X

വ്യക്തി നിയമങ്ങളും ഭരണകൂടവും

 
ബ്രിട്ടീഷ് മാതൃകയിലുള്ള ജനാധിപത്യമാണ് മൊത്തത്തിലും തത്വത്തിലും ഇന്ത്യയില്‍ ഏറെക്കുറെ നിലനില്‍ക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാമുദായിക-സാമൂഹ്യ ഘടനയാണിവിടെ ഉള്ളത്. വലിയ ഒരു ഭൂരിപക്ഷവും പിന്നെ കുറേ ന്യൂനപക്ഷങ്ങളുമാണ് ഇന്ത്യയില്‍. ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് തന്നെയായിരിക്കും മിക്കവാറും ഭൂരിപക്ഷം ഉരുത്തിരിഞ്ഞുവരിക. ആകയാല്‍ ന്യൂനപക്ഷത്തിന്റെ അസ്തിത്വത്തിനും വ്യക്തിത്വത്തിനും സംരക്ഷണമേകുന്ന പ്രത്യേക വ്യവസ്ഥകളുണ്ടെങ്കിലേ ഭൂരിപക്ഷ സംസ്‌കാരം ന്യൂനപക്ഷങ്ങളെ വിഴുങ്ങിക്കളയുന്ന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാനാവുകയുള്ളൂ. അതാണ് ഇന്ത്യയില്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ സമുദായങ്ങള്‍ക്കുള്ള വ്യക്തിനിയമങ്ങള്‍. പക്ഷെ ഈ വ്യക്തിനിയമങ്ങളെ വിശിഷ്യാ മുസ്‌ലിം വ്യക്തിനിയമത്തെ തികഞ്ഞ അസഹിഷ്ണുതയോടെ കാണുന്നവര്‍ ഇവിടെയുണ്ട്. അതിനാല്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്‌ലിംകളെ ഒരുതരം അരക്ഷിതബോധം സദാ വേട്ടയാടുന്നുണ്ട്. ഈ അരക്ഷിതബോധം അന്തിമവിശകലനത്തില്‍ രാജ്യപുരോഗതിയെ പോലും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.
ബി.ജെ.പിയുടെ പൂര്‍വരൂപമായിരുന്ന ജനസംഘത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ബാല്‍രാജ് മധോക്ക് ഇന്ത്യയിലെ മുസ്‌ലിംകളെ ഭാരതവല്‍ക്കരിക്കണമെന്ന് ശക്തിയായി വാദിച്ചിരുന്നു. ഏക സിവില്‍കോഡ് നടപ്പാക്കണമെന്നും മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങളും പരിഗണനകളും റദ്ദാക്കണമെന്നും പല രീതിയില്‍ പല മാര്‍ഗേണ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മുസ്‌ലിം സമുദായം ഇന്നെന്ന പോലെ അന്നും ആവുംപടി ഇതിനെ ചെറുത്തുനിന്നു.
ഇന്നിപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വീണ്ടും ഇറക്കിയിരിക്കയാണ്. മുത്വലാഖ് എന്ന അപ്രധാന വിഷയത്തെ മറയാക്കിയിട്ടാണിപ്പോള്‍ രംഗപ്രവേശം. സത്യത്തില്‍ ഭാരതീയ സമൂഹത്തില്‍ ഇതിനേക്കാള്‍ നീറുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. വളരെ അപൂര്‍വ്വമായി മാത്രം ഉള്ള മുത്വലാഖിനെ പര്‍വതീകരിച്ച് വ്യാപകമായി പ്രചാരണം നടത്തുന്നത് തികഞ്ഞ ദുരുദ്ദേശ്യത്തോടെയാണ്. ബഹുഭാര്യത്വത്തിന്റെ കഥയും ഇത് തന്നെ മറ്റ് പല വിഭാഗങ്ങളെയും അപേക്ഷിച്ച് മുസ്‌ലിംകളില്‍ ബഹുഭാര്യത്വം വളരെ കുറവാണ്. മുസ്‌ലിംകളില്‍ അതിന് അത്യാവശ്യ ഘട്ടത്തില്‍ അനുവാദമുള്ള പോലെ കര്‍ശനമായ വ്യവസ്ഥകളുമുണ്ട്. മറ്റു സമുദായങ്ങളിലെ രണ്ടാം ഭാര്യമാര്‍ക്കും മൂന്നാം ഭാര്യമാര്‍ക്കും അവരുടെ മക്കള്‍ക്കും അനന്തരാവകാശമോ, മറ്റിതര ആനുകൂല്യമോ, സംരക്ഷണമോ ഒന്നുമില്ല. തമിഴ്‌നാട്ടിലെ കരുണാനിധി, യു.പിയിലെ മുലായം സിങ് യാദവ് തുടങ്ങിയവര്‍ ഇങ്ങനെയുള്ള ബഹുഭാര്യത്വം സ്വീകരിച്ചവരാണ്. എന്നാല്‍ മുസ്‌ലിംകളില്‍ ഭാര്‍മാര്‍ക്കെല്ലാം ഒരുപോലെ അവകാശവും സംരക്ഷണവും ഉണ്ട്. പ്രത്യക്ഷത്തില്‍ കപടമായ ഏകപത്‌നി വ്രതവും എന്നാല്‍ അവിഹിതമായി പല സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുമെന്ന ഹീനമായി ശൈലിയെ ബഹുഭാര്യത്വത്തെ എതിര്‍ക്കുന്ന പോലെ എതിര്‍ക്കുന്നില്ല.
ഏകസിവില്‍ കോഡ് ഒരിക്കലും പ്രായോഗികമല്ലെന്ന് ആര്‍.എസ്.എസ് നേതാവായിരുന്ന ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടെയുള്ള പലരും സമ്മതിച്ച വസ്തുതയാണ്. കയ്യിലെ അഞ്ച് വിരലുകളും വെട്ടിമുറിച്ച് ഒരുപോലെയാക്കുന്ന വേല പോലെയാണതെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ സമ്പൂര്‍ണ മദ്യ നിരോധനമുള്‍പ്പെടെ വേറെയും കുറേ കാര്യങ്ങളുണ്ട്. പക്ഷെ ഏകസിവില്‍ കോഡ് വിഷയത്തില്‍ കാണിക്കുന്ന അതീവ ശുഷ്‌കാന്തിയുടെ ഒരു ശതമാനം പോലും ഇതിലൊന്നും കാണുന്നില്ലെന്ന വസ്തുത ഇക്കൂട്ടരുടെ ഉള്ളിലിരിപ്പ് വിളിച്ചോതുന്നുണ്ട്.
ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ സാമുദായികവും സാംസ്‌കാരികവുമായ അസ്തിത്വവും വ്യക്തിത്വവും ജാഗ്രതാപൂര്‍വം കാത്തുസൂക്ഷിക്കേണ്ട കാര്യം തന്നെയാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ വ്യക്തിത്വത്തിന്റെ-സാംസ്‌കാരിക തനിമയുടെ-നിദാനം അവരുടെ ആദര്‍ശം തന്നെയാണ്. ഈ ആദര്‍ശത്തിന്റെ തനിമയും മേന്മയും തേഞ്ഞുമാഞ്ഞു പോകാതെ കാത്തുസൂക്ഷിക്കപ്പെടുന്നത്/കാത്തുസൂക്ഷിക്കപ്പെടേണ്ടത് തങ്ങളുടെ ജീവിതത്തിലൂടെയാണ്. ഇതിനാണ് മതം നിത്യജീവിതത്തിലേക്ക് ചിട്ടകളും ചട്ടങ്ങളും നിര്‍ദ്ദേശിക്കുന്നത്. ഇതിലൂടെ വാര്‍ത്തെടുക്കപ്പെടുന്ന സന്തുലിതത്വവും സൗന്ദര്യവുമുള്ള ജീവിത സംസ്‌കാരം ഫലത്തില്‍ ഇസ്‌ലാമിക ആദര്‍ശ സംസ്‌കാരങ്ങളുടെ പ്രഘോഷണം തന്നെയാണ്.
ജീവിതത്തെ സമഗ്രമായി, അവിഭാജ്യ ഏകകമായി കാണുന്ന ഇസ്‌ലാം മനുഷ്യ പ്രകൃതിയോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന സത്യശുദ്ധ പ്രായോഗിക ജീവിത ദര്‍ശനമാണ്. വ്യക്തി, കുടുംബം, സമൂഹം, ലോകം എന്ന ക്രമത്തിലാണതിന്റെ പ്രയോഗവല്‍ക്കരണം. ഇതില്‍ വ്യക്തി ജീവിതവും കുടുംബ ജീവിതവുമെന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇത് രണ്ടും ഓരോ സമുദായത്തിന്റെയും സ്വത്വം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇക്കാരണത്താലാണ് ഓരോ സമൂഹവും തന്താങ്ങളുടെ വ്യക്തി-കുടുംബ നിയമങ്ങളെ നിഷ്ഠാപൂര്‍വം പാലിക്കാന്‍ യത്‌നിക്കുന്നത്. അങ്ങനെ തന്താങ്ങളുടെ നിയമങ്ങള്‍ പാലിക്കാന്‍ ആധുനിക ഭരണകൂടങ്ങള്‍ മിക്കതും ഒരളവോളം അനുവദിക്കുന്നുമുണ്ട്. ബഹുസ്വര സമൂഹങ്ങളുള്ള ഇന്ത്യയില്‍ മുസ്‌ലിം വ്യക്തിനിയമം അനുവദിക്കപ്പെട്ടത് ഈ അടിസ്ഥാനത്തിലാണ്. ശകലത്തില്‍ സകലവുമുണ്ടാകാനിടയില്ലെന്നത് ഒരു വസ്തുതയാണ്.
വ്യക്തി-കുടുംബ നിയമങ്ങളെ ക്രോഡീകരിച്ച കാലഘട്ടവും സമൂഹവും മറ്റിതര ഘടകങ്ങളും കാരണമായുള്ള ചില പരിമിതികളും നിയമനിര്‍ധാരണത്തിനവലംബിച്ച രീതികളും ഉപാധികളും കാരണമായുള്ള ചില പരിമിതികളും ഉണ്ടാവാം. പക്ഷെ മൊത്തത്തിലും തത്വത്തിലും ഇന്ത്യയില്‍ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമം നിലനില്‍ക്കേണ്ടത് മുസ്‌ലിംകളുടെ അസ്തിത്വവും വ്യക്തിത്വവും കാത്തുസൂക്ഷിക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ മുസ്‌ലിം വ്യക്തിനിയമം പലവിധ ഭീഷണികള്‍ക്ക് വിധേയമാണ്. ഈ വിഷയത്തില്‍ ആശങ്കയുടെ കരിനിഴലിലാണ് ദശകങ്ങളായി സമുദായം കഴിയുന്നത്. ഈ ഒരവസ്ഥയില്‍ മുസ്‌ലിം വ്യക്തിനിയമത്തെ കൂടുതല്‍ ഇസ്‌ലാമീകരിക്കാനുള്ള ചിന്തകള്‍ പോലും നിര്‍ത്തിവെക്കേണ്ടിവരുന്നു. തക്കം കിട്ടുമ്പോഴൊക്കെ മുസ്‌ലിം വ്യക്തിനിയമത്തിനെതിരെ ആക്രോശങ്ങള്‍ നടത്തുകയാണ് ഫാസിസ്റ്റുകളും സെക്യലറിസ്റ്റുകളും മോഡേണിസ്റ്റുകളും. വസ്തുതകളെ വക്രീകരിച്ചും പര്‍വതീകരിച്ചും മുസ്‌ലിം വ്യക്തിനിയമത്തെ വികൃതവും ബീഭത്സവുമായി ചിത്രീകരിക്കാന്‍ വാര്‍ത്താ മാധ്യമങ്ങളും നാനാമാര്‍ഗേണ യത്‌നിക്കുന്നു. കോടതികളുടെ ഭാഗത്തു നിന്ന് ഒറ്റപ്പെട്ട പ്രത്യേക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി ശരീഅത്ത് വിരുദ്ധ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും ചിലപ്പോള്‍ വിധികള്‍ തന്നെയും ഉണ്ടാവാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ സമുദായം ഒറ്റക്കെട്ടായി അഭിമുഖീകരിക്കുന്നുമുണ്ട്. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഈ ദിശയിലുള്ള ഫലപ്രദമായ കാല്‍വെപ്പും കൂട്ടായ്മയുമായിരുന്നു.
ബാഹ്യതലത്തിലുള്ള ആക്രമണങ്ങളെ ചെറുത്തു നിന്നതുകൊണ്ട് മാത്രം ഈ പ്രശ്‌നം തരണം ചെയ്യാനാവുകയില്ല. സമുദായത്തിന്റെ അകത്തും കുറേ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നത് ഈ വിഷയത്തില്‍ ഇടപെട്ടവര്‍ക്കെല്ലാം ഒരുപോലെ ഉള്ള തിരിച്ചറിവാണ്. അനാവശ്യ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തുന്ന ചില ദുഷ്പ്രവണതകള്‍ സമുദായത്തിലുണ്ട്. നിക്കാഹ്, ത്വലാഖ്, മഹ്‌റ് അനന്തരവകാശം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയവ മഹല്ല് നേതൃത്വത്തിന്റെയും പണ്ഡിതന്മാരുടെയും മറ്റും സാന്നിധ്യത്തില്‍ രമ്യമായി പരിഹരിക്കുന്നതിന് പകരം നിയമ കോടതികളിലേക്ക് വലിച്ചിഴക്കുമ്പോഴാണ് പലര്‍ക്കും മുതലെടുക്കാനും ദുഷ്പ്രചരണം നടത്താനും അവസരമുണ്ടാകുന്നത്. കോടതി വരാന്തകളില്‍ ദീര്‍ഘനേരം അലയാനും മാന-ധന-സമയ നഷ്ടങ്ങള്‍ അനുഭവിക്കാനും ഇടയാക്കാതെ കോടതിക്കു പുറത്ത് മാന്യമായും രമ്യമായും കാലതാമസമില്ലാതെയും പരിഹരിക്കാനുള്ള രചനാത്മക ശ്രമങ്ങളെ ഇവിടത്തെ നീതിപീഠങ്ങള്‍ പോലും സന്തോഷത്തോടെ കാണുമെന്നതുറപ്പാണ്.
നമ്മുടെ വ്യക്തിനിയമ സമ്പൂര്‍ണ ശരീഅത്തിന്റെ ഭാഗമാണ് വ്യക്തി കുടുംബ നിയമങ്ങള്‍ അതിന്റെ ആത്മാവിനെ തികച്ചും ആവാഹിച്ചുകൊണ്ട് അനുഷ്ഠിക്കുകയും ആചരിക്കുകയും ചെയ്യുന്നതിലുള്ള പലവിധ വീഴ്ചകളാണ് കുടുംബ പ്രശ്‌നങ്ങളുടെ മുഖ്യ ഹേതു. ശരീഅത്ത് സംബന്ധമായി വ്യക്തമായ ബോധമോ, ബോധ്യമോ ഇല്ലാത്ത അവസ്ഥയും അനാചാര-ദുരാചാരങ്ങളുടെ ദുസ്വാധീനവും ദുരീകരിച്ച് വ്യക്തി-കുടുംബ ജീവിതങ്ങള്‍ ഇസ്‌ലാമീകരിക്കാനുള്ള നിരന്തര യത്‌നം ഉണ്ടാവേണ്ടതുണ്ട്.
ഇസ്‌ലാമിലെ വ്യക്തി കുടുംബ നിയമങ്ങള്‍ അതിന്റെ അടിസ്ഥാന ആദര്‍ശത്തിന്റെ മനോഹരമായ ആവിഷ്‌കാരമാണെന്ന് സമുദായം തിരിച്ചറിയണം. ഇസ്‌ലാമിക ചട്ടങ്ങളുടെ പ്രസക്തി, പ്രയോജനം, പ്രാധാന്യം തുടങ്ങിയവ സമുദായത്തെ ലിംഗ ഭേദമന്യെ വിശദമായി പഠിപ്പിക്കണം. അപ്പോള്‍ അന്തിമ വിശകലനത്തില്‍ അത് സമുദായത്തിന്റെ കൂട്ടായ സത്യസാക്ഷ്യ നിര്‍വഹണമായി മാറുകയും ചെയ്യും.

chandrika: