സുകുമാര്‍ കക്കാട്
ഫാഷിസം ഒരാഗോള തിന്മയാണ്. തിന്മയെ എന്നെന്നേക്കുമായി നശിപ്പിക്കാന്‍ നമുക്ക് കഴിയില്ല. തല്‍ക്കാലത്തേക്ക് അടിച്ചമര്‍ത്താനേ കഴിയൂ. അതുകൊണ്ട് തിന്മയുടെ പത്തിക്കുമേല്‍ നമ്മുടെ ഒരു പാദം സദാ അമര്‍ന്നിരിക്കണം.
എന്താണ് ഫാഷിസമെന്ന ചോദ്യം പ്രസക്തമാണ്. ചിരകാലാര്‍ജ്ജിതമായ മൂല്യങ്ങളുടെയും നീതിബോധത്തിന്റെയും മാനവികതയുടെയും നിരാസമാണത്. അസഹിഷ്ണുതയാണ് അതിന്റെ മുഖമുദ്ര. മേധാവിത്വ ത്വരയാണ് അതിനെ ചലിപ്പിക്കുന്നത്.
മനുഷ്യനും മനുഷ്യനും തമ്മില്‍ തീര്‍ത്താല്‍ തീരാത്ത അന്തരമുണ്ടെന്നും അത് ദൈവഹിതമാണെന്നും അതുകൊണ്ട് യുദ്ധം അനിവാര്യമാണെന്നും ഫാഷിസ്റ്റുകള്‍ വിശ്വസിക്കുന്നു. മനുഷ്യര്‍ ഭിന്ന രുചികളാണെന്നത് ഒരു വസ്തുതയാണ്. അതു പോരാട്ടത്തിനുള്ള പ്രേരകമായിട്ടല്ല, ബഹുസ്വരതയുടെ സിംഫണിയായിട്ടാണ് ബുദ്ധിയുള്ളവര്‍ കാണേണ്ടത്.
ഫാഷിസത്തിന്റെ വിജൃംഭണത്തെ തടയാനുള്ള ലളിതമായ മര്‍ഗം യുക്തിസഹമായ ചോദ്യങ്ങളത്രെ. സ്വന്തം പിതാവിന്റെ പൊയ്മുഖം ചീന്തിയെറിഞ്ഞ് സത്യത്തിന്റെ വെളിച്ചം തേടിച്ചെന്ന നചികേതസിനോട് യമന്‍ അത് വ്യക്തമാക്കുന്നുണ്ട്. ആ മുനികുമാരനെ പോലെ നല്ല ചോദ്യങ്ങള്‍ ചോദിക്കുന്ന ചുണക്കുട്ടികള്‍ ഇനിയും ജനിക്കട്ടെയെന്നാണ് മൃത്യുദേവന്‍ ആശംസിച്ചത്.
യജ്ഞ സംസ്‌കാരം കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടം ഭൂതകാലത്ത് ഇവിടെയുണ്ടായിരുന്നു. അശ്വമേധ യാഗം നിറവേറ്റുന്നതിന് നൂറുകണക്കിന് മിണ്ടാപ്രാണികളെ കൊന്ന് ചോരപ്പുഴ ഒഴുക്കണമായിരുന്നു. ഈ നിന്ദ്യമായ ആചാരാനുഷ്ഠാനത്തെ വിമര്‍ശിക്കാന്‍ ധൈര്യമുള്ളവര്‍ ജനിച്ച നാടാണ് നമ്മുടേത്.
‘വൃക്ഷാന്‍ഛിത്വ പശൂന്‍ഹത്വാ
കൃത്വാ തധിര കര്‍ദ്ദമം
യദ്യേവം ഗമ്യതേ സ്വര്‍ഗം
നരകം കേന ഗമ്യതേ…?’
വൃക്ഷങ്ങളെ വെട്ടിമുറിച്ചും മിണ്ടാപ്രാണികളെ കൊന്ന് ചോരപ്പുഴയൊഴുക്കിയുമാണ് സ്വര്‍ഗത്തിലേക്ക് പോകുന്നതെങ്കില്‍ നരകത്തിലേക്കുള്ള പോക്ക് പിന്നെ എങ്ങനെയാണ്? ആക്ഷേപ ഹാസ്യത്തിന്റെ കൂരമ്പ് തൊടുത്തുവിട്ട ഈ ബുദ്ധി ജീവിതം യാഥാസ്ഥിതികള്‍ എന്തു ചെയ്തു എന്നു അറിഞ്ഞു കൂടാ. ഒരു പക്ഷേ, വധിച്ചിരിക്കാം.
ജീര്‍ണ്ണിച്ച ആശയങ്ങളെയും വിശ്വാസങ്ങളെയും എതിര്‍ത്തും വിമര്‍ശിച്ചുമൊക്കെയാണ് പുതിയ മതങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. സാര്‍വലൗകിക സാഹോദര്യമാണ് ഇസ്‌ലാം ലോകത്തിന് നല്‍കിയ വലിയ സംഭാവന. എന്നാല്‍ ആ മഹത്തായ ആശയം ജനങ്ങളിലെത്താന്‍ സമയമെടുത്തു.
ഇസ്്‌ലാമിക ചരിത്രത്തിലെ രോമാഞ്ച ജനകമായൊരു സംഭവം ഓര്‍മ്മവരുന്നു. മക്കാ വിജയത്തിനുശേഷം ബാങ്ക് വിളിക്കാന്‍ നിയോഗിക്കപ്പെട്ടത് വലിയ ശബ്ദത്തിനുടമയായ ബിലാല്‍ എന്ന നീഗ്രോ അടിമയെയായിരുന്നു. അദ്ദേഹം വിശുദ്ധ കഅ്ബയുടെ ഉത്തുംഗതയിലേക്ക് കയറിപ്പറ്റുമ്പോള്‍ ശുദ്ധ അറബികള്‍ ബഹളം കൂട്ടി.
‘ഓ… ഈ കറുത്ത നീഗ്രോ അടിമക്ക് നാശം… അവനതാ കഅ്ബയുടെ മോന്തായത്തില്‍ കയറി നില്‍ക്കുന്നു…’ ഇസ്്‌ലാം മതം സ്വീകരിച്ചിട്ടും അവരുടെ രക്തത്തില്‍നിന്ന് വര്‍ണ്ണ വിവേചനത്തിന്റെ വൈറസുകള്‍ ഇറങ്ങിപ്പോയിരുന്നില്ല. ‘ഹേ മനുഷ്യവര്‍ഗമേ നിങ്ങളെ ഞാന്‍ ഒരു സ്ത്രീയില്‍ നിന്നും പുരുഷനില്‍നിന്നും സൃഷ്ടിച്ചു…’ എന്നാരംഭിക്കുന്ന ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചാണ് നബി അവരെ നിശബ്ദരാക്കിയത്.
തിരുനബിയുടെ പ്രബോധനം വമ്പിച്ച പരിവര്‍ത്തനമാണ് അറബികളില്‍ വരുത്തിയത്. കാപ്പിരികളും മനുഷ്യരാണെന്ന് തിരിച്ചറിയാന്‍ അവര്‍ പഠിച്ചു. ബിലാല്‍ ഇബ്‌നു റബാഹിനെ സ്‌നേഹിക്കാനും ആദരിക്കാനും മാത്രമല്ല, പവന്‍ പോലുള്ള തങ്ങളുടെ പെണ്‍കുട്ടികളെ അദ്ദേഹത്തിന് കെട്ടിച്ചുകൊടുക്കാനും അവര്‍ സന്നദ്ധരായി.
പ്രവാചകന്റെ മാനവ ദര്‍ശനം വാഴ്ത്തപ്പെടേണ്ടതാണ്. അദൈ്വതത്തിന്റെ ഈറ്റില്ലമാണ് ഭാരതം. സാധാരണജനങ്ങളിലേക്ക് അത് എത്തിച്ചേര്‍ന്നില്ല.
മാനവദര്‍ശനം ശക്തിയാര്‍ജ്ജിച്ചാല്‍ ഫാഷിസത്തിന് കടന്നുവരാന്‍ സാധ്യമല്ല. നന്മ എവിടെയുണ്ടെങ്കിലും അത് നമ്മില്‍ വന്നുചേരണമെന്നാണ് മുനിമാര്‍ പ്രാര്‍ത്ഥിച്ചിരുന്നത്. ഈ പ്രാര്‍ത്ഥനയുടെ പിന്‍ബലമുള്ളത് കൊണ്ടാവാം പ്രവാചകനെക്കുറിച്ച് ഞാന്‍ കുറച്ചു കവിതകളെഴുതിയിട്ടുണ്ട്. ഇസ്‌ലാമിക ജീവിതം പശ്ചാത്തലമാക്കി കുറെ നോവലുകളും. മതനിരപേക്ഷ നിലപാട് കൈമോശം വരാത്തത് കൊണ്ടാവാം ഇതെല്ലാം സാധിക്കുന്നത്. ഇസ്്‌ലാമിക കഥകളും കവിതകളും കൂടുതല്‍ എഴുതിയത് കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളും എഴുത്തുകാരും അവഗണിക്കുന്നത് പ്രശ്്‌നമേ അല്ല.
- 5 years ago
web desk 1
Categories:
Video Stories
നരകം കേന ഗമ്യതേ
Tags: article