X

മരുന്നുകള്‍ സുരക്ഷിതവും ഫലപ്രദവുമാവണം


ബഷീര്‍ കൊടിയത്തൂര്‍

ആരോഗ്യരംഗത്ത് ഔഷധ ശാസ്ത്രത്തിന്റെ പ്രാധാന്യം പ്രസക്തമാവുന്ന കാലമാണിത്. ആധുനിക കാലത്ത് മനുഷ്യന് മാത്രമല്ല പക്ഷി മൃഗാദികള്‍ക്ക്കൂടി മരുന്നുകള്‍ ആവശ്യമാണ്. മരുന്നുകളുടെ കണ്ടെത്തല്‍, നിര്‍മാണം, മറ്റു ജീവികളിലും മനുഷ്യരിലുമുള്ള പരീക്ഷണം, ഗുണനിലവാര പരിശോധന, രോഗികള്‍ക്ക് ഉപയോഗ നിര്‍ദേശങ്ങളോടെ നല്‍കല്‍, ആരോഗ്യ ബോധവത്കരണം, ഔഷധ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ നിയമാനുസൃത യോഗ്യത നേടിയവരാണ് ഫാര്‍മസിസ്റ്റുമാര്‍. അവരാണ് മരുന്നുകളെയും അവയുടെ ഉപയോഗത്തെകുറിച്ചും സമൂഹത്തില്‍ ബോധവത്കരണം നടത്തേണ്ടത്.
രാജ്യത്ത് ഇന്നും ഫാര്‍സിസ്റ്റുമാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. അമിത മരുന്നുപയോഗവും തെറ്റായ മരുന്നുപയോഗവും കേരള സമൂഹത്തിന്റെ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു. ആന്റി ബോയട്ടിക് റസിസ്റ്റന്‍സും കരള്‍, വൃക്ക രോഗങ്ങളുടെ വ്യാപനവും അശാസ്ത്രീയമായ മരുന്ന് ഉപയോഗംകൊണ്ട്കൂടിയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്ത് അസുഖം വന്നാലും സ്വയം ചികില്‍സയിലൂടെ മരുന്നുകള്‍ അശാസ്ത്രീയമായി ഉപയോഗിക്കുന്ന മലയാളിയുടെ ശീലം വളരെ അപകടകരമാണ്.
പ്രകൃതിയിലുള്ള വസ്തുവിനെ മരുന്നാക്കി മാറ്റുന്നത് നിരവധി രാസ, ഭൗതിക ജൈവ മാറ്റങ്ങളിലൂടെയാണ്. താപം, ഈര്‍പ്പം, രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം എന്നിവ മരുന്നുകളെ ബാധിക്കുന്നു. അതിനാല്‍ മരുന്നുകള്‍ വളരെ ശ്രദ്ധയോടെ നിശ്ചിത താപനിലയിലും മറ്റും സൂക്ഷിപ്പ് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തന്നെ സൂക്ഷിക്കണം. വീടുകളില്‍ അടുക്കളയിലും ടി.വി, ഫ്രിഡ്ജ് എന്നിവയുടെ മുകളിലും ജനാലക്കു സമീപവും നേരിട്ട് പ്രകാശം തട്ടുന്ന സ്ഥലത്തും മരുന്നുകള്‍ വെക്കരുത്. ഭക്ഷണത്തിന്മുമ്പ് കഴിക്കേണ്ട മരുന്ന് ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പും ശേഷമുള്ളത് ഭക്ഷണം കഴിച്ച ഉടനെയും കഴിക്കരുത്. മരുന്നിന്റെ വലിയൊരു ഭാഗം ഭക്ഷണവുമായി ചേര്‍ന്ന് നഷ്ടമാകാന്‍ ഇത് കാരണമാവും. ഭക്ഷണം കഴിക്കുന്നതിനുമുമ്പും ശേഷവും മരുന്ന് കഴിക്കാന്‍ അര മണിക്കൂര്‍ ഇടവേള വേണം. പല മരുന്നുകള്‍ക്കും ഒപ്പം പാല്‍ ഉപയോഗിക്കരുത്. ഇപ്പോള്‍ എലിപ്പനി പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഡോക്‌സി സൈക്ലിന്‍ ഗുളിക ഇത്തരത്തിലുള്ളതാണ്. ആന്റി ബയോട്ടിക്കുകളായ ടെട്രാ സൈക്ലിന്‍, ഡോക്‌സി സൈക്ലിന്‍, സിപ്രോ #ോക്‌സാസിന്‍ എന്നിവ പാലിലെയും പാലുത്പന്നങ്ങളിലെയും കാല്‍സ്യവുമായി ചേരുന്നതിനാല്‍ മരുന്നിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നു. വിഷാദ രോഗ ചികില്‍സക്കുള്ള മരുന്നുകള്‍ക്കൊപ്പം അച്ചാറുകള്‍, ഉപ്പിലിട്ടത്, പുളിപ്പിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ദം കൂടുന്നതിന് കാരണമാവും. രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നായ വാര്‍ഫാറിന്‍ കഴിക്കുന്നവര്‍ പച്ച ഇലക്കറികളായ കാബേജ്, ബ്രൊക്കോളി എന്നിവ കഴിക്കാന്‍ പാടില്ല. ഇവയിലെ വിറ്റാമിന്‍ കെ വാര്‍ഫാറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പ്രധാന അറിവുകള്‍ രോഗികള്‍ക്ക് നല്‍കി ചികില്‍സ ഫലപ്രദമാക്കുകയാണ് ഫാര്‍മസിസ്റ്റുകളുടെ ചുമതലകളില്‍ പ്രധാനം. വിദേശ രാജ്യങ്ങളില്‍ ചികില്‍സ, രോഗ പ്രതിരോധ മേഖലകളില്‍ ഫാര്‍മസിസ്റ്റുമാരുടെ സേവനം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ നമ്മുടെ നാട്ടില്‍ മരുന്ന് വിതരണക്കാരായി ചുരുക്കുകയാണ്. അവിടെ ഫാര്‍മസിസ്റ്റുമാര്‍ ആസ്്പത്രി വാര്‍ഡുകളിലും വീടുകളിലും സന്ദര്‍ശനം നടത്തി സേവനം നല്‍കുന്നത് സാധാരണമാണ്. ഡോക്ടര്‍മാര്‍ തങ്ങളുടെ രോഗികളെ ഔഷധ സേവനങ്ങള്‍ക്കായി ഫാര്‍മസിസ്റ്റുമാരുടെ അടുത്തേക്ക് ശിപാര്‍ശ ചെയ്തയക്കുന്ന രീതിയും വികസിത രാജ്യങ്ങളിലുണ്ട്. രാജ്യത്ത് മരുന്ന് കൈകാര്യം ചെയ്യുന്നത് അധികവും ഫാര്‍മസി യോഗ്യത ഇല്ലാത്തവരാണ്. വേണ്ടത്ര ഫാര്‍മസിസ്റ്റുമാര്‍ ഇല്ലാത്തതിനാല്‍ ഔഷധ യോഗ്യത ഇല്ലാത്തവര്‍ അശാസ്ത്രീയമായി മരുന്നുകള്‍ കൈകാര്യം ചെയ്യുകയും രോഗികള്‍ക്കു നല്‍കുകയും ചെയ്യുന്നു. മരുന്ന് വില്‍പന നിയന്ത്രിക്കുന്ന ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക്‌സ് ആക്ട് 1942 പ്രകാരം രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ മാത്രമേ മരുന്ന് നല്‍കാവൂ. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ സഹായികള്‍ എടുത്തു നല്‍കുന്ന മരുന്ന് പരിശോധിച്ച് ഉറപ്പാക്കി വേണ്ട നിര്‍ദേശങ്ങളോടെ ഫാര്‍മസിസ്റ്റ് രോഗികള്‍ക്ക് നല്‍കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം രോഗികള്‍ക്ക് ശരിയായ നിര്‍ദേശങ്ങള്‍ ലഭിക്കാതിരിക്കുകയും ചികില്‍സ മരുന്ന് തീറ്റയായി മാറുകയും ചെയ്യുന്നു. 1948ല്‍ ഉണ്ടായ സുപ്രധാന നിയമമാണ് ഇന്ത്യന്‍ ഫാര്‍മസി ആക്ട്. ഇതില്‍ ഡ്രഗ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ടില്‍നിന്ന്് വ്യത്യസ്തമായി രോഗികള്‍ക്ക് മരുന്ന് ഡിസ്‌പെന്‍സ് ചെയ്യുന്നത് രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റ് തന്നെയായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ മറ്റുള്ളവര്‍ മരുന്ന് നല്‍കാമെന്ന വ്യവസ്ഥ ഫാര്‍മസി ആക്ട് സെക്ഷന്‍ 42 പ്രകാരം റെജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റ് അല്ലാത്ത ആര് മരുന്ന് നല്‍കുന്നതും കുറ്റകരമാണ്. ഇത് ലംഘിക്കുന്നവര്‍ക്ക് ആറു മാസം തടവോ 1000 രൂപ പിഴയോ ആണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം ബാധകമാണ് ഫാര്‍മസി ആക്ടിലെ വ്യവസ്ഥകള്‍. 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഫാര്‍മസി പ്രക്ടീസ് റെഗുലേഷനില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഊന്നിപ്പറയുന്നതോടൊപ്പം മരുന്ന് നല്‍കുന്ന ഫാര്‍മസിസ്റ്റിന്റെ ഉത്തരവാദിത്വങ്ങളും എടുത്തുപറയുന്നുണ്ട്. ഇതനുസരിച്ച് ഡോക്ടറുടെ കുറിപ്പടി പ്രകാരം മരുന്ന് ഡിസ്‌പെന്‍സ് ചെയ്യുന്ന ഫാര്‍മസിസ്റ്റ് രോഗികള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത് കൂടാതെ രോഗിയുടെയും മരുന്നിന്റെയും വിവരങ്ങള്‍ ഡിസ്‌പെന്‍സി രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും വേണം. ഡിസ്‌പെന്‍സിങ് രജിസ്റ്റര്‍ രഹസ്യരേഖയാണ്. നിയമപരമായ ആവശ്യങ്ങള്‍ക്ക് കോടതികള്‍ക്ക് മാത്രമേ ഇതിലെ വിവരങ്ങള്‍ നല്‍കാന്‍ പാടുള്ളു. മരുന്നും അതിന്റെ ഡോസും രോഗിയുടെ പ്രായവും രോഗവിവരങ്ങളുമായി പരിശോധിച്ച് ഉറപ്പുവരുത്തിയേ മരുന്ന് ഡിസ്‌പെന്‍സ് ചെയ്യാവൂ. കുറിപ്പടിയില്‍ അസ്വാഭാവികത കണ്ടാല്‍ ബന്ധപ്പെട്ട ഡോക്ടറെ അറിയിക്കണം. ഫാര്‍മസിസ്റ്റിന്റെ പേരും രജിസ്റ്റര്‍ നമ്പറും പൊതുജനങ്ങള്‍ക്ക് കാണാവുന്നവിധം പ്രദര്‍ശിപ്പിക്കണം. രോഗികള്‍ക്ക് മരുന്നുപയോഗം, മറ്റു ആരോഗ്യ കാര്യങ്ങള്‍ എന്നിവയെകുറിച്ച് അറിവ് നല്‍കി ചികില്‍സ ശാസ്ത്രീയമാക്കേണ്ടത് ഫാര്‍മസിസ്റ്റിന്റെ ഉത്തരവാദിത്തമാണ്. കേരള ഹൈക്കോടതിയും രാജ്യത്തെ വിവിധ കോടതികളും ഫാര്‍മസി നിയമ വ്യവസ്ഥകള്‍ പാലിക്കണമെന്ന വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗിയുടെ മരുന്നും ചികില്‍സയുമൊക്കെ സ്വകാര്യമായി കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വകാര്യ ഭാഗങ്ങളില്‍ ഉപയോഗിക്കേണ്ട മരുന്നുകളെപറ്റിപോലും പിന്നില്‍ കാത്ത് നില്‍ക്കുന്ന രോഗികള്‍ കേള്‍ക്കേ പറയേണ്ടിവരുന്ന സ്ഥിതിയാണ് ഫാര്‍മസി കൗണ്ടറുകളില്‍ ഉള്ളത്. ഫാര്‍മസി കൗണ്ടറുകള്‍ രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തുംവിധം രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്. രോഗിക്ക് മരുന്നും ഉപദേശവും നല്‍കാന്‍ ചുരുങ്ങിയത് 3 മിനിറ്റ് സമയം വേണമെന്നാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ ആസ്പത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും രോഗികളുടെ തിരക്ക് കാരണം അര മിനിറ്റ് പോലും ലഭിക്കുന്നില്ല. 500 രോഗികള്‍ക്ക് വരെ മരുന്ന് നല്‍കാന്‍ ഒരു ഫാര്‍മസിസ്റ്റാണുണ്ടാകുക.
സംസ്ഥാനത്ത് ആരംഭിക്കാന്‍ പോകുന്ന 200 കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് സര്‍ക്കാര്‍ 1000 തസ്തികകള്‍ അനുവദിച്ചപ്പോഴും ഒരു ഫാര്‍മസിസ്റ്റ് തസ്തിക പോലുമില്ല. രാവിലെ 9 മണിമുതല്‍ വൈകിട്ട് ആറു മണിവരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കാന്‍ 3 ഡോക്ടര്‍മാരും 3 നഴ്‌സുമാരും ഉണ്ടെങ്കിലും ഒരു ഫാര്‍മസിസ്റ്റ് മാത്രമാണുള്ളത്. അതിനാല്‍ ഉച്ചഭക്ഷണം പോലും കഴിക്കാതെ 9 മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ ഫാര്‍മസിസ്റ്റുമാര്‍ നിര്‍ബന്ധിതരാവും. അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങളെപോലും ലംഘിക്കുന്ന ഇതിനെതിരെ ഫാര്‍മസിസ്റ്റുകള്‍ പ്രക്ഷോഭത്തിലാണ്. രോഗികള്‍ മരുന്നിനായി കാത്തുനില്‍ക്കുമ്പോള്‍ ഭക്ഷണം കഴിക്കാനാവാതെയും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനാവാതെയും വനിതകള്‍ ഉള്‍പ്പെടെ ഫാര്‍മസിസ്റ്റുമാര്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയരായാണ് ജോലി ചെയ്തുവരുന്നത്. അമിത ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും സഹിക്കാനാവാതെ മലപ്പുറം ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് അബ്ദുല്‍ നാസര്‍ ആത്മഹത്യയില്‍ അഭയം തേടിയത് 2018 സെപ്തംബര്‍ 13നായിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക്‌പോലും ഫാര്‍മസിസ്റ്റുമാര്‍ക്ക് അവധി അനുവദിക്കാത്ത സ്ഥിതി സംസ്ഥാനത്ത് പലയിടത്തുമുണ്ട്. രോഗികള്‍ക്ക് മരുന്നു നല്‍കി കഴിഞ്ഞാലും ഫാര്‍മസിസ്റ്റുമാരുടെ ജോലി തീരുന്നില്ല. സ്ഥാപനത്തിലെ സ്റ്റോര്‍ കസ്റ്റോഡിയന്‍ എന്ന ചുമതല കൂടി ഫാര്‍മസിസ്റ്റിനുണ്ട്. മരുന്നുകള്‍, ഉപകരണങ്ങള്‍, സ്ഥാപനങ്ങള്‍ക്കാവശ്യമായ മറ്റു സാമഗ്രികള്‍ എല്ലാം സംഭരിക്കുകയും സൂക്ഷിക്കുകയും ആവശ്യാനുസരണം മറ്റു വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും വേണം. അതിന്റെ കണക്കുകള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്വവുമുണ്ട്. ഡ്രഗ് സ്റ്റോര്‍ ചുമതലക്കായി എല്ലാ ആഗോര്യ കേന്ദ്രങ്ങളിലും ഓരോ ഫാര്‍മസിസ്റ്റ് പ്രത്യേകം വേണ്ടതാണ്. അവഗണിക്കപ്പെടുന്ന മേഖലയെന്ന നിലയില്‍ അതിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

web desk 1: