കെ.പി ജലീല്‍
ഉത്തരേന്ത്യയിലെ പല മഹാനഗരങ്ങളുടെയും പേര് മാറ്റുന്ന തിരക്കിലാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാന ഭരണകൂടങ്ങള്‍. ഉത്തര്‍പ്രദേശിലെ പ്രമുഖ നഗരമായ അലഹബാദിനെ ഒക്ടോബര്‍ 15ന് പ്രയാഗ്‌രാജ് എന്ന് പുനര്‍നാമകരണം ചെയ്തതിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ന്യായീകരിച്ചത് ഇന്ത്യയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടിയാണെന്നാണ്. ഇതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്നത് രാഷ്ട്ര പാരമ്പര്യത്തിലുള്ള ആത്മാഭിമാനമോ അമിതാഭിമാനമോ അല്ലെന്നും സങ്കുചിതമായ സഹജീവി വിരോധം മാത്രമാണെന്നും പ്രത്യേകിച്ച് ആരോടും പറയേണ്ടതില്ല. ആര്‍.എസ്.എസ് ആശയക്കാര്‍ കാലങ്ങളായി ഇന്ത്യയുടെ പൊതുസമൂഹത്തിനുമുന്നില്‍ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിലുള്ള അസഹിഷ്ണുതയും അന്യമതവിരോധവും പരസ്യമായി പ്രകടിപ്പിച്ചുവരികയാണ്. രാജ്യത്തിന്റെ കേന്ദ്രാധികാരവും സംസ്ഥാനഭരണകൂടങ്ങളും പിടിച്ചെടുത്തതിനെതുടര്‍ന്നാണ് ഇത്തരമൊരു കാടിളക്കിയുള്ള പേരുമാറ്റ പ്രക്രിയക്ക് അവര്‍ തുടക്കം കുറിച്ചിരിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതാണ് ഇന്ത്യയുടെ മഹത്തരമെന്ന ്‌നാം അഭിമാനിക്കുന്ന സാംസ്‌കാരികമായ സങ്കലനങ്ങളും വൈവിധ്യമാര്‍ന്ന ജീവിതരീതികളും. ബുദ്ധരും ജൈനരും ഹൈന്ദവരും മുസ്‌ലിംകളും ക്രിസ്തുമത വിശ്വാസികളും സിഖുകാരുമൊക്കെയായി പലകാലങ്ങളിലായി രൂപപ്പെട്ടതാണ് നമ്മുടെ സങ്കലിതസംസ്‌കാരം. സാകല്യതയാണ് അതിന്റെ മുഖമുദ്ര. രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും ആ സാംസ്‌കാരിക പൂങ്കാവനം നല്‍കിയ പങ്ക് അളവറ്റതാണ്. അതിനെയെല്ലാം പടിപടിയായി മാറ്റിമറിച്ച് ആര്യസംസ്‌കാരത്തിന്റെ ഏകധ്രുവ സവര്‍ണ സാംസ്‌കാരികതയിലേക്ക് രാജ്യത്തെ കൊണ്ടുചെന്നെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഏതാനും അല്‍പബുദ്ധികള്‍ ഇവിടെ ഏര്‍പെട്ടുകൊണ്ടിരിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം മുമ്പുതന്നെ ഇത്തരം ഏകധ്രുവത്തിന്റെയും അന്യസംസ്‌കാരങ്ങളുടെ നേര്‍ക്കുള്ള വിമ്മിട്ടത്തിന്റെ പ്രകടനപരതകള്‍ രാജ്യം ദര്‍ശിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ആ ആശയം ഭീമാകാരം പൂണ്ട് പത്തിവിടര്‍ത്തിയാടുന്നത്.
കല്‍ക്കട്ടയെ കൊല്‍ക്കത്തയെന്നും ട്രിവാന്‍ഡ്രം തിരുവനന്തപുരമെന്നും ആക്കിയതുപോലെയല്ല പേര്‍ഷ്യന്‍ -അറബി പദങ്ങളെന്ന ഒറ്റക്കാരണം കൊണ്ടുമാത്രം സ്ഥലനാമങ്ങള്‍ മാറ്റുന്ന സംഘ്പരിവാര്‍ വികലമനസ്സിനെ കാണേണ്ടത്. ഉത്തര്‍പ്രദേശിലെ മുഗള്‍സരായി രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ റെയില്‍വെസ്‌റ്റേഷനാണ്. ഇതിന്റെ പേര് ദീന്‍ദയാല്‍ ഉപാധ്യായ എന്നാക്കിമാറ്റിയത് അടുത്തിടെയാണ്. ഇതേവര്‍ഗീയമനസ്സുതന്നെയാണ് മുമ്പ് മുംബൈയിലെ വിക്ടോറിയ ടെര്‍മിനസ് (വി.ടി )സ്‌റ്റേഷനെ ഛത്രപതി ശിവജി എന്നാക്കി മാറ്റിയത്. യു.പിയിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യ ഫൈസാബാദില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെ നിലവിലുള്ള പട്ടണമാണ്. മുഗള്‍ഭരണത്തിന്റെ ആസ്ഥാനമായിരുന്ന ആഗ്രയുടെ പേര് അഗര്‍വാളാക്കാനും യോഗി ഒരുങ്ങിക്കഴിഞ്ഞു. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്നും സരയൂതീരത്ത് രാമപ്രതിമ സ്ഥാപിക്കുമെന്നും വിമാനത്താവളത്തിന് രാമന്റെയും സര്‍വകലാശാലക്ക് രാമന്റെ പിതാവ് ദശരഥന്റെയും നാമം നല്‍കുമെന്നും യോഗി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ്, ഔറംഗബാദ് എന്നിവയുടെ പേരുകള്‍ മാറ്റണമെന്ന് ശിവസേന ആവശ്യപ്പെടുന്നു. ഗുജറാത്തിലെ അഹമ്മദാബാദിനെ കാമാവതിയെന്ന് മാറ്റാനും നീക്കമുണ്ടത്രെ.
അലഹബാദ് നഗരം നിര്‍മിച്ചത് മുഗള്‍ ചക്രവര്‍ത്തി അക്ബറായിരുന്നു. ഏതെങ്കിലും നഗരത്തിന്റെ പേരുമാറ്റുകയായിരുന്നില്ല, യമുനയും ഗംഗയും കൂടിച്ചേരുന്ന പുണ്യസംഗമസ്ഥാനത്തിന്റെ പേര് അലഹബാസ് (ദൈവത്തിന്റെ സ്ഥലം) എന്നാക്കി വന്‍നഗരം പണിയുകയായിരുന്നു അദ്ദേഹമെന്ന് മധ്യകാല ഇന്ത്യയെക്കുറിച്ച് ഗവേഷണം നടത്തിയ ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫ. സയ്യിദ് സഹീര്‍ ഹുസൈന്‍ ജിഫ്രി പറയുന്നു. ബ്രിട്ടീഷുകാരാണ് ഇതിനെ അലഹബാദ് എന്നുവിളിച്ചത്. ഭൂമിശാസ്ത്രവശാല്‍ ഇന്ത്യയിലേക്ക് കരമാര്‍ഗം കടന്നെത്തിയ പേര്‍ഷ്യക്കാര്‍ നല്‍കിയ പേരുകളില്‍ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായ ഭാഷാനാമങ്ങള്‍ വന്നുചേര്‍ന്നതിനെ തികച്ചും സ്വാഭാവികതയായേ കാണാനാകൂ. പണ്ടെങ്ങോ മനുഷ്യര്‍ ചൊല്ലിവിളിച്ച സ്ഥലനാമങ്ങളെ വക്രീകരിച്ച് പുതിയ പേരുകള്‍ ചാര്‍ത്തുന്നതിനെ സംഘ്പരിവാരുകാര്‍ക്ക് ന്യായീകരിക്കാമെങ്കിലും രാജ്യത്തെ ഹൈന്ദവ സമുദായാംഗങ്ങളും സാംസ്‌കാരിക പ്രമുഖരുമൊന്നും അതംഗീകരിക്കുന്നില്ലെന്ന് ഇതിനകം വെളിവാക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പേര്‍ഷ്യയില്‍നിന്നാണ് പാഴ്‌സി പദമുണ്ടായത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ ഉല്‍ഭവം ‘ദില്ലി’യില്‍ നിന്നാണ്. ഇന്ദ്രപ്രസ്ഥമാണ് ദില്ലു രാജാവിന്റെ പേരോടെ ദില്ലിയായി മാറിയതെന്ന് ചരിത്രം. ഹിന്ദു, ഇന്ത്യ എന്നിവ വിളിക്കപ്പെട്ടത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. അതുവിളിച്ചതാകട്ടെ പേര്‍ഷ്യക്കാരും. അഞ്ഞൂറുകൊല്ലം മുസ്‌ലിംകളായ മുഗളരും 150 കൊല്ലത്തോളം ക്രിസ്ത്യാനികളും ഭരിച്ചകാലത്ത് അവര്‍ വിചാരിച്ചിരുന്നെങ്കില്‍ ഇന്നത്തെ ഇന്ത്യ ഉണ്ടാകുമായിരുന്നോ. താജ്മഹലും ചെങ്കോട്ടയും പാര്‍ലമെന്റ് മന്ദിരവും ജുമാസ്ജിദുമൊക്കെ വിളംബരം ചെയ്യുന്ന മിശ്ര സംസ്‌കാരത്തിന്റെയും അപൂര്‍വ കലകളുടെയും തച്ചുവിദ്യയുടെയും മുദ്രകളെ അടര്‍ത്തിമാറ്റാന്‍ പേരുമാറ്റങ്ങള്‍കൊണ്ട് കഴിയുമോ. രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിനഗറിനെയും മാറ്റില്ലെന്നിനി ആരുകണ്ടു? ഈ ശാസ്ത്രയുഗത്തിലെ പലതിന്റെയും ഇംഗ്ലീഷ് പേരുകളൊക്കെ നമുക്കൊറ്റയടിക്ക് മാറ്റാനാകുമോ. പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനാണെങ്കില്‍ ഹിന്ദുമതത്തിന്റെയും രാജ്യത്തിന്റെയുംകൂടി പേരുകള്‍ മാറ്റണമെന്ന് ഇക്കൂട്ടര്‍ വാദിക്കുമോ? റോസാപുഷ്പത്തെ മറ്റൊരു പേര് ചൊല്ലിവിളിച്ചാല്‍ അതിന്റെ സുഗന്ധം മാറുമോ എന്ന് ചോദിച്ചത് വില്യം ഷേക്‌സ്പിയറായിരുന്നു.
ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നിടണമെന്ന് വാദിച്ചയാളാണ് നമ്മുടെ രാഷ്ട്രശില്‍പി പണ്ഡിറ്റ് ജവഹര്‍ലാര്‍നെഹ്‌റു. വിവിധ ദേശക്കാരുടെ ഇന്നത്തെ വസ്ത്രരീതികളും ആചാരവിശ്വാസങ്ങളും ഭക്ഷണവൈവിധ്യവും ആശയ സമ്പന്നതയുമെല്ലാം അവരവരുടേത് മാത്രമാണെന്ന് സുബോധമുള്ള ആര്‍ക്കും പറയാന്‍ കഴിയില്ല. അവരവരുടെ സൗകര്യത്തിനനുസരിച്ചാണ് ഓരോ സമൂഹവും അതത് കാലങ്ങളില്‍ ഓരോ വിശ്വാസവും അഭിപ്രായവും പേരുകള്‍പോലും കൊണ്ടുനടക്കുന്നത്. അവയെയെല്ലാം ഒറ്റയടിക്ക് തീവ്ര ഹിന്ദുത്വത്തിന്റെ ഊലയിലിട്ട് ഉടച്ചുപണിയാം എന്നു കരുതുന്ന അല്‍പന്മാരെ കാലം ചവറ്റുകുട്ടയിലെറിയുകതന്ന ചെയ്യും. അതുകൊണ്ടാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായോട് പ്രസിദ്ധചിന്തകന്‍ ഇര്‍ഫാന്‍ ഹബീബ് ചോദിച്ചത്, താങ്കളുടെ പേരിലെ ‘ഷാ’ എന്ന പദം ഉപേക്ഷിക്കാന്‍ തയ്യാറുണ്ടോ എന്ന്!. ചരിത്രവസ്തുതകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ദ്രാവിഡരായ ഇന്ത്യന്‍ ജനതയുടെമേല്‍ അധീശത്വം സ്ഥാപിച്ച ആര്യസവര്‍ണജനവിഭാഗമാണ് ഇന്ന് ഇന്ത്യയുടെ വിവിധ ഉത്തരപ്രദേശങ്ങളില്‍ ഭൂവുടമകളായും അധികാരികളായും വാഴുന്നത്. അവരുടെ താളത്തിനുതുള്ളാന്‍ ഇന്ത്യക്കാരെ കിട്ടില്ലെന്ന പ്രഖ്യാപനമാണ് അയോധ്യ സ്വദേശിയായ നിഖില്‍ ഗോസ്വാമിയുടെ വാക്കുകളിലൂടെ പുറത്തുവരുന്നത്: ‘അയോധ്യയുടെ പേര് അങ്ങനെതന്നെ ഇരിക്കട്ടെ. എന്നാല്‍ ഫൈസാബാദിന്റെ പേര് മാറ്റുന്നത് തികച്ചും രാഷ്ട്രീയമാണ്.’ ഹിന്ദുത്വവാദികള്‍ക്ക് ഇതൊരു രോഗമാണ്; മുസ്്‌ലിം വേഷ-നാമധാരികളെയും വിമര്‍ശകരെയും കാണുമ്പോള്‍ ഇളകുന്ന മാനിയയാണത്. അധികാരലബ്ധിക്കുള്ള ഒരു കുറുക്കുവഴിയും.