ഫിര്‍ദൗസ് കായല്‍പ്പുറം
മലയിടുക്കുകളാല്‍ മനോഹരമായ ഇടുക്കിയുടെ സാമൂഹ്യജീവിതമെഴുതി മലയാളത്തിലെ ആദ്യത്തെ സര്‍വീസ് സ്റ്റോറി രചിച്ച എഴുത്തുകാരനാണ് ഡി. ബാബുപോള്‍. നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ‘ഗിരിപര്‍വ്വം’ പുറത്തിറങ്ങുന്നത്. ഇടുക്കിയില്‍ കലക്ടര്‍ ആയിരിക്കെ ഡി.സി കിഴക്കേമുറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗിരിപര്‍വ്വം എഴുതിയതെന്ന് ബാബുപോള്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് മലയാറ്റൂര്‍ രാമകൃഷ്ണന്‍ സര്‍വീസ് സ്റ്റോറി എഴുതിയതോടെ അതൊരു സാഹിത്യശാഖയായി മാറുകയായിരുന്നു. ബാബുപോളിലെ എഴുത്തുകാരന്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഹൃദയസ്പര്‍ശിയായ ഒരനുഭവമാണ് ഗിരിപര്‍വ്വം സമ്മാനിക്കുന്നത്.
ലോകത്തിലെ വലിയ ജലവൈദ്യുത പദ്ധതികളില്‍ ഒന്നായ ഇടുക്കി ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചുളളതാണ് ശക്തിശൈലം എന്ന പുസ്തകത്തിലെ ഒന്നാമത്തെ അധ്യായം. ഇടുക്കി ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പല അറിവുകളും ഈ അധ്യായം നല്‍കുന്നുണ്ട്. ഇടുക്കിയില്‍ അണക്കെട്ട് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ഇ.ജെ. ജേക്കബ്, 1967 ജനുവരിയില്‍ കാനഡയുമായി ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്, വിദേശനാണ്യവിനിമയം വളരെ കുറവായ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം, ലോകത്തിലെ ഏറ്റവും ഉയരമുള്ള ഡാമുകളില്‍ ഒന്ന് എന്നിങ്ങനെ ഇടുക്കി ഡാമിന്റെ പല സവിശേഷതകളും നമുക്കിവിടെ മനസ്സിലാക്കാന്‍ കഴിയുന്നു.
ഇടുക്കിയുടെ മനസ്സിനെ എഴുത്തുകാരന്‍ സൂക്ഷ്മമായി ഈ പുസ്തകത്തിലൂടെ വിവരിക്കുന്നുണ്ട്, ഇടുക്കിയുടെ ഗന്ധമുള്ള ശീര്‍ഷകങ്ങളിലൂടെ. ഉരുള്‍, ഏലം, കണ്ണന്‍ദേവന്‍ കുന്നുകളില്‍ എന്നിങ്ങനെയാണവ. ഏതാണ്ട് നാല്‍പത് വര്‍ഷത്തിലേറെ ഇടുക്കിയില്‍ ജോലി ചെയ്തതിന്റെ അനുഭവം വിവരിക്കുമ്പോള്‍ അവിടെ നേരിട്ട പ്രതിസന്ധികളും വേദനാജനകമായ അനുഭവങ്ങളും ദുരന്തങ്ങളുമെല്ലാം കടന്നുവരുന്നുണ്ട്.
ബാബുപോള്‍ പുസ്തകത്തില്‍ ഇങ്ങനെ കുറിക്കുന്നു: ”ഒരു ബസപകടം നടക്കുമ്പോള്‍ അതിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തേണ്ട ഉത്തരവാദിത്തമുള്ളവരില്‍ ഒരാള്‍ കലക്ടര്‍ കൂടിയാണല്ലോ കരടിപ്പാറയിലെ ഒരു ബസ് അപകടത്തെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഒരു മൃതദേഹത്തില്‍ ഉണ്ടായിരുന്ന റിസ്റ്റ് വാച്ച് അപ്പോഴും കൃത്യസമയം കാണിച്ചിരുന്നു. ഞാന്‍ മരിച്ചാലും എന്റെ വാച്ച് കൃത്യസമയം കാണിച്ചു എന്നു വരും. എന്നാല്‍ അത് എനിക്ക് ഒരു പ്രശ്‌നം ആയിരിക്കുമോ? ജീവിച്ചിരിക്കുമ്പോള്‍ ഞാനാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം എന്ന് എനിക്ക് തോന്നുന്നു.
എനിക്ക് മുമ്പ് കോടാനുകോടി ബുദ്ധിശൂന്യര്‍ ഇങ്ങനെ ചിന്തിച്ചു എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഞാന്‍ മരിച്ചാലും ഈ പ്രപഞ്ചത്തിന്റെ താളലയങ്ങള്‍ക്ക് ഒരു ഭംഗവും ഉണ്ടാവുകയില്ല. എത്ര അസുന്ദരമായ സത്യം. പിറ്റേന്ന് രാവിലെ മടക്കയാത്രയില്‍ ഞാന്‍ എന്റെ അമ്മയെ കണ്ടു. അപകടവിവരം അമ്മ അതിനകം പത്രം വായിച്ച് അറിഞ്ഞിരുന്നു. ഒരമ്മക്ക് മകനെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ഞാന്‍ അന്നാണ് അറിഞ്ഞത്. ഇത്രയധികം മൃതദേഹങ്ങള്‍ ഒരുമിച്ചുകാണുകയും ഇത്ര ദാരുണമായ ഒരപകടത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തിട്ട് എനിക്ക് വല്ല തലകറക്കമോ മറ്റോ ഉണ്ടായിക്കാണുമോ എന്നായിരുന്നു എന്റെ അമ്മയുടെ ഉത്കണ്ഠ. രണ്ടാമത്തെ ജില്ല ഭരിക്കുന്ന കലക്ടറാണെന്ന് മാത്രമല്ല സംസ്ഥാനത്തെ കലക്ടര്‍മാരുടെ കൂട്ടത്തില്‍ തല മുതിര്‍ന്നവരില്‍ ഒരാളുമാണ് ഞാന്‍. എന്നാല്‍ എന്റെ അമ്മക്ക് ഞാന്‍ ഇപ്പോഴും എപ്പോഴും എന്നേക്കും അമ്മ താരാട്ടുപാടിയ ശിശുതന്നെ. എന്റെ മക്കള്‍ക്ക് യൗവനവും എനിക്ക് വാര്‍ധക്യവും ആകുമ്പോള്‍ ഞാനും ഇങ്ങനെയൊക്കെതന്നെ പറയുമായിരിക്കും”. എന്നിങ്ങനെ പോകുന്നു ബാബുപോളിന്റെ എഴുത്ത്.