ജീവിതം അങ്ങനെയാണ്. അപ്രതീക്ഷിതമായി ചില ട്വിസ്റ്റുകളിലൂടെയാവും അത് അമ്പരപ്പിക്കുന്നത്. ഒരു പക്ഷേ അത്തരമൊരു അമ്പരപ്പിലാവും രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദും. കാരണം കഴിഞ്ഞ മാസമാണ് കോവിന്ദിന് രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്കകം രാഷ്ട്രപതിയാകുകയാണ് അതേ മനുഷ്യന്‍.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മൂന്നാഴ്ച മുമ്പാണ് സംഭവം. കഴിഞ്ഞ മാസം 28നാണ് രാം നാഥ് കോവിന്ദ് കുടുംബസമേതം ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത്. ഇവിടെ മശോബ്ര മലനിരകളിലാണ് രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതി. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച വസതി സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്‌വാന്‍സ്ഡ് സ്റ്റഡിക്ക് കൈമാറുകയായിരുന്നു. രാഷ്ട്രപതി വര്‍ഷത്തിലൊരിക്കല്‍ ഇവിടെയെത്തി താമസിക്കാറുമുണ്ട്. രാഷ്ട്രപതിയുടെ ഓഫീസാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ വസതിയിലേക്ക് പ്രവേശിക്കാനാവില്ല. നാടുചുറ്റിക്കാണുന്നതിനിടയില്‍ ഈ വേനല്‍ക്കാല വസതി കൂടി സന്ദര്‍ശിക്കണമെന്ന് കോവിന്ദിന് മോഹം തോന്നി. ആവുംവിധം ശ്രമിച്ചെങ്കിലും നടന്നില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന കാരണത്താലും കോവിന്ദിന് സന്ദര്‍ശനാനുമതി നിരസിക്കപ്പെട്ടു. രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുവാദം ഇല്ലാതെ ആരെയും പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് ജീവനക്കാര്‍ അദ്ദേഹത്തെ അറിയിച്ചു. പ്രവേശനം നിഷേധിക്കപ്പെട്ട രാംനാഥ് കോവിന്ദ് ഷിംലയിലുള്ള ഗവര്‍ണറുടെ വസതിയിലേക്ക് മടങ്ങി. അതേ രാംനാഥ് കോവിന്ദിനാണ് ആഴ്ചകള്‍ക്കകം രാഷ്ട്രപതിയാകാനുള്ള യോഗമെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദുത്വ ശക്തികള്‍ പിടിമുറുക്കി മുന്നേറുന്നതിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണ് ആര്‍.എസ്.എസ് ബന്ധമുള്ള കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനം വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് അധികാരം നേടിയതിനുപുറമെ അക്കാദമിക് സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ ചരിത്ര കൗണ്‍സിലിന്റെയും സാമൂഹ്യശാസ്ത്ര ഗവേഷണ കൗണ്‍സിലിന്റെയും തലപ്പത്ത് ആര്‍.എസ്.എസുകാരെ ഇരുത്താന്‍ കഴിഞ്ഞ ബി.ജെ.പിയിപ്പോള്‍ പാര്‍ട്ടിയുടെ കിരീടപ്രഭ പ്രചരിപ്പിക്കുന്നതിന് റെയ്‌സിനഹില്ലിലെ രാഷ്ട്രപതി ഭവന്‍ കയ്യടക്കുന്നതിലും വിജയിച്ചിരിക്കുന്നു.
ദലിത് നേതാവായിരിക്കുമ്പോഴും സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ദലിത് സംവരണ വിരുദ്ധ രാഷ്ട്രീയത്തോട് പൂര്‍ണമായി എക്കാലത്തും യോജിക്കുന്ന വ്യക്തിയാണ് രാംനാഥ് കോവിന്ദ്. ദലിത് പ്രശ്‌നങ്ങളെ കുറിച്ചുള്ള കോവിന്ദിന്റെ നിലപാട് വ്യക്തമാക്കുന്നതാണ് 2005ല്‍ പുറത്തിറങ്ങിയ യു.എസ് എംബസിയുടെ ‘സോഷ്യോ ഇകണോമിക് ഫ്യൂച്ചര്‍ ഓഫ് ഇന്ത്യന്‍ ദലിത്‌സ്’ എന്ന ലേഖനം. ജാതി അടിസ്ഥാനമായുള്ള ഒരു സമൂഹം നിലനിര്‍ത്തിക്കൊണ്ട് പോകണം എന്ന സംഘ്പരിവാര്‍ നയം തന്നെയാണ് കോവിന്ദിന്റെതും. നവ ഇന്ത്യയുടെ നിര്‍മാതാവായ ബി.ആര്‍ അംബേദ്കറെ പോലുള്ള നേതാക്കള്‍ ജാതീയത വേരോടെ തന്നെ ഇല്ലാതാക്കണം എന്ന് ആഹ്വാനം ചെയ്യുന്നിടത്താണിത്.
പിന്നാക്ക വിഭാഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് രാം നാഥ് കോവിന്ദ് നടത്തിയ പഴയ പ്രസ്താവനയും ശ്രദ്ധേയമാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങള്‍ ഇന്ത്യക്ക് അന്യമാണെന്നും അവര്‍ക്കായുള്ള സംവരണം ഒഴിവാക്കണമെന്നും പറഞ്ഞാണ് കോവിന്ദ് തന്റെ സംഘ്പരിവാര്‍ മുഖം 2010ല്‍ പുറത്തെടുത്തത്. 2009ല്‍ രംഗാനാഥ് മിശ്ര കമ്മീഷനാണ് സര്‍ക്കാര്‍ ജോലികളില്‍ പത്ത് ശതമാനം സംവരണം മുസ്‌ലിംകള്‍ക്കും അഞ്ച് ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു കോവിന്ദിന്റെ നിറം പുറത്തായത്. 2010 ന്യൂഡല്‍ഹിയിലെ പത്ര സമ്മേളനത്തില്‍ സംസാരിക്കവെ രംഗനാഥ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് അസാധ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മലയാളിയായ കെ. ആര്‍ നാരായണന് ശേഷം രാഷ്ട്രപതി പദത്തിലെത്തുന്ന ദലിത് വിഭാഗക്കാരനാണ് കോവിന്ദ്. ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും അടുപ്പമുള്ള വ്യക്തിയാണ്. ബി.ജെ.പി ദലിത് മോര്‍ച്ചയുടെ മുന്‍ പ്രസിഡന്റും ഓള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമാണ്. ബി.ജെ.പി ദേശീയ വക്താവായിരുന്നു. 1945 ഒക്ടോബര്‍ ഒന്നിന് കാണ്‍പൂരിലാണ് ജനിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നു 1994 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോവിന്ദിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായത്. മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ കോവിന്ദ്, ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും 16 വര്‍ഷത്തോളം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പാര്‍ലമെന്ററി കമ്മിറ്റികളിലും ദലിത്, ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള സമിതിയിലും അംഗമായിരുന്നു. കാണ്‍പൂര്‍ കോളജില്‍ നിന്ന് നിയമ ബിരുദം നേടിയ കോവിന്ദ്, ഡല്‍ഹിയിലേക്കാണ് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനായി പോയത്. രണ്ടു തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ വിജയം കോവിന്ദിനൊപ്പമായിരുന്നു. വിജയിച്ചെങ്കിലും ഐ.എ.എസിന് പകരം മറ്റൊരു സര്‍വീസായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ സിവില്‍ സര്‍വീസ് വേണ്ടെന്ന് വെച്ച് നിയമ മേഖലയില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രോഹിത് വെമുല സംഭവത്തിനുശേഷം ബി.ജെ.പിക്കും ദലിത് ജനതക്കുമിടയിലുണ്ടായ വിള്ളല്‍ പരിഹരിക്കാന്‍ വേണ്ടിയുള്ള നീക്കമായാണ് രാജ്യത്തെ പരമോന്നത ഭരണഘടനാസ്ഥാനത്തേക്ക് ദലിതനെ അവരോധിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ കാണേണ്ടത്. യു.പിയിലെ സഹരന്‍പൂരില്‍ ദലിത് ജനതക്കെതിരെയു ണ്ടായ അക്രമത്തെതുടര്‍ന്നും ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ തോലുരിച്ച നാല് ദലിത് യുവാക്കളെ കയ്യേറ്റം ചെയ്ത് തല്ലിച്ചതച്ച സംഭവത്തെ തുടര്‍ന്നും ദലിത് ജനത ബി.ജെ.പിയില്‍ നിന്നും അകലം പാലിക്കുകയുണ്ടായി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ ദലിത് സമൂഹത്തിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് ഒഴിച്ചുനിര്‍ത്താനാവില്ല. യു.പിയില്‍ മായാവതി – അഖിലേഷ്- രാഹുല്‍ സഖ്യമുണ്ടായാല്‍ അതിനെ ചെറുക്കുന്നതിനും ദലിത് പിന്തുണ ബി.ജെ.പിക്ക് അനിവാര്യമാണ്. ഹൈന്ദവ ദേശീയത പ്രോജ്ജ്വലിപ്പിക്കുന്നതില്‍ ബി.ജെ.പി എക്കാലത്തും നേരിട്ടിട്ടുള്ള വലിയൊരു കടമ്പ ദലിത് പ്രതിരോധമാണ്. ദലിത് സമൂഹത്തെ എങ്ങിനെ കൂടെനിര്‍ത്താനാവും എന്ന ചോദ്യം ബി.ജെ.പിയെ നിഴല്‍ പോലെ പിന്തുടരുന്ന ഒന്നാണ്. ബി.ജെ.പിയും ദലിത് ജനവിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന സ്വരച്ചേര്‍ച്ചയില്ലാത്ത അവസ്ഥക്ക് ഈ പ്രതീകാത്മക ദലിത് രാഷ്ട്രപതി എന്തെങ്കിലും നാടകീയ മാറ്റമുണ്ടാക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അങ്ങനെയൊരു മാറ്റമുണ്ടാകുമായിരുന്നെങ്കില്‍ നരേന്ദ്രമോദി മന്ത്രിസഭയിലെ ദലിത് പ്രതിനിധികളായ രാംവിലാസ് പസ്വാന്‍, തവര്‍ചന്ദ് ഖാലോട്ട്, രാംദാസ് അതവാലെ എന്നിവരുടെ സാന്നിധ്യം സ്വാന്തനസ്പര്‍ശം അവരില്‍ ഉണ്ടാക്കേണ്ടതായിരുന്നില്ലേ? അതിന് ബി.ജെ.പിക്ക് കഴിയാതെ പോയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ബ്രാഹ്മണിക് ബനിയ പാര്‍ട്ടിയെന്ന അവരുടെ പ്രതിച്ഛായ ഇന്നുവരെ മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതുതന്നെയാണ്. അടുത്തകാലത്തായി അവരുടെ പ്രകടമായ അഹങ്കാരം കാരണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയുണ്ടായി. അതുകൊണ്ട് കോവിന്ദിനെ രാഷ്ട്രപതിയാക്കുക വഴി ഈ വിഭാഗം ജനതയുടെ ഹൃദയം കവരാമെന്നത് വ്യാമോഹം മാത്രമാണ്.
മിതവാദിയെന്ന നിലയില്‍ അദ്ദേഹം മോദിയുടെ സബ്കാസാത്ത് സബ്കാ വികാസ് രീതിക്കനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. കോവിന്ദിന്റെ വളരെ പതുങ്ങിയ പ്രകൃതം അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് പോകുമെന്ന് പ്രതീക്ഷിക്കാം. മറ്റൊന്ന് ബി.ജെ.പി മുമ്പ് തെരഞ്ഞെടുത്ത പ്രസിഡന്റായ എ.പി.ജെ അബ്ദുല്‍ കലാമിനെപ്പോലെ അത്ര ഉറച്ച നിലപാടുകള്‍ എടുക്കാന്‍ സാധ്യതയില്ല എന്നതാണ്. സഭാംഗങ്ങളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച ബില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സഭയില്‍ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നല്‍കിയപ്പോള്‍ അദ്ദേഹം അത് മടക്കി അയക്കുകയുണ്ടായി.