റസാഖ് ആദൃശ്ശേരി
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പതിനെട്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. 2001 സെപ്തംബര്‍ 11 ലോക ചരിത്രത്തില്‍ പുതിയ കാലഗണന കുറിക്കുന്ന ദിനമായി. ‘സെപ്തംബര്‍ 11 നു ശേഷവും മുമ്പും’ എന്നു ചരിത്രത്തെ രണ്ടായി തിരിച്ചു. തീവ്രവാദം, ഭീകരവാദം, അല്‍ ഖാഇദ, ഉസാമ ബിന്‍ ലാദന്‍ തുടങ്ങിയവ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ലോകത്തിന്റെ ശക്തി – രാഷ്ട്രീയ ബന്ധങ്ങള്‍ ഇതോടുകൂടി പുനര്‍നിര്‍വചിക്കപ്പെടുകയും അമേരിക്കയുടെ ‘ലോക പൊലീസ്’ ചമയല്‍ കൂടുതല്‍ ശക്തമാകുകയും ചെയ്തു.
പത്തൊമ്പത് മുസ്ലിംകള്‍ നാല് വിമാനങ്ങള്‍ റാഞ്ചി വേള്‍ഡ് ട്രേഡ് സെന്ററിന്റെ രണ്ടു ടവറുകളിലും പെന്റഗണ്‍ ആസ്ഥാനത്തും ഭീകരാക്രമണം നടത്തിയെന്നും വൈറ്റ്ഹൗസിനെ ലക്ഷ്യമാക്കിയ വിമാനം ഇടക്കുവെച്ചു പെന്‍സില്‍വാനിയയില്‍ തകര്‍ന്നുവീണുവെന്നുമാണ് അമേരിക്കന്‍ ഗവണ്‍മെന്റ് ലോകത്തോടു പറഞ്ഞത്. തെക്കന്‍ ടവറില്‍ വിമാനമിടിക്കുന്നതിന്റെയും രണ്ടു ടവറുകളും തകര്‍ന്നുവീഴുന്നതിന്റെയും വീഡിയോ ചിത്രങ്ങള്‍ ടെലിവിഷനുകള്‍വഴി ലോകമെമ്പാടും സംപ്രേഷണം ചെയ്യപ്പെട്ടു. അല്‍ ഖാഇദയുടെ പേരില്‍ പറയപ്പെട്ടുവെങ്കിലും അമേരിക്ക തന്നെ ആസൂത്രണം ചെയ്തതോ അല്ലെങ്കില്‍ അമേരിക്കയുടെ അറിവോടെ ആസൂത്രണം ചെയ്തതോ ആവാം എന്നും അക്കാലത്ത് പറയപ്പെട്ടിരുന്നു.
ഏതായാലും ഇതിന്റെ മറവില്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ഇസ്‌ലാമിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. പിന്നീടു കുരിശുയുദ്ധം എന്ന വാക്ക് പിന്‍വലിച്ച് ‘ഭീകരതക്കെതിരെ യുദ്ധം’ എന്നാക്കി. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കുറ്റവാളി സംഘം നടത്തിയ അന്താരാഷ്ട്ര സ്വഭാവമുള്ള കുറ്റകൃത്യം മാത്രമായിരുന്ന സംഭവത്തെ ആ രീതിയില്‍ കണ്ടു കുറ്റവാളികളെ പിടികൂടി ശിക്ഷിക്കാന്‍ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാതെ യുദ്ധം പ്രഖ്യാപിക്കാനുള്ള അവസരമായട്ടാണ് അമേരിക്ക ഇതിനെ എടുത്തത്. അവരെ സംബന്ധിച്ചിടത്തോളം ലോകത്ത് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള അവസരമായി ഇതിനെ കണ്ടു.ഉടന്‍ തന്നെ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇറാഖ്, ഇറാന്‍, വടക്കന്‍ കൊറിയ തുടങ്ങിയ ആറ് രാഷ്ട്രങ്ങളെ ഭീകരത വളര്‍ത്തുന്ന തെമ്മാടി രാഷ്ട്രങ്ങളായി പ്രഖ്യാപിച്ചു. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും തുരങ്കംവെച്ചുകൊണ്ടു സി.ഐ.എ അടക്കമുള്ള ചാര സംഘടനകളിലൂടെ ലോകമെമ്പാടും അട്ടിമറി നടത്തുന്നതും വിവിധ രാജ്യങ്ങളില്‍ അന്യായമായി ഇടപെട്ടു അവിടങ്ങളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതും രാജ്യങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്നതും എല്ലാം അമേരിക്കയാണെന്ന കാര്യം അവര്‍ മറന്നു. ദുര്‍ബലരായ രാജ്യങ്ങളെ ആക്രമിച്ചു അവിടത്തെ ജനങ്ങളെ കൊല ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഏറ്റവും വലിയ രാജ്യമാണ് അമേരിക്കയെന്നതും സ്മരിക്കേണ്ടതാണ്.
ലോകത്ത് തീവ്രവാദം വളരുന്നതിനു അമേരിക്കയുടെ ഇത്തരം രീതികള്‍ പ്രധാന കാരണമാണ്. ഭരണകൂട ഭീകരതയുടെ തല്‍ സ്വരൂപമാണ് അമേരിക്ക. അമേരിക്കയുടെ വാലാട്ടികളായ പല രാജ്യങ്ങളിലും അവിടത്തെ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ചെറുത്തുനില്‍പ്പുകള്‍ അധികാരിവര്‍ഗത്തിന്റെ ഭാഷയില്‍ തീവ്രവാദമാകും.
സെപ്തംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ചാവേര്‍ വ്യോമാക്രമണത്തിന്റെ സൂത്രധാരനെന്ന് തങ്ങള്‍ ആരോപിക്കുന്ന ഉസാമ ബിന്‍ ലാദനെ വിട്ടുതരാന്‍ താലിബാന്‍ തയ്യാറാവുന്നില്ല എന്ന ന്യായം പറഞ്ഞാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ കടന്നാക്രമണം നടത്തി, കൂട്ട നരമേധം നടത്തിയത്. സദ്ദാംഹുസൈന്‍ അത്യന്തം വിനാശകരമായ ജൈവ – രാസായുധങ്ങള്‍ കൈവശം വെക്കുന്നു എന്ന് ആരോപിച്ചാണ് ഇറാഖ് അമേരിക്കന്‍ സേന കൈവശപ്പെടുത്തിയത്. അമേരിക്ക നടത്തുന്ന യുദ്ധത്തിനു ലോക രാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കാനും യുദ്ധത്തിന്റെ സാമ്പത്തിക ചെലവുകളില്‍ കൂട്ടാളികളെ കണ്ടെത്തുന്നതിനും സെപ്തംബര്‍ 11-ലെ ആക്രമണം അമേരിക്ക ഉപയോഗപ്പെടുത്തുകയായിരുന്നു. മതതീവ്രവാദം ഭീകരതയായി വളരുമെന്നും അത് ലോകത്തിനു ഭീഷണിയാണെന്നും അതിനാല്‍ ‘ഇസ്‌ലാമിക ഭീകരതക്കെതിരെ’ ലോകം ഒന്നിക്കണമെന്നും ആഹ്വാനം ചെയ്യപ്പെട്ടതോടുകൂടി പല രാഷ്ട്രങ്ങളും അമേരിക്കയുടെ പിന്നില്‍ ഉറച്ചുനിന്നു. യൂറോപ്പ് അമേരിക്കക്ക് സര്‍വ പിന്തുണയും പ്രഖ്യാപിച്ചു. പാകിസ്താന്‍ കൂടെനില്‍ക്കാന്‍ തീരുമാനിച്ചു. അറബ് രാഷ്ട്രങ്ങളാവട്ടെ മൗനം പാലിച്ചു. പിന്നീട് അമേരിക്കയുടെ വിളയാട്ടമായിരുന്നു. ലോകത്തുള്ള മുഴുവന്‍ തീവ്രവാദികള്‍ക്കെതിരെയും അമേരിക്ക യുദ്ധം പ്രഖ്യാപിച്ചു. ഇസ്‌ലാം മതമായിരുന്നു അവരുടെ ലക്ഷ്യം. ഇസ്‌ലാമിനു തീവ്രവാദ – ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധമില്ലെന്നു വ്യക്തമാക്കപ്പെട്ടിട്ടും അതൊന്നും കേള്‍ക്കാന്‍ അമേരിക്കയോ ബ്രിട്ടനോ മറ്റു രാഷ്ട്രങ്ങളോ തയ്യാറായില്ല. ‘ഒന്നുകില്‍ ഞങ്ങളോടൊപ്പം നന്മയുടെ കൂടെ, അല്ലെങ്കില്‍ പിശാചിന്റെ കൂട്ടാളികളായ ഭീകരരോടൊപ്പം’ എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകള്‍.
കമ്യൂണിസത്തിന്റെയും സോവിയറ്റ് യൂണിയന്റെയും പതനത്തിനുശേഷം മുതലാളിത്ത മേല്‍ക്കോയ്മക്ക് വഴങ്ങാന്‍ വിസമ്മതിച്ചുനില്‍ക്കുന്ന ഏകശക്തി ഇസ്‌ലാമായതിനാല്‍ ചാവേര്‍ ആക്രമണത്തെ കരുവാക്കി അതിനെ തളര്‍ത്താന്‍ അമേരിക്കയും കൂട്ടാളികളും ശ്രമിച്ചു. ഈ സാഹചര്യം ഇസ്‌ലാമിന്റെ ശത്രുക്കള്‍ ശരിക്കും ഉപയോഗപ്പെടുത്തി. എല്ലാ തീവ്രവാദ – ഭീകരവാദ പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിന്റെ പേരില്‍ ചാര്‍ത്തപ്പെട്ടു. ഇവരുടെ ശക്തമായ ദുര്‍പ്രചാരണങ്ങള്‍ കൊണ്ടു തൊപ്പിയും താടിയുംവെച്ച മുസ്‌ലിമിനെ കണ്ടാല്‍ സംശയത്തോടെ വീക്ഷിക്കുന്ന അവസ്ഥ വന്നു. ലോകമാകെ ഇസ്‌ലാം ഭീതി വളര്‍ന്നു. ‘എല്ലാ മുസ് ലിംകളും ഭീകരരല്ല. എന്നാല്‍ ഭീകരരൊക്കെയും മുസ്‌ലിംകളാണ്’ എന്ന പ്രസ്താവനക്ക് വന്‍ പ്രചാരം കിട്ടി. എല്ലാ മുസ്‌ലിംകളെയും സൂക്ഷിച്ചു കൊള്ളുക എന്നൊരു മുന്നറിയിപ്പായിരുന്നു ഇത് ലോകത്തിനു നല്‍കിയ സന്ദേശം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ബോംബ് സ്‌ഫോടനങ്ങള്‍ക്കും ചാവേര്‍ ആക്രമണങ്ങള്‍ക്കും ഇസ്‌ലാമാണ് ഉത്തരവാദി എന്നു വരുത്തിതീര്‍ക്കാന്‍ വന്‍ശ്രമങ്ങളാണ് നടന്നത്. ഇതിന്റെ മറവില്‍ അമേരിക്ക പല ദുര്‍ബല രാജ്യങ്ങളിലും ഇടപെട്ടു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലിബിയയിലുമെല്ലാം അമേരിക്ക കടന്നുകയറി ആക്രമിച്ചു. ഇറാഖില്‍ സദ്ദാം ഹുസൈന്റെ കൈവശമുണ്ടെന്നു അമേരിക്ക ആരോപിച്ച കൂട്ടനശീകരണ ആയുധകഥ വ്യാജമായിരുന്നുവെന്നു പിന്നീട് തെളിഞ്ഞു. സദ്ദാമിനോടുള്ള പകപോക്കല്‍ മാത്രമായിരുന്നു യുദ്ധ ലക്ഷ്യമെന്നു ലോകത്തിനു ബോധ്യമായി. ഇതിന്റെ പേരില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ കുറ്റസമ്മതം നടത്തുകയും പശ്ചാത്തപിക്കുകയും ചെയ്തു. അപ്പോഴേക്കും ഇറാഖിലെ ദശലക്ഷകണക്കിനു മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുകയും സമ്പല്‍സമൃദ്ധമായ ഇറാഖ് പൂര്‍ണ്ണമായി തകരുകയും ചെയ്തിരുന്നു. മറ്റു രാജ്യങ്ങളുടെയും അവസ്ഥ ഏറെകുറെ ഇത് തന്നെയായിരുന്നു. അല്‍ ഖാഇദ തലവന്‍ ഉസാമബിന്‍ ലാദനെ പാകിസ്താനിലെ ഒളിതാവളത്തില്‍വെച്ചു കൊലപ്പെടുത്തി. സദ്ദാം ഹുസൈനെ തൂക്കി കൊന്നു. ലിബിയയിലെ ഗദ്ദാഫിയെ പിടിച്ചു ക്രൂരമായി കൊന്നു. അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായി ഇറാഖില്‍ ഭരണമേറ്റെടുത്ത നൂരി അല്‍ മാലികിയുടെ പാവസര്‍ക്കാരിനെതിരെ ഉയര്‍ന്ന ജനരോഷത്തില്‍ നിന്നാണ് ‘ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയ’ (ഐ എസ്.ഐ.എസ് ) എന്ന സംഘടനയുണ്ടാകുന്നത്. തീവ്രജിഹാദി സ്വഭാവമുള്ള സംഘടന 2011 ല്‍ സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായതോടെ ശക്തി പ്രാപിച്ചു. കുറച്ച് കാലങ്ങള്‍ക്ക്‌ശേഷം സംഘടനയുടെ ലക്ഷ്യം ‘ഇസ്ലാമിക ഖിലാഫത്ത്’ എന്നതിലേക്ക് തിരിഞ്ഞു. അബൂബക്കര്‍ അല്‍ ബഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഇവരുടെ എല്ലാ പ്രവര്‍ത്തികളും ഇസ്ലാമിനെ കരിവാരി തേക്കുന്നതായിരുന്നു. മുസ്ലിം ലോകം മുഴുവനും ഇവരെ തള്ളി പറഞ്ഞു. ഐ.എസിന്റെ ചെയ്തികള്‍ ഓരോന്നും ഇസ്ലാമിനെക്കുറിച്ചുള്ള ഭയം കനപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. ഇന്നു സംഘടന ഏറെക്കുറെ നാമാവശേഷമായിട്ടുണ്ട്.
‘ഇസ്ലാം ഭീകരത’ എന്നു പറഞ്ഞു അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഉറഞ്ഞുതുള്ളിയപ്പോള്‍ ഇന്ത്യയിലെ സംഘ്പരിവാര്‍ ശക്തികള്‍ക്ക് അത് വീണു കിട്ടിയ നിധിയായി. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതിനു വലിയ പ്രചാരം കൊടുത്തു. ദേശീയ മാധ്യമങ്ങളും ഇതില്‍ വലിയ പങ്ക് വഹിച്ചു. ഇസ്ലാം വിദ്വേഷം തലക്കുകയറിയ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ ധാരാളം വര്‍ഗീയ ലഹളകള്‍ ആസൂത്രണം ചെയ്തു. മുറാദാബാദ്, നെല്ലി, ഭഗത്പൂര്‍, ബോംബെ, ഗുജറാത്ത്, അഹമ്മദാബാദ്, അസം, മുസഫര്‍നഗര്‍ എന്നിവിടങ്ങളിലെല്ലാം നടന്ന വര്‍ഗീയ ലഹളകള്‍ മുസ്ലിംകളെ ലക്ഷ്യമിട്ടായിരുന്നു. ആയിര കണക്കിനാളുകള്‍ക്കാണ് ഈ കലാപങ്ങളില്‍ ജീവഹാനി സംഭവിച്ചത്. സംഘ്പരിവാരും ബി.ജെ.പിയും ഇസ്ലാമിനെകുറിച്ചു ഇന്ത്യന്‍ സമൂഹത്തില്‍ ഭീതിപരത്തി മുസ്ലിംകളെ അപരവല്‍ക്കരിക്കുന്നതിനുള്ള ശ്രമം ശക്തമായി നടത്തി കൊണ്ടിരിക്കുന്നു. 2001- നു ശേഷം ഇന്ത്യയില്‍ ഒട്ടേറെ ഭീകരപ്രവര്‍ത്തനങ്ങളും സ്‌ഫോടനങ്ങളും അരങ്ങേറി. എന്നാല്‍ ഇന്ത്യയില്‍ കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് എവിടെയെങ്കിലും ബോംബ് സ്‌ഫോടനമോ സ്‌ഫോടക വസ്തുക്കളോ പിടിക്കപ്പെട്ടാല്‍ യാതൊരു തെളിവുമില്ലാതെ അതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും മുസ്ലിം പേരുള്ള തീവ്രവാദ സംഘടനകളില്‍ ആരോപിക്കുകയെന്നത്. അധികാര കേന്ദ്രങ്ങളും മാധ്യമങ്ങളും എല്ലാം ഇതില്‍ ഒറ്റകെട്ടാണ്. അങ്ങനെ നിരപരാധികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. യു. എ.പി.എ പോലുള്ള കരിനിയമങ്ങള്‍ അവരുടെ മേല്‍ ചുമത്തി. വിചാരണ തടവുകാരെന്നു പറഞ്ഞു കൊല്ലങ്ങള്‍ ജയിലിലിട്ട് അവസാനം നിരപരാധിയെന്നു കണ്ടു മോചിപ്പിക്കുന്നു. അപ്പോഴേക്കും ആയുസ്സിന്റെ മുക്കാല്‍ ഭാഗവും കഴിഞ്ഞിട്ടുണ്ടാവും. 2001 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ ആക്രമണമുണ്ടായ കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും ഇരട്ട വധശിക്ഷക്കു വിധിക്കപ്പെടുകയും ചെയ്ത എ.ആര്‍ ഗീലാനിയെ പിന്നീട് സുപ്രിംകോടതി കുറ്റവിമുക്തമാക്കുകയുണ്ടായി.
ഇന്ത്യയില്‍ മുസ്ലിംകളെ കുറ്റക്കാരാക്കാന്‍ സംഘ്പരിവാറുകാര്‍ തന്നെ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാറുണ്ട്. മാലേഗാവ്, സംഝോത, നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയം എന്നീ സ്‌ഫോടന – ആക്രമണങ്ങളില്‍ സംഘ്പരിവാരത്തിന്റെ പങ്ക് നിസ്സംശയം തെളിയിക്കപ്പെടുകയും ഹിന്ദുതീവ്രവാദികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇവയുടെ സൂത്രധാരകയായിരുന്ന പ്രജ്ഞാ താക്കൂര്‍ ഇപ്പോള്‍ ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പിയുടെ പാര്‍ലമെന്റ് മെമ്പറാണെന്ന കാര്യം ഓര്‍ക്കുക. ആര്‍.എസ്.എസിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ ‘ഹൈന്ദവ തീവ്രവാദം’ എന്ന പേരില്‍ ഒരിടത്തും വിശകലനം ചെയ്യാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ എപ്പോഴെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പ്രതികളെ പിടിക്കപ്പെട്ടാല്‍ കുറച്ചു കഴിഞ്ഞു കുറ്റവിമുക്തരാക്കുന്ന അവസ്ഥയും കണ്ടു വരുന്നു. രാജ്യരക്ഷാ നിയമങ്ങളുടെ കുരുക്കില്‍ പെട്ടു രാജ്യത്ത് ജയിലില്‍ കഴിയുന്നത് ഭൂരിപക്ഷവും മുസ്ലിംകളാണന്നത് തന്നെ ഒരു മതത്തെ അന്യവത്കരിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്നതിന്റെ തെളിവാണ്. മുസ്ലിംകള്‍ തീവ്രവാദികളാണെന്നും അവരെ വിശ്വസിക്കാന്‍ കൊള്ളില്ലന്നുമുള്ള പൊതുബോധം സൃഷ്ടിക്കാന്‍ ഇന്ത്യയില്‍ വ്യാപകമായ ശ്രമം സംഘ്പരിവാറും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും തീവ്രമായി നടത്തികൊണ്ടിരിക്കുകയാണ്. പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍തന്നെ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ യു.എ. പി.എ, എന്‍.ഐ.എ നിയമ ഭേദഗതികള്‍ ഭീകരവിരുദ്ധതയുടെ മറവില്‍ മുസ്ലിം സമൂഹത്തെയാകെ ഭീതിപ്പെടുത്താനുള്ള ആസൂത്രിത നിക്കത്തിന്റെ ഭാഗമായി കരുതേണ്ടിയിരിക്കുന്നു. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ കൊടുക്കണം. പക്ഷേ അതിന്റെ പേരില്‍ മാനവികതയും സഹവര്‍ത്തിത്വവും സാഹോദര്യവും ലോകത്തിനു സമര്‍പ്പിച്ച, എന്തിന്റെ പേരിലായാലും അന്യായമായി ഒരാളെ കൊല ചെയ്യുന്നത് നിഷിദ്ധമാണെന്നു പഠിപ്പിച്ച ഇസ്ലാം മതത്തിന്റെ അനുയായികളെ മുഴുവനും ശിഥിലീകരിക്കാനുള്ള ശ്രമമാണ് തിരുത്തപ്പെടേണ്ടത്.