X

പശ്ചിമേഷ്യ സംഘര്‍ഷഭരിതം ട്രംപിന് യുദ്ധക്കൊതി


അമേരിക്കയുടെ യുദ്ധവെറി അവസാനിക്കുന്നില്ല. ഇറാന് എതിരെ ‘മനഃശാസ്ത്ര യുദ്ധ’ത്തിലാണ്. ചൈനക്ക് എതിരാകട്ടെ കച്ചവട യുദ്ധത്തിലും! അമേരിക്ക അല്ലാത്ത എന്തിനും എതിരാണ്. ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യം വെള്ള വംശീയതയുടെ അജണ്ട. പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കാനാണ് ട്രംപിന്റെ സൈനിക സന്നാഹം. ചൈനീസ് വാണിജ്യ മേഖലയെ കെട്ടിവരിഞ്ഞ് ഇറക്കുമതി തീരുവ ഇരട്ടിയാക്കി. അതേസമയം തന്നെ പോലെ അര കിറുക്കനായ ഉത്തരകൊറിയന്‍ പ്രസിഡണ്ട് കിംജോംഗ് ഉന്നിനോട് മൃദുസമീപനം! വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയ ഉന്നിനോട് സൗഹൃദത്തിന്റെ പാലം നിര്‍മ്മിക്കാനാണ് ട്രംപിന്റെ ആഗ്രഹം.
‘എബ്രഹാം ലിങ്കണ്‍’ ഉള്‍പ്പെടെ യുദ്ധ കപ്പലുകള്‍ ചെങ്കടല്‍ പ്രദേശത്തേക്ക് അയച്ചു. ഖത്തര്‍ താവളത്തില്‍ സൈനിക വിന്യാസം. ഇറാന്റെ അയല്‍ രാജ്യമായ ഇറാഖില്‍ അധിനിവേശത്തിന്റെ ഭാഗമായ 5200 അമേരിക്കന്‍ സൈനികര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നു പെന്റഗണ്‍. ഇത്രയൊക്കെ യുദ്ധപ്രതീതി സൃഷ്ടിച്ചിട്ടും ഇറാന് കുലുക്കമില്ല. കപ്പല്‍പടയെ തകര്‍ക്കാന്‍ ഒരു മിസൈല്‍ മതിയെന്നാണ് ഇറാന്‍ ഭാഷ്യം.
2015-ല്‍ ബറാക് ഒബാമ ഉള്‍പ്പെടെ പഞ്ചമഹാശക്തികളും ജര്‍മ്മനിയും ചേര്‍ന്ന് ഇറാനുമായി ഒപ്പ്‌വെച്ച ആണവ കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയത് അമേരിക്ക. യു.എന്‍ ആണവ ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം ഇറാന്‍ കരാര്‍ പാലിക്കുന്നുവെന്ന് ലോക രാജ്യങ്ങള്‍ അംഗീകരിക്കുന്നു. കരാറില്‍നിന്ന് പിന്മാറിയശേഷം ഇറാന്‍ എണ്ണക്ക് എതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് ഇന്ത്യയും ചൈനയും ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് ആറ് മാസത്തെ സാവകാശം നല്‍കിയത് മെയ് രണ്ടിന് കഴിഞ്ഞു. വന്‍തോതില്‍ ഇറാന്‍ എണ്ണ സ്വീകരിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഈ ക്ഷാമം പരിഹരിക്കാന്‍ നടപടിയൊന്നുമില്ല. പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ എണ്ണ വില കുതിച്ചുയരുമെന്നതില്‍ സംശയമില്ല. ഏകപക്ഷീയമായി കരാറില്‍നിന്ന് പിന്മാറി. ഉപരോധം ഏര്‍പ്പെടുന്നതില്‍ എന്ത് നീതി? അമേരിക്കന്‍ ഭരണകൂടത്തിന് എന്ത് അധികാരമാണ്? കരാറില്‍ ഒപ്പ് വെച്ച ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, ചൈന, ജര്‍മ്മനി എന്നിവര്‍ ഉറച്ച്‌നില്‍ക്കുന്നുണ്ടെങ്കിലും അവര്‍ നിസ്സഹായകര്‍. ഇറാന്റെ എണ്ണ-ബാങ്കിങ് മേഖലയെ അമേരിക്കയുടെ ഉപരോധത്തില്‍നിന്ന് സംരക്ഷിക്കേണ്ട ബാധ്യത ഈ ശക്തികള്‍ക്കുണ്ട്. ഇത്രയും കാലം കാത്തിരുന്നിട്ടും കരാറിലെ ഇതര രാജ്യങ്ങള്‍ അമേരിക്കക്ക് എതിരെ രംഗത്ത് വരാത്തത് അപമാനകരം. ലോക സമൂഹത്തെ വെല്ലുവിളിച്ച് ഒരു രാജ്യം താന്തോന്നിത്തം നടത്തുമ്പോള്‍ പ്രതിഷേധിക്കേണ്ടതും ന്യായ ഭാഗത്ത് നിലകൊള്ളേണ്ടതും സാമാന്യ നീതിയല്ലേ? ഇതാണോ, ലോക നീതി. സഹിക്കാവുന്നതിലും കൂടുതലായപ്പോള്‍ ഇറാന്‍ ശബ്ദം ഉയര്‍ത്തി. ‘യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കും’. ആണവ കരാറില്‍നിന്ന് ഭാഗികമായി പിന്മാറും- ഇറാന്‍ പ്രഖ്യാപനം യൂറോപ്യന്‍ യൂണിയന്റെ മൗനം തകര്‍ത്തു. കരാര്‍ സംബന്ധിച്ച നിലപാട് രണ്ട് മാസത്തിനകം വ്യക്തമാക്കണമെന്ന് ഇറാന്‍ ആവശ്യം യൂറോപ്പില്‍ ചലനം സൃഷ്ടിച്ചു. അതേസമയം, റഷ്യയും ചൈനയും ഇതേവരെ പ്രതികരിച്ചില്ല. വന്‍ ശക്തി രാഷ്ട്രങ്ങള്‍ കൂട്ടായി ഒപ്പ്‌വെച്ച കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയശേഷം ഇറാന് എതിരെ നടത്തുന്ന നീക്കം തടയാന്‍ എന്തുകൊണ്ട് മറ്റ് രാജ്യങ്ങള്‍ക്ക് നീക്കമില്ല? അത്ഭുതപ്പെടുത്തുന്ന സാഹചര്യം തന്നെയാണിത്.
ഇറാന്‍ കരാര്‍ സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ ഒരുങ്ങുംമുമ്പേ ചൈന വന്‍ കുരുക്കില്‍ പെട്ടു. ഇറക്കുമതി തീരുവ വന്‍തോതില്‍ ഉയര്‍ത്തിക്കൊണ്ട് ചൈനയെ ശ്വാസംമുട്ടിക്കുകയാണ് ട്രംപ് ഭരണകൂടം. 20,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ക്ക് ഇരട്ടിയാണ് തീരുവ. ലോക രാഷ്ട്രീയ ചര്‍ച്ചകളില്‍നിന്ന് വഴുതിമാറി സ്വന്തം വാണിജ്യ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചുവരികയാണ് ചൈന. ചൈനക്കെതിരെ ‘ട്രേഡ് വാര്‍’ കനത്ത പ്രഹരമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ചൈന നേരിടുക. അടുത്ത ഇര ഇന്ത്യയാണത്രെ. അര കിറുക്കനായ ഭരണാധികാരി എന്നറിയപ്പെടുന്ന ട്രംപില്‍ നിന്നും ഇതിലുമധികം പ്രതീക്ഷിക്കാം. ‘അമേരിക്ക ഫസ്റ്റ്’ എന്നാണ് സെമി ഫാസിസ്റ്റ് ആയ ട്രംപിന്റെ മുദ്രാവാക്യം. അമേരിക്കന്‍ വെള്ള വംശീയത ആളികത്തിക്കാന്‍ ട്രംപിന്റെ ഇത്തരം ‘പൊടിക്കൈ’ ധാരാളം. അമേരിക്കയുടെ എണ്ണ ഉപരോധം ലോക രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും. ക്ഷാമവും വില വര്‍ധനവും ഉറപ്പ്. തെരഞ്ഞെടുപ്പായതിനാല്‍ ഇന്ത്യയില്‍ നിലവാരം ഉയരാതെ പിടിച്ച്‌നിര്‍ത്തുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ഒപെക് രാജ്യങ്ങള്‍ രംഗത്ത്‌വരുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും സാധ്യത വിദൂരമാണ്.
ഇറാനുമായി സംഘര്‍ഷം രൂക്ഷമായാല്‍ പശ്ചിമേഷ്യയെ മൊത്തം ബാധിക്കുമെന്നതില്‍ സംശയമില്ല. ഇറാനെ അനുകൂലിക്കുന്ന പ്രമുഖ ഘടകങ്ങള്‍ ഇറാഖ്, യമന്‍, ലബനാന്‍, സിറിയ എന്നിവിടങ്ങളിലൊക്കെയുണ്ട്. ഇറാന്‍ ജനത ഇപ്പോള്‍ തന്നെ തെരുവുകളിലാണ്. ഇസ്രാഈലിന്റെ താല്‍പര്യമാണ് അമേരിക്കയുടെ നീക്കത്തിന് പിന്നില്‍. പോരാട്ട വീര്യമുള്ള ഇറാന്‍ ജനതയോടുള്ള ഏറ്റുമുട്ടലിന്റെ പ്രത്യാഘാതം ലോകം എമ്പാടും പ്രതിധ്വനിക്കും. അമേരിക്ക ഇടപെട്ട ഒരു രാജ്യത്തും പൂര്‍ണ വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. 2001-ല്‍ അഫ്ഗാനിസ്താനില്‍ നടന്ന അധിനിവേശത്തില്‍ തലയൂരാനുള്ള ശ്രമം നടക്കുന്നു. താലിബാനുമായി ചര്‍ച്ച നടത്തുകയാണ്. ഇറാഖില്‍ ഇറാന്‍ അനുകൂല ഭരണകൂടമാണ് ഫലത്തില്‍ നിലനില്‍ക്കുന്നത്. സിറിയയില്‍ ബശാറുല്‍ അസദിന്റെ ഭരണകൂടം ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തിവരികയാണ്.
പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നത് അറബ് താല്‍പര്യങ്ങള്‍ക്ക് തന്നെ ഹാനികരം. ഇറാഖി അധിനിവേശത്തില്‍നിന്ന് ഇനിയും പാഠം ഉള്‍ക്കൊള്ളേണ്ടതാണ്. ഇറാഖ് അധിനിവേശമാണ് ഭീകരര്‍ക്ക് ആഗോള ശൃംഖല സൃഷ്ടിക്കാന്‍ അവസരം നല്‍കിയത്. അബദ്ധ സമീപനം ആവര്‍ത്തിക്കുന്ന ട്രംപ് ബോള്‍ട്ടണും ആയുധ കച്ചവടത്തിലൂടെ ലാഭം കൊതിക്കുകയാണെങ്കിലും അമേരിക്കയുടെ സര്‍വ നാശത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക എന്നതില്‍ സംശയമില്ല.

web desk 1: