X

പ്രവാസം പാവപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചൊരാള്‍


പാറക്കല്‍ അബ്്ദുല്ല എം.എല്‍.എ
കൈവെച്ച മേഖലകളിലെല്ലാം വിജയക്കൊടി പാറിച്ച വേറിട്ട ജീവിതത്തിന്റെ ഉടമയായിരുന്നു പി.എ റഹ്മാന്‍. പ്രവാസ ജീവിതത്തിലെ നിരന്തര അധ്വാനത്തിലൂടെ ചവിട്ടിക്കയറിയ പടവുകളാണ് അദ്ദേഹത്തിന്റേത്. വാണിജ്യ ലോകത്തും രാഷ്ട്രീയ രംഗത്തും സന്നദ്ധ പ്രവര്‍ത്തനത്തിലുമെല്ലാം അദ്ദേഹം തന്റേതായ ഇടം കണ്ടെത്തി. പ്രവാസത്തിലൂടെ കൈവരിച്ച നേട്ടങ്ങള്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്ന അദ്ദേഹം പലര്‍ക്കും അത്താണിയായി മാറി. രാഷ്ട്രീയ സാമൂഹിക വാണിജ്യ വ്യവസായ രംഗത്തെ പലരുമായും നിരന്തരം ഇടപെടുമ്പോഴും നാട്ടിലെ സാധാരണക്കാര്‍ക്കൊപ്പം തോളില്‍ കൈയ്യിട്ട് നടക്കുന്ന സൗഹൃദം കാത്തുവെച്ചിരുന്നു റഹ്മാന്‍. സാമൂഹിക സാംസ്‌കാരിക മത രംഗങ്ങളില്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കിടയിലെല്ലാം നിറഞ്ഞ ചിരിയോടെ അദ്ദേഹം അടുത്തുപെരുമാറി. അടുപ്പവുമുള്ളവരെ ആഴത്തില്‍ സ്നേഹിക്കുന്ന പ്രകൃതക്കാരനായതിനാല്‍ തന്നെ വിലമതിക്കാനാവാത്ത സൗഹൃദവലയങ്ങള്‍ ഇന്ത്യയിലും ഗള്‍ഫിലും മറ്റ് വിദേശരാഷ്ട്രങ്ങളിലുമായി അദ്ദേഹത്തിനുണ്ടായി. നാട്ടിലെ പള്ളിക്കമ്മിറ്റിക്കാരും ക്ഷേത്ര ഭാരവാഹികളും ഒരുപക്ഷെ തങ്ങളുടെ അതിഥിയായി ആദ്യം ക്ഷണിക്കുന്നത് പി.എ റഹ്്മാനെയാവും. അപ്പോഴെല്ലാം പൊതുഇടങ്ങളിലെ പ്രദര്‍ശനപരതയോട് താല്‍പര്യം കാണിക്കാതെ തനിക്കാവുന്നത് എല്ലാവര്‍ക്കും ചെയ്ത് സംതൃപ്തിയടയുകയായിരുന്നു ആ നാട്ടുമധ്യസ്ഥന്‍. രാഷ്ട്രീയ വൈരവും മത വിഭാഗീതതയും കാമ്പസിലെ അടിപിടിയുമെല്ലാം ഇരുധ്രുവങ്ങളിലാക്കിയ പല പ്രശ്നങ്ങളിലും തുല്യനീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് പരിഹരിച്ച മധ്യസ്ഥന്റെ റോളില്‍ പി.എ റഹ്മാന്‍ എന്ന കടവത്തൂര്‍കാരന്‍ തിളങ്ങി. ഒരിക്കല്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ പരിശോധനയുടെ ഭാഗമായി പി.എ റഹ്മാനെ കാണാനെത്തിയിരുന്നു. നികുതി കൃത്യമായി അടക്കുന്നുണ്ടോ എന്നാണവര്‍ക്ക് അറിയാനുണ്ടായിരുന്നത്. അവ കിറുകൃത്യമാണെന്ന് മാത്രമല്ല നാട്ടിലും മറുനാട്ടിലുമായി അദ്ദേഹം ചെയ്ത കാരുണ്യ സേവന പ്രവര്‍ത്തനങ്ങളുടെ രേഖകളും സമര്‍പ്പിച്ചു. ഇത്രയും വിപുലമായ സഹായ ഹസ്തം പല മേഖലകളിലുള്ളവര്‍ക്ക് നല്‍കുന്നതില്‍ ഉത്സാഹം കാണിച്ചത് തിരിച്ചറിഞ്ഞ നികുതി ഉദ്യോഗസ്ഥരില്‍ മിന്നല്‍ പരിശോധന വേണ്ടിയിരുന്നില്ലെന്ന ചിന്തയാണുണ്ടായത്. ക്ഷമാപണം നടത്തുക കൂടി ഉണ്ടായി എന്നതായിരുന്നു പരിശോധനയുടെ പരിസമാപ്തി.
വടകരയില്‍ പൂര്‍ത്തിയാവുന്ന വന്‍കിട ആസ്പത്രിയുടെ ആസൂത്രണം നടന്ന കാലത്ത് ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വലിയ മെഡിക്കല്‍ ഗ്രൂപ്പ് സംയുക്ത സംരംഭമായി തുടങ്ങാമോ എന്ന് അന്വേഷിച്ച് സമീപിച്ചിരുന്നു. അന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ഇടപെട്ടു. വളരെ സൗമ്യനായി പി.എ റഹ്മാന്‍ പറഞ്ഞു; ഞാന്‍ ആസ്പത്രി തുടങ്ങാന്‍ വിചാരിച്ചത് പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുന്നവരെകൂടി ലക്ഷ്യം വെച്ചാണ്. പാവപ്പെട്ടവര്‍ക്ക് കാര്യമായ നിരക്കിളവ് നല്‍കേണ്ടി വരും. ചിലപ്പോള്‍ ബില്ല് മുഴുവനായി ഒഴിവാക്കേണ്ടി വരും. അത്തരം സാഹചര്യമുണ്ടാവുമ്പോള്‍ മറ്റൊരു ഗ്രൂപ്പു കൂടി ഉണ്ടാവുക ഏറെ പ്രയാസമാവും. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് പലരുടെ അനുമതിക്കായി കാത്തുകെട്ടിക്കിടക്കേണ്ടി വരുന്നത് അനുചിതമല്ലേ. അതുകൊണ്ട് സംയുക്ത സംരംഭമെന്ന ആലോചന മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വിദ്യാഭ്യാസ രംഗത്ത് സുദീര്‍ഘമായ കാഴ്ചപ്പാടുണ്ടായിരുന്നു പി.എ റഹ്മാന്. കല്ലിക്കണ്ടി എന്‍.എ.എം കോളജ് മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷനായ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ മൗണ്ട്ഗൈഡ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്‌ലിം ലീഗും ചന്ദ്രികയും എന്നും സമുദായത്തിന്റെ താങ്ങും തണലുമാവേണ്ടതാണെന്ന് വിശ്വസിച്ച പി. എ റഹ്മാന്‍ സ്ഥാനങ്ങള്‍ക്കുപരി പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. പതിറ്റാണ്ടുകളുടെ ബന്ധമാണ് പി.എ റഹ്മാനുമായി ഉണ്ടായിരുന്നത്. ദുബൈയില്‍ പല തവണകളില്‍ അദ്ദേഹത്തിന്റെ ആതിഥേയത്വം സ്വീകരിക്കാനിട വന്നിട്ടുണ്ട്. അദ്ദേഹം ഖത്തറില്‍ പല പ്രാവശ്യങ്ങളിലായി വന്നും പോയുമിരിക്കുമ്പോഴാണ് രണ്ടായിരത്തി ആറില്‍ ഒരു ഇറ്റാലിയന്‍ യാത്രയെക്കുറിച്ച് ആലോചിക്കുന്നത്. പത്തു ദിവസങ്ങളിലധികം ഇറ്റലിയിലെ പല സ്ഥലങ്ങളിലേക്കും ഒരുമിച്ചു സഞ്ചരിച്ചു. കൂടെ സഞ്ചരിക്കുമ്പോഴും താമസിക്കുമ്പോഴുമാണ് ആളുകളെ അടുത്തറിയുക എന്ന് പറയാറുണ്ട്. ഞങ്ങളുടെ സൗഹൃദത്തിന് ആഴം വര്‍ധിക്കാനാണ് ആ യാത്ര ഉപകരിച്ചത്. രോഗം കുറച്ചുകാലമായി അലട്ടുന്നുവെങ്കിലും തന്നെ രോഗത്തിന് തോല്‍പ്പിക്കാനാവില്ലെന്ന മാനസികാവസ്ഥയിലാണ് അദ്ദേഹം സധൈര്യം മുന്നോട്ടുപോയത്.

web desk 1: