X

ഐക്യം തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച ഹിന്ദി


മാര്‍ക്കണ്ഡേയ കട്ജു

ആളുകള്‍ക്കിടയില്‍ എന്നെ അപ്രിയനാക്കുന്ന ഒരു കാര്യം പറയട്ടെ, അത് തന്നെയാണ് സത്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനത് പറയും. ഒരിക്കലും ജനപ്രീതിക്കുവേണ്ടി ശ്രമിച്ചിട്ടില്ല, പലപ്പോഴും എന്റെ പ്രസ്താവനകള്‍ എന്നെ അപ്രിയനാക്കുകയാണ് ചെയ്തത്.
സത്യമെന്താണെന്ന് ചോദിച്ചാല്‍ ഹിന്ദി കൃത്രിമമായി ഉണ്ടാക്കിയ ഭാഷ ആണെന്നതാണ്. ഇത് സാധാരണക്കാരന്റെ ഭാഷയല്ല, ഹിന്ദി ഭാഷ സംസാരിക്കുന്ന ഹിന്ദി ബെല്‍റ്റില്‍ പോലും ഹിന്ദിക്ക് പകരം ഹിന്ദുസ്ഥാനി, ഖഡീബോലീ തുടങ്ങിയവയായിരുന്നു. (ഗ്രാമീണ മേഖലകളില്‍ ധാരാളം ഉപഭാഷകളുണ്ട്. ഉദാഹരണത്തിന് അവധി, ബ്രിജ്ഭാഷ, ഭോജ്പുരി, മൈഥിലി, മഘായ്, മേവാരി, മര്‍വാരീ എന്നിങ്ങനെ പലതും ഹിന്ദുസ്ഥാനി സംസാരിക്കുന്നവര്‍ക്ക്‌പോലും മനസിലാക്കാന്‍ കഴിയാത്തതായിരുന്നു)
ഹിന്ദിയും ഹിന്ദുസ്ഥാനിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ വേണ്ടി ഒരു ഉദാഹരണം പറയാം. ‘ഉധര്‍ ദേഖിയേ’ (അങ്ങോട്ടു നോക്കൂ) എന്ന് പറയാറുണ്ട്. ഹിന്ദിയില്‍ അതേസമയം ‘ഉധര്‍ അവലോകന്‍ കീജിയേ’ എന്നും പറയാറുണ്ട്. സാധാരണക്കാരന്‍ ഒരിക്കലും അവലോകന്‍ എന്ന് പറയില്ല, എപ്പോഴും ദേഖിയേ എന്നാണ് പറയുക. 1947 വരെ ഇന്ത്യയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ഹിന്ദു, സിഖ്, മുസ്‌ലിം, വ്യത്യാസമില്ലാതെ വിദ്യാസമ്പര്‍ക്കിടയിലെ ഭാഷ ഉര്‍ദുവായിരുന്നു. പട്ടണപ്രദേശങ്ങളിലെ സാധാരണക്കാരായവരുടെ ഭാഷ ഹിന്ദുസ്ഥാനിയുമായിരുന്നു. ഭര്‍തേന്ദു ഹരിശ്ചന്ദ്ര ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ വഴി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ബ്രിട്ടീഷുകാര്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ് ഹിന്ദി. ഹിന്ദി ഹിന്ദുക്കളുടേതെന്നാക്കിയാണ് പ്രചാരം നടത്തിയത്. ഈ കൃത്രിമ ഭാഷ നിര്‍മിച്ചെടുക്കാനായി ഹിന്ദി ഭ്രാന്തന്മാര്‍ പൊതു ഉപയോഗത്തിലുണ്ടായിരുന്ന പേര്‍ഷ്യന്‍, അറബി വാക്കുകളെ വിദ്വേഷകരമായി മാറ്റി പകരം സംസ്‌കൃത വാക്കുകള്‍ ഉപയോഗിച്ചു (മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതും പ്രചാരത്തില്‍ ഇല്ലാത്തതുമായിരുന്നു ഇവ). ഒരു ഉദാഹരണം പറയാം, അലഹബാദ് ഹൈക്കോടതിയില്‍ ജസ്റ്റിസായിരിക്കുമ്പോള്‍ എപ്പോഴും ഹിന്ദിയില്‍ മാത്രം വാദം നടത്തുന്ന ഒരഭിഭാഷകന്‍ എനിക്ക് മുന്നിലൊരു ഹരജി സമര്‍പ്പിച്ചു’പ്രതിഭു അവേദന്‍ പത്ര’ എന്റെ മാതൃഭാഷ ഹിന്ദുസ്ഥാനിയായിട്ട്‌പോലും എനിക്കത് മനസിലാക്കാന്‍ കഴിഞ്ഞില്ല (ജീവിതത്തില്‍ നല്ലൊരു ഭാഗവും ഉത്തര്‍പ്രദേശിലാണ് ഞാന്‍ കഴിഞ്ഞിരുന്നത്). ഇതറിയാവുന്ന ഒരു അഭിഭാഷകനോട് ചോദിച്ചപ്പോള്‍ അതിന്റെയര്‍ത്ഥം ‘ജാമ്യം’ ആണെന്ന് പറഞ്ഞു തന്നു. ആര്‍ക്കും മനസിലാവാത്ത ‘പ്രതിഭു അവേദന്‍ പത്ര’ എന്ന വാക്ക് ഉപയോഗിക്കുന്നതിന് പകരം ‘ബെയില്‍’ എന്നോ ‘സമാനത്ത്’ എന്നോ അദ്ദേഹത്തിന് ഉപയോഗിക്കാമായിരുന്നു.
മറ്റൊരു സംഭവം പറയാം. അലഹബാദിലെ കന്റോണ്‍മെന്റ് മേഖലയിലൂടെ നടക്കുമ്പോള്‍ ‘പ്രവരണ്‍ കേന്ദ്ര’ എന്നൊരു ബോര്‍ഡ് കണ്ടു. പിന്നീട് താഴെ നോക്കിയപ്പോഴാണ് ‘റിക്രൂട്ട്‌മെന്റ് സെന്റര്‍’ ആണെന്ന് മനസിലായത്. ‘ഭര്‍തീ ദഫ്തര്‍’ എന്നെഴുതിയിരുന്നെങ്കില്‍ മനസിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവുമായിരുന്നില്ല. പക്ഷെ ‘ദഫ്തര്‍’ ഒരു പേര്‍ഷ്യന്‍ വാക്കായതിനാല്‍ എങ്ങനെയാണ് നമ്മുടെ ‘ദേശസ്‌നേഹി’കള്‍ക്ക് അംഗീകരിക്കാന്‍ പറ്റുക ? ഇത്തരത്തില്‍ പൊതുഉപയോഗത്തിലുണ്ടായിരുന്ന പേര്‍ഷ്യന്‍, അറബി വാക്കുകള്‍ 1947ന് ശേഷം വിദ്വേഷത്തിന്റെ പേരില്‍ മാറ്റിയതിന്റെ ആയിരക്കണക്കിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ആര്‍ക്കും മനസിലാവാത്ത സംസ്‌കൃത വാക്കുകളാണ് ഇതിന് പകരം കൊണ്ടുവന്നത്. സര്‍ക്കാര്‍ ഉത്തരവുകളില്‍പോലും നേരത്തെ അലഹബാദിലെ ഉദാഹരണം പറഞ്ഞത് പോലെയുള്ള മനസിലാക്കാനൊക്കാത്ത ഭാഷ ഉപയോഗിച്ചു തുടങ്ങി. പല ഹിന്ദി പുസ്തകങ്ങളും എന്നെപ്പോലെ വിദ്യാസമ്പന്നനായ ആളുകള്‍ക്ക് പോലും മനസിലാകാത്തതായി.
വിദേശ ഭാഷകളില്‍നിന്ന് വാക്കുകള്‍ കടമെടുത്താല്‍ ഭാഷ ഇല്ലാതാവുമെന്ന ചിന്ത തെറ്റാണ്. കൂടുതല്‍ ശക്തമാവുകയാണ് ചെയ്യുക, ഉദാഹരണത്തിന് ഒട്ടനവധി ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വാക്കുകളെടുത്തിട്ടുണ്ട്. അതുകൊണ്ട് ഇംഗ്ലീഷ് ഭാഷ ശോഷിക്കുകയല്ല, കൂടുതല്‍ കരുത്തുറ്റതായിട്ടേയുള്ളൂ.
പൊതുജനം സംസാരിക്കുന്ന ഹിന്ദുസ്ഥാനി വിവിധ ഭാഷകളില്‍ നിന്നുണ്ടാക്കിയതാണ്. ഒരിക്കല്‍ ഒരു റിക്ഷക്കാരന് കൂലി കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു ‘വാജിബ് ഹേ’ (കൃത്യമാണെന്ന്) ഇവിടെ ഒരു നിരക്ഷരനായ മനുഷ്യന്‍ അദ്ദേഹത്തിന് പകര്‍ന്ന്കിട്ടിയ പേര്‍ഷ്യന്‍ വാക്കുപയോഗിക്കുന്നു. എന്തുകൊണ്ടാണ് അത് ഒഴിവാക്കപ്പെടുന്നത്. ഈ ഹിന്ദി ഭ്രാന്തന്‍മാര്‍ രാജ്യത്തിന്റെ രണ്ട് സാംസ്‌ക്കാരിക ഭാഷകള്‍ക്ക് വലിയ നാശം വരുത്തിയിരിക്കുകയാണ്. സംസ്‌കൃതവും ഉര്‍ദുവും. വളരെ വലിയൊരു ഭാഷയായിരുന്ന സംസ്‌കൃതത്തെ മര്‍ദ്ദക ഭാഷയാക്കി. ലോകത്തിന് മികച്ച കവിതകള്‍ സമ്മാനിച്ച ഉര്‍ദുവിനെ ‘വംശഹത്യ’യുടെ വക്കില്‍ വരെയെത്തിച്ചു.
കടപ്പാട്: ദ വീക്ക്

web desk 1: