കെ. മൊയ്തീന്‍കോയ
ഇറാന്‍ ആക്രമണ പദ്ധതി അവസാന നിമിഷം ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചതിന് പിന്നിലെ താല്‍പര്യം ദുരൂഹമാണ്. പ്രത്യാഘാതത്തെകുറിച്ച് പെന്റഗണ്‍ ഉന്നതര്‍ നല്‍കിയ മുന്നറിയിപ്പാണ് ആക്രമണം ഉപേക്ഷിച്ചത് എന്ന നിരീക്ഷണത്തിനാണ് മുന്‍ഗണന. ട്രംപിന് ഇടതും വലതുമിരിക്കുന്ന യുദ്ധ കൊതിയന്മാരായ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ദേശീയ സുരക്ഷാഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, സി.ഐ.എ മേധാവി ജിനാഹാസ്‌പെന്‍ എന്നിവരൊക്കെ യുദ്ധത്തിന് വാദിച്ചുവെങ്കിലും ട്രംപിന്റെ മനംമാറ്റം, അമേരിക്കക്കും പശ്ചിമേഷ്യയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കും യുദ്ധം കനത്ത വില നല്‍കേണ്ടിവരുമെന്ന ആശങ്ക തന്നെയെന്ന് വിശ്വസിക്കുന്നവരാണ് നിരീക്ഷകര്‍.
ഇറാനെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ മെച്ചപ്പെട്ട ആണവ കരാര്‍ ഉണ്ടാക്കാനുള്ള അമേരിക്കയുടെ തന്ത്രമാണ് ആവര്‍ത്തിക്കുന്ന യുദ്ധ ഭീഷണി എന്നാണ് പശ്ചിമേഷ്യന്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. ജപ്പാന്‍ പ്രധാനമന്ത്രി ആബേയുടെയും ഇപ്പോള്‍ ബ്രിട്ടീഷ് വിദേശമന്ത്രി ആന്‍ഡ്രു മറിഡന്റയും തെഹ്‌റാന്‍ സന്ദര്‍ശനവും ഇറാന്‍ നേതൃത്വവുമായി ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിക്കുന്ന അമേരിക്കയുടെ നിലപാടും നയതന്ത്രജ്ഞര്‍ കൗതുകപൂര്‍വം വീക്ഷിക്കുന്നു. അമേരിക്കന്‍ തിരിച്ചടിയില്‍ 150 പേര്‍ക്ക് ജീവഹാനി സംഭവിക്കുന്നതിനാല്‍ ട്രംപ് ആക്രമണ പദ്ധതി നിര്‍ത്തിയെന്നും ആളില്ലാ ഡ്രോണ്‍ നഷ്ടപ്പെട്ടതിന് ഇത്രയും പേര്‍ കൊല്ലപ്പെടുന്ന സ്ഥിതി ട്രംപ് ചിന്തിച്ചുവെന്നുമാണ് വൈറ്റ്ഹൗസ് നല്‍കുന്ന ആദ്യ വിശദീകരണം! പക്ഷേ, അമേരിക്കയുടെ യുദ്ധ ചരിത്രം അറിയുന്ന ആരും ഇത്തരമൊരു ‘ചിന്ത’ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. ഹിരോഷിമക്കും നാഗസാക്കിക്കും ശേഷം അമേരിക്കയുടെ മനസ്സാക്ഷി ഉണര്‍ന്നില്ല. അതിന് ശേഷവും എത്ര ലക്ഷങ്ങളെ കൊന്നൊടുക്കി. വിയറ്റ്‌നാം, കൊറിയ, കംബോഡിയ, ചിലി, ഇറാഖ്, സിറിയ, ഫലസ്തീന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സ്ഥിതിവിവരണമില്ല. അമേരിക്കയുടെ പിന്തുണയോടെ ഇറാഖിന്റെ പടയാളികള്‍ ഇറാനെതിരെ നടത്തിയ എട്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ മാത്രം കൊല്ലപ്പെട്ടവര്‍ 10 ലക്ഷം. മൈക് പോംപിയോ, ജോണ്‍ ബോള്‍ട്ടണ്‍ പോലെ ആയുധ വില്‍പന കമ്പനിയുടെ ദല്ലാള്‍മാര്‍ കോടിക്കണക്കിന് ഡോളര്‍ അമേരിക്കയിലെത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ യുദ്ധ കൊതിയന്മാര്‍ ട്രംപിനെ ഉപദേശിക്കുമ്പോള്‍ യുദ്ധം ക്ഷണിച്ച് വരുത്തേണ്ടതായിരുന്നില്ലേ? പിന്‍മാറ്റത്തിന് പിന്നാലെ ദുരൂഹതയെന്തെന്ന് വരാനിരിക്കുന്ന നാളുകളില്‍ പുറത്ത്‌വരും.
ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്പിന്നില്‍ ഇറാന്‍ എന്നാണ് ആരോപണം. അതോടൊപ്പം ജപ്പാന്‍ പ്രധാനമന്ത്രി ആബേ തെഹ്‌റാന്‍ സന്ദര്‍ശിക്കുന്ന ഘട്ടത്തിലാണ് ജപ്പാന്‍ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണങ്ങള്‍ക്ക്പിന്നില്‍ ഇറാന്‍ എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് അമേരിക്ക. അത് സുഹൃദ് രാഷ്ട്രങ്ങള്‍പോലും വിശ്വസിക്കുന്നില്ല. തെറ്റായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാഖില്‍ അധിനിവേശം നടത്തിയ അമേരിക്ക പില്‍ക്കാലത്ത് തെറ്റ് സമ്മതിച്ചതാണ്. ജപ്പാന്‍ കടലില്‍ 1941-ല്‍ നടത്തിയ ആക്രമണവും തിരിച്ചടിയും വളര്‍ന്ന് ലോക യുദ്ധത്തിലെത്തിയ സംഭവ വികാസങ്ങള്‍ അമേരിക്കയുടെ ഗൂഢാലോചനയാണെന്ന് തെളിഞ്ഞതാണ്. ഇറാനെ ആക്രമിക്കാന്‍ പഴുതുകള്‍ തേടുകയാണ്. യമനില്‍ ഹൂഥി വിമതരുമായി അറബ് സഖ്യസേന നടത്തുന്ന യുദ്ധം തുടരുന്നു. ഇപ്പോള്‍ സംഘര്‍ഷം കനക്കുന്നുണ്ട്. യമനില്‍ സര്‍ക്കാര്‍ സംവിധാനം അട്ടിമറിച്ച് ഹൂഥി ശിയാ അനുകൂല ഭരണകൂടം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ അയല്‍ രാജ്യങ്ങള്‍ക്ക് ആശങ്ക ഉണര്‍ത്തുന്നു. ഇറാന്‍ പിന്തുണയോടെ തന്നെയാണ് സിറിയയില്‍ ഭൂരിപക്ഷ സുന്നി വിഭാഗത്തിന്റെ പോരാട്ടത്തെ പ്രസിഡണ്ട് ബശാറുല്‍ അസദ് അടിച്ചമര്‍ത്തുന്നത്. സിറിയ, യമന്‍ പ്രശ്‌നങ്ങളില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയോ, മറ്റേതെങ്കിലും ലോക വേദികളോ മുന്നോട്ട്‌വരുന്നില്ല. എട്ട് വര്‍ഷമായി സിറിയയിലെ ആഭ്യന്തര യുദ്ധം ലക്ഷങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തി. യമനും തകര്‍ന്നടിയുന്നു. സിറിയയില്‍ നിന്ന് പലായനം ചെയ്തിരിക്കുന്നത് ജനസംഖ്യയില്‍ പകുതിയോളം പേരണ്. ഈ സാഹചര്യത്തില്‍ ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധം ഉണ്ടായാല്‍ പശ്ചിമേഷ്യയുടെ സര്‍വനാശമായിരിക്കും. അതേസമയം, യുദ്ധം ആഗ്രഹിക്കുന്നതാകട്ടെ, പ്രധാനമായും ഇസ്രാഈല്‍. ഇറാന്റെ നാശമാണ് ഇസ്രാഈലിന്റെ ആഗ്രഹം. ‘ഇറാന് എതിരെ വെടിയുണ്ട തൊടുത്തുവിട്ടാല്‍, അവ യു.എന്നിനും സഖ്യകക്ഷികള്‍ക്കും ഗള്‍ഫ് മേഖലയിലെ താല്‍പര്യങ്ങള്‍ക്കും തീകൊളുത്തു’മെന്ന ഇറാന്‍ സൈനിക നേതൃത്വത്തിന്റെ മുന്നറിയിപ്പ് നിസ്സാരമല്ല. യുദ്ധ തയാറെടുപ്പിന്റെ ഭാഗമായി അമേരിക്കയും ഇറാനും യുദ്ധോപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഭീഷണി ഉയര്‍ത്തിയതാണ്.
സംഘര്‍ഷം മധ്യപൗരസ്ത്യ ദേശത്തെ ഭീതിയിലാക്കിയിട്ടുണ്ട്. യുദ്ധഭീതി ഒഴിഞ്ഞിട്ടില്ല. അറബ് ഉച്ചകോടി യുദ്ധം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഡൊണാള്‍ഡ് ട്രംപും ഇറാന്‍ നേതൃത്വവും യുദ്ധം ഒഴിവാക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ആര്‍ക്കാണ് യുദ്ധം ഗുണം ചെയ്യുക? ‘പ്രൊപഗണ്ടാ വാറി’ലൂടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. 2015-ലെ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി ഇറാനെതിരെ കൂടുതല്‍ ഉപരോധം അമേരിക്ക ഏര്‍പ്പെടുത്തിയതാണ് രംഗം വഷളാക്കിയത്. കരാറിലെ പങ്കാളികളായ റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സംഘടന എന്നിവക്ക് ബാധ്യതയുണ്ടല്ലോ. ആണവ കരാറില്‍നിന്ന് മുഖ്യ കക്ഷി പിന്മാറുകയും കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോള്‍, ഇതര കക്ഷികള്‍ ഗ്യാലറിയിലിരുന്ന് കളി കാണുകയല്ല വേണ്ടത്. അത് സമാന നീതിയല്ല.
മധ്യപൗരസ്ത്യ ദേശത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ അമേരിക്കയാണ് മുന്‍കയ്യെടുക്കേണ്ടത്. ഏഴ് പതിറ്റാണ്ട് കാലമായി നിലനില്‍ക്കുന്ന ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷം അവസാനിച്ചാല്‍ സമാധാന വീണ്ടെടുപ്പിന് വന്‍ കുതിച്ച് ചാട്ടമാകും. ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്താതെ അമേരിക്ക തയാറാക്കുന്ന സമാധാന പദ്ധതി പ്രായോഗികമാകുമെന്ന് പ്രതീക്ഷയില്ല. ഈ ആഴ്ച ബഹ്‌റൈനിലെ മനാമയില്‍ അമേരിക്ക മുന്‍കയ്യെടുത്ത് വിളിച്ച് ചേര്‍ക്കുന്ന സമാധാന സമ്മേളനം ഫലസ്തീനും റഷ്യയും ചൈനയും ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങള്‍ ബഹിഷ്‌കരിക്കും. യമന്‍, സിറിയ പ്രശ്‌നത്തില്‍, ശിയാ- സുന്നി വിഭാഗീയതയാണ് പ്രത്യക്ഷത്തില്‍ കാണുന്നതെങ്കിലും അമേരിക്ക, റഷ്യ ഉള്‍പ്പെടെ വന്‍ ശക്തികളുടെ ബലപരീക്ഷണ വേദിയാണ്. സിറിയയില്‍ ബശാറിനെ പിന്താങ്ങി റഷ്യയും ഇറാനും രംഗത്തുണ്ട്. ശിയാ വിഭാഗത്തിലെ അലവിയക്കാരനായ ബശാറിനെ താങ്ങിനിര്‍ത്താന്‍ ലബനാനിലെ ശിയാ സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുമുണ്ട്. മറുവശത്ത് അമേരിക്ക, തുര്‍ക്കി, അറബ് രാഷ്ട്രങ്ങള്‍ എന്നിവയും. യമനിലെ സ്ഥിതിയും സമാനം. ഹൂഥി ശിയാക്കള്‍ക്ക് ആയുധം നല്‍കുന്നത് ഇറാനാണ്. യമന്റെ ഭൂരിപക്ഷ ഭൂപ്രദേശം കയ്യടക്കി, സന കേന്ദ്രമാക്കി ഹൂഥികള്‍ സമാന്തര ഭരണം നടത്തുന്നു. ഹൂഥികള്‍ക്കെതിരെ പത്ത് അറബ് രാഷ്ട്രങ്ങളുടെ സഖ്യസേന നിലവിലെ സുന്നി ഭരണകൂടത്തോടൊപ്പം. അബ്ദുറബ് മന്‍സൂര്‍ ഹാദി പ്രസിഡണ്ടായ ഭരണകൂടത്തിന്റെ തലസ്ഥാനം ഏദന്‍. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം.
മധ്യപൗരസ്ത്യ ദേശത്ത് സംഘര്‍ഷം അടുത്തൊന്നും അവസാനിക്കുന്നില്ല. എണ്ണയാണ് പ്രധാന പ്രശ്‌നം. അതിന്മേലാണ് വന്‍ ശക്തികളുടെ കണ്ണ്. ട്രംപിനെ സംബന്ധിച്ചിടത്തോളം രണ്ടാം തവണയും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കന്‍ ദേശീയ വികാരം ഉയര്‍ത്തുമ്പോള്‍ തന്നെ ഇറാന്‍ ഭീഷണി ആയാല്‍ വിജയം എളുപ്പമാകുമെന്ന് ട്രംപ് വിലയിരുത്തുന്നു. യുദ്ധം ഉണ്ടായാലും ഇല്ലെങ്കിലും മധ്യപൗരസ്ത്യ ദേശത്ത് ഇറാന്‍ വിരുദ്ധ നിലപാടുമായി പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ട്രംപിന് മുന്നോട്ട് പോകേണ്ടിവരും. അതിനുള്ള അണിയറ നീക്കങ്ങളിലാണ് ട്രംപ്.
- 5 years ago
web desk 1
Categories:
Video Stories
പശ്ചിമേഷ്യക്കു മീതെ യുദ്ധ മേഘങ്ങള്‍
Tags: article