്കപ്പെടുന്ന ആമസോണ്‍ കാടുകള്‍ ചാരമായി തീര്‍ന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഗ്രെറ്റ നയിക്കുന്ന സമരങ്ങള്‍ക്ക് മാറ്റാരു മാനം കൂടി കൈവരുന്നു.
ഗ്രെറ്റ തന്‍ബര്‍ഗ് എന്ന കൗമാരക്കാരിയുടെ കാലാവസ്ഥാ ഉത്കണ്ഠകളുടെ ആഴമളക്കാന്‍ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ നിരീക്ഷണം മനസിലാക്കിയേ മതിയാകൂ. കാലാവസ്ഥയില്‍ ഉണ്ടാകുന്ന കാര്യമായ നൂറ്റാണ്ടുകളോ, സഹസ്രാബ്ദങ്ങളോ നീണ്ടുനില്‍ക്കുന്ന മാറ്റങ്ങളെയാണല്ലോ കാലാവസ്ഥാവ്യതിയാനംകൊണ്ട് അര്‍ത്ഥമാക്കുന്നത്. സൂര്യനില്‍നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന താപം ഭൂമിയില്‍ നിന്ന് വികിരണം ചെയ്യപ്പെട്ട് മേല്‍പ്പോട്ട് ഉയരുമ്പോള്‍ ഭൗമാന്തരീക്ഷത്തിലെ ‘ഗ്രീന്‍ ഹൗസ്’ വാതകങ്ങള്‍ അത് തടഞ്ഞുനിര്‍ത്തി ഭൂമിയെ കൊടിയ തണുപ്പില്‍നിന്ന് സംരക്ഷിച്ച് ആവാസ യോഗ്യമാക്കിതീര്‍ക്കുന്നു. ഈ പ്രക്രിയയുടെ അഭാവത്തില്‍ ഭൂമിയുടെ താപനില 30 ഡിഗ്രി സെല്‍ഷ്യസ് ആകുമായിരുന്നേനെ. ഭൂമിയുടെ പ്രായത്തിന് ക്രമാനുഗതമായി താപനില ഉയരുന്നുണ്ടെങ്കിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന താപനം ക്രമാതീതവും ഭീതിജനകവുമാണ്. വ്യാവസായിക വിപ്ലവാനന്തരം ഫോസില്‍ ഇന്ധനങ്ങളുടെയും മറ്റും വിവേചനരഹിതമായ ഉപയോഗംമൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകത്തിന്റെ (ഇഛ2) അളവ് ഗണ്യമായി വര്‍ധിക്കുകയുണ്ടായി. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സ്വാംശീകരിക്കുന്ന വനമേഖലകളും കാട്ടുപ്രദേശങ്ങളും നശിപ്പിക്കപ്പെട്ടതിന്റെ ഫലമായി അന്തരീക്ഷത്തിലെ ഇഛ2 തോത് വീണ്ടും ക്രമാതീതമായി വര്‍ധിച്ചു. വ്യാവസായിക വിപ്ലവത്തിന് ആരംഭം കുറിച്ച 1750 മുതല്‍ അന്തരീക്ഷത്തിലെ ഇഛ2 വിന്റെയും മീഥൈന്‍ വാതകത്തിന്റെയും അളവ് യഥാക്രമം 30 ശതമാനമായും 140 ശതമാനമായും വര്‍ധിച്ചതായാണ് കണ്ടെത്തല്‍. കഴിഞ്ഞ എട്ട് ലക്ഷം വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധന. കഴിഞ്ഞ നൂ റ്റാണ്ടിലെ .8 ഡിഗ്രി സെല്‍ഷ്യസ് താപന വര്‍ധനവിലെ .6 ഡിഗ്രി സെല്‍ഷ്യസും സംഭാവന ചെയ്തത് കഴിഞ്ഞ മൂന്ന് ദശകങ്ങളായിരുന്നുവെന്നത് ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുതയാണ്. കഴിഞ്ഞ ദശകങ്ങളില്‍ സമുദ്രനിരപ്പ് വര്‍ഷാവര്‍ഷം മൂന്ന് മില്ലിമീറ്ററോളം ഉയരുന്നതായി സാറ്റലൈറ്റ് ഡാറ്റകളും വ്യക്തമാക്കുന്നു. ആഗോള താപനം മൂലം ഹിമമലകള്‍ ഉരുകുന്നതാണ് ഇതിത് മുഖ്യമായ കാരണം. ഈയടുത്ത വര്‍ഷങ്ങളിലായി ഗ്രീന്‍ലാന്‍ഡ് ഐസ് പാളികള്‍ ഉരുകിയത് പൂര്‍വകാല റെക്കാര്‍ഡുകള്‍ എല്ലാം ഭേദിച്ചാണ്. ഈ പ്രവണത തുടരുകയാണെങ്കില്‍ അധികം താമസിയാതെതന്നെ പല ദ്വീപ് സമൂഹങ്ങളെയും അപ്രത്യക്ഷമാക്കിക്കൊണ്ട് സമുദ്ര നിരപ്പ് 6 മീറ്ററായി ഉയരുമെന്നാണ് ശാസ്ത്ര നിഗമനം. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങള്‍ സസ്യങ്ങളിലും മൃഗങ്ങളിലുമെല്ലാം ഇതിനകംതന്നെ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. അകാലത്തില്‍ വൃക്ഷങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതും മൃഗങ്ങള്‍ അവയുടെ ആവാസ കേന്ദ്രങ്ങള്‍ മാറ്റുന്നതും ഇതിന്റെ ഫലങ്ങളത്രെ. കേരളത്തിലടക്കം ലോകത്തിന്റെ ഇതര ഭാഗങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളുടെയും തീവ്രമായ കാലാവസ്ഥകളുടെയും കാരണവും മറ്റൊന്നല്ല. ഐ.പി.സി.സി. (കിലേൃഴീ്‌ലൃിാലിമേഹ ജമിലഹ ീി ഇഹശാമലേ ഇവമിഴല) യുടെ 2018ലെ റിപ്പോര്‍ട്ട് പ്രകാരം താപന വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചുനിര്‍ത്തിയെങ്കില്‍ മാത്രമേ ഭൂഗോളത്തെ സംരക്ഷിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇതിന് ദ്രുതഗതിയിലുള്ളതും സമൂലവുമായ മാറ്റത്തിന് ഓരോ മനുഷ്യനും തയാറായേ മതിയാവൂ. അതോടൊപ്പം വികസന സങ്കല്‍പങ്ങളിലും പ്രകൃതിയോടുള്ള സമീപനങ്ങളിലും കാതലായ മാറ്റവും അനിവാര്യമാണ്.
ഗ്രെറ്റ തന്‍ബര്‍ഗും അവരുടെ പ്രചാരണങ്ങളില്‍ കൂടി ഓര്‍മപ്പെടുത്തുന്നതും നാം കുറെ വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഇതേ കാര്യങ്ങള്‍ തന്നെയാണെങ്കിലും അവര്‍ തുടക്കമിട്ട പ്രക്ഷോഭങ്ങളില്‍ രാഷ്ട്രീയ ഗൂഡാലോചനകള്‍ വായിക്കുന്ന അനേകം രാഷ്ട്രത്തലവന്‍മാരും ആഗോള വ്യവസായ ഭീമന്‍മാരുമുണ്ട്. ഗ്രെറ്റിനെതിരെ വ്യവസായ ഭീമന്‍മാര്‍ ആക്ഷേപം ചൊരിയുമ്പോള്‍ അത് ഓര്‍മപ്പെടുത്തുന്നത് ‘മൂക വസന്തം’ (ടശഹലി േടുൃശിഴ) എന്ന കൃതി രചിച്ചപ്പോള്‍ റേച്ചല്‍ കാര്‍സന് അമേരിക്കന്‍ രാസവള കീടനാശിനി വ്യവസായ ലോബിയില്‍നിന്ന് നേരിട്ട അനുഭവമാണ്. ഗ്രെറ്റയുടെ പ്രചാരണങ്ങള്‍ ഉദ്ദേശിച്ച ഫലം ഉളവാക്കുകയാണെങ്കില്‍ അതൊരു ബദല്‍ ഊര്‍ജ സ്‌ത്രോതസിനെക്കുറിച്ചുള്ള ഗൗരവതരമായ ചര്‍ച്ചകള്‍ക്കും ഗവേഷണങ്ങള്‍ക്കും വഴിമരുന്നിടാം. അതുകൊണ്ട് തന്നെയാവണം പരസ്പര പൂരകങ്ങളായ ഫോസില്‍ ഇന്ധന വ്യാപാര കുത്തകകളും വലതുപക്ഷ സര്‍ക്കാറുകളും അസ്വസ്ഥരാവുന്നതും കാലാവസ്ഥാഉച്ചകോടികളെ കേവലം ഹസ്തദാന ചടങ്ങുകളായും പരിസ്ഥിതി പ്രധാന ദിനങ്ങളെ വര്‍ഷാവര്‍ഷങ്ങളില്‍ യാന്ത്രികമായി ആചരിക്കേണ്ട അനുഷ്ഠാന ചടങ്ങുകള്‍ മാത്രമായും മാറ്റിയെടുത്ത ലോക നേതാക്കളെന്ന് അവകാശപ്പെടുന്നവരെ അലോസരപ്പെടുത്തുന്നതും.