X
    Categories: Culture

സീതിസാഹിബ്: കാഴ്ചപ്പാടുകളും വ്യക്തി വൈശിഷ്ട്യങ്ങളും

 
കേരള നവോത്ഥാന ശില്‍പി പാരമ്പര്യത്തിലെ മുറിയാത്ത കണ്ണിയായ കെ.എം സീതിസാഹിബ് മരണമടഞ്ഞിട്ട് ഇന്ന് 56 വര്‍ഷം തികയുന്നു. സീതിസാഹിബിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും ഒരു കാലഘട്ടത്തിന്റെ ദേശീയ പ്രാദേശിക ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ആദ്യ കാലഘട്ടത്തില്‍ സീതിസാഹിബ് നേരില്‍ കണ്ടതും അറിഞ്ഞതുമായ ചരിത്ര വസ്തുതകളാണ്, മൗലിക ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണത്തെയും ലക്ഷ്യത്തെയും കരുപ്പിടിപ്പിക്കാന്‍ പ്രേരകമായത്.
മുസ്‌ലിം വര്‍ഗീയതയെന്ന ആരോപണം സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പും ശേഷവും ശക്തമായി മുസ്‌ലിംലീഗിന് എതിരായി ഉന്നയിച്ചപ്പോഴൊക്കെ നിയമസഭക്ക് അകത്തും പുറത്തും സീതിസാഹിബ് പ്രതിരോധിച്ചത് മതം മുസ്‌ലിംകള്‍ക്ക് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ആ സംസ്‌കാരത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയമാണ് ലീഗിനെന്നുമാണ്. മനുഷ്യന്റെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം സംസ്‌കാരമാണെന്ന് തിരിച്ചറിഞ്ഞ സീതിസാഹിബ് അത് അടിയറ വെക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തത്. അദ്ദേഹത്തിന്റെ സാമൂഹ്യ സാമുദായിക വീക്ഷണങ്ങള്‍ രാജ്യാഭിവൃദ്ധി ലാക്കാക്കിയുള്ള മതേതര ദേശീയതയില്‍ ഊന്നിയുള്ളതായിരുന്നു. സ്വഭാവത്തിലെ വൈശിഷ്ട്യങ്ങളില്‍ ധൈഷണികതയും ബുദ്ധിയും സ്ഥൈര്യവും കാരുണ്യവും ഔദാര്യവും ലാളിത്യവും മുന്നിട്ടുനിന്നു.
1920കളില്‍ കോണ്‍ഗ്രസ് ആദര്‍ശത്തില്‍ അടിയുറച്ചു വിശ്വസിച്ച സീതിസാഹിബ് ഗാന്ധിജിയും മൗലാനാ മുഹമ്മദലിയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ കാഴ്ചപ്പാടില്‍ വളരെ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിച്ചിരുന്നു. ഒരു ഘട്ടത്തില്‍ മലബാര്‍ കലാപത്തില്‍ മുസ്‌ലിംകളുടെ നിലപാടിനെ ഗാന്ധിജി വിമര്‍ശിച്ചിരുന്നുവെങ്കില്‍ പോലും അദ്ദേഹത്തിന്റെ ദേശീയ വീക്ഷണങ്ങളെ സീതിസാഹിബ് ഉള്‍ക്കൊണ്ടിരുന്നു.
രാജ്യനന്മക്ക് ഉതകുന്ന എല്ലാ നടപടികളെയും പിന്തുണച്ചുകൊണ്ട് സാമൂഹ്യ തിന്മക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരായി കൊച്ചി നിയമസഭയില്‍ പോരാടിയ സീതിസാഹിബിന്റെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു. സൗജന്യ നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസത്തിന് സ്വന്തം സമുദായത്തിലെ കണക്കുകള്‍ ഉദ്ധരിച്ചു ആവശ്യപ്പെടുക മാത്രമല്ല അത് സാര്‍വത്രികമാക്കുന്നതിന് പ്രേരണയാകട്ടെയെന്ന് കാര്യകാരണസഹിതം അദ്ദേഹം വാദിച്ചു. ആ നിലപാടിനുള്ള അംഗീകാരമായിരുന്നു 70 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള 2002ലെ ഇന്ത്യന്‍ ഭരണഘടനയിലെ 21 എ, 45 വകുപ്പുകളില്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതിയും തുടര്‍ന്ന് 2010 ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വന്ന 2009ലെ വിദ്യാഭ്യാസ അവകാശ നിയമവും. മത ധാര്‍മിക വിദ്യാഭ്യാസം, ശിശുപരിപാലനം തുടങ്ങിയവ സിലബസില്‍ ഉള്‍പ്പെടുത്താനും അതുവഴി പുതിയ തലമുറയെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ നിന്നും അകറ്റി അവരില്‍ സമുദായ സൗഹാര്‍ദം ഉറപ്പിക്കാനും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അധഃകൃതര്‍ക്കും പിന്നാക്ക സമുദായക്കാര്‍ക്കും നിഷിദ്ധമാക്കിയ സാമൂഹ്യനീതി വീണ്ടെടുക്കാന്‍ ശക്തമായി മുന്നിട്ടിറങ്ങി. സര്‍ക്കാര്‍ സംഭരണികളും കിണറുകളും ഹോസ്റ്റലുകളും റോഡുകളുമെല്ലാം എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുറന്നുകൊടുത്തു സാമൂഹ്യനീതി ഉറപ്പാക്കാനും അവരുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കാനും സീതിസാഹിബ് ചെയ്ത പ്രസംഗങ്ങള്‍ എന്നും തിളങ്ങിനില്‍ക്കുന്നു.
കൊച്ചി നിയമസഭയിലെ മറ്റു പ്രസംഗങ്ങളിലൂടെ കടന്നുപോയാല്‍ മദ്യപാനത്തിനും തീണ്ടലിനും സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരായ സീതിസാഹിബിന്റെ ശക്തമായ നിലപാടുകള്‍ മനസ്സിലാക്കാം. ബജറ്റ് ചര്‍ച്ചയിലെല്ലാം ഓരോ വകുപ്പിലുമുള്ള നേട്ടങ്ങളും കോട്ടങ്ങളും വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. പിന്നാക്കാവസ്ഥക്ക് പരിഹാരം മിനിമം യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗ സംവരണം ഏര്‍പ്പെടുത്തണമെന്ന പ്രായോഗികമായ നിലപാട് അദ്ദേഹം തന്റെ പ്രസംഗങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം സമുദായത്തിന് സഹായകരമായ നിയമനിര്‍മ്മാണങ്ങള്‍ക്ക് പുറമേ ഈഴവ സമുദായത്തിന്റെയും അധകൃതരുടേയും നമ്പൂതിരി സമുദായത്തിന്റെയും ഉന്നമനത്തിനായുള്ള എല്ലാ നിയമ നിര്‍മ്മാണങ്ങള്‍ക്കും വേണ്ടി 1920കളിലും 1930കളിലും സഭയില്‍ വാദിച്ചിരുന്നു.
ഗാന്ധിജിയുടെ വലംകൈയായിരുന്ന മൗലാന മുഹമ്മദലിയുടെ ആദര്‍ശ ശുദ്ധിയിലും അദ്ദേഹത്തിന്റെ മതമൈത്രി സന്ദേശത്തിലും ആകൃഷ്ടനായി സീതിസാഹിബ് രൂപപ്പെടുത്തിയ വിദ്യാഭ്യാസ രാഷ്ട്രീയാദര്‍ശങ്ങള്‍ സ്വന്തം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലും അഭിവൃദ്ധിയിലും അടിസ്ഥാനമാക്കിയുള്ള രാഷ്ട്ര നന്മയെ ലാക്കാക്കിയുള്ളതായിരുന്നു. ഒരു ദേശത്തെ ജനവിഭാഗത്തില്‍ ഒരു ഭാഗത്തിന് സമത്വവും ശരിയായ അവകാശവും മറ്റു ഭാഗക്കാര്‍ സമ്മതിച്ചു കൊടുക്കാതിരിക്കുന്നിടത്തോളം കാലം ആ ദേശത്തിന് അഭിവൃദ്ധിയുണ്ടാകുകയില്ലെന്നും അവശ സമുദായക്കാര്‍ക്ക് അവരുടെ അവകാശ സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കാതിരിക്കുന്നത് ദേശത്തിന്റെ അഭിവൃദ്ധിയെ തടയുകയാണ് ചെയ്യുന്നതെന്നും തുറന്നു അഭിപ്രായപ്രകടനം നടത്താന്‍ ആ കാലഘട്ടത്തില്‍ ധൈര്യപ്പെട്ടിട്ടുള്ളത് സീതിസാഹിബ് മാത്രമാണ്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റി മതപരവും ലൗകികവുമായ വിദ്യാഭ്യാസം സ്ത്രീ പുരുഷഭേദമന്യേ നല്‍കിയാല്‍ മാത്രമേ സമുദായം അഭിവൃദ്ധിപ്പെടുകയുള്ളൂവെന്ന് സീതിസാഹിബ് ഉറച്ചുവിശ്വസിച്ചിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെകുറിച്ചുള്ള 80 വര്‍ഷം മുമ്പുള്ള അദ്ദേഹത്തിന്റെ നിലപാട് ഇന്നും പ്രസക്തമാണ്. ദാമ്പത്യബന്ധങ്ങള്‍ ശിഥിലമാകുന്നതിന്റെ കാരണങ്ങള്‍ അദ്ദേഹം വളരെ ഉള്‍ക്കാഴ്ചയോടെ വിശകലനം ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ അവസ്ഥയ സംബന്ധിച്ചു പാശ്ചാത്യര്‍ സ്വീകരിച്ച നിലപാട് അനുകരണിയമല്ലെന്ന വാദത്തോട് പൂര്‍ണമായി യോജിക്കുന്ന ഒരാളായിരുന്നു സീതിസാഹിബ്. സ്ത്രീ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ഇസ്‌ലാമിന്റെ വിധികള്‍ മനുഷ്യപ്രകൃതിക്ക് യോജിച്ചവയും ജനസമുദായത്തിന്റെ യഥാര്‍ത്ഥ ക്ഷേമാഭിവൃദ്ധിക്ക് സഹായവുമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സ്വരാജ് പ്രമേയത്തിന്റെ അന്തസത്തക്ക് വിരുദ്ധമായി പ്രത്യേക നിയോജക മണ്ഡലങ്ങള്‍ക്ക് പകരം ന്യൂനപക്ഷ സംസ്ഥാനങ്ങളില്‍ സീറ്റ് സംവരണം ചെയ്യുന്ന വ്യവസ്ഥയാണ് നെഹ്‌റു റിപ്പോര്‍ട്ടില്‍ കൊണ്ടുവന്നത്. ഇതിനെ ദേശീയ രാഷ്ട്രീയത്തിലെ മുന്‍നിരയില്‍ നിന്ന് മത മൈത്രിക്കുവേണ്ടി എന്നും പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന ഗാന്ധിജിയുടെ വലംകൈയായിരുന്ന മൗലാനാ മുഹമ്മദലി എതിര്‍ത്തുവെങ്കിലും സീതിസാഹിബ് വ്യത്യസ്തമായ കാഴ്ചപ്പാടാണ് അക്കാര്യത്തില്‍ സ്വീകരിച്ചത്. 1929ല്‍ ലാഹോര്‍ സമ്മേളനത്തില്‍ താന്‍ പങ്കെടുത്ത കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അദ്ദേഹം അക്കാര്യം തുറന്നുപറഞ്ഞു. അന്നുതന്നെ ഖിലാഫത്ത് കമ്മിറ്റിയുടെ യോഗം ലാഹോറില്‍ കൂടിയപ്പോള്‍ സീതിസാഹിബ് പങ്കെടുത്തതുമില്ല. മുപ്പതുകളില്‍ പ്രത്യേകിച്ച് മൗലാനാ മുഹമ്മദലിയുടെ മരണശേഷം സീതിസാഹിബിന് ദേശീയ രാഷ്ട്രീയത്തിലുള്ള താല്‍പര്യം വ്യത്യസ്തമായിരുന്നു. മലബാര്‍ കലാപത്തിനു ശേഷം മുസ്‌ലിംകള്‍ തങ്ങള്‍ സുരക്ഷിതരല്ലെന്നു കണ്ടു പരിഭ്രാന്തരായി ഇസ്‌ലാമികാദര്‍ശങ്ങളില്‍ നിന്ന് അകന്നു അരാജകത്വത്തിലേക്ക് പോകുമെന്ന് ഭയന്ന് മലബാറിലെ സാമുദായിക പ്രവര്‍ത്തനം ഏറ്റെടുത്ത്, സഹോദരന്‍ അയ്യപ്പന്റെ ഭാഷയില്‍ ഒരു നല്ല ദേശീയനും സാമുദായികനുമായി മാറി സീതിസാഹിബ്.
സീതിസാഹിബിന്റെ സ്വഭാവ വൈശിഷ്ട്യങ്ങളില്‍ പ്രധാനം സഹജീവികളോടുള്ള അനുകമ്പയും ഔദാര്യവുമായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ (സ.അ) പ്രബോധനം ഉള്‍ക്കൊണ്ടുകൊണ്ട് താന്‍ വ്യക്തിപരമായി ചെയ്യുന്ന സഹായങ്ങള്‍ ആരും അറിയരുതെന്ന നിഷ്‌കര്‍ഷത അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ തലശ്ശേരിയിലെ ജീവിത കാലത്ത് വക്കീല്‍ ഫീസ് വാങ്ങുന്നത് വക്കീല്‍ ഗുമസ്തനായതിനാല്‍ അതില്‍നിന്നു തന്റെ കക്ഷികളുടേയും ചിലപ്പോഴൊക്കെ എതിര്‍ കക്ഷികളുടേയും ദയനീയത കണ്ടിട്ട് തിരിച്ചു സഹായം ചെയ്യാന്‍ അദ്ദേഹം തുനിഞ്ഞതായ അനേകം സംഭവങ്ങള്‍ തലശ്ശേരിക്കാര്‍ക്ക് അറിയാമായിരുന്നു. സമുദായത്തിന് വേണ്ടി ജീവിക്കുക ജീവിക്കാന്‍ വേണ്ടി തൊഴില്‍ ചെയ്യുക എന്ന സീതി സാഹിബിന്റെ ജീവിത സിദ്ധാന്തം തലശ്ശേരിക്കാര്‍ സാക്ഷ്യപ്പെടുത്തിയ കാര്യമാണ്.
മത വിജ്ഞാനത്തിന്റെ കാര്യത്തിലും മതനിഷ്ഠയുടെ കാര്യത്തിലും സീതിസാഹിബ് ചെറുപ്പം മുതലേ പിതാവിന്റ പാത പിന്തുടരുകയായിരുന്നുവെന്നും താനുമായി എഴുത്തുകുത്തുകള്‍ നടത്തിയിരുന്നത് അറബിയിലോ അറബി മലയാളത്തിലോ ആയിരുന്നുവെന്നും കെ.എം മൗലവി രേഖപ്പെടുത്തിയിട്ടുണ്ട്. ദൈനംദിന ജീവിതത്തിലും സ്വഭാവത്തിലും കഴിയുന്നതും പ്രവാചകന്‍ മുഹമ്മദ് നബിയെ മാതൃകയാക്കാന്‍ സീതിസാഹിബ് ശ്രമിച്ചിരുന്നു. നബി തിരുമേനിയുടെ മനോഹരമായ പുഞ്ചിരി, സ്ഥൈര്യം, കാരുണ്യം, ഔദാര്യം തുടങ്ങി നിരവധി ഗുണങ്ങള്‍ ഒന്നിച്ചു സമ്മേളിച്ച വ്യക്തിത്വമായിരുന്നു സീതിസാഹിബ് എന്ന് എന്‍.വി അബ്ദുല്‍സലാം മൗലവി വിവരിച്ചിട്ടുണ്ട്.
സീതിസാഹിബിന് നൈസര്‍ഗികമായി കിട്ടിയ ഒരു സിദ്ധിയായിരുന്നു പ്രസംഗ കല. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുപ്പോള്‍ സീതിസാഹിബ് മാമ്മന്‍മാപ്പിളയുടെ സാന്നിധ്യത്തില്‍ തന്നെ അദ്ദേഹം രചിച്ച ഇന്ത്യാ ചരിത്രത്തില്‍ കടന്നുകൂടിയ തെറ്റുകള്‍ വിമര്‍ശിച്ചതും അതില്‍ മാമ്മന്‍ മാപ്പിള അദ്ദേഹത്തെ പ്രശംസിച്ചതും ചരിത്രം. അന്നുമുതല്‍ പ്രഗത്ഭരായ പ്രാസംഗികര്‍ പങ്കെടുക്കുന്ന വേദികള്‍ പങ്കിടുന്നത് അദ്ദേഹത്തിന് ഒരാവേശമായിരുന്നു. ഒരിക്കല്‍ ചിറയിന്‍കീഴ് മുസ്‌ലിം സമാജത്തിന്റെ വാര്‍ഷിക സമ്മേളനം ആറ്റിങ്ങലില്‍ നടന്നപ്പോള്‍ അധ്യക്ഷനായിരുന്ന സാഹിത്യകാരനും വാഗ്മിയുമായിരുന്ന ഒ.എം ചെറിയാന്‍, സുദീര്‍ഘമായ സീതിസാഹിബിന്റെ പ്രസംഗം കേട്ടിട്ട് തന്റെ ഉപസംഹാര പ്രസംഗത്തില്‍ ഇവിടെ നടന്ന സീതിസാഹിബിന്റെ പ്രസംഗമാകട്ടെ ഒരു പ്രസംഗ പ്രവാഹ പ്രകടന പ്രഘോഷണവുമായിരുന്നുവെന്ന് പറയുകയുണ്ടായി. സദസ്സിലുണ്ടായിരുന്ന ബാനര്‍ജി വേലുപ്പിള്ള അഭിപ്രായപ്പെട്ടത് ‘കലാത്മകവും ധാരാവാഹിയുമായ ഒരു പ്രസംഗം ഞാന്‍ കേട്ടത് ഇന്നാണ്’ എന്നായിരുന്നു.
വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ പ്രസംഗ പരിഭാഷകനായി സീതിസാഹിബ് ദേശീയ തലത്തില്‍ പ്രശംസ പിടിച്ചുപറ്റിയ അനേകം സംഭവങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കും അന്നത്തെ സാഹിത്യകാരന്മാര്‍ക്കും ദേശീയ നേതാക്കള്‍ക്കും പറയാനുണ്ട്. അതില്‍ ഗാന്ധിജി, ഗൗരി ശങ്കര്‍ മിശ്ര, ഫസുലുല്‍ഹക്ക്, ലിയാഖത്ത് അലിഖാന്‍ തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ മൊഴിമാറ്റം ചെയ്ത അനുഭവങ്ങള്‍ ശ്രദ്ധേയമാണ്.
(സീതിസാഹിബിന്റെ പൗത്രനും നികുതി വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജോയിന്റ് കമ്മീഷനറുമാണ് ലേഖകന്‍.)

chandrika: