X

തൈമൂറിനെ നമുക്ക് സ്വാഗതം ചെയ്യാം

സാമൂഹികയിടങ്ങളില്‍ വര്‍ഗീയ വാദികളുടെ വര്‍ധിച്ച ആധിപത്യം ഏറെ ഭയപ്പെടുത്തുന്നതാണ്. നിലവിലുള്ള ‘സാമൂഹിക സാമാന്യബോധം’ ചരിത്രത്തില്‍ കാണുന്നത് രാജാക്കന്മാരുടെ മതത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഈ പ്രവണത ഇല്ലാതാകുകയും വര്‍ഗീയ തരംതിരിവിന്റെ പുതിയ മുഖം കൈവരികയും ചെയ്യുന്നതാണ് പിന്നീട് ദൃശ്യമായത്. ഈ പ്രത്യയശാസ്ത്രം വിവിധ വിഭാഗങ്ങളില്‍ വെറുപ്പിന്റെ വേരോടെയാണ് മുളച്ചു പൊന്തിയത്. മുസ്‌ലിം വര്‍ഗീയത ഹിന്ദുക്കളെ വെറുക്കാനും നേരെ മറിച്ച് ഹിന്ദു വര്‍ഗീയത മുസ്‌ലിംകളെ വെറുക്കാനും പ്രചാരണം നടത്തി.

ഈ വെറുപ്പ് വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ശിലാസ്ഥാപനത്തിനു രൂപം നല്‍കി. ഇത്തരം വര്‍ഗീയ കലാപങ്ങള്‍ ഒരു വശത്ത് നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുത്തപ്പോള്‍ മറുവശത്ത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള വര്‍ഗീയ ധ്രുവീകരണത്തിനു വഴിവെക്കുകയും ചെയ്തു. വ്യത്യസ്ത മത വിഭാഗത്തില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹത്തിലും അതിര്‍ത്തികള്‍ ഭേദിച്ച് ജനങ്ങളെ ഒന്നിപ്പിക്കുന്ന സാംസ്‌കാരിക പ്രകടനങ്ങളിലും ഇതേ പ്രത്യയശാസ്ത്രം തന്നെയാണ് കാണാനാവുക. നിലവില്‍ ഒരു മുസ്‌ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും വിവാഹിതരായാല്‍ അത് ‘ലൗ ജിഹാദെ’ന്ന പേരില്‍ കരിതേച്ചു കാണിക്കപ്പെടുന്നു. ഇപ്പോള്‍ അത്തരമൊരു വിവാഹത്തില്‍ ജനിച്ച കുട്ടി സാധാരണപോലെ സ്വാഗതം ചെയ്യപ്പെടുന്നതിനു പകരം നിന്ദിക്കപ്പെടുകയാണ്; നമ്മുടെ സമൂഹത്തില്‍ ആ കുട്ടിക്ക് ജനിച്ചുവീഴാന്‍ അര്‍ഹതയുണ്ടായിട്ടും.

 

കരീന കപൂര്‍ – സെയ്ഫ് അലി ഖാന്‍ ദമ്പതികള്‍ 2016 സെപ്തംബര്‍ 20 നാണ് ഒരാണ്‍കുട്ടി ജനിച്ചതിലൂടെ അനുഗ്രഹിക്കപ്പെടുന്നത്. അവരവന് തൈമൂര്‍ എന്ന് പേരിട്ടു. ഇതോടെ സോഷ്യല്‍ മീഡിയയിലെ സകല ചെകുത്താന്മാരും ഇറങ്ങിത്തിരിച്ചു. നിരവധി വര്‍ഗീയ ഭ്രാന്തന്മാര്‍ കുഞ്ഞിന് അനാരോഗ്യം നേര്‍ന്നു. ചില വര്‍ഗീയ വാദികള്‍ക്ക് ആ പേരിട്ടതിലായിരുന്നു വ്യസനം. പ്രാചീന കാലഘട്ടത്തില്‍ ഭരണം നടത്തിയ അക്രമകാരിയായ ഭരണാധികാരിയുടെ പേര് തൈമൂര്‍ എന്നായിരുന്നുവെന്നും അദ്ദേഹം 1398ല്‍ ഡല്‍ഹി ആക്രമിച്ച് നിരവധി പേരെ വധിച്ചതായും ഇവര്‍ കുറ്റപ്പെടുത്തുന്നു. രസകരമായ വസ്തുത ഇന്ത്യയില്‍ ആ സമയം അധികാരത്തിലുണ്ടായിരുന്നത് ഒരു മുസ്‌ലിമായിരുന്നുവെന്നതാണ്. തുര്‍ക്കി വംശ പരമ്പരയില്‍പെട്ട മുഹമ്മദ് ബിന്‍ തുഗ്ലക്കായിരുന്നു അക്കാലത്ത് ഡല്‍ഹി ഭരിച്ചിരുന്നത്.

തൈമൂര്‍, ജെങ്കിഷ് ഖാന്‍, ഔറംഗസീബ് തുടങ്ങിയവരാണ് ഇന്ത്യയുടെ മധ്യ കാലഘട്ടത്തിലെ ദുഷ്ടരായ മുസ്‌ലിം ഭരണാധികാരികളായി വര്‍ഗീയ വാദികള്‍ പ്രചരിപ്പിക്കുന്നത്. ജെങ്കിഷ് ഖാന്‍ മംഗോളിയനാണ്. മംഗോള്‍ സാമ്രാജ്യ സ്ഥാപകനായ അദ്ദേഹം ഷമാനിസ്റ്റായിരുന്നു (മുസ്‌ലിമായിരുന്നില്ല). ഉത്തരേന്ത്യ കൊള്ളയടിക്കപ്പെട്ട അദ്ദേഹം പിന്നീട് കൊല്ലപ്പെടുകയായിരുന്നു. സ്വേച്ഛാധിപതിയെന്നാണ് ഔറംഗസീബിനെ വിളിച്ചിരുന്നത്. അദ്ദേഹം ജിസിയ ചുമത്തുകയും ഹിന്ദുക്കളെ ഇസ്‌ലാം മതത്തിലേക്ക് നിര്‍ബന്ധ പരിവര്‍ത്തനം നടത്തുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതായാണ് സംഘ്പരിവാരത്തിന്റെ ആരോപണം. മുഴുവന്‍ ദുഷ്ട രാജാക്കന്മാരും മുസ്‌ലിംകളാണെന്നാണ് ഇന്ത്യന്‍ ചരിത്രത്തില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്നത്.

സത്യത്തില്‍ ഈ രാജാക്കന്മാരെല്ലാം വിവിധ മതങ്ങളില്‍പെട്ടവരായിരുന്നു. ഇവരുടെ പ്രവൃത്തികള്‍ ഏതെങ്കിലും രീതിയില്‍ മതത്തിന്റെ പേരില്‍ വ്യാഖ്യാനിക്കപ്പെടേണ്ടതുമല്ല. ഇത് ഈ കഥയുടെ ഒരു ചെറിയ വശം മാത്രമാണ്.

സമ്പത്ത് കൊള്ളയടിക്കലും കൊലപാതകങ്ങളും രാജാക്കന്മാരുടെ പടയോട്ടവുമെല്ലാം മതവുമായി ബന്ധപ്പെട്ടതല്ല. ഏതെങ്കിലും മത വിഭാഗത്തില്‍പെട്ടതോ അല്ലെങ്കില്‍ ഏതെങ്കിലും മേഖലയില്‍പെട്ട രാജാക്കന്മാരുടെയോ കുത്തകാവകാശമല്ല കൊള്ളയും കൊലയുമൊക്കെ. തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നതിന് രാജാക്കന്മാര്‍ അയല്‍ നാടുകള്‍ ആക്രമിക്കുക പതിവാണ്. ‘നിയമ’ത്തിന്റെയോ ‘ദേശീയത’യുടെയോ ഒരു കാലഘട്ടത്തിലായിരുന്നില്ല ഇതെല്ലാമെന്നാണ് ഇപ്പോള്‍ മനസ്സിലാക്കേണ്ടത്. ആരാലും ചോദ്യം ചെയ്യപ്പെടാത്ത പരമാധികാരികളായിരുന്നു രാജാക്കന്മാര്‍.

ഇന്ത്യ എന്നോ ഭാരതം എന്നോ സങ്കല്‍പമില്ലാത്ത എല്ലാത്തിനും സ്വാതന്ത്ര്യമുള്ള, രാജാക്കന്മാരുടെ തന്ത്ര വൈദഗ്ധ്യവും സഖ്യവുമെല്ലാം ആശ്രയിച്ചുള്ള കാലഘട്ടമായിരുന്നു അത്. ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്താന്‍ ബാബര്‍, റാണ സനഗയെ സഖ്യത്തിന് ക്ഷണിച്ചത് ഓര്‍മ്മിക്കപ്പെടേണ്ടതാണ്. ഉപഭൂഖണ്ഡത്തില്‍ നിരവധി നാട്ടു രാജ്യങ്ങളില്‍ മുസ്‌ലിം രാജാക്കന്മാരുടെ ഉന്നത പദവികളില്‍ ഹിന്ദുക്കളും തിരിച്ചും അവരോധിതരായിട്ടുണ്ട്.
മുസ്‌ലിം രാജാക്കന്മാരോ മുസ്‌ലിംകളെന്ന് സൂചനയുള്ള ഭരണാധികാരികളോ ഇപ്പോള്‍ ഇന്ത്യയില്‍ ദുഷ്ടന്മാരായാണ് അവതരിപ്പിക്കപ്പെടുന്നത്.

അതേസമയം, ശിവജി, റാണ പ്രതാപ്, ഗോവിന്ദ് സിങ് തുടങ്ങിയവരെല്ലാം ഹിന്ദുക്കളുടെ വീര നായകന്മാരായും ഗണിക്കപ്പെടുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോദ്‌സെ ദേശീയവാദിയാകുന്നു. ദേശീയവാദികളായ ശിവജി, റാണ പ്രതാപ്, ഗോവിന്ദ് സിങ് തുടങ്ങിയവരുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാത്മാഗാന്ധി വാമനനാകുന്നു. വിഖ്യാത ദേശീയ നായകനായി ശിവജിയെ ഇപ്പോള്‍ പാടിപ്പുകഴ്ത്തുകയാണ്. ശിവജിയെ ദേശീയ ഹീറോയായി കാണുന്നതില്‍ ഗുജറാത്ത്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ എതിര്‍പ്പ് നിലനില്‍ക്കുന്നുവെന്നതാണ് രസാവഹം. ശിവജിയുടെ സൈന്യം കൊള്ളയടിക്കുകയും സാധാരണക്കാരെ കൊലപ്പെടുത്തുകയും ചെയ്ത സ്ഥലങ്ങളാണ് ഇവ രണ്ടും.

കൊള്ള നടത്തുകയും സമ്പത്ത് പിടിച്ചുപറിക്കുകയും ചെയ്തതിനു പുറമെ ശിവജി ഇപ്പോള്‍ തുല്യമായ രീതിയില്‍ ‘ദേശീയ ബിംബ’ത്തെ കളിയാക്കുകയുമാണെന്ന് പറയേണ്ടിവരും. ബാല്‍ താക്കറെയുടെ അടുത്തയാളും ഹിന്ദു ദേശീയതയുടെ വക്താവുമായ ബാല്‍ സമന്ത് തന്റെ ‘ശിവ് കല്യാണ്‍ രാജ’ എന്ന പുസ്തകത്തില്‍ ശിവജിയുടെ കൊള്ളയെക്കുറിച്ച് വിശദീകരിക്കാന്‍ 21 അധ്യായങ്ങളാണ് വിനിയോഗിച്ചത്. ശിവജിയുടെ സൈന്യത്തിന്റെ കൊള്ളയുടെയും കൊള്ളിവെപ്പിന്റെയും കണക്ക് ഡച്ചുകാരില്‍ നിന്നും ബ്രിട്ടീഷുകാരില്‍ നിന്നുമാണ് അദ്ദേഹം ഉദ്ധരിച്ചത്. കലിംഗയില്‍ അശോക ചക്രവര്‍ത്തി നടത്തിയ കൂട്ടക്കൊല ഏറെ പ്രശസ്തമാണ്. തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കാനും ശത്രു സാമ്രാജ്യത്തിനെതിരെ പ്രതികാരം ചെയ്യാനുമാണ് മിക്ക രാജാക്കന്മാരും കൂട്ടക്കൊലകള്‍ നടത്തിയത്.

 

എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ വര്‍ഗീയവാദികളുടെ വ്യാഖ്യാനങ്ങള്‍ വ്യത്യസ്തമാണ്. ശിവജിയുടെ സൈന്യത്തിന്റെ കൊള്ളയടിയെ നരേന്ദ്ര മോദി വിശദീകരിക്കുന്നത് ഔറംഗസീബിന്റെ ഖജനാവ് മോഷ്ടിച്ചെന്നാണ്. മറാത്ത സേനയുടെ ശ്രീരംഗപട്ടണം ഹിന്ദു ക്ഷേത്ര ആക്രമണത്തെ തന്ത്രപൂര്‍വം വിസ്മരിക്കുകയാണ്. അതുപോലെ 1857 ലെ പ്രഥമ സ്വാതന്ത്ര്യസമര ചരിത്രവും വര്‍ഗീയ ശക്തികള്‍ വളച്ചൊടിച്ചിരിക്കുകയാണ്. ഒന്നാം സ്വാതന്ത്ര്യസമരം പരാജയപ്പെടാനുള്ള കാരണം അത് നയിച്ചത് മുസ്‌ലിമായ ബഹദൂര്‍ ഷാ ജാഫറായതിനാലാണെന്നാണ് ഹിന്ദുത്വ സൈദ്ധാന്തികനായ സവര്‍ക്കറും മറ്റൊരു ഹിന്ദുത്വ സൈദ്ധാന്തികനായ ഗോള്‍വാള്‍ക്കറും അഭിപ്രായപ്പെടുന്നത്.

ഹൈന്ദവ സൈനികരെ പ്രചോദിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. എന്നാല്‍ പഞ്ചാബികളും ഗൂര്‍ഖകളും ബ്രിട്ടീഷുകാരുടെ രക്ഷക്കെത്തിയതാണ് വിപ്ലവം പരാജയപ്പെടാനുള്ള യഥാര്‍ത്ഥ കാരണമെന്ന വസ്തുത ഇവര്‍ മറച്ചുവെക്കുകയാണ്.
വളച്ചൊടിച്ചതും തെരഞ്ഞെടുത്തതുമായ ചരിത്ര പതിപ്പിനുമുകളിലാണ് വര്‍ഗീയവാദികള്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. ഈ ആഖ്യാനത്തിലെ പ്രാഥമിക പ്രേരകമാണ് മതം.

സെയ്ഫ് അലിഖാന്റെ കുട്ടിയെക്കുറിച്ച് ചിലര്‍ നടത്തിയ ഭീകരവാദ, ജിഹാദി പരാമര്‍ശങ്ങള്‍ അങ്ങേയറ്റം മോശമായതാണ്. എല്ലാ നവജാത ശിശുക്കളെയും ഈ പ്രപഞ്ചത്തിലേക്ക് സ്വാഗതം ചെയ്യേണ്ടതാണ്. തങ്ങളുടെ വിവാഹം ‘ലൗ ജിഹാദി’ന്റെ പേരില്‍ എങ്ങിനെയെല്ലാം എതിര്‍ക്കപ്പെട്ടിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെഴുതിയ ലേഖനത്തില്‍ സെയ്ഫ് അലി ഖാന്‍ വിശദീകരിക്കുന്നുണ്ട്. മുസ്‌ലിം യുവാക്കളെ വിവാഹം ചെയ്യരുതെന്നാണ് ഒരു ട്വീറ്റ് ഹിന്ദു യുവതികള്‍ക്ക് താക്കീത് നല്‍കുന്നത്. അവര്‍ ഒരു ജെങ്കിസ് ഖാനെയോ തൈമൂറിനെയോ ഔറംഗസീബിനെയോ പ്രസവിക്കുന്നതു പോലെയാണത്. ഈ വിഭാഗീയ മാനസികാവസ്ഥ സമൂഹത്തെ സാംസ്‌കാരിക അധപ്പതനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടും.

chandrika: