X

ആമസോണ്‍ മഴക്കാടുകള്‍ കത്തുമ്പോള്‍


കെ.പി ജലീല്‍

ലോക പരിസ്ഥിതി സന്തുലനത്തിനും മനുഷ്യരുള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങളുടെ സൈ്വര്യജീവിതത്തിനും നിര്‍ണായക സംഭാവന നല്‍കിവരുന്ന ആമസോണ്‍ മഹാപര്‍വതനിര വന്‍നാശത്തിന്റെ വക്കിലാണെന്ന വാര്‍ത്തകേട്ട് സ്തംഭിച്ചിരിക്കുകയാണ് ലോകം. ഭൂമിയിലെ അത്യപൂര്‍വ ജൈവ വൈവിധ്യ കലവറയായ ആമസോണ്‍ മഴക്കാടുകള്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങിത്തുടങ്ങിയിട്ട് മാസമൊന്ന് തികയുന്നു. അമേരിക്കയുടെയും ലാറ്റിന്‍ അമേരിക്കയുടെയും സമീപ സ്ഥമായ ഈ പര്‍വതനിര ഭൂമിയുടെ കുടകളിലൊന്നാണെന്നാണ് സങ്കല്‍പം. പരിസ്ഥിതി പ്രേമികളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും സാധാരണക്കാരുമൊക്കെ ആമസോണിനുവേണ്ടി രക്ഷാമുറവിളി മുഴക്കുമ്പോള്‍ തീപിടിത്തത്തിനും വലിയ തോതിലുള്ള ജൈവനാശത്തിനും കാരണമായിരിക്കുന്നത് ഈ പ്രദേശങ്ങളില്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍ തന്നെയാണെന്ന ആരോപണത്തെ അത്യധികം സ്‌തോഭത്തോടെയല്ലാതെ കേള്‍ക്കാനാവില്ല. ബ്രസീല്‍ ഭരണാധികാരികളുടെ നേര്‍ക്കാണ് തീപിടിത്തത്തിന്റ കാരണത്തെക്കുറിച്ചുള്ള സംശയമുന ഉയരുന്നതെങ്കിലും നിസ്സംഗമായ നിലപാടാണ് അവിടുത്തെ വലതുപക്ഷ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. പാരിസില്‍ കഴിഞ്ഞദിവസം സമാപിച്ച ജി-7 ഉച്ചകോടി പ്രഖ്യാപിച്ച രണ്ട് കോടി ഡോളറിന്റെ (140 കോടിയോളം രൂപ) ധനസഹായം ബ്രസീല്‍ പ്രസിഡന്റ് ജയര്‍ബോള്‍സനാരോ നിരസിച്ചതിനെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?
90 ഇടങ്ങളിലായി ഈവര്‍ഷം ഇതുവരെ 80,000 തീപിടിത്തങ്ങളാണ് ആമസോണ്‍ വനാന്തര്‍ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സാധാരണ ജൂലൈ-ആഗസ്ത് മാസങ്ങളില്‍ ഉണ്ടാകുന്ന വരണ്ട കാലാവസ്ഥയാണ് ആമസോണിന്റെ പേടിസ്വപ്‌നം. എന്നാല്‍ കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് വ്യത്യസ്ഥമായി 85 ശതമാനത്തിലധികം തീപിടിത്തമുണ്ടായി എന്ന് ബ്രസീല്‍ ബഹിരാകാശ സംഘടനതന്നെ വിലയിരുത്തിയത് സാധാരണയില്‍ കവിഞ്ഞ ചില കാരണങ്ങള്‍ സംഭവത്തിനുപിന്നില്‍ ഉണ്ടായിട്ടുണ്ടെന്നാണ്. കൃഷിക്കും മരംവെട്ടലിനുമായി സാധാരണയായി ആമസോണ്‍ കാടുകളില്‍ തീവെക്കാറുണ്ടെന്നകാര്യം പലരും സമ്മതിക്കുന്നുണ്ട്. ആമസോണ്‍ വാച്ച് എന്ന സംഘടനയുടെ തലവന്‍ ക്രിസ്ത്യന്‍ പൊറിയര്‍ കഴിഞ്ഞദിവസം ഇക്കാര്യം ശരിവെക്കുകയുണ്ടായി. എന്നാല്‍ പുതിയ സംഭവവികാസത്തിന് കാരണം തേടിയവരോട് ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞത് ചിലസന്നദ്ധസംഘടനകളാണ് പിന്നിലെന്നാണ്. അതേസമയം ബ്രസീല്‍ മന്ത്രിസഭാംഗംതന്നെ ഖനി മാഫിയയുമായ ബന്ധപ്പെട്ടയാളാണെന്നും ഖനനത്തിനുവേണ്ടി തീവെച്ചതെന്നുമാണ് പരക്കെയുള്ള ആരോപണം. ഇത് പൂര്‍ണമായും നിഷേധിക്കപ്പെട്ടിട്ടുമില്ല.
ലോകത്തെ അപൂര്‍വമായ വനപരിസ്ഥിതി ജൈവ സമ്പത്ത് കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചുനിര്‍ത്തേണ്ട ബാധ്യത അതുള്‍ക്കൊള്ളുന്ന രാജ്യങ്ങള്‍ക്കുമാത്രമല്ല ലോക സമൂഹത്തിനാകെ ഉള്ളതാണെന്ന ബോധ്യത്താലാണ് വന്‍ ശക്തിരാഷ്ട്രങ്ങള്‍ സഹായഹസ്തം പ്രഖ്യാപിച്ചത്. ശ്വസിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ പ്രാണവായുവിന്റെ 20 ശതമാനം തരുന്നത് ഈ മഴക്കാടാണ്. ശുദ്ധജല സമ്പത്തിന്റെ അഞ്ചിലൊന്നും. പക്ഷി-ജന്തു-മല്‍സ്യജാലങ്ങളും ഇഴ ജന്തുക്കളും അപൂര്‍വ സസ്യലതാതികളുമൊക്കെ ഭൂമിയില്‍ മറ്റെങ്ങുമില്ലാത്തവിധം ആമസോണ്‍ മഴക്കാടുകളിലുണ്ട്. ഇവയുടെ വെന്തുചാകലും നീറ്റലും ഉയര്‍ത്തുന്ന വെല്ലുവിളി ആഗോള സമൂഹത്തിന്റെ ഉത്കണ്ഠയാകുന്നത് അതുകൊണ്ടുതന്നെയാണ്. ലോകത്തെ കാര്‍ബണ്‍മോണോ-ഡൈ ഓക്‌സൈഡുകളുടെ അളവ് കൂടിക്കൂടിവരികയാണ്. വാഹനങ്ങളിലെ ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗവും ഭൗമാന്തരീക്ഷത്തിലെ അമൂല്യമായ ഓക്‌സിജന്‍-പ്രാണവായു-സമ്പത്തിനെ പതിയെ കുറച്ചുകൊണ്ടുവരികയാണ്. റഫ്രിജറേറ്റര്‍, ശീതീകരണി മുതലായവയില്‍നിന്ന് പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങള്‍മൂലം അന്തരീക്ഷവായുവില്‍ ഹരിതഗൃഹവാതക പ്രതിഭാസത്തിനും ഭൂമിയും സൂര്യനും തമ്മിലുള്ള ഓസോണ്‍ പാളിയില്‍ തുളകള്‍ വീഴുന്നതിനും ഇവ കാരണമാകുന്നു. ഇതിനെയൊക്കെ ഒരുപരിധിവരെ തടഞ്ഞുനിര്‍ത്തുന്നതാണ് ആമസോണും പശ്ചിമഘട്ടവും അടക്കമുള്ള അതിലോല പരിസ്ഥിതി ഖണ്ഡങ്ങള്‍. കാലാവസ്ഥാവ്യതിയാനവും മനുഷ്യന്റെ അത്യാര്‍ത്തിയും ഒന്നിച്ചുചേരുമ്പോള്‍ വനനശീകരണത്തിനും അന്തരീക്ഷ താപ വ്യതിയാനത്തിനും കാരണമാകുകയാണ്. ഇവിടെയാണ് ആമസോണ്‍ വെറും ഒരു ഭൂഖണ്ഡത്തിനപ്പുറത്തുള്ള വ്യാകുലതയായി നീളുന്നത്.
സ്വാഭാവികമായും ലോകത്തെ ഏതാണ്ടെല്ലാഭാഗത്തുനിന്നും ആമസോണ്‍ സംരക്ഷണത്തിനുവേണ്ടിയുള്ള മുറവിളിയോടൊപ്പം ബ്രസീല്‍ ഭരണാധികാരികളുടെ നിസ്സംഗതക്കെതിരായ പരാതിപ്രവാഹവും ഉയര്‍ന്നുവരുന്നു. പരിസ്ഥിതിപ്രവര്‍ത്തകരുടെ പ്രതിഷേധജ്വാല അന്താരാഷ്ട്ര സമൂഹത്തിന്റെയാകെ ഉത്കണ്ഠയുടെ പ്രതീകമാണെന്ന ്മനസ്സിലാക്കാന്‍ ബ്രസീലിയന്‍ ഭരണകൂടത്തിനാകുമെന്നാണ് കരുതേണ്ടത്. ബോള്‍സനാരോ ഭരണകൂടം തീയണക്കാനായി തുക മാറ്റിവെച്ചുവെന്ന വാര്‍ത്ത ആശ്വാസദായകമാണ്. എന്നാല്‍ ഇതുകൊണ്ടുമാത്രം പെട്ടെന്ന് തീയണക്കാനും കൂടുതല്‍ നാശനഷ്ടം തടയാനുമാകില്ല. ബ്രസീലിലെ സാവോപോളോ പോലുള്ള വന്‍ നഗരങ്ങളുടെ ആകാശത്ത് മേഘ പടലങ്ങള്‍കണക്കെയാണ് ആമസോണില്‍നിന്നുള്ള പുകപടലങ്ങള്‍ വ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍-ഒക്ടോബറോടെ മാത്രമേ തീ പൂര്‍ണമായും അണക്കാനാകൂ. കഴിഞ്ഞദിവസംകിട്ടിയ ചാറ്റല്‍മഴ ആശ്വാസം നല്‍കിയെങ്കിലും പ്രതിദിനം ഒരു മില്ലിമീറ്ററെങ്കിലുംതോതില്‍ 15 ദിവസം തുടര്‍ച്ചയായി മഴ ലഭിച്ചാലേ പതിനായിരത്തിലധികം ചതുരശ്ര കിലോമീറ്ററില്‍ പടര്‍ന്നുപിടിച്ച തീ അണക്കാനാകൂവെന്നാണ് വിദഗ്്ധമതം. മഴ കുറഞ്ഞേക്കുമെന്ന കാലാവസ്ഥാപ്രവചനവും ഭീതി ഇരട്ടിപ്പിക്കുന്നു.
കാട്ടുതീമൂലം ഭൂമിയിലെ അന്തരീക്ഷതാപനില ഉയരുന്നത് പല രാജ്യങ്ങളിലും വരള്‍ച്ചക്ക് കാരണമാകും. ഉത്തരധ്രുവത്തിലെ മഞ്ഞുരുക്കം സമുദ്ര ജലനിരപ്പ് ഉയരുന്നതിനും നമ്മുടെ കൊച്ചിയെയും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ വന്‍നഗരങ്ങളെയും പിഴുതെറിയാനെരുങ്ങുകയാണെന്നാണ് മുന്നറിയിപ്പ്. ജക്കാര്‍ത്തയെ അടുത്തിടെയാണ് ഇന്തോനേഷ്യ തലസ്ഥാന നഗരി പദവിയില്‍നിന്ന് മാറ്റിയത്. രൂക്ഷമായ കാലാവസ്ഥാരീതിയും മനുഷ്യ ഇടപെടലുംമൂലം ലോകത്തെ എട്ട് പരിസ്ഥിതിമേഖലകളിലൊന്നായ പശ്ചിമഘട്ടം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ചെന്നൈയില്‍ കുടിവെള്ളത്തിന് കേഴുന്ന നേരത്തുതന്നെയാണ് മഹാരാഷ്ട്രയില്‍ മഴവെള്ളത്തില്‍ മുങ്ങിമരിക്കേണ്ടിവരുന്നത്. പരിസ്ഥിതിയെ മാനിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ നാം അഭിമുഖീകരിക്കുമ്പോള്‍തന്നെയാണ് ആമസോണിനെ കൊന്നുതള്ളുന്നുന്നതെന്നത് മിതമായി പറഞ്ഞാല്‍ കഷ്ടമാണ്. ദുരമൂത്ത ഭരണാധികാരികളുടെയും ധനദല്ലാളുമാരുടെയും ആഢംബര ജീവികളുടെയും കൈകള്‍ക്ക് വിലങ്ങണിയിക്കുകയാണ് ഇതിനെതിരെ സാധാരണക്കാരായ നമുക്ക് ചെയ്യാനാകുന്നത്.

web desk 1: