ഉബൈദു റഹിമാന്‍ ചെറുവറ്റ
ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനിയുടെ യുറേനിയം സമ്പുഷ്ടീകരണം ശക്തമാക്കാനുള്ള തീരുമാനം മധ്യപൗരസ്ത്യ മേഖലയിലെ അരക്ഷിതാവസ്ഥ വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. പി 5+1 കൂട്ടായ്മയിലെ അമേരിക്ക ഒഴികെയുള്ള മറ്റു ലോക ശക്തികളെ (ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി+ യൂറോപ്യന്‍ യൂണിയന്‍) സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമായി ഇറാന്റെ പുതിയ പ്രഖ്യാപനത്തെ കാണുന്ന രാഷ്ട്രീയ നിരീക്ഷകരും കുറവല്ല. ഏതായാലും യമന്‍, സിറിയ പ്രതിസന്ധികളെ തുടര്‍ന്ന് പൊതുവെ സ്‌ഫോടനാത്മക അന്തരീക്ഷം നിലനില്‍ക്കുന്ന മധ്യപൗരസ്ത്യ മേഖല റൂഹാനിയുടെ പ്രഖ്യാപനത്തോടെ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുന്നു എന്ന് പറയാതെ വയ്യ. ഇറാനെ ചുറ്റിപ്പറ്റി യുറേനിയം സമ്പുഷ്ടീകരണം, ആണവായുധ നിര്‍മാണം എന്നീ ആരോപണങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.
തങ്ങളുടെ ആണവ പരിപാടി തികച്ചും സമാധാനപരമായ കാര്യങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് ഇറാന്‍ ആണയിടുന്നുണ്ടെങ്കിലും അത് യൂറോപ്യന്‍ രാജ്യങ്ങളെയോ അമേരിക്കയെയോ ബോധ്യപ്പെടുത്താന്‍ പര്യാപ്തമാവുന്നില്ല. ഇറാന്റെ ആണവ പരിപാടികളുടെ ലക്ഷ്യം ബോംബ് നിര്‍മാണത്തില്‍ കവിഞ്ഞ മറ്റൊന്നുമല്ല എന്ന ഗൗരവതരമായ സംശയത്തെ തുടര്‍ന്നായിരുന്നു ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയും അമേരിക്കയും യൂറോപ്യന്‍ യൂണിയനും സംയുക്തമായി ഇറാനു മേല്‍ 2010 മുതല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തി തുടങ്ങിയത്. തുടക്കത്തില്‍ ഉപരോധത്തെ വെല്ലുവിളിയായി നേരിട്ടെങ്കിലും അതുമൂലം 2012-2016 കാലയളവില്‍ മാത്രം ഇറാന് എണ്ണ വരുമാനത്തില്‍ 160 ബില്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്.
ഉപരോധംമൂലം ഉളവായ പണപ്പെരുപ്പവും കനത്ത സാമ്പത്തിക തകര്‍ച്ചയും ഇറാനെ, പി 5+1 എന്ന പേരിലറിയപ്പെട്ട ആറ് ലോക രാജ്യങ്ങളുടെ കൂട്ടായ്മയുമായി ഒരു ഉടമ്പടിയിലെത്താന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു. 2015ല്‍ ഒപ്പു വെക്കപ്പെട്ട ‘ഇറാന്‍ ആണവ ഉടമ്പടി’ (കൃമി ചൗരഹലമൃ ഉലമഹ)യുടെ മുഖ്യ ഉള്ളടക്കം ഉപരോധത്തിലേര്‍പ്പെടുത്തപ്പെടുന്ന അയവുകള്‍ക്ക് പകരമായി ഇറാന്‍ ആ രാജ്യത്തിന്റെ ആണവപ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറക്കുകയും, റിയാക്ടര്‍ ഇന്ധനവും അതേപോലെ ആണവ ബോംബും നിര്‍മിക്കാനുപയോഗപ്രദമായ യുറേനിയം സമ്പുഷ്ടീകരണപദ്ധതിയില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു. കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നുണ്ടോ എന്നുറപ്പ്‌വരുത്താന്‍ അന്താരാഷ്ട്ര പരിശോധകരെ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥയും ഇറാന്‍ അംഗീകരിച്ചു. ആണവ കരാറുമായി ബന്ധപ്പെട്ട് രൂപം കൊടുത്ത ജെ.സി.പി.ഒ.എ (ഖീശി േഇീാുൃലവലിശെ്‌ല ജഹമി ഛള അരശേീി) അനുസരിച്ച് 2026വരെ ഏറ്റവും പഴകിയതും കാലാഹരണപ്പെട്ടതുമായ യന്ത്രങ്ങള്‍ മാത്രമേ യുറേനിയം സമ്പുഷ്ടീകരണത്തിന് ഇറാന് ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. അതേപോലെ കരുതല്‍ ശേഖരമായി സൂക്ഷിക്കാന്‍ അനുവദിക്കപ്പെട്ട യുറേനിയത്തിന്റെ അളവ് 98 ശതമാനം കണ്ട് കുറച്ച് 300 കിലോയാക്കി. മാത്രമല്ല, ആണവ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണങ്ങള്‍ക്കും 2024 വരെ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് കരാറില്‍ വ്യവസ്ഥയും ചെയ്യുന്നു. അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സി (കിലേൃിമശേീിമഹ അീോശര ഋിലൃഴ്യ അഴലിര്യ) യില്‍ നിന്നുള്ള നിരീക്ഷകര്‍ നിരന്തരമായി ഇറാന്റെ പ്രഖ്യാപിത ആണവ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ആണവ ബോംബ് നിര്‍മാണം രഹസ്യമായിപോലും നടക്കുന്നില്ല എന്ന് ഉറപ്പ്‌വരുത്തുകയും ചെയ്തതിന്‌ശേഷമാണ് 2015ല്‍ ഭാഗികമായി ആ രാജ്യത്തിനുമേലുള്ള ഉപരോധം നീക്കാന്‍ അമേരിക്ക ഉള്‍പ്പെടുന്ന പി. 5+ 1 രാജ്യങ്ങള്‍ തീരുമാനിച്ചതെന്ന് ഓര്‍ക്കുക.
2015ലെ ആണവ കരാറനുസരിച്ച് വിദേശങ്ങളില്‍ മരവിപ്പിക്കപ്പെട്ട ആസ്തിയായി കിടന്നിരുന്ന നൂറ് ബില്യനോളം ഡോളര്‍ ഇറാന് തിരികെകിട്ടി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില്‍പ്പന നടത്താനും വാണിജ്യാവശ്യങ്ങള്‍ക്കായി അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെ ആശ്രയിക്കുന്നതിനുമുള്ള അനുവാദമായിരുന്നു ഇറാനെ സംബന്ധിച്ചടത്തോളം മറ്റൊരാശ്വാസം. പക്ഷെ, പി 5+1 കൂട്ടായ്മയിലെ മറ്റ് രാജ്യങ്ങളെപോലും അമ്പരപ്പിച്ച് കൊണ്ട് 2018, മെയ് മാസത്തില്‍ ഇറാനുമായുണ്ടാക്കിയ കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറുകയും ഇറാന്‌മേല്‍ മുമ്പ് ഏര്‍പെടുത്തിയിരുന്ന ഉപരോധങ്ങളെല്ലാം പൂര്‍വ്വാധികം ശക്തിയോടെ പുന:സ്ഥാപിക്കുകയും ചെയ്തു. ദീര്‍ഘദൂര മിസ്സൈല്‍ പരിപാടി പാടെ ഉപേക്ഷിക്കുമെന്നും മേഖലയിലെ സംഘര്‍ഷങ്ങളിലിടപെടുന്നത് അവസാനിപ്പിക്കുമെന്നുമുള്ള പുതിയ കരാറിന് ഇറാന്‍ തയാറാണെങ്കില്‍ മാത്രമേ ഉപരോധം പിന്‍ വലിക്കൂ എന്ന ഉറച്ച നിലപാടിലാണ് ട്രംപ് ഭരണകൂടം. അമേരിക്കയുടെ പുതിയ ഉപരോധങ്ങള്‍ കാരണം ഇറാന്റെ സാമ്പത്തിക പ്രതിസന്ധി അഭൂതപൂര്‍വമായി മൂര്‍ഛിച്ചിരിക്കുകയാണ്. പണപ്പെരുപ്പനിരക്ക് ക്രമാതീതമായി ഉയര്‍ന്നതിനുപുറമെ ഇറാന്‍ റിയാല്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തവിധം കൂപ്പ്കുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് 2015ലെ ആണവ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുമെന്നും യുറേനിയം സമ്പുഷ്ടീകരണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ആണവ പരിപാടികളിന്‍മേലുള്ള ഗവേഷണത്തിനും മറ്റും ഉടന്‍ അനുമതി നല്‍കുമെന്നും പ്രസിഡണ്ട് റൂഹാനി മുന്നറിപ്പ് നല്‍കുന്നത്. കരാറില്‍നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റത്തോടെ വാസ്തവത്തില്‍ ഇറാനെക്കാളേറെ പ്രതിസന്ധിയലകപ്പെട്ടിരിക്കുന്നത് എണ്ണ ഉപഭോക്താക്കളായ യൂറോപ്യന്‍ രാജ്യങ്ങളാണ്.
അമേരിക്കന്‍ ഉപരോധത്തെ എതിര്‍ക്കുന്ന യു.കെയും ജര്‍മനിയും ഫ്രാന്‍സും ഇറാനുമായുള്ള വ്യാപാരം സാധ്യമാക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് ബദല്‍ പണമിടപാട് സംവിധാനത്തിന്‌രൂപം നല്‍കിക്കഴിഞ്ഞു. പുതിയ അമേരിക്കന്‍ ഉപരോധത്താല്‍ പ്രകോപിതനായ ഹസന്‍ റൂഹാനിയാവട്ടെ കരാറിലൊപ്പ്‌വെച്ച പി.5+1 ലെ മറ്റു രാജ്യങ്ങളോട് അമേരിക്ക ഏര്‍പ്പെടത്തിയ പുതിയ ഉപരോധങ്ങളില്‍നിന്ന് രാജ്യത്തെ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നും രണ്ട് മാസ കാലാവധിക്കുള്ളില്‍ അമേരിക്കയെക്കൊണ്ട് ഉപരോധനടപടികള്‍ പിന്‍വലിപ്പിക്കണമെന്നും ‘അന്ത്യശാസനം’ നല്‍കിക്കഴിഞ്ഞു. പൊടുന്നനെ കരാറില്‍ നിന്നും പിന്‍മാറാന്‍ ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത് ഒരുപക്ഷേ ഇറാനില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ച് റൂഹാനി സര്‍ക്കാറിനെ മറിച്ചിടാനാവാം. കാരണം അമേരിക്കക്ക് വേണ്ടപ്പെട്ട ഇസ്രാഈല്‍ രാഷ്ട്രത്തിന് നിലവില്‍ മധ്യപൗരസ്ത്യ മേഖലയിലുള്ള ഒരേയൊരു ഭീഷണി ഇറാന്‍ മാത്രമാണ്. കാരണങ്ങള്‍ എന്ത് തന്നെയായാലും അമേരിക്കന്‍ ഉപരോധവും ഇറാന്റെ ഇതിനോടുള്ള പ്രതികരണങ്ങളും ഈ മേഖലയിലെ സമാധാനന്തരീക്ഷത്തെ സാരമായി ബാധിക്കുന്നുണ്ട്. എണ്ണ ടാങ്കറുകള്‍ക്ക്‌നേരെ ഈയടുത്തുണ്ടായ ആക്രമണങ്ങളും അമേരിക്കന്‍ നിരീക്ഷണ വിമാനം വെടിവെച്ച് വീഴ്ത്തപ്പെട്ടതുമെല്ലാം ഈ വസ്തുതയെ സാധൂകരിക്കുന്നു. ഡൊണാള്‍ഡ് ട്രംപിനെകൊണ്ട് ഇറാനുമേലുള്ള ഉപരോധം പിന്‍വലിപ്പിക്കാന്‍ പി 5+1 കൂട്ടായ്മക്ക് കഴിയുമോ എന്ന് കണ്ട്തന്നെ അറിയണം. പ്രതീക്ഷ കൈവിടാതെ ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവല്‍ മാക്രോണ്‍ ഇറാന് മേലുള്ള ഉപരോധത്തില്‍ ഇളവ് ലഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സജീവമായി നേതൃത്വം നല്‍കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവെദ് ഷരീഫിന്റെ ഇതേ ആവശ്യത്തിനായുള്ള മോസ്‌കോ സന്ദര്‍ശനവും ഇറാന്റെ ആണവ കാര്യങ്ങളുടെ മുഖ്യ വ്യക്താവ് അബ്ബാസ് അറാഗ്ച്ചിയുടെ പാരീസ് സന്ദര്‍ശനവും ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മനംമാറ്റാന്‍ ഈ സമര്‍ദ്ദതന്ത്രങ്ങളൊന്നും പര്യാപ്തമാവുമെന്ന് തോന്നുന്നില്ല.
കൊളമ്പിയ സര്‍വകലാശാലയിലെ ഇറാനിയന്‍ പഠന വിഭാഗത്തിലെ പ്രൊഫസര്‍. ഹാമിദ് ദബാഷി നിരീക്ഷിച്ചത് പോലെ ഇറാന് മുമ്പാകെ ഇനി രണ്ട് വഴികളാണുള്ളത്: ഒന്ന് ഇസ്രാഈല്‍ കാണിച്ച വഴി; രണ്ടാമത്തേതാകട്ടെ ഈജിപ്ത് കാണിച്ച പരിപക്വമായ മാതൃക. ബ്രിട്ടനിലെ ‘ദി ഗാര്‍ഡിയന്‍’ ദിനപത്രത്തിന്റെ അന്താരാഷ്ട്ര കാര്യങ്ങള്‍ക്കായുള്ള എഡിറ്റര്‍ ജൂലിയന്‍ ബോജര്‍ അഭിപ്രായപ്പെട്ടതു പോലെ, ‘ഇസ്രഈല്‍ ചെയ്തത് മാതൃകയാക്കി, ആണവ രഹസ്യം മോഷ്ടിച്ചും രഹസ്യമായി അണുബോംബുകള്‍നിര്‍മിച്ചും’ ഭൂഗോളത്തെതന്നെ നിര്‍വീര്യമാക്കാന്‍ശേഷിയുള്ള ഒരു ബൃഹത്തായ ആണവായുധ ശേഖരം ഒരുക്കി മേഖലയിലെ മറ്റ് രാഷ്ട്രങ്ങളെയെല്ലാം ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുക. ഹസന്‍ റൂഹാനിയുടെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന അഹമദ് നജാദിയുടെയും ചെയ്തികളെയും പ്രസ്താവനകളെയും നിര്‍ധാരണം ചെയ്യുമ്പോള്‍ ഇറാന് ഈ മാതൃകയോടാണ് കൂടുതല്‍ ചായ്‌വ് എന്ന് മനസിലാക്കാം.
ഈജിപ്ത് കാണിച്ചുകൊടുത്ത വിവേകത്തിന്റെയും, തന്ത്രജ്ഞതയുടെയും, സമാധാനത്തിന്റെതുമായ വഴിയാണ് രണ്ടാമത്തെത്. ഇസ്രാഈലടക്കമുള്ള മേഖലയിലെ മുഴുവന്‍ രാജ്യങ്ങളെയും വിളിച്ചുകൂട്ടി ആണവമുക്ത മധ്യ പൗരസ്ത്യ ദേശത്തിനായുള്ള പ്രയത്‌നത്തിന് സമാരംഭം കുറിക്കുക. ആണവ പരിപാടികള്‍ പാടെ ഉപേക്ഷിച്ച് ഇത്തരമൊരു ഉദ്യമത്തിന് ഇറാന്‍ ആത്മാര്‍ത്ഥമായി തയ്യാറാവുകയാണെങ്കില്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആണവ വിഷയത്തിലുള്ള ഇരട്ടത്താപ്പ് വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിയും. വിശേഷിച്ചും , ഇസ്രാഈല്‍ രാഷ്ട്രം 100 ഓളം ആണവായുധങ്ങള്‍ ഘടിപ്പിച്ച മിസൈലുകള്‍ സുസജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്ന അന്താരാഷ്ട്ര ഏജന്‍സിയായ എസ്.ഐ. പി.ആര്‍. ഐ (ടീേഹസവീാ കിലേൃിമശേീിമഹ ജലമരല ഞലലെമൃരവ കിേെശൗേലേ) ന്റെ ഈയിടെ പുറത്ത്‌വന്ന റിപ്പോര്‍ട്ടിന്റെ പശ്ചാലത്തില്‍. ഇറാന്‍ ഏത്‌വഴി തെരഞ്ഞെടുക്കണമെന്നാലോചിച്ചുറപ്പിക്കുമ്പോഴേക്കും ഒരു പക്ഷേ, വിലക്കയറ്റംകൊണ്ടും പണപ്പെരുപ്പംകൊണ്ടും ജീവിതം ദുസ്സഹമായ ഇറാന്‍ ജനത മൂന്നാമതൊരുവഴി തെരഞ്ഞെടുത്താലും അത്ഭുതപ്പെടേണ്ടതില്ല.