യൂനുസ് അമ്പലക്കണ്ടി
ഇന്ത്യ മഹാരാജ്യം ഏറെ ഗൗരവമേറിയ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. പതിനേഴാം ലോക്‌സഭക്ക്‌വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായാണ് നടക്കുന്നത്. ഇക്കുറി തെരഞ്ഞെടുപ്പിന് പല പ്രത്യേകതകളുമുണ്ട്. സ്ഥാനാര്‍ത്ഥികള്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയാല്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ് വഴി അധികൃതരെ വിവരമറിയിക്കാനാവുമെന്നതാണ് പ്രധാനമായൊന്ന്. കഴിഞ്ഞ വര്‍ഷം അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമ സഭ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിച്ച സി വിജില്‍ (രഢകഏകഘ) എന്ന സിറ്റിസണ്‍ ആപ്പാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ചട്ടലംഘനം ആരോപിച്ച് അന്നു ലഭിച്ച 68 ശതമാനം പരാതികളും സിവിജില്‍ ആപ്പിലൂടെയായിരുന്നു. ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. പരാതി അയക്കുന്നവരുടെ സകല വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. ഒന്നിലേറെ പരാതികളും ഒരാള്‍ക്ക് നല്‍കാനാവും. പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ ചിത്രങ്ങളോ രണ്ട് മിനിട്ടുള്ള വീഡിയോയോ ആപ്പില്‍ അപ്‌ലോഡ് ചെയ്യണം. പരാതിയിന്‍മേല്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ ആപ്പ് വഴി പരാതിക്കാരന് മനസ്സിലാക്കാനും കഴിയും.
സ്ഥാനാര്‍ത്ഥികള്‍ അവരുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ വെളിപ്പെടുത്തണമെന്നും കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണച്ചെലവുകളും തെരഞ്ഞെടുപ്പ് ചെലവിനത്തില്‍ ഉള്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. വോട്ടു യന്ത്രത്തിലും പോസ്റ്റല്‍ ബാലറ്റു പേപ്പറുകളിലും സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ഇക്കുറിയുണ്ടാവും. ഒരേ പേരിലുള്ളവര്‍ മത്സര രംഗത്തുണ്ടാകുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ തിരിച്ചറിയാന്‍ ഇത് ഏറെ സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കൊപ്പം ഏത് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് അറിയാന്‍ കഴിയുന്ന വിവി പാറ്റും (വോട്ടര്‍ വെരിഫയബ്ള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) ഇക്കുറി ഉപയോഗിക്കുന്നുണ്ട്. ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ കേസുകളുടെ വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം പ്രധാന മാധ്യമങ്ങളില്‍ മൂന്നു തവണ പരസ്യപ്പെടുത്തണമെന്ന് ഇത്തവണ കര്‍ശന നിര്‍ദേശമുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ പരിഷ്‌കാരം. ഇത് കേരളത്തിലുള്‍പ്പടെ പല പ്രമുഖര്‍ക്കും വിനയാകുമെന്നുറപ്പാണ്.
പ്രവാസികള്‍ക്ക് ഇക്കുറിയും നിരാശ തന്നെയാണ് ഫലം. വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്തണമെങ്കില്‍ നാട്ടിലെത്തിയേ തീരൂ. പകരക്കാരെ ഉപയോഗിച്ച് പ്രോക്‌സി വോട്ട് ചെയ്യാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ലക്ഷക്കണക്കിന് പ്രവാസി സമൂഹം. പ്രവാസി യുവ വ്യവസായി ഡോ. ഷംസീര്‍ വയലിന്റെ ഹരജിയിയെതുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ടതിനാല്‍ പ്രോക്‌സി വോട്ടിനുള്ള ബില്‍ ലോക്‌സഭ പാസ്സാക്കി. എന്നാല്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനോ ഓര്‍ഡിനന്‍സ് പുറത്തിറക്കാനോ ഉത്തരവാദപ്പെട്ടവര്‍ തയാറാകാത്തതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. 2010 ല്‍ രണ്ടാം യു.പി.എ സര്‍ക്കാറാണ് ജനപ്രാതിനിധ്യനിയമ ഭേദഗതി പാസ്സാക്കി പ്രവാസി സമൂഹത്തിന് വോട്ടവകാശം അനുവദിച്ചത്. ഇത് വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാനുള്ള അവകാശം നല്‍കി. ഈ തെരഞ്ഞെടുപ്പില്‍ ഇതുവരെ എഴുപത്തി രണ്ടായിരത്തോളം പ്രവാസികള്‍ക്ക് മാത്രമാണ് വോട്ടുള്ളത്. ഇതില്‍ മഹാഭൂരിഭാഗവും മലയാളികളാണ്.
രാജ്യവും ലോകം തന്നെയും ഏറെ കാതോര്‍ക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. തൊണ്ണൂറ് കോടി വോട്ടര്‍മാര്‍ പത്തു ലക്ഷം പോളിങ് ബൂത്തുകളിലൂടെ 543 അംഗ ലോക് സഭയിലേക്ക് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുമ്പോള്‍ ഇക്കുറി പതിവില്‍ കവിഞ്ഞ ആകാംക്ഷയും ഭയപ്പാടുമുണ്ട്. രാജ്യത്തിന്റെ മഹിതമായ അന്തസ്സിനുമേല്‍ കറ പുരട്ടുന്ന സംഘ്പരിവാര്‍ ഫാഷിസവും ഇന്ത്യ കാലങ്ങളായി താലോലിച്ച് കാത്തുപോന്ന പൈതൃകത്തിനായി നില കൊള്ളുന്നവരും തമ്മിലുള്ള നേര്‍ക്കുനേര്‍ അങ്കമാണ് ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആസേതു ഹിമാചലം ഇളക്കി മറിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ ധര്‍മ്മ യുദ്ധത്തില്‍ ഇന്ത്യയെന്ന മഹാരാജ്യത്തെ വീണ്ടെടുത്തില്ലെങ്കില്‍ പിന്നീടൊരു തിരിഞ്ഞുനടത്തം ശ്രമകരം തന്നെയാണെന്ന ഉറച്ച ബോധ്യം മതേതര സമൂഹത്തിന് നന്നായുണ്ട്. കഴിഞ്ഞ തവണ പ്രതിപക്ഷ കക്ഷികളുടെ ശ്രദ്ധക്കുറവിലാണ് 31 ശതമാനം മാത്രം വോട്ടു നേടിയ ബി.ജെ.പി ഇന്ത്യയുടെ ഭരണം റാഞ്ചിയെടുത്തത്. ആ കയ്യബദ്ധത്തിന് പിന്നീട് നല്‍കേണ്ടി വന്ന വിലയോ എണ്ണിയാലൊടുങ്ങാത്തതും.
രാജ്യവാസികളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ദുര്‍ഭരണം നടത്തി ഞെരിച്ചമര്‍ത്തിയും മുമ്പൊന്നുമില്ലാത്തവിധം ഭയാനകമായി ക്രൂശിച്ചിട്ടുണ്ട് നിലവിലെ സംഘ്പരിവാര്‍ ഭരണകൂടം. കോര്‍പറേറ്റുകള്‍ക്ക് മേയാന്‍ പരവതാനി വിരിച്ചപ്പോള്‍ കോടാനുകോടി വരുന്ന പാവങ്ങളെ പലതിന്റെ പേരിലും ചുടുകണ്ണീര് കുടിപ്പിച്ചു. അനീതിയുടെയും അന്യായത്തിന്റെയും ഉമ്മറത്തുനിന്നാണ് നരേന്ദ്ര മോദി വലിയ വായില്‍ ഭാഷണം നടത്തുന്നത്. ഭരണത്തിന്റെ അവസാന നാളുകളില്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന ഉറക്കെപ്പറച്ചിലുകള്‍ വിവിധ കോണുകളില്‍നിന്ന് മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഉദ്ബുദ്ധരായ വോട്ടര്‍മാര്‍ വസ്തുതകള്‍ വിലയിരുത്തി ത്യാജഗ്രാഹ്യ ബുദ്ധിയോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് തന്നെയാണ് ജനാധിപത്യ വിശ്വാസികള്‍ കരുതുന്നത്. നന്മ തേടുന്ന ഓരോ വോട്ടറും തങ്ങളുടെ ശേഷിയും ശേമുഷിയും നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതത്തിന്റെ അടിസ്ഥാന പൈതൃകം സംരക്ഷിക്കുന്നതിനു വേണ്ടി ഇക്കുറി ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നുറപ്പാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ വാക്കുകളോട് ജനാധിപത്യ മതേതരത്വ സമൂഹത്തിന് വിടവില്ലാതെ ഐക്യപ്പെടാം. ‘ഈ ലോക് സഭ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. ഒരു വശത്ത് മഹാത്മാഗാന്ധിയും സ്‌നേഹവും. മറുവശത്ത് ഗോദ്‌സെയും വെറുപ്പും. സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ പിടിച്ചുകെട്ടണം. ഒരു ത്യാഗവും ഈ ലക്ഷ്യത്തില്‍ അധികമാവില്ല. ഒരു പരിശ്രമവും ചെറുതാകില്ല. ഈ യുദ്ധം ജയിക്കുക തന്നെ ചെയ്യും’.