കലാലയ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ ക്യാമ്പസ്സുകള്‍ സംഘര്‍ഷ ഭൂമിയായി മാറുകയാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലും അവര്‍ക്ക്‌വേണ്ടി വാടക ഗുണ്ടകളും നടത്തുന്ന അക്രമങ്ങള്‍ കലാലയത്തിന് പുറത്തേക്ക് പോലും വ്യാപിക്കുന്നു. പല ക്യാമ്പസിലും പല വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകര്‍ക്കും നോമിനേഷന്‍ നല്‍കാന്‍ പോലും കഴിയുന്നില്ല. ചില ക്യാമ്പസുകളില്‍ ഭരണവിലാസം സംഘടനകള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു. പോളിങ് നടന്ന പലയിടത്തും പോളിങ് ശതമാനം 30ല്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ട് 70 ശതമാനം പേര്‍ വോട്ടിങില്‍നിന്നു വിട്ടുനില്‍ക്കുന്നു? എന്തുകൊണ്ട് നോമിനേഷന്‍ നല്‍കാന്‍ പോലും പലര്‍ക്കും കഴിയാതെ പോകുന്നു? ജനാധിപത്യത്തിന്റെ പരിശീലനകളരിയാകേണ്ട ക്യാമ്പസുകള്‍ അക്രമ രാഷ്ട്രീയത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പുകളായി മാറുന്നു. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയം ക്യാമ്പസുകളില്‍ വേണോ? ഉറക്കെ ചിന്തിക്കേണ്ട കാര്യമാണ്.
ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഫലമായി ഇനി ഒരാളുടെയും ജീവന്‍ പൊലിയുന്നത് അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി പരാമര്‍ശവും തുടര്‍ന്ന് കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും പഠനം കഴിഞ്ഞ് രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ മതിയെന്നുമു ള്ള ഗവര്‍ണ്ണറുടെ അഭിപ്രായവും ക്യാമ്പസില്‍ രാഷ്ട്രീയം അനുവദനീയമാണോയെന്ന ചര്‍ച്ചകള്‍ സജീവമാക്കിക്കൊണ്ടിരിക്കുകയാണ്. മഹാരാജാസ് കോളജില്‍ നടന്ന അഭിമന്യുവിന്റെ അതിക്രൂരമായ കൊലപാതകവും പല ക്യാമ്പസുകളിലും അരങ്ങേറുന്ന അക്രമ സംഭവങ്ങളും ക്രിമിനല്‍ കുറ്റകൃത്യങ്ങളും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനം പോലും സുഗമമായി നടക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷവും ക്യാമ്പസില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അനുവദിക്കരുതെന്ന് നിലപാടിന് ശക്തി പകരുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ വഴിവിട്ട പ്രവര്‍ത്തനരീതികളും അസഹിഷ്ണതയും വാടക ഗുണ്ടകളെയും ക്രിമിനല്‍ സംഘങ്ങളെയും ക്യാമ്പസിലും പരിസരത്തും അണിനിരത്തി മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ അടിച്ചമര്‍ത്താന്‍ നടത്തുന്ന നീക്കങ്ങളും എല്ലാ പരിധിയും ലംഘിച്ച് അഴിഞ്ഞാടുന്ന സ്ഥിതിവിശേഷം തന്നെയാണ് ക്യാമ്പസില്‍ രാഷ്ട്രീയം വേണ്ട എന്ന ചിന്താഗതി സൃഷ്ടിച്ചിട്ടുള്ളത്.
‘ക്യാമ്പസ് രാഷ്ട്രീയം’ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടേണ്ട ഒന്നാണോ? പ്രതേ്യകിച്ച് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ പരിധി 18 ആയി കുറച്ച അവസരത്തില്‍ നമ്മുടെ യുവതലമുറ രാഷ്ട്രീയ ബോധം ഉള്ളവരായി വളരേണ്ടതല്ലേ? ഇന്നത്തെ നിലയില്‍ 17 വയസ് കഴിയുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി ഹയര്‍ സെക്കന്ററി പഠനം പൂര്‍ത്തിയാക്കും. 18 വയസ്സില്‍ കോളജ് ക്യാമ്പസിലും പോളിങ് ബൂത്തിലും ഒരു പോലെയെത്തുന്ന വിദ്യാര്‍ത്ഥിക്ക് രാഷ്്രടീയ കാര്യങ്ങളില്‍ പ്രാഥമികമായ സാമാന്യ വിജ്ഞാനവും ജനാധിപത്യ പരിശീലനവും ലഭിക്കാനുള്ള സാഹചര്യം നിഷേധിക്കുന്നത് ശരിയാണോ എന്ന് രണ്ട് വട്ടം ചിന്തിക്കേണ്ടതുണ്ട്. ഈയൊരു കാര്യം പരിഗണിച്ചാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ പ്രാഥമിക പരിശീലനത്തിനായി സ്‌കൂള്‍ പാര്‍ലമെന്റുകളും കോളജ് യൂണിയനുകളും യൂണിവേഴ്‌സിറ്റി യൂണിയനുകളും രൂപീകരിച്ചത്. ഇന്ത്യയിലാദ്യമായി സര്‍വകലാശാല സെനറ്റില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം അനുവദിച്ചത് കേരളത്തിലാണെന്ന യാഥാര്‍ത്ഥ്യവും വിസ്മരിച്ചുകൂടാ.
വിദ്യാര്‍ത്ഥി രാഷ്ട്രീയം പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുകയും ആ സ്ഥാനത്ത് മത തീവ്രവാദ സംഘടനകളും അരാഷ്്രടീയത്തിന്റെ മുഖംമൂടിയണിഞ്ഞ വര്‍ഗീയ സംഘടനകളും പിടിമുറുക്കാന്‍ അനുവദിക്കുന്നത് ഗുണകരമാണോയെന്ന് എല്ലാവരും ചിന്തിക്കണം. വഴിതെറ്റിക്കപ്പെടാന്‍ പരുവമായ മനസ്സാണ് യുവതലമുറയുടേത്. കുശവന്റെ കൈയിലെ കളിമണ്ണ്‌പോലെ ഏതു രൂപത്തിലും അത് പാകപ്പെടുത്തിയെടുക്കാന്‍ കഴിയും. ഇപ്പോള്‍ തന്നെ പല വേഷത്തിലും ഭാവത്തിലും ക്യാമ്പസില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന വര്‍ഗീയ സംഘടനകളുടെ കൈയിലെ ചട്ടുകമായി വിദ്യാര്‍ത്ഥികള്‍ മാറാനിടയുള്ള സാഹചര്യവും ഒരിക്കലും അനുവദനീയമല്ല. വനിതാ കോളജുകളില്‍പോലും മയക്കുമരുന്നുകളുടെ ഉപയോഗം കടന്നുവരുന്നുവെന്നോ വര്‍ധിക്കുന്നുവെന്നോ ഉള്ള വാര്‍ത്തകള്‍ യുവതലമുറ എങ്ങോട്ടാണ് പോകുന്നതെന്ന അപകടകരമായ സൂചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഉത്തരവാദിത്വബോധമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ സാന്നിധ്യം ഇത്തരം സാമൂഹ്യ-ദേശീയ വിരുദ്ധ താല്‍പര്യങ്ങളുടെ കടന്നുകയറ്റം നിയന്ത്രിക്കാനും ഒഴിവാക്കാനും വലിയ പരിധിവരെ സഹായകരമായിരിക്കും.
എന്നാല്‍ ജനാധിപത്യ നടപടിക്രമങ്ങളില്‍ അധിഷ്ഠിതമായല്ല ഇന്ന് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പലതും പ്രവര്‍ത്തിക്കുന്നത്. പല ക്യാമ്പസുകളിലും തങ്ങളുടെ ‘കോട്ട’യായി മുദ്രകുത്താനും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനശൈലി നിഷേധിക്കാനും നടത്തുന്ന നീക്കങ്ങള്‍ ശരിയാണോയെന്ന കാര്യം വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വയം ചിന്തിക്കണം. അഭിമന്യു സംഭവത്തെ തുടര്‍ന്ന് മഹാരാജാസ് ഹോസ്റ്റലില്‍ നടന്ന പൊലീസ് റെയിഡില്‍ മാരകായുധങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത സംഭ്രമജനകമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ അടിച്ചമര്‍ത്താന്‍ ക്യാമ്പസുകളില്‍ കോളജ് യൂണിയനുകള്‍ക്കായി മാറ്റിവെച്ച മുറികളില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതും മൃഗീയമായി മര്‍ദ്ദിക്കുന്നതും ‘ചാപ്പകുത്തി’ പീഡിപ്പിക്കുന്നതുമായ എത്രയോ വാര്‍ത്തകളാണ് ക്യാമ്പസുകളില്‍നിന്നും പുറത്തുവരുന്നത്? കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ സ്വതന്ത്രമായാണോ നടക്കുന്നത്. എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടോ. പല കോളജ് ഹോസ്റ്റലുകളും വിദ്യാര്‍ത്ഥികളല്ലാത്ത സാമൂഹ്യവിരുദ്ധന്മാരുടെ താവളമാണെന്നു ബോധ്യമായിട്ടും അവരെ പുറത്താക്കാന്‍ കഴിയാത്ത കോളജ് അധികൃതരുടെ നിസ്സഹായത കാണാതെ പോകാന്‍ കഴിയുമോ. കര്‍ശനമായ നിലപാട് സ്വീകരിക്കുന്ന പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താനും വഴങ്ങാത്തവരുടെ കസേര കത്തിച്ചും ശവക്കുഴിയുണ്ടാക്കി റീത്തുവെച്ചും ആഘോഷിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി നേതാക്കന്മാരെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തിരുത്താന്‍ ശ്രമിക്കുന്നതിന് പകരം ‘അതൊരു ഇന്‍സ്റ്റലേഷണാണെന്ന്’ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ എന്തു മാതൃകയാണ് സമൂഹത്തിന് സൃഷ്ടിക്കുന്നത്? ഗൗരവമായി എല്ലാവരും ചിന്തിക്കേണ്ടകാര്യമാണിത്. ക്യാമ്പസ് രാഷ്ട്രീയം ഒഴിവാക്കുന്നത് ഒരിക്കലും ഗുണകരമല്ല. എന്നാല്‍ ഇന്നത്തെ വഴിവിട്ടശൈലി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കലാലയ രാഷ്ട്രീയത്തിനെതിരെയുള്ള എതിര്‍പ്പ് ശക്തമാക്കാനേ സഹായിക്കൂ.