പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
സമ്പന്നമായ കേരളീയ മുസ്‌ലിം സാമൂഹ്യജീവിതത്തില്‍ പാരമ്പര്യ മൂല്യങ്ങള്‍ മുറുകെപിടിച്ച് സമുദായത്തെ ആധുനിക കാലത്തിനൊപ്പം നടത്തിയ അനുപമ വ്യക്തിത്വമായിരുന്നു സൈദു മുഹമ്മദ് നിസാമി. മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ അദ്ദേഹം നടത്തിയ ധിഷണാപരമായ ഇടപെടലുകള്‍ സമുദായത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുന്നതായിരുന്നു. പ്രഭാഷകന്‍, എഴുത്തുകാരന്‍, പണ്ഡിതന്‍ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിസാമിയുടെ ജീവിതം പുതുതലമുറക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ്. വിജ്ഞാനപ്രദമായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണവും. പുതിയ അറിവുകളും ചിന്തയും പ്രദാനം ചെയ്യുന്ന ആ പ്രഭാഷണ ശൈലി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ക്ക് ഒരുപോലെ ആസ്വാദ്യകരമായിരുന്നു. പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും സമൂഹത്തെ പരിവര്‍ത്തിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഇസ്‌ലാമിക പാരമ്പര്യവും ചരിത്രവും തന്റെ ലളിതമായ വേറിട്ട ശൈലിയിലൂടെ അദ്ദേഹം പുതു തലമുറക്ക് കൈമാറി.
ഇസ്ലാമിന്റെ പ്രതാപ കാലത്തിന്റെ കഥകള്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹൃദ്യമായ ശൈലിയില്‍ അദ്ദേഹം പകര്‍ന്നു നല്‍കി. ഇത് പുതു തലമുറയില്‍ ഏറെ പ്രതീക്ഷ നല്‍കി. ചരിത്രം, വിദ്യാഭ്യാസം, ഇസ്‌ലാമിക സംസ്‌കാരം, ആത്മീയത തുടങ്ങിയവയില്‍ അദ്ദേഹം കൈമാറിയ അറിവും കാഴ്ചപ്പാടും ഹൃദ്യവും ആഴമേറിയതുമായിരുന്നു. എണ്‍പത്തിഅഞ്ചിലെ ശരീഅത്ത് വിവാദകാലത്ത് ശരീഅത്തും വ്യക്തി നിയമങ്ങളും സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ സമൂഹത്തില്‍ ഏറെ ചലനങ്ങളുണ്ടാക്കി. അദ്ദേഹത്തിന്റെ പരന്ന വായനയും ഉയര്‍ന്ന ചിന്തയും പൊതുസമൂഹത്തിന് പുതിയ ദിശാബോധം നല്‍കാന്‍ ഉതകുന്നതായിരുന്നു.
പാരമ്പര്യ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് കൊണ്ട് അദ്ദേഹം വിശാലമായി ചിന്തിച്ചു. ഇസ്ലാമിന്റെ സുതാര്യത അദ്ദേഹം വളച്ചു കെട്ടില്ലാതെ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖങ്ങള്‍ ഇസ്ലാമിന്റെ ശരിയുടെ പക്ഷവും സൗന്ദര്യവും വരച്ചുകാട്ടി.
ആരോപണ പ്രത്യാരോപണങ്ങള്‍ പ്രസംഗ വിഷയമാക്കാന്‍ അദ്ദേഹം ഒരിക്കലും മുതിര്‍ന്നില്ല. അറിവിന്റെ ആഴങ്ങള്‍ തൊടുന്നതായിരുന്നു ആ പ്രസംഗത്തിലെ ഓരോ വാക്കും പ്രയോഗവും. ഇസ്‌ലാമിക ചരിത്രത്തിലെ വിജയ. കഥകള്‍ മാത്രമല്ല; ഭരണാധികാരികള്‍ വഴിവിട്ട മാര്‍ഗം സ്വീകരിച്ചപ്പോള്‍ തകര്‍ന്നുപോയ സാമ്രാജ്യങ്ങളെയും സമൂഹത്തെയും അദ്ദേഹം പരിചയപ്പെടുത്തി. ഇതര പ്രത്യയശാസ്ത്രങ്ങളെ പഠിച്ചറിഞ്ഞ്, താരതമ്യ വിശകലനങ്ങള്‍ നടത്തിയാണ് ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നത്.
മതവും മാര്‍ക്‌സിസവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ നിസാമിയെ പോലെ ആഴത്തിലറിഞ്ഞ പണ്ഡിതര്‍ വിരളമാണ്. ‘ഇസ്‌ലാമും കമ്മ്യൂണിസവും’ അദ്ദേഹത്തിന്റെ പ്രധാന പ്രസംഗ വിഷയങ്ങളിലൊന്നായിരുന്നു. സമസ്തയുടെ വേദികളിലെന്നപോലെ മുസ്‌ലിം ലീഗ് പഠന ക്ലാസുകളിലും നിറ്യൂ്യൂഞ്ഞുനിന്ന പ്രഭാഷകനായിരുന്നു അദ്ദേഹം.
പതിവ് രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കപ്പുറം സംഘടനയുടെ ചരിത്രവും പൂര്‍വിക നയനിലപാടുകളും ഉദ്ധരിച്ചുകൊണ്ടുള്ളത്.
ഖാഇദേമില്ലത്തിനെയും ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ്‌കോയ തുടങ്ങിയവരെയും നിസാമിയിലൂടെ കേള്‍ക്കുന്നത് മനസ് തൊടുന്ന അനുഭവമായിരുന്നു. എഴുതുന്ന വരിയിലും പറയുന്ന വാക്കിലും നൂറു ശതമാനം ഉത്തരവാദിത്തം പുലര്‍ത്തിയിരുന്ന പ്രഭാഷകന്‍. ശുദ്ധ സാഹിത്യത്തില്‍ മിതമായ സ്വരത്തില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രസംഗ പരമ്പരകളിലൂടെ സൈദ് മുഹമ്മദ് നിസാമി ചെയ്ത ഇസ്‌ലാമിക സേവനം ചരിത്രത്തിന്റെ ഭാഗമാണ്. ഇസ്‌ലാമിക പ്രചാരണം ജീവിത ദൗത്യമായേറ്റെടുത്ത പണ്ഡിത പരമ്പരയിലെ കണ്ണിയാണദ്ദേഹം. ഭൗതികമായ നേട്ടങ്ങളില്‍ ശ്രദ്ധിക്കാതെ തന്റെ ചുമതല മത പ്രബോധനമാണെന്ന് മനസ്സിലാക്കി അദ്ദേഹം പ്രവര്‍ത്തിച്ചു.
ചന്ദ്രിക വാരികയിലും പത്രങ്ങളിലുമെല്ലാം അദ്ദേഹം ആദ്യകാലങ്ങളിലെഴുതിയിരുന്ന ലേഖനങ്ങള്‍ വായിച്ചു പഠിച്ച് പലരും പ്രസംഗ പരിശീലനം നടത്തിയിരുന്നത് ഇത്തരുണത്തില്‍ ഓര്‍മ്മിക്കുകയാണ്. താന്‍ പ്രവര്‍ത്തിച്ച മണ്ഡലങ്ങളിലെല്ലാം സവിശേ.ഷമായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ നിസാമിക്ക് കഴിഞ്ഞു.
വിദ്യാഭ്യാസ രംഗത്തുള്ള നിസാമിയുടെ സേവനങ്ങള്‍ നിസ്തുലമാണ്. മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തി മുന്നേറുന്ന വാഫി വഫിയ്യ കോഴ്സുകളുടെ വളര്‍ച്ചയിലും പ്രചാരണത്തിലും തുടക്കം മുതലേ അദ്ദേഹം നേതൃപരമായ സംഭാവനകള്‍ നല്‍കി.
ഇന്ന് ഇസ്‌ലാമിക് യുണിവേഴ്‌സിറ്റിസ് ലീഗ് നിര്‍വാഹക സമിതി അംഗത്വമുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി. ഐ. സി) അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രം എന്നും ഓര്‍മിക്കും. വാഫിയുടെ വിവിധ പരിപാടികളില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തപ്പോഴെല്ലാം സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും പ്രാധാന്യവും മനോഹരമായി അവതരിപ്പിക്കാറുണ്ടായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീ സാന്നിധ്യം സമൂഹത്തിന് പരിചയപ്പെടുത്തിയ അദ്ദേഹം വഫിയ്യ കോഴ്‌സിലൂടെ ഒരു വനിതാ വിദ്യാഭ്യാസ വിപ്ലവം സാധിച്ചെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. നിസാമിയുടെ സൗഹൃദ വലയം ഏറെ വിശാലമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ക്കതീതമായി സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള എല്ലാവരുമായും അദ്ദേഹം സ്‌നേഹ ബന്ധം സൂക്ഷിച്ചു. ബന്ധങ്ങളും പരിചയങ്ങളുമെല്ലാം സമുദായത്തിന്റെ ശാക്തീകരണ മാര്‍ഗത്തിലാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന്റെ സുന്ദരമുഖം പ്രതിനിധീകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. പുതിയ കാലത്തിലെ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വേറിട്ടൊരു മാതൃകയാണ്.
പിതാവിന്റെ കാലം തൊട്ടേ അദ്ദേഹം പാണക്കാണ് കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തി. കുടുംബത്തിന്റെ വിശേഷ മുഹൂര്‍ത്തങ്ങളിലെല്ലാം സന്തോഷം പങ്കിട്ടു. ബഹുമുഖ പ്രതിഭയായ ഈ നിസ്തുല പണ്ഡിതന്റെ വിയോഗം സമുദായത്തിന് തീരാ നഷ്ടമാണ്.