പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്‌ലിം സ്വത്വം ഭീഷണികള്‍ നേരിട്ടുതുടങ്ങിയത്. ബ്രിട്ടീഷ് അധിനിവേശത്തിന്മുമ്പ് നൂറ്റാണ്ടുകളോളം രാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികള്‍ക്കുകീഴില്‍ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമനുസരിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയാണ് സ്ഥിതിഗതികള്‍ മാറിയത്. ഏഴ് നൂറ്റാണ്ടുകാലം രാജ്യം ഭരിക്കുകയും ഇന്ത്യയെ മാതൃ രാജ്യമാക്കി തലമുറകള്‍ വളരുകയും ചെയ്ത ഒരു സമൂഹത്തോട് യുദ്ധം ചെയ്തും സ്ഥാനഭ്രഷ്ടരാക്കിയുമാണ് ബ്രിട്ടീഷുകാര്‍ രാജ്യം പിടിച്ചെടുത്തത്. പ്രസിദ്ധ ബംഗാളി ചരിത്ര ഗവേഷകന്‍ അസീംപാഡ ചക്രബര്‍ത്തി പറയുന്നു, ‘ബ്രിട്ടീഷുകാര്‍ മുസ്‌ലിംകളില്‍ നിന്ന് അധികാരം പിടിച്ചുപറിച്ചവരായതുകൊണ്ട് മുസ്‌ലിംകള്‍ ബ്രിട്ടീഷുകാരോട് സ്വാഭാവികമായും ശത്രുതയിലായി. പ്ലാസി യുദ്ധത്തിന് ശേഷം മുസ്‌ലിംകള്‍ ബ്രിട്ടീഷ്‌കാരോട് കടുത്ത അവിശ്വാസവും ശത്രുതയും പുലര്‍ത്തി. മുസ്‌ലിംകളോടുള്ള ബ്രിട്ടീഷ് മനോഭാവവും ശത്രുതയോടെയുള്ളതുതന്നെയായിരുന്നു’. 1857 ലെ ശിപായിലഹള എന്ന് വിളിക്കുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ ആ ശത്രുത പാരമ്യത്തിലെത്തി. ബ്രിട്ടീഷുകാരുടെ സകലതിനോടും മുസ്‌ലിംകള്‍ അന്യംനിന്നു. ബ്രിട്ടീഷ് സംസ്‌കാരം, ജീവിതം വിദ്യാഭ്യാസം ഭാഷ, തൊഴില്‍ തുടങ്ങി എല്ലാറ്റിനോടും അയിത്തം പുലര്‍ത്തി. അതു മുസ്‌ലിം സമൂഹത്തെ എല്ലാതലത്തിലും പിന്നാക്കാവസ്ഥയിലേക്കു നയിച്ചു. ബ്രിട്ടീഷ് ഇന്ത്യയില്‍ മതപരമായ അസ്തിത്വം അവതാളത്തിലായ ഘട്ടങ്ങളില്‍ പോലും പ്രതികരിക്കാന്‍ ആളില്ലാതെയും സാധിക്കാതെയും അവര്‍ രണ്ടാംതരക്കാരായിത്തീര്‍ന്നു. വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലിയും ലഭിച്ച ഒറ്റപ്പെട്ട ചിലര്‍ മാത്രമെ അക്കാലത്തുണ്ടായിരുന്നുള്ളൂ. അവര്‍ വിശ്വാസികളും ഉല്‍പതിഷ്ണുക്കളും ആയിരുന്നു. മുസ്‌ലിംകളുടെ ദയനീയാവസ്ഥ അവരുടെ കണ്ണുതുറപ്പിച്ചു. ഇംഗ്ലീഷ് ഭാഷയോടും വിദ്യാഭ്യാസത്തോടുമുള്ള അയിത്തം മാറ്റി മുസ്‌ലിംകളെ പൊതുധാരയിലേക്ക് കൊണ്ടുവരികയാണ് ആദ്യമായി വേണ്ടതെന്ന് അവര്‍ മനസ്സിലാക്കി. ആ കൂട്ടത്തില്‍ പ്രധാനിയായിരുന്ന സര്‍ സയ്യിദ് അഹമദ്ഖാന്‍ അലിഗറില്‍ ആംഗ്ലോ ഓറിയന്റല്‍ മുഹമ്മദന്‍ സ്‌കൂള്‍ സ്ഥാപിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസ പ്രചാരണങ്ങള്‍ ഊര്‍ജിതമാക്കി. അദ്ദേഹം ഈ സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പുതന്നെ മുസ്‌ലിംകളെ വിദ്യാഭ്യാസ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിരുന്നു. 1871 ല്‍ ഡബ്ല്യുഡബ്ല്യു ഹണ്ടര്‍ എന്ന പ്രസിദ്ധനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ എല്ലാ മേഖലകളിലുമുള്ള പരിതാപകരമായ സ്ഥിതിവിവരിക്കുന്ന ‘ദി ഇന്ത്യന്‍ മുസല്‍മാന്‍സ്’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതും പുതിയ ചിന്തകള്‍ക്ക് പ്രേരകമായി. മുസ്‌ലിംകള്‍ക്കിടയിലേക്ക് ദയാപൂര്‍വം ഇറങ്ങിച്ചെന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ അത് ബ്രിട്ടീഷ് ഇന്ത്യക്കും ഇസ്‌ലാമിക സമൂഹത്തിനും ഉണ്ടാക്കിയേക്കാവുന്ന ദുരന്തങ്ങളിലേക്ക് ബ്രിട്ടീഷ് സര്‍ക്കാറിന്റെയും അതോടൊപ്പം മുസ്‌ലിം ബുദ്ധിജീവികളുടെയും ശ്രദ്ധതിരിക്കാന്‍ ആ ഗ്രന്ഥം സഹായകമായിട്ടുണ്ടെന്ന് അസിംപാഡചക്രബര്‍ത്തി ചൂണ്ടിക്കാണിക്കുന്നു.
19-ാം നൂറ്റാണ്ടിന്റെ അവസാനപാദത്തോടെ ഉയിര്‍ത്തെഴുന്നേറ്റുവന്ന ഈ വിദ്യാഭ്യാസ നവോത്ഥാനം ഇന്ത്യന്‍ മുസ്‌ലിംകളില്‍ അനിതരമായ അസ്തിത്വാവബോധം വളര്‍ത്തുകയും സ്വത്വത്തിന് വേണ്ടിയുള്ള അവകാശവാദങ്ങളുയര്‍ത്തി സംഘടിച്ചുതുടങ്ങുകയും ചെയ്തു. ബംഗാളിലെ വിദ്യാഭ്യാസ നവോത്ഥാന നായകന്‍ അബ്ദുല്ലത്തീഫ് 1863 ല്‍ ‘മുഹമ്മദന്‍ ലിറ്റററി സൊസൈറ്റി’ സ്ഥാപിച്ചു. മുസ്‌ലിംകള്‍ ഇംഗ്ലീഷ്, അറബി, പേര്‍ഷ്യന്‍ ഭാഷകള്‍ പഠിക്കാന്‍ അവര്‍ പ്രചാരണം നടത്തി. മുസ്‌ലിം നവോത്ഥാനം ലക്ഷ്യംവെച്ച്തന്നെ 1876 ല്‍ സയ്യിദ് അമീറലി, സയ്യിദ് അമീര്‍ഹുസ്സയിന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ‘സെന്‍ട്രല്‍ നാഷണല്‍ മുഹമ്മദന്‍ അസോസിയേഷന്‍’ രൂപീകരിച്ചു മുസ്‌ലിംകള്‍ക്കിടയില്‍ അക്കാലത്തു വ്യാപകമായി നിലവിലുണ്ടായിരുന്ന മുത്തലാഖ് രീതിയും ബഹുഭാര്യത്വവും നിയന്ത്രിക്കാന്‍ 1876 ല്‍ ബംഗാള്‍ പ്രവിശ്യകൗണ്‍സിലില്‍ മാര്യേജ് ആന്റ് ഡൈവോഴ്‌സ് രജിസ്‌ട്രേഷന്‍ ആക്ട് കൊണ്ടുവന്നപ്പോള്‍ ഈ രണ്ട് സംഘടനകളും ശക്തമായി രംഗത്തുവന്നു. അവര്‍ നിര്‍ദ്ദേശിച്ച ചില ഭേദഗതികള്‍ മാത്രം അംഗീകരിച്ചുകൊണ്ടാണ് ആ നിയമം പാസാക്കിയത.് വിവാഹവും വിവാഹമോചനവും ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് വിവാഹ രജിസ്ട്രാര്‍ മുമ്പാകെ ഹാജരായി രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഈ നിയമത്തിലെ വ്യവസ്ഥ. ഭാര്യയുടെ സമ്മതമില്ലാതെ മുസ്‌ലിം പുരുഷന് തലാഖ് വഴി വിവാഹമോചനം സാധ്യമായിരുന്നില്ല. 1921ല്‍ ആള്‍ ഇന്ത്യാമുസ്‌ലിം ലീഗിലെ പ്രവിശ്യാകൗണ്‍സില്‍ അംഗം സയ്യിദ് ഇമാനുല്‍ ഹഖ് ഒരു സ്വകാര്യ ബില്ലിലൂടെ അതിന് ഭേദഗതി നിര്‍ദ്ദേശിക്കുകയും രണ്ടാളും കൂട്ടായി ഒപ്പിട്ടില്ലെങ്കിലും ഭാര്യയോ ഭര്‍ത്താവോ തനിച്ച് ഒപ്പിട്ട് ഹരജി നല്‍കിയും വിവാഹവും മോചനവും രജിസ്റ്റര്‍ ചെയ്യാമെന്ന് ഭേദഗതിവരുത്തുകയും ചെയ്തു.
1905 ല്‍ കഴ്‌സണ്‍ പ്രഭു നടത്തിയ ബംഗാള്‍ പ്രവിശ്യാവിഭജനം മുസ്‌ലിം രാഷ്ട്രീയ സാമൂഹിക ഉത്ഥാനങ്ങള്‍ക്ക് പുതിയ ദിശ നല്‍കി. എണ്‍പത്ശതമാനത്തിലധികം മുസ്‌ലിം ഭൂരിപക്ഷമുള്ള കിഴക്കന്‍ ബംഗാള്‍ പ്രവിശ്യയില്‍ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനും മുസ്‌ലിം ശരീഅത്തുപോലുള്ള അവകാശ സംരക്ഷണം ഉറപ്പാക്കാനും നീക്കങ്ങള്‍ ഉണ്ടായി. സംഘടിത നീക്കങ്ങളുടെ അനിവാര്യതയെക്കുറിച്ച് അവര്‍ ബോധവാന്മാരായിരുന്നു. ബംഗാള്‍ വിഭജനം നിലവില്‍വന്ന 1905 ഒക്‌ടോബര്‍ 16ന് തന്നെ നവാബ് സലീമുല്ല ഡാക്കയില്‍ മുഹമ്മദന്‍ പ്രോവിന്‍ഷ്യല്‍ സമ്മേളനം വിളിച്ചുചേര്‍ത്തു. അതില്‍വെച്ച് മുഹമ്മദന്‍ പ്രോവിന്‍ഷ്യല്‍ യൂനിയന്‍ രൂപീകരിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഇന്ത്യയിലെ ആദ്യത്തെ സംഘടിത മുസ്‌ലിം പ്രസ്ഥാനം അതാണ്. ആ സംഘടന ബംഗാളിലെ മുസ്‌ലിംകളെ മാത്രമെ പ്രതിനിധീകരിക്കുന്നുള്ളൂ എന്ന ആക്ഷേപം ഉണ്ടായിരുന്നു. അവരുടെ നേതൃത്വത്തില്‍ ഇന്ത്യ മുഴുക്കെ പ്രചാരണങ്ങള്‍ നടത്തുകയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിം നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് 1906 ഡിസംബര്‍ 30 ന് ധാക്കയില്‍ വെച്ചു തന്നെ ആള്‍ ഇന്ത്യാ മുസ്‌ലിംലീഗ് രൂപീകരിക്കുകയും ചെയ്തു. ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ സാമൂഹിക താല്‍പര്യങ്ങളുടെ പരിരക്ഷയായിരുന്നു ആള്‍ ഇന്ത്യാമുസ്‌ലിം ലീഗിന്റെ രൂപീകരണത്തിന് പിന്നിലെ മുഖ്യലക്ഷ്യമെന്ന് ചരിത്രകാരന്‍ സയ്യിദ് ശരീഫുദ്ദീന്‍ പിര്‍സാദയുടെ ‘ഫൗണ്ടേഷന്‍ ഓഫ് പാക്കിസ്താന്‍: ആള്‍ ഇന്ത്യാ മുസ്‌ലിംലീഗ് ഡോക്യുമെന്റ്‌സ് 1906-1947 എന്ന ഗ്രന്ഥത്തില്‍ (വാള്യം 1 പേജ് 15) വിവരിച്ചിട്ടുണ്ട്.
മിക്കവാറും എല്ലാ പ്രവിശ്യകളിലും നിയമനിര്‍മാണ കൗണ്‍സിലുകളില്‍ ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗിന് പ്രാതിനിധ്യം ഉണ്ടായിരുന്നു. മുസ്‌ലിംലീഗ് പ്രതിനിധികള്‍ ഉന്നതതലത്തില്‍ വിദ്യാഭ്യാസം നേടിയവരും സമൂഹത്തിലെ ഉന്നത സ്ഥാനീയരുമായിരുന്നു. നിയമനിര്‍മ്മാണങ്ങളില്‍ മുസ്‌ലിം താല്‍പര്യങ്ങള്‍ക്കനുകൂലമായി ഫലപ്രദമായ ഇടപെടലുകള്‍ക്കും അവര്‍ക്ക് സാധിച്ചിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലുകളിലും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലും മുസ്‌ലിംകള്‍ക്ക് സംവരണം അനുവദിക്കപ്പെട്ടതും അവരുടെ സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ്.
ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്‌ലിംകള്‍ അടക്കമുള്ള മതസമൂഹങ്ങള്‍ക്ക് വിവാഹം, സ്വത്ത് വിഭജനം തുടങ്ങിയ കാര്യങ്ങളില്‍ മതനിയമങ്ങള്‍ പാലിക്കാന്‍ സ്വാതന്ത്ര്യം ലഭിച്ചതും അവരുടെ ശ്രമഫലമായാണ്. അത്തരം നിയമനിര്‍മ്മാണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വഖഫ് സ്വത്തുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് നടപ്പില്‍ വരുത്തിയ 1923 ലെ മുസല്‍മാന്‍ വഖഫ് ആക്ട്. കാലാനുസൃതമായ ഭേദഗതികള്‍ ഒരുപാട് ഉണ്ടായെങ്കിലും ഇപ്പോള്‍ നിലവിലുള്ള വഖഫ് ആക്ട് 1923 ലെ ആക്ടിന്റെ സ്ഥൂല രൂപത്തില്‍ തന്നെയുള്ളതാണ്.
മുസ്‌ലിം വ്യക്തിനിയമ സംരക്ഷണ നിയമനിര്‍മ്മാണത്തിന് വേണ്ടിയുള്ള മുറവിളികള്‍ ഉയര്‍ന്നത് 1936-37 കാലത്താണ്. 1937 ല്‍ മുഹമ്മദലി ജിന്നാസാഹിബിന്റെ നേതൃത്വത്തില്‍ രണ്ടു തവണകളിലായി ബോംബെയില്‍ വിളിച്ചുചേര്‍ക്കപ്പെട്ട മുസ്‌ലിം കോണ്‍ഫറന്‍സുകള്‍ ഇതു സംമ്പന്ധിച്ചു സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തുകയും വൈസ്രോയിക്ക് കരട് നിയമം സമര്‍പ്പിക്കുകയും ചെയ്തു. 1937 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മുഹമ്മദന്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് പാസാക്കി. ശരീഅത്ത് അനുസരിച്ചുള്ള സ്വത്തുവിന്യസന സ്വാതന്ത്ര്യം മാത്രമാണ് ഈ ആക്ടില്‍ വ്യവസ്ഥ ചെയ്തത്. അതുകൊണ്ട് മാത്രം മുസ്‌ലിം നേതൃത്വം തൃപ്തരായിരുന്നില്ല. വിവാഹബന്ധം വേര്‍പെടുത്താന്‍ ശരീഅത്ത് അനുവദിച്ചിട്ടുള്ള രീതിയില്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ശക്തിപ്പെട്ടു. മുസ്‌ലിം പുരുഷന് തലാഖ് ചൊല്ലിയും സ്ത്രീ ഫസ്ഖ് ചെയ്തും വിവാഹമോചനം നടത്താന്‍ ശരീഅത്ത് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം നിയമവത്കരിച്ചുകിട്ടണമെന്നായിരുന്നു മുസ്‌ലിംലീഗ് മുന്നോട്ട്‌വെച്ച നിര്‍ദ്ദേശം. എന്നാല്‍ മുസ്‌ലിം സ്ത്രീയുടെ ശരീഅത്ത് അവകാശം നിരസിച്ചുകൊണ്ടും പുരുഷന് തലാഖ് സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടും 1939 ല്‍ ഡിസ്സൊലൂഷ്യന്‍ ഓഫ് മുസ്‌ലിം മാര്യേജ് ആക്ട് പാസാക്കി.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഈ നിയമങ്ങള്‍ പലവുരു ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യപ്പെട്ടു. ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളെ മാനിച്ചുകൊണ്ട് ഏക സിവില്‍കോഡ് നടപ്പിലാക്കണമെന്നാണ് വാദങ്ങള്‍ ഉയര്‍ന്നത്. എണ്ണത്തില്‍ കുറവാണെങ്കിലും ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഉയര്‍ത്തിയ പ്രതിരോധങ്ങളെ തകര്‍ക്കാന്‍ ഒരു ഗവണ്‍മെന്റും തയ്യാറായിരുന്നില്ല. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വ്യക്തിനിയമങ്ങളെ ഹനിക്കാനുള്ള ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചു. അതിന്റെ ടെസ്റ്റ്‌ഡോസാണ് 2017 ഡിസംമ്പറില്‍ ലോക്‌സഭ പാസ്സാക്കിയ മുത്തലാഖ് നിരോധിക്കുന്ന ബില്‍.
1986ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് മുത്തലാഖ് ചെല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്തുകൊണ്ട് ബില്‍ പാസാക്കിയത്. ശാബാനു കേസില്‍ ശരീഅത്ത് വ്യവസ്ഥക്കു വിരുദ്ധമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന വന്‍ പ്രതിഷേധമാണ് 1986 ല്‍ രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റിനെ പുതിയ നിയമനിര്‍മ്മാണത്തിലേക്കു നയിച്ചത്. പാര്‍ലമെന്റ് അംഗവും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായിരുന്ന ജി.എം ബനാത്ത്‌വാല അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് ‘മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണ നിയമം’ പാസാക്കിയത്. വിവാഹമോചിതയാകുന്ന ‘മുസ്‌ലിം സ്ത്രീക്ക് മോചനം നല്‍കുന്ന ഭര്‍ത്താവില്‍നിന്ന് വന്‍തുക ജീവനാംശം ലഭിക്കാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു ഈ നിയമത്തില്‍. മുസ്‌ലിം വിവാഹ മോചനത്തെ ശക്തമായിത്തന്നെ നിരുത്സാഹപ്പെടുത്തുകയും മോചിതയാകുന്ന സ്ത്രീയുടെ ഭാവി ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുന്ന സാമൂഹിക സുരക്ഷാപരമായ ഒരു നിയമമാണ് ഇത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണ രംഗത്ത് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ ജാജ്വല്യമായ നേട്ടങ്ങളിലൊന്നായും ഈ നിയമം വിലയിരുത്തപ്പെടുന്നു. ഈ നിയമത്തില്‍ ഭേദഗതി വരുത്തി ശരീഅത്ത് വ്യവസ്ഥയില്‍ കൈകടത്താനുള്ള ബി.ജെ.പിയുടെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും നീക്കങ്ങള്‍ക്കെതിരായി മതേതര ശക്തികളെ ചേര്‍ത്തുനിര്‍ത്താനും ചെറുത്തുനില്‍പ് ഒരുക്കാനും മുസ്‌ലിം ലീഗിന് സാധിച്ചു.