അഡ്വ.എം. റഹ്മത്തുള്ള
രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കയാണ്. വിലക്കയറ്റവും ജീവിതഭാരവുംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും മൂലം തൊഴിലാളികളും കൃഷിക്കാരും ഏറെ പ്രയാസപ്പെടുകയും നോട്ടു നിരോധനം, ജി.എസ.് ടി തുടങ്ങിയ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌ക്കാരങ്ങളാല്‍ ജനജീവിതം ദുസ്സഹമാവുകയും ദലിത്- ന്യൂനപക്ഷങ്ങള്‍ക്കെതിരെ കിരാത കടന്നാക്രമണങ്ങള്‍ നടക്കുകയും എതിര്‍ ശബ്ദങ്ങളെ തീവ്രവാദ മുദ്രചാര്‍ത്തി അടിച്ചമര്‍ത്തുകയും സാഹിത്യ സാംസ്‌കാരിക നായകന്മാരെ മൃഗീയമായി കൊലപ്പെടുത്തുകയും അസഹിഷ്ണുതയുടെയും വര്‍ഗീയ സംഘര്‍ഷങ്ങളുടെയും വിളനിലമായി നാടിനെ മാറ്റുകയും പരമാധികാരവും സ്വാതന്ത്ര്യവും സമ്പത്തും കോര്‍പറേറ്റ് മുതലാളിമാര്‍ക്കു മുന്നില്‍ അടിയറവ് വെക്കുകയും ചെയ്ത കാലഘട്ടമാണിത്.
ഇന്ത്യ ലോക ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന രാജ്യമാണ്. സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും ലോകത്തിലെ ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളുള്ള പട്ടികയില്‍ 112-ാം സ്ഥാനത്താണ് ഇന്ത്യ നിലനില്‍ക്കുന്നത്. സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കനുസരിച്ച് മുപ്പത് കോടിയോളം വരുന്ന ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്നവരാണ്. 15 വയസിനും 29 വയസിനും ഇടയിലുള്ള 30 ശതമാനത്തോളം ചെറുപ്പക്കാര്‍ ഒരു തൊഴിലുമില്ലാത്തവരാണ്. ലോകത്താകെയുള്ള 872.3 മില്യണ്‍ ദരിദ്രരില്‍ 176.6 മില്യണ്‍ (ഏതാണ്ട് 18 കോടി) അതിദരിദ്രര്‍ ഇന്ത്യക്കാരാണ്. ഇത് ലോക ജനസംഖ്യയുടെ 17.5 ശതമാനവും ദരിദ്ര്യരായ ആളുകളുടെ മൊത്തം എണ്ണത്തിന്റെ 20.6 ശതമാനവുമാണ്. ഏറ്റവും അവസാനത്തെ കണക്കുകള്‍ പ്രകാരം ജനസംഖ്യയില്‍ 29.9 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്നവരാണ്. ഇവിടെ 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ 38 കുട്ടികള്‍ ഒന്നാം ജന്മദിനത്തിനു മുമ്പ് പട്ടിണിമൂലം മരണമടയുന്നു.
തൊഴിലില്ലാത്ത ഇന്ത്യക്കാരുടെ എണ്ണവും അനുദിനം കൂടി വരികയാണ്. ഐ.എല്‍.ഒ കണക്കുകള്‍ പ്രകാരം 1983-2011 കാലഘട്ടങ്ങളില്‍ തൊഴില്‍ രഹിതരായ ഇന്ത്യക്കാരുടെ എണ്ണം 17.7 കോടിയാണ്. ഇത് ഔദ്യോഗിക കണക്കാണ്. യാഥാര്‍ത്ഥ്യം ഇതിലും എത്രയോ ഉയര്‍ന്നതായിരിക്കും. ഇന്ത്യയിലെ നാല് കുടുംബങ്ങളെടുത്താല്‍ അതില്‍ മൂന്നു കുടുംബങ്ങളില്‍ ഒരാള്‍ പോലും കൃത്യമായി വരുമാനമുള്ള ജോലിയില്ലാത്തവരാണ്. ഈ കുടുംബങ്ങള്‍ക്കൊരു ആശ്വാസം എന്ന നിലയിലാണ് യു.പി.എ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത്. ഇപ്പോള്‍ ആ പദ്ധതിയേയും ബി.ജെ.പി സര്‍ക്കാര്‍ സാമ്പത്തിക പ്രയാസങ്ങള്‍ പറഞ്ഞ് തകര്‍ത്തുകൊണ്ടിരിക്കുകയാണ്.
കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും പ്രകൃതി ദുരന്തങ്ങളും മറ്റും കാരണം കാര്‍ഷിക മേഖല ഗുരുതരമായ പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് ദാരിദ്ര്യം കൊണ്ട് ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ എണ്ണം ഏതാണ്ട് 20,000 ത്തോളമാണ്. ഇതില്‍ മുന്‍പന്തിയില്‍ മഹാരാഷ്ട്രയാണ്. പിന്നെ പഞ്ചാബും. തമിഴ്‌നാട്ടിലെ കൃഷിക്കാര്‍ പാര്‍ലിമെന്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിട്ട് മാസങ്ങളായി. ഏറ്റവും അവസാനം മലം ഭക്ഷിച്ചുകൊണ്ടാണ് പട്ടിണി കിടക്കുന്ന ഈ കൃഷിക്കാര്‍ സര്‍ക്കാറിനോട് പ്രതിഷേധിച്ചത്. മഹാരാഷ്ട്രയില്‍ ക്ഷീര കര്‍ഷകര്‍ പാലിന് ന്യായമായ വില ലഭിക്കാത്തതു കൊണ്ട് പാല്‍ റോഡില്‍ ഒഴുക്കി പ്രതിഷേധിക്കുകയായിരുന്നു.
നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ മോദി സര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍മൂലം മഹാഭൂരിഭാഗം ചെറുകിട വ്യവസായ സംരംഭങ്ങളും പൂട്ടിക്കഴിഞ്ഞു. 35 ശതമാനം തൊഴില്‍ നഷ്ടവും 50 ശതമാനം വരുമാനക്കുറവും ഈയൊരൊറ്റ കാരണം കൊണ്ട് മേഖലയിലുണ്ടായി. കേരളത്തിലേക്ക് തൊഴില്‍ അന്വേഷിച്ച്‌വന്ന മിക്ക ഇതര സംസ്ഥന തൊഴിലാളികളും തൊഴില്‍ ലഭ്യമല്ലാത്തതു കൊണ്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചു പോയിത്തുടങ്ങി. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ജി.എസ്.ടി സാധാരണക്കാരനെ സംബന്ധിച്ച് കൂനിന്മേല്‍ കുരു പോലെയാണ്. ഇതിനെ പിന്തുണച്ച് സംസാരിച്ചവരൊക്കെ ഇപ്പോള്‍ തിരുത്തിപ്പറഞ്ഞു തുടങ്ങി. ബി.ജെ.പിയുടെ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹ അടക്കമുള്ള എം.പിമാരും ശിവസേന അടക്കമുള്ള പാര്‍ട്ടികളും ജി.എസ്.ടി ക്കെതിരായി രംഗത്തുവന്നു. പ്രതിവര്‍ഷം ഒരു കോടി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് മോദി അധികാരത്തില്‍ വന്നത്. ഈ വാഗ്ദാനങ്ങളില്‍ അകപ്പെട്ടുപോയ ധാരാളം യുവാക്കള്‍ മോദിയെ പിന്തുണച്ചിരുന്നു. ആ വാഗ്ദാനങ്ങളൊക്കെ അപ്പൂപ്പന്‍തോടി പോലെ കാറ്റില്‍പറന്നു നടക്കുകയാണ്. മോദി ഭരണത്തില്‍ യുവാക്കള്‍ തീര്‍ത്തും നിരാശരാണ്.
കോര്‍പറേറ്റ് പിന്തുണയോടുകൂടി അധികാരത്തില്‍ വന്ന മോദി മൂന്നര കൊല്ലം അവര്‍ക്ക് വേണ്ടി മാത്രമാണ് ഇന്ത്യ ഭരിച്ചത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് അതിസമ്പന്നരായ ബിസിനസ്സുകാര്‍ കടമെടുത്ത 2.5 ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് എഴുതിത്തള്ളിയത്. ഇത് ഇനിയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഓരോ വര്‍ഷവും ഈ ബാധ്യത വര്‍ധിച്ചുവരികയാണ്. എസ്.ബി.ഐയും അനുബന്ധ ബാങ്കുകളും കൂടി 2016- 17 ല്‍ 81683 കോടി രൂപയുടെ കടബാധ്യതയാണ് എഴുതിത്തള്ളിയത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും സമ്പന്നര്‍ കടമെടുത്താല്‍ അത് തിരിച്ചടക്കേണ്ടതില്ലാത്ത രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു.
കോര്‍പറേറ്റ് മുതലാളിമാരെയും സമ്പന്ന വ്യവസായ ബിസിനസ് ലോബിയേയും പ്രീണിപ്പിക്കാനായി ഇന്ത്യയിലെ തൊഴില്‍ നിയമങ്ങളെല്ലാം മാറ്റിയെഴുതുകയാണ്. രാജ്യത്ത് നിലവിലുള്ള 15 പ്രധാന തൊഴില്‍ നിയമങ്ങള്‍ നാലു കോഡുകളിലാക്കി ഏകീകൃത നിയമം കൊണ്ടുവരികയാണ്. പേമെന്റ് വേജസ് ആക്ട് 1936, മിനിമം വേജസ് ആക്ട് 1948, പേമെന്റ് ഓഫ് ബോണസ് ആക്ട് 1965 എന്നിവ ലേബര്‍ കോഡ് ഓണ്‍ വേജസ് എന്ന നിയമത്തിന്റെയും ട്രേഡ് യൂണിയന്‍ ആക്ട് 1926 ഇന്റസ്ട്രിയില്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്റിങ്ഓര്‍ഡര്‍) ആക്ട് 1946, ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് 1947എന്നിവ ലേബര്‍ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ എന്ന നിയമത്തിനു കീഴിലും കൊണ്ടുവന്ന് ക്രോഡീകരിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ സോഷ്യല്‍ സെക്യൂരിറ്റി കോഡ് മുഖേന നിലവിലുള്ള ക്ഷേമ സംവിധാനങ്ങളെ മുഴുവന്‍ അഴിച്ചു പണിയും. അതുവഴി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാവാനാണ് സാധ്യത.
സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അനുദിനം തൊഴില്‍ നഷ്ടപ്പെടുകയും ആ തൊഴിലാളികള്‍ അസംഘടിത മേഖലയിലേക്ക് ചേക്കേറുകയും ചെയ്യുന്നു. അസംഘടിത തൊഴിലാളികളുടെ എണ്ണം ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തിലേറെയായിട്ടുണ്ട്. അസംഘടിത തൊഴില്‍ മേഖലയില്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാറിനുള്ളതാണ്. എന്നാല്‍ സാമൂഹ്യ സുരക്ഷാകോഡുണ്ടാക്കി ഈ ബാധ്യകളെല്ലാം തൊഴിലാളികളുടെ ചെലവില്‍ മാത്രം നിലനിര്‍ത്തിപോരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കര്‍ ഇത്തരം ബാധ്യതകളില്‍ നിന്നും മനപ്പൂര്‍വം ഒഴിഞ്ഞുമാറുകയാണ്. അസംഘടിത തൊഴില്‍ മേഖലയില്‍ കടുത്ത ചൂഷണമാണ് നടന്നുവരുന്നത്. കൂലി അടിമത്തത്വത്തിന്റെ പുതിയ കാലഘട്ടത്തിലേക്കാണ് ഇന്ത്യ കടന്നുവരുന്നത്. തൊഴിലുടമ നിശ്ചയിക്കുന്ന കൂലി മാത്രം വാങ്ങുകയും മറ്റെല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും പൂര്‍ണ്ണമായി നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇവിടെ വളര്‍ന്നു വരുന്നത്. അതുകൊണ്ടാണ് തുല്യ ജോലിക്ക് തുല്യ വേതനം എന്ന മുദ്രാവാക്യം തൊഴിലാളികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇന്ത്യയില്‍ ഒരു സാധാരണ തൊഴിലാളിക്ക് പ്രതിമാസം 18000 രൂപ മിനിമം കൂലി ലഭിക്കുന്ന വിധത്തില്‍ കൂലി ഘടന ദേശവ്യാപകമായി പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്. എന്നാല്‍പോലും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഏറെ പ്രയാസമായിരിക്കും.
ഐ.സി.ഡി.എസ്, ആശ തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ സ്ഥിതി അതി ദയനീയമാണ്. പരിമിതമായ ഹോണറേറിയം നല്‍കി ഭാരിച്ച ഉത്തരവാദിത്തം അവരില്‍ അടിച്ചേല്‍പ്പിച്ചക്കുകയാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്. സ്‌കീം തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്.
കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന സാമ്പത്തിക നയങ്ങളും, തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും മൂലം മോട്ടോര്‍ വ്യവസായം, മത്സ്യബന്ധനം, ചെറുകിട തോട്ടങ്ങള്‍, കൈതൊഴിലുകള്‍, ടെക്സ്റ്റയില്‍ വ്യവസായം, നിര്‍മ്മാണ, കാര്‍ഷിക, പരമ്പരാഗത തൊഴില്‍ മേഖലകള്‍ ഇവയെല്ലാം അതിവേഗം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്‍ഷൂറന്‍സ്, ബാങ്കിങ് ഇവയുടെ സ്വകാര്യവത്കക്കരണം ധൃതഗതിയില്‍ നടന്നുവരുന്നു. രാജ്യരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലേക്കും സ്വകാര്യവത്കരണത്തിന്റെ വിപത്ത് കടന്നുകൂടിയിട്ടുണ്ട്. സര്‍ക്കാറിന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ രാജ്യത്തിന്റെ നട്ടെല്ലായ പ്രധാനപ്പെട്ട 74 പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനാണ് നീതി ആയോഗ് നിര്‍ദ്ദേശിച്ചത്. 56000 കോടി രൂപ ഈ വില്‍പ്പനയിലൂടെ നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇങ്ങിനെ രാജ്യത്തിന്റെ സമ്പത്തും പരമാധികാരവും ഒരുപിടി സമ്പന്നന്‍മാരുടെ മുന്നില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായിഅടിയറ വെക്കുകയാണ്.
ഇന്ത്യ ലോകമെമ്പാടും അറിയപ്പെടുന്നത് നാടിന്റെ മഹത്തായ പൈതൃകം കൊണ്ടും പാരമ്പര്യം കൊണ്ടുമാണ്. മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ആശയങ്ങള്‍ മുറുകെപിടിച്ചുകൊണ്ട് ലോകത്തിനു മുന്നില്‍ ദശാബ്ദങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യക്ക് സമാനമായി ഇന്ത്യ മാത്രമേ കാണൂ. എത്ര പെട്ടെന്നാണ് സ്ഥിതിഗതികള്‍ മാറിമറിയുന്നത്. ജനാധിപത്യത്തിലും മതേരതരത്വത്തിലും സോഷ്യലിസ്റ്റ് ആശയങ്ങളിലും ഒട്ടും വിശ്വാസമില്ലാത്തവരാണ് ഇന്ന് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നന്നത്. മൂന്നര വര്‍ഷക്കാലത്തെ മോദി ഭരണത്തില്‍ തടിച്ചുകൊഴുത്തത് കോര്‍പറേറ്റുകള്‍ മാത്രമാണ്. വന്‍ സാമ്പത്തിക തകര്‍ച്ചയാണ് രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ താല്‍ക്കാലിക പ്രതിഭാസമായി ചിത്രീകരിക്കുകയും അതിനെ അതിജീവിക്കാന്‍ പല മാര്‍ഗങ്ങളും തേടുകയും ചെയ്യുന്നുണ്ട്. അതത്ര എളുപ്പമുള്ളതല്ല.
ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തകര്‍ക്കാനും അതിന്മേല്‍ വര്‍ഗീയതയുടെയും മത വിദ്വേഷത്തിന്റുയും കരിപുരട്ടാനും കപട ദേശീയത വികാരം വളര്‍ത്തിക്കൊണ്ടുവരാനുമാണ് കേന്ദ്ര ഭരണവും അവര്‍ക്ക് നേതൃത്വം നല്‍കുന്ന സംഘ്പരിവാറും ശ്രമിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ മുഴുവനും രാജ്യദ്രോഹമെന്ന് മുദ്രകുത്തി വേട്ടയാടുന്നു. ഇന്ത്യയുടെ അതിമഹത്തായ സാംസ്‌കാരിക ചിഹ്നങ്ങളെയും സ്മരകങ്ങളെയും വിദ്വേഷത്തിന്റെ സ്മാരകങ്ങളാണെന്ന് പ്രചരിപ്പിക്കുന്നു. ഇപ്പോള്‍ താജ്മഹലിനെ ഒരു തര്‍ക്കമന്ദിരമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അപകടകരമായ ഈ യാത്ര ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള മുന്നേറ്റം മാത്രമാണ്.
വര്‍ഗീയതക്കും കോര്‍പറേറ്റ് ദാസ്യത്തിനും എതിരായി ശബ്ദിച്ചുകൊണ്ടിരിക്കുന്ന എത്രയെത്ര സാംസ്‌കാരിക നായകന്മാര്‍ക്കാണ് ഇവര്‍ ഇപ്പോള്‍ ശവക്കല്ലറ തീര്‍ത്തത്. ഇതര മതസ്ഥരുടെ വിശ്വാസം, ആചാരം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ രംഗം തുടങ്ങിയ എല്ലാ മേഖലകളിലും ഇവരുടെ കരാളഹസ്തങ്ങള്‍ പതിച്ചുതുടങ്ങി. മതന്യൂനപക്ഷങ്ങള്‍, ദലിത് പിന്നാക്ക വിഭാഗങ്ങള്‍ ഇവര്‍ക്കു നേരെ സമാനതകളില്ലാത്ത കടന്നാക്രമണമാണ് നടന്നുവരുന്നത്. അതി ഭീകരമായ ഫാഷിസ്റ്റ് ഏകാധിപത്യത്തിലേക്കുള്ള യാത്രയാണ് മോദിയും സംഘ്പരിവാറും നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരെ പിടിച്ചുനിര്‍ത്താനും ഈ രാജ്യത്തെ രക്ഷിക്കാനും സാധിക്കണം. തൊഴില്‍ അവകാശം സംരക്ഷിച്ചുകൊണ്ടും പുതിയ ജീവിതം കെട്ടിപ്പടുത്തുകൊണ്ടും മുന്നോട്ടു പോകാന്‍ എങ്കില്‍ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവാണ് തൊഴില്‍ അവകാശം സംരക്ഷിക്കുക, വര്‍ഗീയതയെ തടയുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മുന്നേറാന്‍ പ്രേരിപ്പിച്ചത്.
തൊഴിലാളികള്‍ ത്യാഗപൂര്‍ണമായ പോരാട്ടം കൊണ്ട് നേടിയ നേട്ടങ്ങള്‍ തൊഴില്‍ നിമയ ഭേദഗതികളിലൂടെ തട്ടിയെടുക്കുകയും തൊഴില്‍ സുരക്ഷാനിയമങ്ങള്‍ കാറ്റില്‍പറത്തുകയും വളര്‍ന്നുവരുന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ ഭരണവര്‍ഗം വര്‍ഗീയതയെ ആയുധമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ് ടി യു) ‘തൊഴിലവകാശം സംരക്ഷിക്കുക, വര്‍ഗീയതയെ തടയുക’ എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ 7 ന് പാര്‍ലിമെന്റ് മാര്‍ച്ച് നടത്തുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കും കോര്‍പറേറ്റ് ദാസ്യത്തിനും ഫാഷിസ്റ്റ് വിപത്തിനും എതിരായി എസ്.ടി.യു നടത്തുന്ന പാര്‍ലിമെന്റ് മാര്‍ച്ചിനെ തുടര്‍ന്ന് നവംബര്‍ 9 മുതല്‍ 11 വരെ തൊഴിലാളി ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ പാര്‍ലിമെന്റിനു മുന്നില്‍ മഹാധര്‍ണ്ണയും നടത്തുന്നുണ്ട്.
(എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)