X

ഇന്ത്യന്‍ ഫാസിസത്തിന്റെ ആസുരത


എ.വി ഫിര്‍ദൗസ്


ജയില്‍വാസക്കാലത്തും പുറത്തുമായി ധാരാളം സമയമെടുത്താണ് ബാലഗംഗാധര തിലകന്‍ തന്റെ ‘ഭഗവദ്ഗീതാ മഹാഭാഷ്യം’ എഴുതിത്തീര്‍ത്തത്. അതൊരു കേവലം ജയില്‍വാസത്തിന്റെ മാത്രം ഉരുപ്പടിയായിരുന്നില്ല. ഭഗവദ്ഗീതയെക്കുറിച്ച് ഉന്നത ചിന്തകള്‍ അവതരിപ്പിച്ച തിലകന് ഗീതയില്‍ അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഹിന്ദുത്വത്തിന്റെ അന്തസ്സത്തയെക്കുറിച്ച് ‘ദ എസ്സെന്‍ഷ്യല്‍ ഓഫ് ഹിന്ദുത്വം’ എഴുതിയ ദാമോദര്‍ സവാര്‍ക്കര്‍ക്ക് ഹിന്ദുത്വത്തില്‍ ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ട് സവാര്‍ക്കര്‍ ആ കൃതി എഴുതിയത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്. ഭഗവദ്ഗീതാ വ്യാഖ്യാനത്തിന് സത്യസന്ധതയുടെയും ജ്ഞാനത്തിന്റെയും പ്രയത്‌നത്തിന്റെയും മേന്മയുണ്ട്. എന്നാല്‍ സവാര്‍ക്കറുടെ ഹിന്ദുത്വ നിര്‍വചന കൃതിക്ക് അതൊന്നുമില്ല. ദേശീയവാദികള്‍ എന്നു ചിത്രീകരിക്കപ്പെടുന്ന രണ്ടു പേര്‍ തമ്മിലുള്ള വ്യത്യാസം സൂചിപ്പിച്ചതാണ്. ബാലഗംഗാധര തിലകന്റെ ദേശീയബോധം കറകളഞ്ഞതായിരുന്നപ്പോള്‍ സവാര്‍ക്കറുടേത് കപടവും ആസുരങ്ങളായ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതും ആയിരുന്നു. ഇന്ത്യയിലെ ഫാസിസ്റ്റ് രാഷ്ട്രീയക്കാര്‍ക്ക് പ്രിയങ്കരനും അവരുടെ ചരിത്ര പുരുഷനും മാര്‍ഗദര്‍ശിയും എന്നാല്‍ ദാമോദര്‍ സവാര്‍ക്കറാണ്, ബാലഗംഗാധര തിലകനല്ല. ഇതു കാണിക്കുന്നത് ഇന്ത്യന്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് സത്യസന്ധമായ അടിത്തറയില്ലെന്ന സത്യത്തെയാണ്. മന്ത്രാചരണം, പൂജകള്‍, വേദോപാസനകള്‍, നിത്യജീവിതത്തിലെ ഹൈന്ദവ അനുഷ്ഠാന മുറകള്‍ എന്നിവയോടെല്ലാം സവാര്‍ക്കര്‍ക്ക് പരമ പുച്ഛമായിരുന്നു. ഹിന്ദു ദൈവ സങ്കല്‍പ്പങ്ങളെ പരിഹസിക്കുന്ന നിരവധി ലഘുലേഖകളാണ് ഒരു ഘട്ടം വരെയും സവാര്‍ക്കര്‍ എഴുതിക്കൊണ്ടിരുന്നത്. രാമായണത്തെയും മഹാഭാരതത്തെയും നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു സവാര്‍ക്കറുടെ ജീവതം. ആ ചോദ്യങ്ങളും പരിഹാസങ്ങളും ഒട്ടും മാന്യങ്ങളായിരുന്നില്ല. ‘ദ റിഡിള്‍സ് ഓമ രാമ ആന്റ് കൃഷ്ണ’ എന്ന കൃതിയിലൂടെ സവര്‍ണ ദൈവ സങ്കല്‍പ്പങ്ങളിലെ അവര്‍ണ/ബഹുജന വിരുദ്ധതകള്‍ മാന്യമായി അക്കമിട്ട് ചൂണ്ടിക്കാണിച്ച ഡോ. ബി.ആര്‍ അംബേദ്കര്‍ ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അസ്വീകാര്യനും അനഭിമതനും അതിലുപരി ഹിന്ദു സംസ്‌കാര വിരോധിയുമായി മാറിയപ്പോള്‍ അംബേദ്കറേക്കാള്‍ പതിന്മടങ്ങ് ഹിന്ദുത്വനിന്ദ നടത്തിയ സവാര്‍ക്കര്‍ ആദര്‍ശ പുരുഷനായി മാറി. ഇതാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ ജാതക വൈകൃതം.
നേര്‍ക്കുനേര്‍ ചിന്തിക്കുമ്പോള്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ യഥാതദമായ അടിത്തറകള്‍ ഇനി പറയുന്നവയാണ്: (1) യഥാര്‍ത്ഥവും സംശുദ്ധവുമായ ഹിന്ദു സംസ്‌കാരത്തോടുള്ള ശത്രുതയും വിരോധവും. (2) നുണകളെ അടിത്തറയും മാനദണ്ഡവുമാക്കുന്നതിന് താത്വിക അംഗീകാരം. (3) സാംസ്‌കാരികമായ വിശുദ്ധിയുള്ളവരെ അകറ്റുകയും പരമാവധി നിലവാരം കുറഞ്ഞവരെ ചേര്‍ത്തുനിര്‍ത്തലും. ഹിന്ദുത്വമെന്നുകൂടി വിശേഷിപ്പിക്കപ്പെടുന്ന സനാതന-ആര്‍ഷ സംസ്‌കാരത്തിന് പരമാവധി ദോഷങ്ങള്‍ വരുത്തുന്ന ആശയങ്ങളാണ് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും ഹിന്ദുമഹാസഭയുടെയും സനാതന സംസ്‌കാരം സര്‍വ ചിന്താഗതികളെയും മാനിക്കുകയും സര്‍വ മനുഷ്യര്‍ക്കും ഭൂമിയില്‍ ജീവിക്കാനും സമതയും സഹജീവിതവും അനുഭവിക്കാനുള്ള സഹജമായ അവകാശം അംഗീകരിക്കുകയും ചെയ്യുന്നു. സര്‍വ ജീവജാലങ്ങളെയും ഒന്നിച്ചുചേര്‍ക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നു. ഉപനിഷത്തുകള്‍ മഹത്തായ സന്ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്. സൗന്ദര്യപൂര്‍ണവും മൂല്യബന്ധിതവുമായ ആവാസ വ്യവസ്ഥയെക്കുറിച്ചാണ് ഉപനിഷത്തുകള്‍ പറയുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലെ മഹര്‍ഷിമാരും ആദ്ധ്യാത്മിക ആചാര്യന്മാരുമെല്ലാം ഉദാത്തമായ മനുഷ്യ-പ്രപഞ്ച സ്‌നേഹത്തിന്റെ കവികളായി അനുഭവപ്പെട്ടത്. എന്നാല്‍ ഹിന്ദുത്വ തീവ്രവാദികളുടെ ചിന്തയിലോ, അവരുടെ താത്വികാചാര്യന്മാരുടെ കൃതികളിലോ എവിടെയും ഇത്തരം നന്മകള്‍ കാണാനാവില്ല. ദാര്‍ശനികമാനങ്ങള്‍ ഉള്ളവയും മനുഷ്യ ജീവിതത്തെ ഉദാത്തമാക്കാനുതകുന്നതുമായ ഉപനിഷത്ത് മൂല്യങ്ങള്‍ സാക്ഷാല്‍ ഗോള്‍വാള്‍ക്കറുടെ കൃതികള്‍ക്ക്‌പോലും പുറത്താണ്. ഹിന്ദുത്വ ഭീകരവാദികള്‍ വംശീയതയെ രാഷ്ട്രീയ ഉപാധിയാക്കുന്നതുകൊണ്ടാണ് അവര്‍ സവര്‍ണതയെ അടിത്തറയായി സ്വീകരിച്ചതും. എന്നാല്‍ യഥാര്‍ത്ഥ ആര്‍ഷ സംസ്‌കാരത്തില്‍ ഇത്തരം ദുഷ്പ്രവണതകള്‍ക്ക് സ്ഥാനമില്ല. അവര്‍ണനെയും ദലിതനെയും അകറ്റുന്നില്ല ഉപനിഷത്തുകള്‍. ഉപനിഷത്ത്് ആവിഷ്‌കര്‍ത്താക്കളും അതിന്റെ പ്രചാരകരുമെല്ലാം സവര്‍ണധാരക്കു പുറത്തുള്ളവരായിരുന്നു. അവര്‍ണരായ മഹാഗുരുക്കന്മാരാണ് ഉന്നതങ്ങളായ ആര്‍ഷമൂല്യങ്ങളുടെ ആവിഷ്‌കര്‍ത്താക്കള്‍. എന്നാല്‍ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ അധസ്ഥിതരെ കൂലിപ്പടയാളികളായി ഉപയോഗിച്ച് അവരുടെ രാഷ്ട്രീയ സ്വാര്‍ത്ഥ ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവരാണ്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നേതൃസ്ഥാനത്ത് ഇന്നാള്‍ വരെയും ഒരു അവര്‍ണനെ കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സംഘ ശാഖകളിലേക്കവരെ ആട്ടിത്തെളിച്ചുകൊണ്ടിരിക്കുന്നതു കാണാം.
നുണകളെ ആദര്‍ശ-താത്വികവല്‍ക്കരിക്കാതെ ഫാസിസ്റ്റ് രാഷ്ട്രീയമില്ല, അതിനു നിലനില്‍പ്പുമില്ല. അതിന്റെ ഒന്നാമത്തെ നുണ ഇന്ത്യ ഒരു കാലത്ത് ഹിന്ദു രാഷ്ട്രമായിരുന്നു, പിന്നീട് അധിനിവേശങ്ങളും സാംസ്‌കാരിക അപചയവും നിമിത്തം ബഹുസ്വര സമൂഹമായി മാറിയതാണ് എന്നതാണ്. ഒരു കാലത്തും ഇന്ത്യ ബഹുസ്വരമല്ലാതിരുന്നിട്ടില്ല എന്നതാണ് സത്യം. ബഹുസ്വരത തന്നെയാണ് യഥാര്‍ത്ഥ സനാതന സംസ്‌കാരത്തിന്റെ അന്തസ്സത്ത. ആര്‍.എസ്.എസുകാരും ഹിന്ദുമഹാസഭക്കാരും അവകാശപ്പെടുന്നപോലെ അവരുടെ വീക്ഷണ പ്രകാരമുള്ള ഒരു ഹിന്ദുമത രാഷ്ട്രമാകാന്‍ ഭാരതത്തിന് ഒരുകാലത്തും ദുര്‍വിധി ഉണ്ടായിട്ടില്ല. നിരീശ്വര-നാസ്തിക-ഭൗതിക-അഭൗതിക ദര്‍ശനങ്ങള്‍ക്ക് ഒരേപോലെ അംഗീകാരമുണ്ടായിരുന്ന സമൂഹമാണ് ആദിമ ഭാരതീയ സമൂഹം. ‘ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി വിഭിന്നങ്ങളായ ആശയങ്ങളും ചിന്തകളും ഇവിടേക്കും കടന്നുവരട്ടെ’ എന്നാണ് ഉപനിഷത്തുക്കള്‍ പറയുന്നത്. എന്നിരിക്കേ ഇസ്‌ലാം മതവും ക്രിസ്തുമതവും ഇവിടേക്കു വന്നതുമൂലം ഹിന്ദുത്വത്തിന് അപചയം നേരിട്ടു എന്നു പറയുന്നത് ആര്‍ഷ വിരുദ്ധമായൊരു ചിന്താഗതിയും നിലപാടുമാണ്. ഇന്ത്യയിലെ അമ്പലങ്ങളെയും ഹൈന്ദവ മാനബിന്ദുക്കളെയും അധിനിവേശകരായ മുസ്‌ലിം ആക്രമണകാരികള്‍ നശിപ്പിച്ചു എന്നതു മറ്റൊരു നുണയാണ്. ആ നുണകൊണ്ട് അവര്‍ ലക്ഷ്യമാക്കുന്നത് വര്‍ഗീയവത്കരണമാണ്. നിഷ്‌കളങ്കരായ ഭാരതീയരെ ചിലരോട് ശാശ്വത വൈരാഗ്യം വെച്ചു പുലര്‍ത്തുന്നവരാക്കി മാറ്റുകയാണ്. എന്നാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം ഇത്തരം നുണകളുടെ കെട്ടുകള്‍ ധാരാളം അഴിച്ചുവിട്ടിട്ടും ഇന്ത്യന്‍ ജനതയില്‍ അതൊന്നും ഏശുകയുണ്ടായില്ല. കാരണം ഹിന്ദുമഹാസഭ-ആര്‍.എസ്.എസ് വാദഗതികളില്‍ സത്യമില്ലെ എന്നു തന്നെയാണ് ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും കരുതുന്നത്. സത്യത്തില്‍ ഇന്ത്യയിലെ ഒരൊറ്റ ക്ഷേത്രവും മതത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ തകര്‍ത്തിട്ടില്ല. രാജാക്കന്മാരുടെ കാലത്ത് അധികാരം മുന്‍നിര്‍ത്തിയുള്ള സംഘര്‍ഷങ്ങളിലാണ് അത്തരം ചില അനുഭവങ്ങളുണ്ടായിരുന്നത്. കൗതുകകരമായ ചരിത്ര സത്യം ഇന്ത്യയിലെ ഹിന്ദു വംശജരും ക്ഷത്രിയരും രജപുത്രരും ഒക്കെയായ രാജാക്കന്മാരാണ് ഏറ്റവും കൂടുതല്‍ ഇത്തരം ക്ഷേത്ര ധ്വംസനങ്ങള്‍ നടത്തിയത് എന്നതാണ്. ഉത്തരേന്ത്യയുടെ ചരിത്രത്തില്‍ ഈ ചരിത്ര കൗതുകത്തിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ചില രാജാക്കന്മാര്‍ ശത്രു രാജാക്കന്മാര്‍ അഭിമാനമായി കരുതിവന്ന മഹാ ക്ഷേത്രങ്ങള്‍ തിരഞ്ഞുപിടിച്ച് തകര്‍ക്കുന്നതില്‍ പ്രത്യേകം ഔത്സുഖ്യം കാണിച്ചിരുന്നു.
ഭാരതത്തില്‍ വിടര്‍ന്നുവികസിച്ച രാഷ്ട്ര സംവിധാനവും അതിനൊത്ത സജീകരണങ്ങളും ഉണ്ടായിരുന്നു എന്നൊക്കെപറഞ്ഞ് ഭാരതീയരെ പറ്റിക്കുന്നത് ഹിന്ദുത്വരുടെ താത്വിക ശൈലിയാണ്. സത്യത്തില്‍ അത്തരത്തില്‍ ഒരു സൂചനയും ആര്‍ഷരേഖകളില്‍നിന്നും ലഭ്യമല്ല. രാമായണത്തിലെ പുഷ്പകവിമാനം, മഹാഭാരതത്തിലെ സര്‍ജറി എന്നിവയൊക്കെ ഇതിനവര്‍ തെളിവുകളായി എടുത്തുകാണിക്കുന്നു. ആദികാവ്യങ്ങള്‍ വെറും ഭാവനകള്‍ മാത്രമാണ് എന്ന് അവ തന്നെയും വ്യക്തമാക്കുന്നുണ്ട്. മനുഷ്യനില്‍ സദ്ചിന്തയും ഉന്നത ലക്ഷ്യവും അങ്കുരപ്പിക്കുന്നതിനുള്ള പ്രചോദനങ്ങളായി വര്‍ത്തിക്കുക എന്നതാണ് അവയുടെ ലക്ഷ്യം. ‘വിജ്ഞാന വൈരാഗ്യവിവക്ഷയാ വചോ നതു പരമാര്‍ത്ഥം’ (വിജ്ഞാനവും നിരാസക്തിചിന്തയും ജനിപ്പിക്കാനായി ആവിഷ്‌കരിക്കുന്നു) എന്നാണ് പരീക്ഷിത്ത് രാജാവിനോട് ശ്രീശുക മഹര്‍ഷി ഭാഗവതം പറഞ്ഞവസാനിപ്പിച്ചത്. ഈ നിലപാട് തന്നെയാണ് ഇന്ത്യയിലെ മുന്‍ നൂറ്റാണ്ടുകളിലെ മഹര്‍ഷിമാരും ആദ്ധ്യാത്മികാചാര്യന്മാരും പിന്തുടര്‍ന്നുവന്നത്. അതില്‍നിന്നുള്ള വ്യതിചലനം മാത്രമാണ് ആര്‍ഷ- സനാതന വിരുദ്ധതയും യഥാര്‍ത്ഥ ഹിന്ദുത്വ വിരുദ്ധതയും. ആ പാതയിലാണ് ഇവിടത്തെ ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഒന്നാംനാള്‍ മുതല്‍ സഞ്ചരിച്ചുവരുന്നത്. യഥാര്‍ത്ഥ ഹൈന്ദവത ഏതൊരു നിലപാടും ആശയഗതിയുമാണോ മുന്നോട്ടുവെക്കുന്നത് അതിനെതിരായി നീങ്ങുന്നത് സംസ്‌കാര വിരുദ്ധതയും ആര്‍ഷവിരോധവും അല്ലാതെ മറ്റെന്താണ്? ആര്‍.എസ്.എസ് താത്വികാചാര്യന്‍ ഗോള്‍വാള്‍ക്കര്‍ പോലും തന്റെ ‘വിചാരധാര’യില്‍ ഇത്തരത്തില്‍ വിരുദ്ധ ദിനയിലാണ് നീങ്ങുന്നത്. അതിലെവിടെയും അദ്ദേഹം യഥാര്‍ത്ഥ ഭാരതീയതയോടും സാമാന്യ സത്യങ്ങളോടും നീതിപുലര്‍ത്തിയിട്ടില്ല. നുണകളുടെ ആശയവത്കരണത്തിന്റെ ഭംഗി ആസ്വദിക്കണമെങ്കില്‍ ഗോള്‍വാള്‍ക്കറുള്‍പ്പെട്ട ഹിന്ദുത്വ തീവ്രവാദ ബുദ്ധിജീവികളുടെ കൃതികള്‍ വായിക്കണം. അത്തരത്തിലല്ലാതെ അവര്‍ക്ക് മുന്നോട്ടുപോകാനുമാവില്ല എന്നത് മറ്റൊരു വശം. ഹിന്ദു മൗലിക-രാഷ്ട്രവാദികള്‍ സത്യത്തിന്റെ പാതയിലേക്ക് വരികയും സത്യം പറഞ്ഞുതുടങ്ങുകയും ചെയ്താല്‍ പിന്നെ അവര്‍ അവരല്ലാതെയായി മാറുമെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ അവര്‍ക്കു മാതൃകയായി വംശീയ അസുര പ്രസ്ഥാനമായ സിയോണിസം ഉണ്ട്.
ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയവാദികള്‍ ഇവിടത്തെ സനാതന ആത്മീയ പാരമ്പര്യങ്ങളെ അംഗീകരിക്കുന്നില്ല എന്നതാണ് പരമാര്‍ത്ഥം. വിവിധ മഹര്‍ഷിമാര്‍ ആവിഷ്‌കരിച്ച സാധനാ രീതികള്‍, ദാര്‍ശനിക പഥങ്ങള്‍, അദ്ധ്യാത്മിക നിത്യജീവിത ശീലങ്ങള്‍ ഇവയുമായൊന്നും യാതൊരു ബന്ധവും ഹിന്ദുമഹാസഭക്കോ ആര്‍.എസ്.എസ്സിനോ ചെറുതും വലുതുമായ ഗ്രൂപ്പുകള്‍ക്കോ ഇല്ല. കഴിഞ്ഞ നൂറ്റാണ്ടുകളിലെല്ലാമായി ഇവിടെ ആയിരക്കണക്കിന് ആദ്ധ്യാത്മിക മൂല്യ ആവിഷ്‌കര്‍ത്താക്കളായ മഹാരഥന്മാര്‍ ജീവിച്ചുപോയിട്ടുണ്ട്? അവരിലെത്ര പേരുടെ വിവരങ്ങള്‍ സംസ്‌കാരത്തിന്റെ രക്ഷകര്‍ എന്ന് വാദിക്കുന്നവരുടെ കൈവശമുണ്ട്. അതേസമയം ബഹുസ്വരതയുടെ ഭാരതീയയതയുടെ ചരിത്രത്തില്‍ അവരില്‍ ചിലരെയെങ്കിലും അപൂര്‍വ്വമായി കണ്ടെത്താന്‍ കഴിയും. ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവുമൊന്നും ആര്‍.എസ്.എസിന്റെ ആദ്യകാലങ്ങളില്‍ ഹിന്ദുത്വര്‍ക്ക് സ്വീകാര്യരേ ആയിരുന്നില്ല എന്നോര്‍ക്കണം. ഇക്കൂട്ടത്തില്‍ അവരാല്‍ ഏറ്റവും ഒടുവില്‍ അംഗീകരിക്കപ്പെട്ട കേരളീയ ഗുരുവാണ് ശ്രീനാരായണഗുരു എന്നോര്‍ക്കണം. അമ്പതുകളുടെ അവസാനംവരെയുള്ള കാലയളവിലൊന്നും ശ്രീനാരായണ ഗുരുവിനെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ സംഘ സാഹിത്യങ്ങളില്‍ കാണുകയേ അപൂര്‍വമായിരുന്നു. പിന്നീട് കേരളത്തിലെ അവര്‍ണ്ണനെ ആകര്‍ഷിക്കാന്‍വേണ്ടിയാണ് ശ്രീനാരായണ ഗുരുവിനെ കൂട്ടുപിടിക്കാന്‍ തുടങ്ങിയത്. അതാവട്ടെ യഥാര്‍ത്ഥ ശ്രീനാരായണ ഗുരുവിനെയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെയുമല്ല എന്നോര്‍ക്കണം. അവര്‍ അവരുടെ താല്‍പര്യപ്രകാരമുള്ള ഒരു ഗുരുവിനെ ആവിഷ്‌കരിച്ച് ഉപയോഗിച്ചുതുടങ്ങുകയാണുണ്ടായത്. തീവ്രഹിന്ദുത്വ രാഷ്ട്രീയ ഫാസിസത്തിന്റെ വക്താക്കള്‍ യഥാര്‍ത്ഥ സനാതന സംസ്‌കാരത്തിന്റെ നമ്പര്‍ വണ്‍ ശത്രുക്കളാണ് എന്നാണ് തെളിയിക്കുന്നത്. ഇവരെ വിശ്വാസത്തിലെടുത്താല്‍ യഥാര്‍ത്ഥ ഹൈന്ദവ ജനത വഞ്ചിക്കപ്പെടുകയാണ്.

web desk 1: