ഡോ. ഹുസൈന്‍ മടവൂര്‍
പ്രളയദുരന്തത്തിനുമുന്നില്‍ സംസ്ഥാനം വിറങ്ങലിച്ചുനിന്നപ്പോള്‍ മാതൃകാപ്രവര്‍ത്തനവുമായി മുന്നോട്ടുവന്ന മലപ്പുറം പോത്തുകല്ലിലെ ജുമാമസ്ജിദ് ഭാരവാഹികള്‍ തീര്‍ത്തത് വേറിട്ട അനുഭവം. ദുരന്തഭൂമിയില്‍നിന്ന് നിലമ്പൂരിലോ, മഞ്ചേരിയിലോ ഉള്ള സര്‍ക്കാര്‍ ആസ്പത്രികളിലേക്കെത്താന്‍ ദീര്‍ഘദൂരം യാത്ര ചെയ്യണം. അതിന് ഒരുപാട് സംവിധാനങ്ങളുമുണ്ടാക്കണം. ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. ആ ഗ്രാമത്തില്‍ തന്നെ ഒരു പോസ്റ്റ്‌മോര്‍ട്ടം സംവിധാനമുണ്ടാക്കിയാല്‍ വലിയ സൗകര്യമാവും. പക്ഷേ, എവിടെയാണത് സൗകര്യപ്പെടുത്തുക. വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കുക. അപ്പോഴാണ് കൂരിരുട്ടിലെ വെള്ളിവെളിച്ചം പോലെ പോത്തുകല്ല് ജംഇയ്യത്തുല്‍ മുജാഹിദീന്‍ എന്ന വഖഫ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ കടന്നുവരുന്നത്. ഇവിടെ മതിയെങ്കില്‍ എടുത്തുകൊള്ളൂ എന്നു പറഞ്ഞ് ജുമാമസ്ജിദിന്റെ വാതിലുകള്‍ തുറന്നുകൊടുത്തത്. മുസ്‌ലിംകള്‍ നമസ്‌കാരത്തിനുപയോഗിക്കുന്ന ആരാധനാലയമാണ് മുസ്‌ലിംകളുടെ മാത്രമല്ല, ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അവര്‍ വിട്ടുകൊടുത്തത്. അടുത്ത വെള്ളിയാഴ്ച പള്ളിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ അവര്‍ ജുമുഅ നമസ്‌കാരം നടത്താന്‍ ബസ്സ്റ്റാന്റില്‍ പന്തല്‍ കെട്ടുകയായിരുന്നു. ഈ മഹാ മനസ്‌കതയെ അഭിനന്ദിക്കാത്തവരായി ആരുമില്ല. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ പള്ളി കമ്മിറ്റിയെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രശംസിക്കുകയുണ്ടായി. രാജ്യത്തിന് തന്നെ മാതൃകയായിരിക്കുന്നു ഈ സല്‍പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയവും അന്തര്‍ദേശീയവുമായ മാധ്യമങ്ങള്‍ മതനിരപേക്ഷതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും ഈ ഉദാത്ത മാതൃകയെ ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. മതത്തിന്റെയും ജാതിയുടെയും പേരില്‍ കലഹങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും അനുദിനം വാര്‍ത്തയാവുന്ന രാജ്യത്ത് ജീവിതരംഗത്ത് മാത്രമല്ല മരിച്ചാലും തങ്ങളൊന്നാണ് എന്നാണ് മലപ്പുറത്തെ മാപ്പിളമാര്‍ തെളിയിച്ചിരിക്കുന്നത്. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള കേരള സംസ്ഥാന വഖഫ് ബോര്‍ഡ് അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരും മലപ്പുറം പോത്തുകല്ല് മസ്ജിദുല്‍ മുജാഹിദീന്‍ ഭാരവാഹികളെ ആദരിക്കുകയാണ് നാളെ. എല്ലാവരാലും ആദരവ് പിടിച്ചുപറ്റിയ ദേവാലയത്തിന്റെ സേവനങ്ങളെ ആദരിക്കുന്ന സംസ്ഥാന വഖഫ് ബോര്‍ഡ് തികച്ചും ഉചിതമായ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. അതിരുകളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ മന്ദമാരുതന്‍ അടിച്ചുവീശുന്ന പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിന്റെ കണ്ണിലുണ്ണിയും കേരളീയ സമൂഹത്തിന് പ്രിയങ്കരനുമായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം വഹിക്കുന്ന വഖഫ് ബോര്‍ഡ് മതവും മതേതരത്വവും ഒന്നിച്ച് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. മുന്‍ഗാമികളായ സയ്യിദ് ഉമറലി ശിഹാബ് തങ്ങളും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും പൂക്കോയ തങ്ങളുമെല്ലാം അങ്ങനെത്തന്നെയാണല്ലോ മാതൃക കാണിച്ച് തന്നിട്ടുള്ളത്. മുസ്‌ലിംകളും അല്ലാത്തവരുമായുണ്ടാവുന്ന പല പ്രശ്‌നങ്ങളിലും ന്യായം അമുസ്‌ലിംകള്‍ക്കൊപ്പമാണെങ്കില്‍ അവര്‍ക്കനുകൂലമായ വിധികളാണ് അവരെല്ലാം നല്‍കിയിരുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം പള്ളിയോ, ഖബര്‍സ്ഥാനോ, നിഷേധിക്കുന്നതിനെതിരില്‍ ശക്തമായ വിധികളാണ് വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ഉമറലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിച്ച് നടപ്പിലാക്കിയിരുന്നത്. ഇപ്പോഴത്തെ ചെയര്‍മാന്‍ റഷീദലി തങ്ങളും ആ മാര്‍ഗം തന്നെയാണ് പിന്തുടരുന്നത്. മനുഷ്യരെല്ലാം ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്ന ഖുര്‍ആനിന്റെ പ്രഖ്യാപനവും അറബിക്ക് അനറബിയെക്കാളും വെളുത്തവന് കറുത്തവനെക്കാളും യാതൊരു ശ്രേഷ്ഠതയുമില്ലെന്ന നബി തിരുമേനിയുടെ വിശദീകരണവുമാണ് വഖഫ് സ്ഥാപനവും സംസ്ഥാന വഖഫ് ബോര്‍ഡും ഈ പ്രവര്‍ത്തനങ്ങളിലൂടെ വരച്ച്കാട്ടുന്നത്. ദുരന്ത ഭൂമിയില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ എല്ലാം മറന്ന് ഒന്നിക്കുന്ന നമുക്ക് ജീവിതത്തിന്റെ നാനാ മേഖലകളിലും ജാതിമത വ്യത്യാസങ്ങള്‍ നോക്കാതെ മനുഷ്യ നന്മക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നത് കാലത്തിന്റെ ആവശ്യമാണ്. വര്‍ധിച്ചുവരുന്ന സാമുദായിക ധ്രുവീകരണത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ പള്ളികളിലും പിരിവ് നടത്തുകയും എല്ലാ മുസ്‌ലിം സംഘടനകളും സജീവമായി സേവന രംഗത്തുണ്ട് എന്നതും ശ്ലാഘനീയമായ കാര്യമാണ്.