വിലക്കയറ്റത്തില്‍ വെന്തുരുകുകയാണ് സംസ്ഥാനം. അരി കിലോക്ക് 48 രൂപ മുതല്‍ 56 വരെ ഉയര്‍ന്നുകഴിഞ്ഞു. എല്ലാവര്‍ക്കും രണ്ട് രൂപക്ക് അരി ഉറപ്പുവരുത്താന്‍ പരിശ്രമിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ച്ചക്കാരായി വന്ന മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ കാലത്താണ് ഈ ദുരവസ്ഥയെന്ന് ഓര്‍ക്കണം. കര്‍ണ്ണാടകയില്‍ പൊതുമാര്‍ക്കറ്റില്‍ കിലോ അരിക്ക് 24 രൂപ. തമിഴ്‌നാട്ടില്‍ 22 രൂപ. പച്ചക്കറി വിലയാകട്ടെ പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഭ്യതയനുസരിച്ച് എപ്പോഴും കൂടിയ വിലയില്‍ തന്നെ. കേരളത്തില്‍ ഇതൊന്നും നിയന്ത്രിക്കാന്‍ ഒരു ഭരണകൂടം ഇല്ലെന്നതാണ് ദയനീയാവസ്ഥ. റേഷന്‍ സംവിധാനം തകര്‍ന്നുകഴിഞ്ഞു. പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ മാവേലി സ്റ്റോറുകള്‍ അടക്കം സജ്ജമാക്കിയ സംസ്ഥാനമായിരുന്നു കേരളം. ഇവിടത്തെ പൊതുവിതരണ സമ്പ്രദായത്തെ കേന്ദ്രം പലകുറി പ്രശംസിച്ചതാണ്. ഇന്ന് പൊതുവിതരണ സ്റ്റോറുകളില്‍ സാധനങ്ങള്‍ സ്റ്റോക്കില്ല.
വിലക്കയറ്റം കൊണ്ട് കേരളം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു കഴിഞ്ഞു. ഇടപെടാന്‍ ആരുമില്ല. പകലന്തിയോളം പണിയെടുക്കുന്ന ഗള്‍ഫുകാരുടെയും മറ്റു പ്രവാസികളുടെയും സഹായം കേരളത്തിലേക്ക് എത്തുന്നില്ലെങ്കില്‍ ആഫ്രിക്കന്‍ നാടുകളുടെ അനുഭവം നമുക്കും ഉണ്ടായേനെ. വിലക്കയറ്റം നിയന്ത്രിക്കുക, പൊതുവിതരണം ശക്തിപ്പെടുത്തുക എന്നത് സി.പി.എം എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. കേരളത്തില്‍ ഈയാവശ്യമുന്നയിച്ച് സി.പി.എം നടത്തിയ ബന്ദുകള്‍ക്കും പൊതുപണിമുടക്കുകള്‍ക്കും നിയമസഭാസ്തംഭനങ്ങള്‍ക്കും ഹര്‍ത്താലുകള്‍ക്കും കണക്കില്ല.
സാധാരണക്കാരായ ആളുകള്‍ വിലക്കയറ്റം കൊണ്ട് ഇത്രമേല്‍ പൊറുതിമുട്ടിയ കാലം മുമ്പെങ്കിലും ഉണ്ടായിട്ടില്ല. ‘അരി തരാത്ത, തുണി തരാത്ത, പണിതരാത്ത’ – ഇതുപോലൊരു ഭരണം ഓര്‍മ്മിച്ചെടുക്കാന്‍ പോലും പറ്റില്ല. ഇനിയിപ്പോള്‍ കുടിവെള്ളംകൂടി ദൗര്‍ലഭ്യത്തിലേക്കു നീങ്ങുകയാണ്. അരിയില്ല, പച്ചക്കറിയില്ല, കുടിവെള്ളവുമില്ല എന്ന അവസ്ഥ എത്ര ഭീകരമാണ്. പോരാത്തതിന് ക്രമസമാധാന തകര്‍ച്ചയും. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ ഏതൊരു സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചേ പറ്റൂ. എന്നാല്‍ പിണറായി സര്‍ക്കാര്‍ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുക എന്ന അജണ്ടയാണ് മുറുകെ പിടിച്ചിട്ടുള്ളത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍ ജനം കാത്തു നില്‍ക്കില്ല. വെള്ളം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെ എല്ലാവരുടെയും അവകാശങ്ങളാണ്.അതിനുവേണ്ടിയാവണംസര്‍ ക്കാറു കള്‍ നിലകൊള്ളേണ്ടത്.
ഏതൊരു സര്‍ക്കാറിന്റെയും ഇച്ഛാശക്തി പ്രകടമാകേണ്ടത് ബജറ്റിലാണ്. കേരളം കണ്ട ഏറ്റവും ദുര്‍ബലമായ പൊതുബജറ്റാണ് ഇത്തവണ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത്. 2017-18 ലെ ബജറ്റില്‍ വരുമാന സമാഹരണത്തിന് യാതൊരു പദ്ധതികളും ഇല്ല. പുതിയ പതിനായിരത്തോളം തസ്തികകളും 25000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന് എങ്ങനെ പണം കണ്ടെത്തുമെന്ന് ധനമന്ത്രി പറയുന്നില്ല. ബജറ്റിലെ അധികച്ചെലവുകള്‍ മാത്രം 850.28 കോടിയാണ്. റവന്യൂ കമ്മി 16043 കോടിയും. ഓരോ ബജറ്റിലും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ധാരാളം ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കാറുണ്ട്. ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധന പ്രതീക്ഷിച്ചവര്‍ക്കും തെറ്റി. ഒരാള്‍ക്കു 1100 രൂപയുടെ ഒരു പെന്‍ഷന് മാത്രമെ അര്‍ഹത ഉണ്ടാവുകയുള്ളു. രണ്ടു പെന്‍ഷനുകള്‍ വാങ്ങിക്കൊണ്ടിരുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷന്‍ 600 രൂപ എന്ന പഴയ നിരക്കിലേ ലഭിക്കൂ. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു നിബന്ധനയും ഇല്ലാതെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ ആയിരം രൂപയായി നിശ്ചയിച്ചിരുന്നത്. ക്ഷേമ പെന്‍ഷനുകള്‍ കൂടുന്നില്ലെന്നു മാത്രമല്ല എല്ലാവര്‍ക്കും നേരത്തെയുള്ള പെന്‍ഷന്‍തുകയില്‍ നിന്ന് ഗണ്യമായ വെട്ടിക്കുറക്കല്‍ ഉണ്ടാകുമെന്നുകൂടി കാണണം.
നോട്ടുനിരോധന കാലത്തെ ബജറ്റ് എന്ന നിലക്ക് തൊഴിലാളികള്‍ അടക്കം സാധാരണക്കാര്‍ ധാരാളമായി ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. നോട്ടു നിരോധനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടുതന്നെ സമരം നടത്തിയിരുന്നതുമാണ്. ആ നിലയില്‍ സാധാരണക്കാരെ സഹായിക്കുന്ന നടപടികള്‍ ബജറ്റില്‍ ഉണ്ടാവുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായിരിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന് 150 കോടിയും ഹോര്‍ട്ടികോര്‍പ്പിന് 100 കോടിയും മാത്രമേ അനുവദിച്ചിട്ടുള്ളു. റേഷന്‍ സബ്‌സിഡി കഴിച്ചാല്‍ വിപണി ഇടപെടലിന് 450 കോടി മാത്രമെ നീക്കിയിരിപ്പുള്ളു. പിന്നെ, എങ്ങനെയാണ് വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ സര്‍ക്കാറിന് സാധിക്കുക?
മോട്ടോര്‍, നിര്‍മ്മാണം, ചുമട്, തൊഴിലുറപ്പ്, മത്സ്യബന്ധനം, ആര്‍ടിസാന്‍സ്, മത്സ്യവിതരണം, തോട്ടം, ബീഡി, ടെക്സ്റ്റയില്‍സ് തുടങ്ങി അസംഘടിത മേഖലയില്‍ ജോലിയെടുക്കുന്ന പതിനായിരങ്ങളെ ബജറ്റ് കണ്ടതായിപ്പോലും ഭാവിച്ചിട്ടില്ല. ചെറുകിട കര്‍ഷകരും കര്‍ഷക തൊഴിലാളികളും അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ ഒരിഞ്ച് നടപടിയും എടുത്തിട്ടില്ല. തകര്‍ന്ന് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സി, ആ മേഖലയിലെ തൊഴിലാളികള്‍, ഇലക്ട്രിസിറ്റി രംഗത്തിന്റെ നിലനില്പും ഭാവിയും അങ്ങനെ നടപടി പ്രതീക്ഷിച്ച യാതൊന്നിലും അനുകൂല സമീപനം ഉണ്ടായിട്ടില്ല.
കേന്ദ്ര സര്‍ക്കാറാകട്ടെ തൊഴില്‍ നിയമ ഭേദഗതികളുമായി മുന്നോട്ടുപോകാനുള്ള തത്രപ്പാടിലാണ്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം കൂടുതല്‍ കോര്‍പറേറ്റ് അനുകൂല നടപടികള്‍ക്ക് അവരെ ശക്തമാക്കിയിരിക്കുകയാണ്. തൊഴിലുറപ്പുകാര്‍ക്കു ഒരു രൂപ മാത്രം കൂലി കൂട്ടിയതടക്കമുള്ള തീരുമാനങ്ങള്‍ കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തിന്റെ ഒന്നാന്തരം ഉദാഹരണമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചേ തീരൂ. നാളെ വൈകീട്ട് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എസ്.ടി.യു പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുകയാണ്.
(എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)