X

അസമില്‍ കാണാനിരിക്കുന്നത് തടങ്കല്‍ പാളയങ്ങള്‍

 

ഒറ്റ രാത്രി കൊണ്ട് അസമിലെ 40 ലക്ഷം ജനത ഇന്ത്യന്‍ പൗരന്മാരല്ലാതായിരിക്കുന്നു. 3.29 കോടി ജനങ്ങളില്‍ 2.89.83.677 പേരെ മാത്രമാണ് ഇന്ത്യന്‍ പൗരന്മാരായി ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. നീണ്ട 30 വര്‍ഷം ഇന്ത്യന്‍ സേനയില്‍ സേവനമനുഷ്ഠിച്ച ജൂനിയര്‍ കമ്മീഷന്‍ ഓഫീസറായിരുന്ന മുഹമ്മദ് ഹഖും പൗരത്വം തെളിയിക്കണമെന്നാണ് അധികാരികളുടെ നിലപാട്. 1986 സെപ്തംബര്‍ മുതല്‍ 2016 സെപ്തംബര്‍ വരെ സൈനികനായ വ്യക്തിയാണ് മുഹമ്മദ്. രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി സൈദ അന്‍വാറ തൈമൂറും പട്ടികയില്‍ ഇടം നേടിയില്ല. 1980 ഡിസംബര്‍ ആറു മുതല്‍ 1981 ജൂണ്‍ 30 വരെയാണ് അന്‍വാറ തൈമൂര്‍ മുഖ്യമന്ത്രിയായത്. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദര പുത്രന്‍ ലഫ്റ്റനന്റ് ഇക്രമുദ്ദീന്‍ അലി അഹമ്മദിന്റെ മകന്‍ സിയായുദ്ദീന്‍ അലി അഹമ്മദും പൗരത്വമില്ലാത്തവരുടെ പട്ടികയിലാണുള്‍പ്പെട്ടിട്ടുള്ളത്.
അസമില്‍ നിന്ന് മുസ്‌ലിംകളെ, ബംഗ്ലാദേശികളെന്ന്ചാപ്പകുത്തി പുറത്താക്കാനുള്ള ശ്രമം ഇപ്പോഴൊന്നുമല്ല ആരംഭിച്ചത്. ഗുജറാത്തിനും മുമ്പെ മുസ്‌ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യാന്‍ സംഘ്പരിവാരം ശ്രമിച്ച ഇടമാണ് അസം. ഇന്ത്യയിലെ ഏറ്റവും വലിയ വംശഹത്യകളിലൊന്ന് നടന്നതും ഇവിടെ തന്നെയാണ്. 1967 ല്‍ രൂപം കൊണ്ട ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്ന സംഘടന ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എന്നാരോപിച്ച് മുസ്‌ലിംകള്‍ക്കെതിരെ കലാപം നടത്താന്‍ ആംഭിച്ചതോടെയാണ് അസമില്‍ ഇതുവരെയുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുന്നത്. 1979 മുതല്‍ 85 വരെ ആയിരക്കണക്കിന് മുസ്‌ലിംകളെയാണ് അസം മൂവ്‌മെന്റ് കൊന്നൊടുക്കിയത്. ആറു മണിക്കൂറിനുള്ളില്‍ മൂവായിരത്തോളം മുസ്‌ലിംകളെ കൊന്ന് തള്ളിയ നല്ലി കൂട്ടക്കൊലയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. ഈ വംശഹത്യയുടെ അനന്തര ഫലമായി ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ രാഷ്ട്രീയ വിഭാഗമായ അസം ഗണപരിഷത് അധികാരത്തിലേറി. അതോടെ കലാപകാരികളുമായി സഹകരണ കരാറുണ്ടാക്കുന്നുവെന്ന രീതിയില്‍ 1971 മാര്‍ച്ച് 25ന് മുമ്പ് അസമിലുണ്ടായിരുന്നതായി രേഖയില്ലാത്തവരെയൊക്കെ ബംഗ്ലാദേശി കുടിയേറ്റക്കാരായി കണക്കാക്കാം എന്ന വ്യവസ്ഥയുണ്ടാക്കി.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അസം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് 40 ലക്ഷത്തോളം ഇന്ത്യക്കാരെ ബംഗ്ലാദേശികള്‍ എന്ന് പേരിട്ട് പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കി നാടുകടത്താനും ജയിലിലടക്കാനും ഒരുങ്ങുന്നത്. 1983 ഫെബ്രുവരി 18ന് രാവിലെ മധ്യ അസമില്‍ 3000ത്തിലേറെ ബംഗാളി മുസ്‌ലിം ക ളാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. അതും ആറു മണിക്കൂറിനുള്ളില്‍. ആക്രമണം നടന്ന 14 ഗ്രാമങ്ങളിലൊന്നായ നെല്ലിയുടെ പേരിലാണിന്ന് ഈ കൂട്ടക്കൊല അറിയപ്പെടുന്നത്. ഇന്നേവരെ ഈ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനായിട്ടില്ല. ഈ വിട്ടുവീഴ്ച അസമിലെ പല മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലകളിലും പ്രതിഫലിച്ചിട്ടുണ്ട്. ഓരോ തവണയും അക്രമത്തെ ന്യായീകരിക്കാന്‍ ഇരകള്‍ നിയമ വിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാരായി ചിത്രീകരിക്കപ്പെട്ടു. 2014 മെയിലാണ് അത്തരത്തിലുള്ള ആക്രമണങ്ങള്‍ ഏ റ്റവുമൊടുവില്‍ നടന്നത്. മനാസ് നാഷണല്‍ പാര്‍ക്കിനടുത്തുള്ള ഖാഗ്രബരി ഗ്രാമത്തില്‍ അന്ന് കൊല്ലപ്പെട്ടത് 38 പേരായിരുന്നു. മൂന്നു വയസുള്ള കുട്ടിയുള്‍പ്പെടെ 20 കുട്ടികളുമുണ്ടായിരുന്നു അക്കൂട്ടത്തില്‍.
ഇത്തരം അക്രമങ്ങളെ പല രീതിയില്‍ നിസ്സാരവത്കരിക്കുന്ന രീതി അസമീസ് സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ന്യൂനപക്ഷ സമൂഹത്തിന് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഭാഷാ ന്യൂനപക്ഷങ്ങളിലെ ഏറ്റവും ബലഹീനരെ വേട്ടയാടുകയെന്ന അസമീസ് വംശീയ വാദികളുടെ കാലാകാലമായ ക്രൂരതകള്‍ക്കെതിരെ നടപടികളെടുക്കാന്‍ സാധിക്കാതെ തകര്‍ന്ന നീതി നിര്‍വഹണ വിഭാഗവും സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള അതിന്റെ ബഹുശാഖകളും നടത്തിയ ‘നിയമസാധുതമായ’ വേട്ടയാടലിന്റെ ഫലമാണ് ദ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്്.
അസമില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടും കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തിയുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നയത്തിന് സമാനമാണ്. ഇവിടെ അവമതിപ്പോടെ മിയാകള്‍ എന്ന് വിളിക്കപ്പെടുന്ന ബംഗാളി മുസ്‌ലിംകളാണ് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത്.
2015 സെപ്റ്റംബര്‍ മുതല്‍ കോക്രജാര്‍ ജില്ലാ ജയിലില്‍ തടങ്കലില്‍ കഴിയുകയാണ് കമലാബീഗം എന്ന 50 കാരി. 1964ലെ ഫോറിനേഴ്‌സ് ഓര്‍ഡറിനു കീഴില്‍ ഫോറിന്‍ ട്രിബ്യൂണല്‍ എന്ന അര്‍ധ ജുഡീഷ്യല്‍ ബോഡി അവരെ വിദേശിയായി പ്രഖ്യാപിക്കുകയായിരുന്നു. ഒമ്പതു മക്കളില്‍ ഏക പെണ്ണായിരുന്നു അവര്‍. പിതാവ് ധാനിമിയ 2003ല്‍ മരിച്ചു. മാതാവ് സലേമാന്നെസയ്ക്ക് ഇപ്പോള്‍ 80 വയസായി. നിയമപരമായി ആ കുടുംബം മുഴുവന്‍ ഇന്ത്യക്കാരാണ്. പക്ഷേ അവള്‍ മാത്രം ഇന്ത്യക്കാരിയല്ല.
രാജവംശി സമുദായം തിങ്ങിപ്പാര്‍ക്കുന്ന ബക്‌സയിലെ ചാന്ദ ദാസിന്റെ ഭാര്യ അബുബാല റോയിയെ ഇന്ത്യക്കാരിയല്ലാതെയാക്കി വിദേശികളെപാര്‍പ്പിക്കുന്ന തടങ്കലിലാക്കി. അസമില്‍ ജനിച്ചു വളര്‍ന്ന തന്റെയും അബുബാലയുടെയും പൂര്‍വപിതാക്കളുടെ പാരമ്പര്യമൊന്നും അധികാരികള്‍ക്ക് മുന്നില്‍ കേണ് പറഞ്ഞിട്ടും യാതൊരു ഫലവമുണ്ടായില്ല. അതിനിടെയാണ് ദേശീയ പൗരത്വ പട്ടിക പുറത്തുവന്നത്. അതില്‍ നിന്നും ഇരുവരും പുറത്തായിരിക്കുന്നു. ഈ ഗ്രാമത്തിലെ 35 ഹിന്ദു രാജവംശി സമുദായക്കാരുടെയും പേര് രജിസ്റ്ററിലില്ല.
പട്ടിക പുറത്തിറക്കുന്നതു വരെ ജനങ്ങളോട്ക്ഷമിക്കാന്‍ പറഞ്ഞ എന്‍.ഡി.എ സര്‍ക്കാര്‍ വംശീയ കലാപം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍നിന്ന് വോട്ട് കൊയ്യാനുള്ള സ്ഥിരം അടവ് നടപ്പിലാക്കാനാവുമെന്നാണ് ബി.ജെ.പി നേതൃത്വം കരുതിയത്. ഇത് രാഷ്ട്രീയമായി വന്‍ നേട്ടം കൊയ്യുമെന്ന് അവര്‍ കണക്കുകള്‍ കൂട്ടി. ബംഗ്ലാദേശില്‍നിന്ന് വരുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കത്തിനെതിരെ സമരം ചെയ്തവരെ ഭീഷണിപ്പെടുത്തിയിരുന്ന ബി.ജെ.പി നേതാവും ധനമന്ത്രിയുമായ ഹേമന്ത ബിശ്വ ശര്‍മ്മയും ബി.ജെ.പി പ്രസിഡന്റും പൗരത്വപട്ടിക പുറത്തുവരുന്നതോടെ എല്ലാം ശരിയാക്കുമെന്നായിരുന്നു വാദിച്ചത്. എന്നാല്‍ കരട് പുറത്തുവന്നപ്പോള്‍ വലിയ വിഭാഗം ബംഗാളി ഹിന്ദുക്കളും പുറത്തായിരിക്കുകയാണ്.
ഹിറ്റ്‌ലര്‍ നടത്തിയ വംശ ഹത്യയില്‍ ആവേശഭരിതനായി വംശാധിഷ്ഠിത ദേശീയത കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത ഗോള്‍വാള്‍ക്കര്‍ പുറന്തള്ളല്‍ ദേശീയതയെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. വീര സവര്‍ക്കര്‍ ഹിന്ദുത്വ എന്ന തന്റെ കൃതിയില്‍ ആര്യവംശജരുടെ രാജ്യമാണ് ഭാരതമെന്ന് ആവര്‍ത്തിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം വിഭാവനം ചെയ്യുന്ന അധികാരികള്‍ മനുഷ്യത്വം പരിഗണിക്കാതെ വര്‍ഗീയതയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഫാഷിസ്റ്റ് ഭരണപ്രക്രിയകളുടെ ഒരു ഭാഗം മാത്രമായേ പൗരത്വ രജിസ്‌ട്രേഷനെ കാണാനാവുകയുള്ളൂ.
ഗോള്‍വാള്‍ക്കര്‍ രചിച്ച ആര്‍.എസ്.എസുകാരുടെ പ്രധാന ഗ്രന്ഥമായ വിചാര ധാരയില്‍, ആഭ്യന്തര ഭീഷണികള്‍ എന്നൊരധ്യായമുണ്ട്. അതില്‍ മുസ്‌ലിംകളെ ഒന്നാമത്തെയും ക്രിസ്ത്യാനികളെ രണ്ടാമത്തെയും ആഭ്യന്തര ഭീഷണികളായി നിര്‍ണയിച്ചിരിക്കുന്നു. വിചാരധാരയില്‍ അദ്ദേഹം എഴുതുന്നു: ‘രാജ്യത്തിനകത്ത് നിരവധി മുസ്‌ലിം പോക്കറ്റുകളുണ്ട്. ലഘു പാകിസ്താനുകള്‍. രാജ്യത്തിന്റെ പൊതു നിയമം ചില മാറ്റങ്ങളോടു കൂടിയേ അവിടങ്ങളില്‍ നടപ്പിലാക്കാനാവൂ. തെമ്മാടികളുടെ ഇഷ്ടാനിഷ്ടങ്ങളാണ് അവിടങ്ങളിലെ അവസാനവാക്ക്. നേരിട്ടല്ലെങ്കില്‍ പോലും അതിനെ അംഗീകരിക്കുന്നത് നമ്മുടെ ദേശീയ ജീവിതത്തെ ഒന്നടങ്കം നശിപ്പിക്കാനുള്ള വഴി തുറന്നുകൊടുക്കലാണ്. ഈ രാജ്യത്ത് പാകിസ്താന് അനുകൂല ഘടകങ്ങളുടെ വ്യാപ്തിയേറിയ ശൃംഖലകളുടെ കേന്ദ്രങ്ങളായി ഈ പോക്കറ്റുകള്‍ പരിണമിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സകല ഇടങ്ങളിലും പാകിസ്താനുമായി ട്രാന്‍സ്മിറ്ററിലൂടെ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന മുസ്‌ലിംകളുണ്ട്.’ രണ്ടാം നമ്പര്‍ ശത്രുക്കളായ ക്രിസ്ത്യാനികളെ കുറിച്ച് ഗോള്‍വാള്‍ക്കര്‍ ഇങ്ങനെയാണ് എഴുതിയത്: ‘അവരുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തിന് ഭീഷണിയാണ്. അവര്‍ ദേശവിരുദ്ധരാണ്. നമ്മുടെ രാജ്യത്ത് പാര്‍ക്കുന്ന ക്രിസ്ത്യാനികളായ മിഷണറിമാരുടെ ഉദ്ദേശ്യം മതപരവും സാമൂഹികവുമായ ക്രമം തകര്‍ക്കുക മാത്രമല്ല, വ്യത്യസ്ത പോക്കറ്റുകളില്‍, സാധ്യമെങ്കില്‍ രാജ്യത്തുടനീളം രാഷ്ട്രീയ മേധാവിത്വം കൈവരിക്കുക എന്നതുമാണ്’. ഗോള്‍വാള്‍ക്കറിന്റെ സിദ്ധാന്തത്തെ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍.
രണ്ടാം ലോക യുദ്ധത്തിന്റെ കാലമാകുമ്പോഴേക്കും ചുരുങ്ങിയത് 60 ലക്ഷം ജൂതന്മാരെങ്കിലും നാസി കോണ്‍സെട്രേഷന്‍ ക്യാമ്പുകളിലും തെരുവുകളിലും കൊല ചെയ്യപ്പെട്ടു. ആശയപരമായും പ്രായോഗിക പ്രവര്‍ത്തനത്തിലും തുടക്കം മുതല്‍ ജര്‍മന്‍ ഫാസിസത്തെ പിന്തുടരുന്നവരാണ് ഇന്ത്യയിലെ സംഘ്പരിവാറുകാര്‍. സംഘാചാര്യന്‍ ഗോള്‍വാള്‍ക്കര്‍ തന്നെ ഒരിക്കല്‍ ജര്‍മന്‍ ‘മാതൃക’യെ ഇങ്ങനെ പ്രകീര്‍ത്തിച്ചു: ‘ജൂതര്‍ക്കെതിരായ നാസി മുന്നേറ്റം ഹിന്ദുസ്ഥാനില്‍ നമുക്ക് ഉള്‍ക്കൊള്ളാവുന്ന ഏറ്റവും നല്ല പാഠമാണ്; ഗുണഫലങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതുമാണ്’. രാജ്യത്തിന്റെ വിഭജനവും വര്‍ഗീയ കലാപങ്ങളും മഹാത്മാഗാന്ധിയുടെ വധവുമൊക്കെ ഫാസിസത്തിന്റെ ഇന്ത്യയിലെ വിളവെടുപ്പുകളായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം പിന്‍പറ്റുന്നത് നാസി പ്രചാരണ ശൈലിയാണെന്നതിന് ചരിത്രത്തിലും വര്‍ത്തമാനത്തിലും ഉദാഹരണമേറെയാണ്. അസത്യ പ്രചാരണത്തിലൂടെ അണികളിലെ വൈകാരികത മൂര്‍ച്ഛിപ്പിച്ച് അക്രമത്തിലേക്ക് തള്ളിവിടുകയെന്നതായിരുന്നു നാസിസത്തിന്റെ രീതി. ആര്യ വംശ മഹിമയും ജര്‍മന്‍ തീവ്ര ദേശീയതയും പ്രചോദിപ്പിച്ച് അനുയായികളെ ഉന്മാദാവസ്ഥയിലെത്തിച്ചാണ് ഹിറ്റ്‌ലര്‍ ശത്രുക്കളുടെ വംശഹത്യനടപ്പാക്കിയത്. വംശീയ ചിന്ത ആളിക്കത്തിച്ച്, ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിന്റെ ശക്തികൂടി ഉപയോഗിച്ച് എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള ഹിറ്റ്‌ലറുടെ പദ്ധതി. അതിന്റെ നേര്‍ പതിപ്പാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അസമില്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. ‘വിദേശികളെ’ ഇങ്ങനെ തടഞ്ഞുവെക്കുന്ന ആറ് കേന്ദ്രങ്ങള്‍ അസമിലുണ്ട്, ആയിരത്തോളം അന്തേവാസികളും. മോചിപ്പിക്കപ്പെടുമെന്ന് അവര്‍ക്ക് വലിയ പ്രതീക്ഷയില്ല. മറ്റൊരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ പതിപ്പുകളാണ് ഇനി അസമില്‍ കാണാനിരിക്കുന്നത്.

chandrika: