സഹാീര്‍ കാരന്തൂര്‍
കഴിഞ്ഞ നവംബര്‍ ആറിനു പാക്കിസ്താനിലെ ട്വിറ്റര്‍ ടൈംലൈനുകളില്‍ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടു. ഏറെ ക്ഷീണിതനായ ഒരു മനുഷ്യന്‍ മൂന്നു കൂട്ടികളോടൊപ്പം കമ്പിളി പുതപ്പില്‍ റോഡരികില്‍ ഡിവൈഡറിനോട് ചേര്‍ന്നുകിടന്നുറങ്ങുന്നു. തെരുവു കച്ചവടക്കാരനായ അദ്ദേഹത്തിന്റെയും കുട്ടികളുടെയും ചിത്രം പാക് സോഷ്യല്‍ മീഡിയയില്‍ വലിയ അനുകമ്പാ തരംഗമുണ്ടാക്കി. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഒരു റസ്റ്റോറന്റ് ഉടമയോടൊപ്പം അയാളുടെയും കുട്ടികളുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിച്ചു. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി കുട്ടികളുടെ വിദ്യാഭ്യാസം റസ്റ്റോറന്റ് ഉടമ ഏറ്റെടുത്തിരുന്നു. കനിവ് വറ്റാത്ത ഹൃദയങ്ങള്‍ ലോകത്ത് ഇനിയും ബാക്കിയുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ആ ചിത്രത്തിന് അടിക്കുറിപ്പിട്ടു. നവംബര്‍ പത്തിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തന്റെ ട്വിറ്ററില്‍ റോഡരികില്‍ കിടന്നുറങ്ങുന്ന പിതാവിന്റെയും കുട്ടികളുടെയും അതേ ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു.’വീടില്ലാത്തവര്‍ക്ക് അന്തിയുറങ്ങാനുള്ള ഷെല്‍ട്ടറുകളിലൊന്നിന് ഇന്ന് ഞാന്‍ ലാഹോറില്‍ തുടക്കം കുറിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുപോലെ അഞ്ചു ഷെല്‍ട്ടറുകള്‍ ഉടന്‍ തുടങ്ങും. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഉറങ്ങാനൊരിടം ഉറപ്പുവരുത്തണം. എല്ലാവര്‍ക്കും ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം ലഭ്യമാകുന്ന ഒരു സാമൂഹ്യ വലയം സൃഷ്ടിച്ചെടുക്കുന്നതില്‍ നാം പ്രതിജ്ഞാബദ്ധരാണ്’. ഈ സംഭവം രാജ്യാന്തര മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയും ആ രാജ്യം കടന്നു പോകുന്ന മാറ്റത്തിലേക്ക് ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. പേരും ഊരുമില്ലാത്തവരുടെ കാര്യത്തില്‍ ഇമ്രാന്‍ഖാന്‍ ശ്രദ്ധ കാണിക്കുന്നത് ആദ്യമായല്ല. വര്‍ഷങ്ങള്‍ക്ക്മുമ്പ് തന്നെ പാവപ്പെട്ടവര്‍ക്കായി അദ്ദേഹം ഒരു കാന്‍സര്‍ ചികിത്സാകേന്ദ്രം തുടങ്ങിയിരുന്നു. സ്വകാര്യ ആസ്പത്രികളിലെ ചികിത്സ ചെലവ് വഹിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയായിരുന്നു തന്റെ മാതാവിന്റെ പേരിലൊരു കാന്‍സര്‍ കേന്ദ്രം തുടങ്ങിയത്.
1996ല്‍ തോല്‍വിയോടെയാണ് രാഷ്ട്രീയത്തില്‍ തുടക്കം. 2002ല്‍ വിജയിച്ചു. പക്ഷേ പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം സ്വപ്‌നമായി അവശേഷിച്ചു. 2013ല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കൂട്ടുകൂടാന്‍ ക്ഷണം കിട്ടിയെങ്കിലും വാഗ്ദാനം നിരസിച്ചു. ഇത്തവണ പക്ഷേ പാര്‍ട്ടിയെ വലിയ ഒറ്റക്കക്ഷിയാക്കി പാക്കിസ്താന്റെ അമരത്തേക്ക്, രാജ്യത്തിന്റെ ക്യാപ്റ്റനായി ഇമ്രാന്‍ ഖാന്‍ എത്തി. ഇനി അറിയേണ്ടത് ‘അധികാരത്തില്‍ വന്നാല്‍ പാക്കിസ്താനെ പ്രവാചകന്റെ കാലത്തെ മദീന പോലെയാക്കും’എന്ന വാക്കുകള്‍ സത്യമാകുമോ എന്നാണ്. തെരഞ്ഞെടുപ്പ് വേളയിലും വിജയത്തിനുശേഷവും ആവര്‍ത്തിക്കുന്ന ‘മദീന മാതൃക’ പാക് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ഇമ്രാന്‍ഖാന്റെ വ്യക്തിജീവതത്തില്‍ നിര്‍ണ്ണായകമായിരുന്നു അധ്യാത്മിക പ്രഭാഷകയായിരുന്ന ബുഷ്‌റ മനേകയുമായുള്ള വിവാഹ ബന്ധം. പാക് പട്ടണിലുള്ള ബാബാ ഫരീദ് ഖഞ്ച്ശകര്‍ ദര്‍ഗയിലെ നിത്യ സന്ദര്‍ശകനായിരുന്ന ഇമ്രാന്‍ ഖാന്‍ ബുഷ്‌റ മനേകയെ 2015 ലാണ് ആദ്യമായി സന്ദര്‍ശിക്കുന്നത്. തന്റെ പാര്‍ട്ടിയെ കുറിച്ചും രാഷ്ട്രീയ ഭാവിയെ കുറിച്ചും അവര്‍ നടത്തിയ പ്രവചനങ്ങള്‍ സത്യമായതോടെ ആ ബന്ധം ശക്തിപ്പെട്ടു. പിന്നീട് വിവാഹമോചിതയായ ബുഷ്‌റ മനേകയെ ഇമ്രാന്‍ ഖാന്‍ തന്റെ മൂന്നാമത്തെ സഖിയായി സ്വീകരിക്കുകയായിരുന്നു. തന്റെ ഭാര്യയോളം അധ്യാത്മിക തെളിച്ചമുള്ള ആരെയും താന്‍ കണ്ടിട്ടില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.
അഴിമതിയില്‍ മുങ്ങിക്കുളിച്ച രാജ്യത്തെ രക്ഷിച്ചെടുക്കുമെന്നാണ് പൊതുജനങ്ങള്‍ക്ക് ഇമ്രാന്‍ നല്‍കുന്ന ആത്മവിശ്വാസം. അനധികൃത സ്വത്തുസമ്പാദന കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫും കുടുംബവും ഇപ്പോള്‍ പത്തു വര്‍ഷത്തെ തടവു ശിക്ഷയിലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ അഴിമതി ആ രാജ്യത്തിന്റെ നട്ടെല്ലൊടിച്ചിട്ടുണ്ട്. ഒരു രാഷ്ട്രത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സര്‍വതോന്മുഖമായ ക്ഷേമം സാധ്യമാക്കാനാണ് ജനങ്ങള്‍ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നത്. തന്റെ രാജ്യത്തെ ദരിദ്രര്‍ മുതല്‍ സമ്പന്നവര്‍ വരെയുള്ള എല്ലാ തട്ടിലുള്ള ജനങ്ങളുടെയും ക്ഷേമം നടപ്പാക്കാന്‍ ഇമ്രാന്‍ ഖാന്‍ സ്വീകരിക്കുമെന്നു പറയുന്ന മാതൃകയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏഴാം നൂറ്റാണ്ടിലെ മദീനയും പ്രവാചകരുടെ ഭരണക്രമങ്ങളുമാണ് ഇമ്രാന്‍ മുന്നോട്ട്‌വെക്കുന്ന മാതൃകകള്‍. ഇരുപത്തൊന്നാം നൂറ്റണ്ടിന്റെ ആധുനിക സാമൂഹ്യ ക്രമത്തിലേക്കും രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കിടയിലേക്കും ഏഴാം നൂറ്റാണ്ടിലെ പ്രവാചക മാതൃകകളെ പകര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന വൈഭവമാണ് കാത്തിരുന്നു കാണേണ്ടത്. രാജ്യത്തെ ജനങ്ങളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കാന്‍ ഇമ്രാന്‍ ഖാന് സാധിച്ചത് ആദ്യത്തെ ഭരണ മികവായി കാണാമെങ്കിലും ആ പ്രതീക്ഷ നിലനിര്‍ത്തല്‍ അതിനേക്കാള്‍ വലിയ വെല്ലുവിളിയാണ്.
ശക്തമായ നിയമ നിര്‍മ്മാണത്തിലൂടെ വലിയ ഭൂ പ്രഭുക്കളെ ഉന്മൂലനം ചെയ്യുക, നിലവിലെ മാര്‍ക്കറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി, സ്വത്ത് നികുതി എന്നിവ ശേഖരിക്കുകയും കോടതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും സുതാര്യമാക്കുകയും ചെയ്യുക, സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ യോഗ്യതയെ അടിസ്ഥാനപ്പെടുത്തി മാത്രം നിയമനം നടത്തുക, വിദ്യാഭ്യാസത്തിലെ മികവ് മുഖ്യലക്ഷ്യമായി മാറുന്നതിലൂടെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഭാവനകള്‍ തന്നെ പുരോഗമിക്കുകയും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കുകയും ചെയ്യും. സൈനികരേക്കാള്‍ പൗരന്മാരെ രാജ്യത്തിന്റെ സേവകരും സംരക്ഷകരുമാക്കി മാറ്റലാണ് ഈ പ്രവര്‍ത്തനങ്ങളുടെ പൊതുവായ ലാഭമെന്നും അദ്ദേഹം പറയുന്നു.
ദരിദ്ര സമൂഹത്തെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ ഉയര്‍ത്തികൊണ്ടു വരലും അഴിമതി രഹിത സമൂഹത്തെ സൃഷ്ടിച്ചെടുക്കലുമാണ് ഏറ്റവും പ്രധാനമായി കാണുന്നത്. ഭരണത്തിന്റെ ആദ്യ നൂറു ദിവസങ്ങളില്‍, കാരുണ്യവും ജനക്ഷേമ കേന്ദ്രീകൃതവുമായ മദീനാ മാതൃകയിലുള്ള ഭരണ രീതിയും പ്രവാചക ചര്യകളേയും എല്ലാ അര്‍ത്ഥത്തിലും പിന്തുടരുമെന്നും സര്‍ക്കാരിന്റെ നൂറു ദിവസങ്ങള്‍ ആഘോഷിക്കുന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിക്കുന്നത് ജനങ്ങളിലെ ആത്മവിശ്വാസം ബലപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസം, കാര്‍ഷികം, ആരോഗ്യം, വ്യവസായം, ബിസിനസ്, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, അഴിമതി തടയല്‍, പണമൊഴുക്ക് തുടങ്ങിയ മേഖലകളില്‍ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ അതിജയിക്കാനായി വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹത്തന്റെ വാദം. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ബോര്‍ഡിനും ഉടന്‍ രൂപം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇമ്രാന്‍ ഖാന്‍ തന്നെയായിരിക്കും ബോര്‍ഡ് നേരിട്ട് നിയന്ത്രിക്കുക. സകാത്ത് ആന്റ് ഉശ്‌റ് ഡിപ്പാര്‍ട്ട്‌മെന്റ്, ബേനസീര്‍ ഇന്‍കം സപ്പോര്‍ട്ട് പ്രോഗ്രാം, ബൈത്തുല്‍ മാല്‍ പോലെ മറ്റു സ്ഥാപനങ്ങളും ഇതില്‍ വരും.
ഭവനവായ്പ, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് മേഖലകളില്‍ ദരിദ്രരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളുടെ മൊത്തത്തിലുള്ള മേല്‍നോട്ടമുണ്ടാക്കും. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് താമസം ഉറപ്പുവരുത്തുന്നതിനായി അഖൗത് ഫൗണ്ടേഷനു വേണ്ടി ഫെഡറല്‍ സര്‍ക്കാര്‍ ഇതിനകം അഞ്ച് ബില്യണ്‍ രൂപ അനുവദിച്ചിട്ടുണ്ട്.
രാജ്യത്ത് 43 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് ആദ്യ 100 ദിവസങ്ങളില്‍ പൈലറ്റ് പ്രൊജക്ട് പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൊണ്ട് നാല് മില്യണ്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചു. അനുപാതം അടുത്ത അഞ്ച് വര്‍ഷത്തേക്ക് 30 ശതമാനമായി കുറയും. ദാരിദ്ര്യത്തിന്റെ മുഖ്യകാരണങ്ങള്‍ നിരക്ഷരത, വൈകല്യങ്ങള്‍, കഴിവുകളുടെ അഭാവം എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ഈ പദ്ധതിയില്‍ പ്രത്യേക പരിപാടിയിലൂടെ മുന്നോട്ട് വരികയും ചെയ്യും.കര്‍ഷകരെ സഹായിക്കല്‍, വിദ്യാഭ്യാസമുള്ള സമൂഹത്തെ സൃഷ്ടിക്കുക, ഭരണഘടനാസ്ഥാപനങ്ങളെ അഴിമതിയില്‍നിന്ന് മുക്തമാക്കുക, സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള നയങ്ങള്‍ രൂപീകരിക്കുക, അയല്‍ രാജ്യങ്ങളോടുള്ള ബന്ധം ശക്തിപ്പെടുത്തുക തുടങ്ങി ഭരണ മികവ് അളന്നെടുക്കാവുന്ന രംഗങ്ങളിലൊക്കെയും അദ്ദേഹം മികച്ച കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതാണ് മുന്‍ ഭരണാധികാരികളില്‍നിന്നും ഇമ്രാന്‍ ഖാനെ വ്യത്യസ്തമാക്കുന്നത്. വിശക്കുന്നവരോടുള്ള കരുണയും പാര്‍പ്പിടമില്ലാത്തവരോടുള്ള കരുതലും ലോക ഭരണാധികാരികള്‍ക്കും മാതൃകയാക്കാവുന്നതാണ്.
പാക്കിസ്താന്‍ ഇനി അമേരിക്കയുടെ തോക്കാവാനില്ലെന്ന ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം വന്നതും അടുത്ത ദിവസമാണ്. ആരുടെയും ചട്ടുകമായി പ്രവര്‍ത്തിക്കാനില്ലെന്നും സ്വന്തം രാജ്യത്തെ നട്ടെല്ലുയര്‍ത്തി നിര്‍ത്തുമെന്നുമുള്ള ഒരു ഭരണാധികാരിയുടെ സ്വപ്‌നമായി ആ പ്രഖ്യാപനത്തെ കാണാമെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസം നല്‍കുന്ന കാര്യം കൂടിയാണത്. ഇന്ത്യയോട് സൗഹാര്‍ദ്ദം പുലര്‍ത്താന്‍ ഇമ്രാന്‍ ഖാന് താല്‍പര്യമുണ്ട്. തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സമയമായതുകൊണ്ടാണ് മോദി സര്‍ക്കാര്‍ അയല്‍ രാജ്യങ്ങളോട് അകലം പാലിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം കോണ്‍ഗ്രസിന്റെ യുവ മുഖമായ നവജ്യോത് സിങ് സിദ്ദുവും ഇമ്രാന്‍ഖാനും സുഹൃത്തുക്കളാണ്. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന ഇമ്രാന്‍ഖാന്റെ ലളിതമായ സത്യപ്രതിജ്ഞാചടങ്ങിലും സിദ്ദു പങ്കെടുത്തിരുന്നു.
നവംബര്‍ 28ന് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ഇന്ത്യയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ അതിര്‍ത്തി പാതയുടെ തറക്കല്ലിടല്‍ ചടങ്ങ് നടന്നപ്പോഴും നവജ്യോത് സിങ് സിദ്ദു അതിഥിയായി പങ്കെടുത്തു. ഗുരുനാനാക്ക് നടന്ന മണ്ണില്‍ തന്റെ ടര്‍ബന്‍ തൊടുന്ന നിമിഷത്തിന്റെയത്ര സന്തോഷം നല്‍കുന്ന വേറൊരു സമയം സിദ്ദുവിനുമുണ്ടായിരുന്നില്ല. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍നിന്നും പാകിസ്താനിലെ പ്രശസ്തമായ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് പാത പണിയണമെന്നത് സിഖ് വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഗുരുനാനാക്ക് 18 വര്‍ഷത്തോളം ചെലവഴിച്ചെന്ന് കരുതപ്പെടുന്ന സ്ഥലമാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍നിന്ന് 120 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാര. കര്‍താപൂര്‍ ഇടനാഴി ഇന്ത്യാ- പാക് ബന്ധത്തില്‍ പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ ഈ ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് തുടക്കം കുറിച്ചത്.
ഇമ്രാന്‍ ഖാന്റെ അധികാരാരോഹണത്തിന്റെ നൂറുദിനങ്ങള്‍ പാക്കിസ്താനില്‍ സജീവ ചര്‍ച്ചയാണ്. രാജ്യത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് ഏഴാംനൂറ്റാണ്ടിലെ മദീന മാതൃക പിന്തുടരുമെന്നപ്രഖ്യാപനത്തോട് ഏത്രത്തോളം നീതിപുലര്‍ത്താനാവുമെന്ന് കാത്തിരുന്ന കാണേണ്ടിയിരിക്കുന്നു.