X
    Categories: Views

ഒന്നുകില്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യം അല്ലെങ്കില്‍ സി.പി.എമ്മില്‍ പിളര്‍പ്പ്

മുപ്പത്തൊന്നിനെതിരെ 55 വോട്ടുകള്‍ക്ക് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ തള്ളിക്കൊണ്ട് സി പി എം കേന്ദ്ര കമ്മിറ്റി ബി ജെ പിയെ അധികാര ഭ്രഷ്ടരാക്കാനുള്ള സാധ്യതയെ നിരാകരിച്ചിരിക്കുന്നു. സാമ്രാജ്യത്വവും ഫാസിസവും സയണിസവുമടക്കം മാനവ വിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ അച്ചു തണ്ടിന്റെ നട്ടെല്ലായ മോദി നേതൃത്വം നല്‍കുന്ന ഫാസിസവും ലിബറല്‍ സാമ്പത്തിക നയമൊഴിച്ച് സാമൂഹിക കാഴ്ചപ്പാടില്‍ മത നിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസും ഒരേ പോലെ എതിര്‍ക്കപ്പെടേണ്ട തിന്മയാണെന്ന കാരാട്ട് പക്ഷത്തിന്റെ നിരീക്ഷണത്തിന് അംഗീകാരം നല്‍കാന്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കാണ് സാധിക്കുക? അധികാര നേട്ടത്തിന് വര്‍ഗീയതയും വംശീയതയും ആയുധമാക്കുകയും ലഭ്യമായ അധികാരം ഫാസിസ്റ്റ് സാമ്രാജ്യത്ത അധിനിവേശത്തിനുള്ള ഉപകാരണമാക്കി ഉപയോഗിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഫാസിസ്റ്റ് വാഴ്ചയെ പ്രതിരോധിക്കാന്‍ വിരുദ്ധ പക്ഷത്ത് സമാഹരിക്കാന്‍ സാധിക്കുന്ന സകലരെയും യോജിപ്പിച്ചു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയല്ലാതെ വേറെന്തു വഴിയാണ് യാഥാര്‍ഥ്യ ബോധത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുന്നവര്‍ക്ക് ചൂണ്ടിക്കാണിക്കാനാവുക? 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനടുത്തെത്തിയ വിജയം നേടിയ എന്‍ ഡി എക്ക് ലഭിച്ചത് 37 ശതമാനം വോട്ട് മാത്രമാണ്.

സംഘീ വിരുദ്ധരായ 63 ശതമാനത്തിനു ഒന്നിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്‍ ഡി എ നിലം തൊടില്ലായിരുന്നു. ഇപ്പോള്‍ ബി ജെ പി ഭരിച്ചു കൊണ്ടിരിക്കുന്ന യു പി, ഗുജറാത്ത് ഉള്‍പ്പെടെ മുഴുവന്‍ സംസ്ഥാനങ്ങളിലും വോട്ടിംഗ് നില സംഘീ വിരുദ്ധരുടെ ഏകോപനത്തിന് അവരെ തോല്‍പ്പിക്കാനുള്ള ശക്തിയെ ബോധ്യപ്പെടുത്തുന്നത് തന്നെയാണ്.

ബംഗാളില്‍ പൂര്‍ണമായും തകര്‍ന്നടിയുകയും ത്രിപുരയില്‍ തകര്‍ച്ചയുടെ വക്കത്തെത്തി നില്‍ക്കുകയും ചെയ്യുന്ന സി പി എം മുന്‍ കാലങ്ങളില്‍ നാക്കിട്ടടിച്ച എല്ലാ രാഷ്ട്രീയ മൂല്യങ്ങളെയും കുഴിച്ചു മൂടി ‘കളങ്കിതരെ’മുഴുവന്‍ കൂടെക്കൂട്ടി കേരളത്തില്‍ ഉണ്ടെന്നു ധരിക്കുന്ന പരിമിതമായ ശക്തി കൊണ്ട് മാത്രം എന്ത് പ്രതിരോധമാണ് ഫാസിസത്തിനെതിരെ തീര്‍ക്കാന്‍ സാധിക്കുക? ബി ജെ പിക്കെതിരെ കോണ്‍ഗ്രസുമായി നീക്കു പോക്കാകാം എന്ന നിലപാടുമായി യെച്ചൂരിയോട് യോജിച്ച്് കൊണ്ട് സി പി ഐയും നിലകൊള്ളുമ്പോള്‍ 2004 കാലത്തൊഴിച്ച് ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് നേതൃത്വം കോണ്‍ഗ്രസ് വിരോധം കൈ മുതലാക്കിയാണ് കടന്നു പോയത് 64ലെ പിളര്‍പ്പിന് ആധാരമായി ഉന്നയിക്കപ്പെട്ട ദേശീയ ജനാധിപത്യമോ ജനകീയ ജനാധിപത്യമോ എന്ന തര്‍ക്കത്തിന്റെ പോലും അന്തര്‍ധാര കോണ്‍ഗ്രസ് വിരോധത്തില്‍ അന്തര്‍ലീനമായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഇന്ത്യയോട് സൗഹൃദം പുലര്‍ത്തുന്ന സോവിയറ്റ് യൂണിയന്‍ പ്രതിനിധാനം ചെയ്തിരുന്ന ദേശീയ ജനാധിപത്യം പാര്‍ട്ടി നയമായംഗീകരിച്ച സി പി ഐ കോണ്‍ഗ്രസ് പക്ഷത്തും ഇന്ത്യയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന ചൈന പ്രതിനിധാനം ചെയ്യുന്ന ജനകീയ ജനാധിപത്യം അംഗീകരിച്ച സി പി എം കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്തും പിളര്‍പ്പിന് ശേഷം നിലയുറപ്പിച്ചത് ഈ അന്തര്‍ ധാര കൊണ്ട് തന്നെയായിരുന്നു .

തുടര്‍ന്നിങ്ങോട്ട് 71ലെ സംയുക്ത വിധയക് ദള്‍, 77ലെ ജനതാ സഖ്യം, 89ലെ ജനതാദള്‍ പരീക്ഷണം എന്നിവയില്‍ ജനസംഘത്തിന്റെയും അതിന്റെ മാറിയ രൂപമായ ബി ജെ പിയുടെയും പങ്കാളിത്തമുള്ള സഖ്യത്തിന്റെ ഭാഗമായും 2004ലൊഴികെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഫാസിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു അവര്‍ക്ക് അധികാരത്തിലേക്ക് പാതയൊരുക്കുന്ന മൂന്നാം മുന്നണി നാടകങ്ങളിലൂടെയും കോണ്‍ഗ്രസ് മുക്ത ഭാരതത്തിനു വേണ്ടി തന്നെയാണ് സി പി എം നിലകൊണ്ടത്. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടനനുകൂലമായി കമ്യൂണിസ്റ്റുകള്‍ കൈക്കൊണ്ട നിലപാടിന് പിന്നില്‍ ഹിറ്റ്‌ലറുടെ ഫാസിസത്തിനെതിരായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നത് ഹിറ്റ്‌ലര്‍ക്ക് സഹായകമാകുമെന്ന ഭയമായിരുന്നുവെന്ന് വിശദീകരിച്ച ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ നേതൃത്വമുള്ളതിനാലാകാം 2004ല്‍ കോണ്‍ഗ്രസ് സഖ്യം സാധ്യമായത്. എന്നാലിന്ന് മൂക്കിനപ്പുറം കാണാന്‍ കണ്ണില്ലാത്ത കിണറിലെ തവളകളെപ്പോലെ കേരളത്തിലെ അധികാരം മാത്രം പരമ പ്രധാനമായി കാണുന്ന കേരള നേതൃത്വത്തിന് അച്യുതാനന്ദനോട് അനുഭാവമുള്ളയാളെന്ന കാരണത്താല്‍ പണ്ടേ അനഭിമതനായ യെച്ചൂരിയോട് കണക്ക് തീര്‍ക്കാന്‍ കൂടിയുള്ള അവസരമായി മാറി ഈ വോട്ടെടുപ്പ് എന്ന വിലയിരുത്തലാകും കൂടുതല്‍ ശരി .അധികാരമേറിയ കാലം മുതല്‍ സംഘികള്‍ക്ക് കവചമൊരുക്കിയും യു ഡി എഫിനെ ശിഥിലീകരിക്കാന്‍ ആവനാഴിയിലെ അസ്ത്രങ്ങളാകെ ചിലവഴിച്ചും ബി ജെ പി യെ മുഖ്യ പ്രതിപക്ഷമായി വളര്‍ത്തി അവരെ ചൂണ്ടിക്കാണിച്ചു ന്യൂനപക്ഷത്തെ വരുതിയിലാക്കി ഭരണത്തുടര്‍ച്ച ഉറപ്പ് വരുത്താന്‍ രാഷ്ട്രീയ നാടകങ്ങള്‍ പയറ്റുന്ന പിണറായി സംഘം ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് നീക്ക് പോക്കുണ്ടായാല്‍ അത് തങ്ങളുടെ താല്‍പര്യങ്ങളെ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നു എന്നതും ഇതോട് ചേര്‍ത്തു വായിക്കാവുന്നതാണ്.

ഒരു പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടി ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച കരട് പ്രമേയം കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളി എന്നത് ഗുരുതരമായ സാഹചര്യമാണ് പാര്‍ട്ടിയിലുണ്ടാക്കുന്നത് .സമാനമായൊരു സാഹചര്യത്തില്‍ പി സുന്ദരയ്യ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വെച്ച ചരിത്രമുണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ .പാര്‍ട്ടി കോണ്‍ഗ്രസോടടുക്കുമ്പോഴേക്കും രൂപപ്പെടാവുന്ന അനുകൂല സാഹചര്യവും സി പി ഐ ഉള്‍പ്പെടെയുള്ള ഇടത് കക്ഷികള്‍ കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായെടുക്കുന്ന നിലപാടുകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ട് പക്ഷത്തോട് പൊരുതി നേടാനുള്ള കരുത്തേകുമെന്ന വിശ്വാസത്തില്‍ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടുള്ള ആഭ്യന്തര യുദ്ധത്തിനാണ് യെച്ചൂരി ഒരുങ്ങുന്നത് എന്നാണ് കേന്ദ്ര കമ്മിറ്റിക്ക് ശേഷം നടത്തിയ പത്ര സമ്മേളനത്തിലെ യെച്ചൂരിയുടെ ശരീര ഭാഷ വ്യക്തമാക്കുന്നത്.പാര്‍ട്ടി കോണ്‍ഗ്രസും തന്നെ തള്ളുന്ന പക്ഷം പാര്‍ട്ടി പിളര്‍ത്തി സി പി ഐ ഉള്‍പ്പെടെ കോണ്‍ഗ്രസ് സഖ്യത്തോട് അനുഭാവമുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഒരു കോണ്‍ഫെഡറേഷന് രൂപം കൊടുത്ത് തന്റെ നിലപാട് പ്രയോഗത്തില്‍ വരുത്താം എന്നും അദ്ദേഹം കണക്കു കൂട്ടുന്നുണ്ടാകാം. ഒന്നുകില്‍ ബിജെപി ക്കെതിരെ കോണ്‍ഗ്രസുമായി സഖ്യം. അല്ലെങ്കില്‍ സിപിഎമ്മിലും എല്‍ ഡി എഫിലും പിളര്‍പ്പ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് മുന്നില്‍ വേറൊരു വഴിയില്ല.

chandrika: