X

ഇടതുപക്ഷ തോല്‍വിയും പുതിയ ഗൃഹപാഠങ്ങളും


കെ.എം അലാവുദ്ദീന്‍ ഹുദവി


ഇടതുപക്ഷത്തിന്റെ തോല്‍വിയെക്കുറിച്ചുള്ള അന്വേഷണങ്ങളും ഗവേഷണവും തകൃതിയായി നടക്കുകയാണ്. കേരളത്തിലെ ഓരോ വീടുകളും കയറിയിറങ്ങി ഞങ്ങളെ എന്തിന് തോല്‍പ്പിച്ചുവെന്ന് അവര്‍ ജനങ്ങളോട് ചോദിച്ചുകൊണ്ടിരിക്കുന്നു. ഈ വക ജനാഭിലാഷം മാനിക്കല്‍ പരിപാടി തെരഞ്ഞെടുപ്പിനു മുമ്പ് നടത്തിയിരുന്നെങ്കില്‍ ഇത്രത്തോളം ആഴമേറിയ പരാജയത്തിന്റെ ഗര്‍ത്തങ്ങളിലേക്ക് എടുത്തെറിയപ്പെടുമായിരുന്നില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സല്‍ഗുണ സമ്പന്നതയുടെയും ഉന്നത മൂല്യങ്ങളുടെയും വിഹായസ്സില്‍ വിരാജിക്കുന്നവരാണെന്നും തങ്ങളെ തോല്‍പ്പിച്ച ജനങ്ങളാണ് യഥാര്‍ത്ഥ തെറ്റുകാര്‍ എന്നതുമാണ് ഈ വക അന്വേഷണ കണ്ടെത്തലുകളുടെ ആകെത്തുക. കുരുടന്‍ ആനയെ കണ്ടതുപോലെയാണ് ഗവേഷണങ്ങളും ഗൃഹപാഠങ്ങളും റിപ്പോര്‍ട്ടുകളാല്‍ എ.കെ.ജി സെന്ററിലെത്തുന്നത്.
കമ്മ്യൂണിസത്തിന്റെ ഈ തകര്‍ച്ച ദശാബ്ദങ്ങള്‍ക്കു മുമ്പേ പ്രവചിക്കപ്പെട്ടതാണ്. ഉരുക്കുമുഷ്ടിയുടെ സ്റ്റാലിന്‍വല്‍ക്കരണത്തിലൂടെ എതിരാളികളെ വരച്ചവരയില്‍ ഭയപ്പെടുത്തി നിര്‍ത്താമെന്നല്ലാതെ ഇലക്ഷനില്‍ ജയിക്കാനുള്ള ഒറ്റമൂലിയല്ല അതെന്ന് സി.പി.ഐ.എം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒപ്പം വര്‍ഗ സമരമെന്ന ക്യാന്‍വാസില്‍ ലോകത്തെ സകല പ്രശ്‌നങ്ങളേയും സമസ്യകളേയും അതിരുവല്‍ക്കരണങ്ങളേയും ചുരുട്ടിക്കെട്ടിയ പാര്‍ട്ടി സാധാരണക്കാരന്റെ നൊമ്പരങ്ങളും വേദനകളും തിരിച്ചറിയാതെ പോയിരിക്കുന്നു. മാര്‍ക്‌സിന്റേയും എംഗല്‍സിന്റേയുംകാലത്തെ സാമൂഹിക പരിച്ഛേദത്തിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സകലമാന പ്രശ്‌നങ്ങളേയും പരിഹരിച്ചുകളയാമെന്ന മിഥ്യാധാരണയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആദ്യം തിരുത്തേണ്ടത്. ന്യൂനപക്ഷങ്ങളുടെയും കീഴാള ആദിവാസി ജനതയുടെയുംസ്വത്വപ്രതിസന്ധികളെ കേവലം സാമ്പത്തിക ചൂഷണങ്ങളുടെ അളവുകോലുപയോഗിച്ച് വിലയിരുത്താന്‍ ശ്രമിച്ചതും ഇടതുപക്ഷ പരാജയത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നാണ്.
മതവും ദൈവ വിശ്വാസവും തൊണ്ണൂറ്റിയൊമ്പത് ശതമാനം ഇന്ത്യന്‍ പൗരന്റേയും ആന്തരിക ചോദനയാണ്. മതം ഒരു ഘടകമായിരുന്ന ദേശീയ പ്രസ്ഥാനങ്ങളുള്ള രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക ശക്തിയാകാന്‍ സാധിക്കില്ല തന്നെ. ഗാന്ധിജിയുടെ വരവിനു ശേഷം മതത്തിന്റെ സ്‌നേഹസ്പര്‍ശമുള്ള കോണ്‍ഗ്രസ് ദേശീയതയായിരുന്നു ഇന്ത്യയില്‍ സ്വാതന്ത്ര്യ പോരാട്ടം നടത്തിയിരുന്നത്. ആ രാഷ്ട്രീയ പ്രവണത ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവിരാമം തുടര്‍ന്നുകൊണ്ടിരിക്കും. സംഘ്പരിവാര്‍ ശക്തികളുടെ കാര്യം തന്നെയെടുക്കുക. ഇന്ത്യന്‍ പോളിറ്റിയില്‍ അവര്‍ തങ്ങളുടെ വേരിറക്കല്‍ സാധ്യതകള്‍ അന്വേഷിച്ചിരുന്നത് എപ്പോഴും മതാത്മകതയിലായിരുന്നു. അതായത് മതം എന്ന പ്രമേയം പ്രത്യക്ഷത്തിലുണ്ടാക്കുന്ന വൈകാരികതയെ രാഷ്ട്രീയമായി പരിണമിപ്പിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. അപ്പോള്‍ ഇന്ത്യന്‍ രാഷ്ടീയ ഭൂമികയില്‍ ഹിന്ദുത്വ ശക്തികള്‍ക്കുള്ള സാധ്യതപോലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ അവശേഷിക്കുന്നില്ല എന്ന് ചുരുക്കം. സോവിയറ്റ് യൂണിയന്‍ തകര്‍ന്നിട്ടും രണ്ടര പതിറ്റാണ്ടുകാലം ഇന്ത്യന്‍ ഇടതുപക്ഷം അധികം പരിക്കുകളില്ലാതെ പിടിച്ചുനിന്നുവെന്നതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ അത്ഭുതം കൂറിയിട്ടുണ്ട്.
ശബരിമല വിഷയത്തിലെ ദുര്‍വാശിയും സിദ്ധാന്ത ശാഠ്യവുമാണ് ഇത്രവലിയ തോല്‍വിയുടെ പ്രധാന കാരണമെന്ന് ഇടതുപക്ഷം ഏതാണ്ട് സമ്മതിച്ച മട്ടാണ്. മതാത്മക ദേശീയ പാരമ്പര്യമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ വിശ്വാസങ്ങളെ നേര്‍ നേര്‍ നിന്ന് വെല്ലുവിളിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന സന്ദേശവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. മാര്‍ക്‌സിനും എംഗല്‍സിനുമപ്പുറം മഹാത്മാഗാന്ധിയെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഇക്കാര്യത്തില്‍ മാതൃകയാക്കേണ്ടത്. ദേശീയ പ്രസ്ഥാനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഹിന്ദുമതാത്മകതയെ മറ്റൊരു രൂപത്തില്‍ ഗാന്ധിജി വഴിതിരിച്ചു വിടുകയുണ്ടായി. മതാചാരത്തിനാണല്ലോ വൈകാരികതയെ ഉണര്‍ത്താന്‍ കഴിയുക. മതത്തെ ഒരു മൂല്യവ്യവസ്ഥയായി കാണാനുള്ള വലിയ പരിശ്രമങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. സര്‍വ്വമത സാഹോദര്യം എന്ന ആശയത്തെ ഉപരിപ്ലവമായെങ്കിലുംദേശീയ പ്രസ്ഥാനത്തിലേക്ക് കണ്ണിചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ സംഘ്പരിവാറിന്റെ ഹിന്ദുത്വ എന്നത് മതത്തെ ആചാരമായി കണ്ടാല്‍ മാത്രം അതിജീവിക്കാന്‍ കഴിയുന്ന ഒരു ദര്‍ശനമായിരുന്നു. ഈ ആചാരം മൂല്യത്തിലേക്ക് എല്ലാ ഹിന്ദുക്കളേയും അതായത് അന്നോളം ഹിന്ദുമത്തിന്റെ വിശാല പരിപ്രേക്ഷ്യത്തിന് പുറത്തുള്ള ദളിതരെ ഉള്‍പ്പെടെ കൊണ്ടുവന്നാല്‍ മാത്രമേ അതിന് രാഷ്ട്രീയ ശക്തി ലഭിക്കൂ. ഇതിന് പരമ്പരാഗതമായി ഹിന്ദുത്വ ശക്തികള്‍ ഉപയോഗിച്ച മാര്‍ഗം മതസ്പര്‍ദ്ധയാണ്. അപരമത വിദ്വേഷമാണ്. ഇന്ത്യയില്‍ ഹിന്ദുത്വയെ സംബന്ധിച്ച് അപരവല്‍ക്കരിക്കാന്‍ എളുപ്പമായിരുന്നത് മുസ്്‌ലിം സമൂഹത്തെയാണ്.
മതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്തുന്നതിലും മനസ്സിലാക്കുന്നതിലും ഇടതുപക്ഷത്തിന് പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. തൊഴിലാളിവര്‍ഗ മുന്നണിപ്പടയെ മാത്രം വിപ്ലവ വര്‍ഗമായി കണ്ട യൂറോകേന്ദ്രീകൃത മാര്‍ക്‌സിനെയാണ് അവര്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ തന്നെ വിലിയിരുത്തുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. 1942 ക്വിറ്റ് ഇന്ത്യാ സമരം കൊടുമ്പിരി കൊണ്ടിരുന്നപ്പോള്‍ രണ്ടാം ലോകമഹാ യുദ്ധത്തില്‍ സോവിയറ്റ് യൂണിയനും ബ്രിട്ടനും സഖ്യശക്തികളായതിന്റെ പേരില്‍ ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ ബ്രിട്ടനാണ് പിന്തുണ നല്‍കിയത്.
ഗാന്ധിജിയെ ഇന്ത്യന്‍ മുതലാളി വര്‍ഗത്തിന്റെ പ്രതിനിധിയായാണ് അവര്‍ കണ്ടത്. ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടത്തിനെതിരെ നയിച്ച വിപ്ലവം ഇന്ത്യന്‍ മുതലാളി വര്‍ഗത്തെ സഖ്യകക്ഷിയായി മുന്നില്‍ നിര്‍ത്തിയുള്ള പോരാട്ടമായിരുന്നുവെന്നാണ് കമ്മ്യൂണിസ്റ്റുകാരുടെ പക്ഷം. ഗാന്ധിജിയെ പോലെത്തന്നെ അംബേദ്കറെ മനസ്സിലാക്കുന്നതിലും ഇന്ത്യന്‍ ഇടതുപക്ഷത്തിന് തെറ്റുപറ്റിയിട്ടുണ്ട്. ഭരണഘടനാ ശില്‍പ്പിയായ അംബേദ്കറെ വര്‍ഗ ശത്രുവായിട്ടാണ് കമ്മ്യൂണിസ്റ്റുകള്‍ കണ്ടത്. അംബേദ്കര്‍ നയിച്ച ജാതിവിമോചന സമരംതൊഴിലാളിവര്‍ഗ സമരത്തിന്റെ നേര്‍വിപരീതമായിട്ടാണ് അവര്‍ വിലയിരുത്തിയത്. വര്‍ഗ സമരത്തിന്റെ ജാതി പ്രശ്‌നത്തെ അവഗണിച്ചതുകൊണ്ടു തന്നെയാണ് ഉത്തരേന്ത്യന്‍ ഭൂമികയില്‍ കമ്മ്യൂണിസ്റ്റ് വളര്‍ച്ച മുരടിച്ചുപോയതും അംബേദ്കറിസ്റ്റുകള്‍ തഴച്ചു വളര്‍ന്നതും. എസ്.എ.ഡാങ്കെ ബോംബെയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു. നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്തില്ലെങ്കിലും അംബേദ്കര്‍ക്ക് വോട്ട് ചെയ്യരുത്. അത്രയായിരുന്നു അവര്‍ തമ്മിലുള്ള ശത്രുത.
ജാതിയെന്ന യാഥാര്‍ത്ഥ്യത്തെയും സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും അംഗീകരിക്കാത്തതുമൂലം ഇന്ത്യന്‍ ഇടതുപക്ഷത്തിന് സംഭവിച്ച നഷ്ടം വിലയിരുത്തി സമൂലമായ നയമാറ്റത്തിന് അവര്‍ തയ്യാറെടുക്കണം. ഇന്ത്യ കണ്ട ഏറ്റവും ശക്തമായ കീഴാള രാഷ്ട്രീയ മുന്നേറ്റമായിരുന്നു മണ്ഡല്‍-ദലിത് പ്രസ്ഥാനങ്ങളിലൂടെ തൊണ്ണൂറുകളില്‍ സംഭവിച്ചത്. സോഷ്യലിസ്റ്റുകള്‍ രംഗം കൊഴുപ്പിച്ച ഈ ജനകീയ മുന്നേറ്റത്തില്‍ ഒരു റോളും നിര്‍വ്വഹിക്കാന്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല. മണ്ഡല്‍-ദളിത് പ്രസ്ഥാനങ്ങളിലൂടെ ഉയര്‍ന്നു വന്നത് ഇന്ത്യന്‍ വര്‍ഗ സമരത്തിന്റെ സവിശേഷ രൂപം തന്നെയാണെന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറിപ്പോകുമായിരുന്നു. അതോടെ സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടക്കുന്നതിനുള്ള കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുകയും ചെയ്യുമായിരുന്നു.
ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പരാജയത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത് സ്വാഭാവികമായി സംഭവിച്ച ഒരു ചരിത്ര പ്രക്രിയ മാത്രമാണ്. അല്ലെങ്കിലും കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ പാര്‍ട്ടിയുടെ ഭാവനാ പദ്ധതികളിലൊന്നുമുണ്ടായിരുന്നില്ല. മഹത്തായ പരിസ്ഥിതി സമരങ്ങള്‍ക്കൊന്നും അവര്‍ പിന്തുണ നല്‍കിയില്ല. ബൂര്‍ഷ്വാ സമരങ്ങളെന്നാണ് അവയെ അവര്‍ വിശേഷിപ്പിച്ചത്. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്ന ചിപ്‌കോ പ്രസ്ഥാനത്തിനും നര്‍മദാ സമരത്തിനും ഒരു പിന്തുണയും ഇടതുപക്ഷം നല്‍കിയില്ല. സിദ്ധാന്ത ശാഠ്യങ്ങള്‍ ഒഴിവാക്കി ഇത്തരം പ്രസ്ഥാനങ്ങളോട് സമര പാതയില്‍ സഹകരിക്കാന്‍ ഇടതുപക്ഷം തയ്യാറാകണം. ചുരുക്കത്തില്‍ ഏകശിലാത്മകമായ സിദ്ധാന്തങ്ങളില്‍ അഭിരമിക്കാതെ കമ്മ്യൂണിസത്തിന്റേയും മാര്‍ക്‌സിസത്തിന്റേയും സമകാലിക വായനക്ക് ഇടതുപക്ഷം തയ്യാറാകേണ്ടിയിരിക്കുന്നു. വീടുവീടാന്തരം കയറിയിറങ്ങി ശേഖരിച്ചുകൂട്ടിയ അഭിപ്രായങ്ങള്‍ക്കൊപ്പം ഇടതുപക്ഷം ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും.

web desk 1: