ഹനീഫ പുതുപറമ്പ്
പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ല, 1956 നവംബര്‍ ഒന്നിന് കേരളപ്പിറവിക്ക് ശേഷമാണ് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ മൂന്ന് ജില്ലകളായി വിഭജിക്കപ്പെട്ടത്. ഇതില്‍ കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട് താലൂക്കും തിരൂര്‍ താലൂക്കും പാലക്കാട് ജില്ലയില്‍പെട്ട പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകളിലെ പ്രദേശങ്ങളും ചേര്‍ത്താണ് 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല രൂപീകരിച്ചത്. 2011ലെ സെന്‍സസ് പ്രകാരം 42 ലക്ഷത്തോളമാണ് മലപ്പുറത്തെ ജനസംഖ്യ (4112920). ഇന്ത്യയിലെ ആകെയുള്ള 712 ജില്ലകളില്‍ ജനസംഖ്യ കൊണ്ട് 50-ാം സ്ഥാനത്താണ് മലപ്പുറം ജില്ല. ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ 1158 ആളുകള്‍ താമസിക്കുന്നു എന്നതാണ് ജനസാന്ദ്രതയുടെ മലപ്പുറം കണക്ക്. ഇതില്‍ 70.24 ശതമാനം മുസ്‌ലിംകളും 27.60 ശതമാനം ഹൈന്ദവരും 1.98 ശതമാനം ക്രൈസ്തവരും ഉള്‍പ്പെടും.
2014ല്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ നല്‍കിയ ഒരു മറുപടിയനുസരിച്ച് ആകെ ജനസംഖ്യയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മുസ്‌ലിംകളുള്ള 19 ജില്ലകളുണ്ട് ഇന്ത്യയില്‍. ആസാമിലെ ധുബ്രി (74.29%), ബാര്‍പേട്ട (59.37%), ഹെയ്‌ലാകണ്ടി (57.63%), ഗോല്‍പാറ (53.71%), കരീംഗാനി (52.30%), നാഗോണ്‍ (50.99%), പശ്ചിമബംഗാളിലെ കിഷന്‍ഗഞ്ച് (67.58%), മുര്‍ശിദാബാദ് (63.67%) എന്നിവയും പിന്നെ മലപ്പുറവുമാണ് ഇതില്‍ പ്രധാനപ്പെട്ട ജില്ലകള്‍. ബാക്കി 10 ജില്ലകള്‍ ജമ്മുകശ്മീരിലാണ്. ജമ്മുകശ്മീരിലെ ആകെ ജനസംഖ്യയുടെ 68.31 ശതമാനവും മുസ്‌ലിംകളായതിനാല്‍ അവിടുത്തെ ആകെയുള്ള 22 ജില്ലകളില്‍ അഞ്ച് എണ്ണത്തില്‍ ഒഴികെ എല്ലായിടത്തും മുസ്‌ലിംകളാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മുസ്‌ലിംകളുടെ പൊതുവെ അവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ കശ്മീരിനെ പ്രത്യേകമായി പഠനവിധേയമാക്കേണ്ടതുണ്ട്. ഇതില്‍ ആസാമിലെ ആറ് ജില്ലകളെയും പശ്ചിമബംഗാളിലെ രണ്ട് ജില്ലകളെയും മലപ്പുറത്തെയും ചേര്‍ത്ത് പഠനം നടത്തിയാല്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തെക്കുറിച്ച് ഏകദേശ ചിത്രം കിട്ടും. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ആകെയുള്ള പിന്നാക്കാവസ്ഥയുടെ നേര്‍ചിത്രം കൂടിയായിരിക്കും അത്. ഇതുസംബന്ധിച്ച് അത്യാവശ്യംവേണ്ട സ്ഥിതിവിവര കണക്കുകള്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ലഭ്യമാണ്.
മലപ്പുറത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റമെന്നത് മലബാറിന്റെകൂടി മുന്നേറ്റത്തിന്റെ കഥയാണ്. മലബാര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും പിന്നാക്കം നിന്നിരുന്ന ജില്ലയാണിത്. പഴയ തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം എവിടെ നിന്ന് തുടങ്ങി എന്നതിന്റെ കൂറേക്കൂടി വ്യക്തമായ ചിത്രം ലഭിക്കും.
ഇന്ത്യയില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട 16 യൂനിവേഴ്‌സിറ്റികളില്‍ ഒന്നാണ് കേരള സര്‍വകലാശാല. 1937ല്‍ ഈ യൂനിവേഴ്‌സിറ്റി പ്രവര്‍ത്തനമാരംഭിച്ച് 31 കൊല്ലം കഴിഞ്ഞാണ് മലബാറിലെ ആദ്യത്തെ സര്‍വകലാശാല കോഴിക്കോട്ട് 1968ല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കോളജ്, 1817ല്‍ കോട്ടയത്ത് സ്ഥാപിക്കപ്പെട്ട സി.എം.എസ് കോളജാണ്. കൃത്യമായി പറഞ്ഞാല്‍, പിന്നെയും 131 കൊല്ലം കഴിഞ്ഞാണ് 1948ല്‍ കോഴിക്കോട് ഫാറൂഖ് കോളജ് വരുന്നത്. 1862ല്‍ തലശ്ശേരിയില്‍ ബ്രണ്ണന്‍ കോളജ് സ്ഥാപിക്കപ്പെട്ടെങ്കിലും മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ തുടക്കം ഫാറൂഖില്‍ നിന്നാണുണ്ടായത്.
1866ല്‍ തുടങ്ങിയതാണ് തിരുവനന്തപുരം പാളയത്തുള്ള യൂനിവേഴ്‌സിറ്റി കോളജ്. കേരളത്തിലെ ആദ്യ എഞ്ചിനീയറിങ് കോളജായ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജ് 1939ല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മലപ്പുറത്തേക്ക് വരുമ്പോള്‍ ഈ കൊല്ലങ്ങളുടെ പ്രാധാന്യം വ്യക്തമാകും. 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല രൂപീകരിക്കപ്പെടുമ്പോള്‍ ആകെയുണ്ടായിരുന്നത് മൂന്ന് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍ മാത്രമാണ്. 1965ല്‍ പ്രവര്‍ത്തനമാരംഭിച്ച, പിന്നീട് എം.ഇ.എസ് ഏറ്റെടുത്ത മമ്പാട് കോളജ്, 1968ല്‍ സ്ഥാപിതമായ തിരൂരങ്ങായി പി.എസ്.എം.ഒ കോളജും പൊന്നാനി എം.ഇ.എസ് കോളജും സീതി സാഹിബ് കേരള നിയമസഭയുടെ സ്പീക്കറായിരിക്കെ അദ്ദേഹം മുന്നോട്ട്‌വെച്ച ആശയമാണ് തിരൂരിലെ പോളിടെക്‌നിക് കോളജായി മാറിയത്. മലബാറിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണിത്. 1962ല്‍ തിരൂരില്‍ പോളിടെക്‌നിക് കോളജ് തുടങ്ങുന്നതിന് രണ്ട് പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളജ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട് എന്ന കാര്യം ചേര്‍ത്ത് വായിക്കണം. വിദ്യാഭ്യാസ കാര്യത്തില്‍ തിരുകൊച്ചി പ്രദേശങ്ങളും മലബാറും തമ്മിലുള്ള അന്തരം മനസിലാക്കണമെങ്കില്‍, മലബാറിലും തെക്കന്‍ കേരളത്തിലും വിവിധ തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ കൊല്ലങ്ങള്‍ താരതമ്യം ചെയ്തു നോക്കിയാല്‍ മതിയാകും. തിരുവിതാംകൂറിലും കൊച്ചിയിലുമൊക്കെ രാജഭരണത്തിന്റെ തണലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയപ്പോള്‍ 1921ലെ മലബാര്‍ കലാപത്തിന്റെ കെടുതികളില്‍ നട്ടംതിരിയുകയായിരുന്നു മലബാര്‍. പട്ടിണിയും പകര്‍ച്ചവ്യാധികളും, ബ്രിട്ടീഷുകാരുടെ കൊടിയ പീഡനങ്ങളുമായിരുന്നു അന്ന് മലബാറില്‍ നടമാടിയിരുന്നത്. അത്തരമൊരു ഘട്ടത്തില്‍ ഒരു സമൂഹം എങ്ങനെയാണ് വിദ്യാഭ്യാസത്തെ കുറിച്ച് ചിന്തിക്കുക? ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്കും സമരനായകര്‍ക്കും അന്ന് ഒരു മതകീയ പശ്ചാത്തലം കൂടിയുണ്ടായിരുന്നു. ബ്രിട്ടീഷ് വിരോധം ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള വിരോധമായി മാറിയത് അന്നത്തെ പ്രത്യേക സാമൂഹ്യ സാഹചര്യങ്ങളാലാണ്. ഒരു ഘട്ടത്തില്‍ ഇതും മലബാറിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് തടസമായി എന്നത് ചരിത്ര വസ്തുതയാണ്. മലബാര്‍ കേന്ദ്രീകരിച്ച് മുസ്‌ലിംലീഗ് രാഷ്ട്രീയ ശക്തിയായി വളര്‍ന്നുവന്നതും 1967ലെ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി സി.എച്ച് മുഹമ്മദ്‌കോയ തുടങ്ങിവെച്ച മുന്നേറ്റവുമാണ് പിന്നീട് മലബാറിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് തുടക്കം കുറിച്ചത്.
1969ല്‍ ജില്ല രൂപീകരിക്കപ്പെടുമ്പോള്‍ 20ല്‍ താഴെ ഹൈസ്‌കൂളുകള്‍ മാത്രമാണ് മലപ്പുറത്തുണ്ടായിരുന്നത്. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 6.85 ശതമാനം മാത്രമാണ് മലപ്പുറത്തുണ്ടായിരുന്നത്. സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം എന്ന ആശയം നടപ്പാക്കിയും പഞ്ചായത്തുകള്‍തോറും ഹൈസ്‌കൂളുകള്‍ സ്ഥാപിച്ചും പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചും കൂടുതല്‍ സ്ഥലങ്ങളില്‍ മാപ്പിള സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയും സി.എച്ച് തുടങ്ങിവെച്ചത് നിശബ്ദ വിപ്ലവമായിരുന്നു. 1937ല്‍ സ്ഥാപിതമായ കേരള യൂനിവേഴ്‌സിറ്റിക്ക് ശേഷം കേരളത്തിലെ രണ്ടാമത്തെ യൂനിവേഴ്‌സിറ്റിയായി 1968ല്‍ കോഴിക്കോട് സര്‍വകലാശാല മലബാറിന് അനുവദിച്ചതിലൂടെ കേരളീയ സമൂഹത്തിനും മലബാറിനും സി.എച്ച് നല്‍കിയ സന്ദേശം വളരെ വലുതായിരുന്നു. ഇന്ന് 86 ഗവണ്‍മെന്റ് സ്‌കൂളുകള്‍ ഉള്‍പ്പെടെ 254 ഹൈസ്‌കൂളുകള്‍, ഗവണ്‍മെന്റ് എയ്ഡഡ് മേഖലകളിലായി അറബിക് കോളജുകള്‍ ഉള്‍പ്പെടെ 21 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍, സ്വാശ്രയ മേഖലയില്‍ നൂറോളം ഉന്നത കലാലയങ്ങള്‍, രണ്ട് മെഡിക്കല്‍ കോളജുകള്‍, മൂന്ന് ലോ കോളജുകള്‍, 10 പോളിടെക്‌നിക് കോളജുകള്‍ ഇങ്ങനെ പോകുന്നു മലപ്പുറത്തെ സ്ഥാപനങ്ങളുടെ പട്ടിക.
പക്ഷേ ഇതുകൊണ്ടൊന്നും മലപ്പുറത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പരിഹാരമാവുകയില്ല. 45 ലക്ഷത്തോളമാണ് മലപ്പുറത്തെ ജനസംഖ്യ. 12 ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള പത്തനംതിട്ടയും ഇടുക്കിയുമൊക്കെ കേരളത്തിലെ ജില്ലകള്‍ തന്നെയാണ്. അവിടെയൊക്കെ പ്ലസ്ടു പഠനത്തിനും ഡിഗ്രി പഠനത്തിനുമൊക്കെ ആവശ്യത്തില്‍ കൂടുതല്‍ സീറ്റുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. മലബാറിലെ ജില്ലകളിലേക്കെത്തുമ്പോള്‍ പ്ലസ് ടു, ഡിഗ്രി സീറ്റുകളുടെ കുറവ് സാധാരണ ഗതിയില്‍ തന്നെ എല്ലാവരെയും അലോസരപ്പെടുത്തേണ്ടതാണ്. കണ്ണൂര്‍കാരനായ മുഖ്യമന്ത്രിക്കും തൃശൂര്‍ ജില്ലക്കാരനായ വിദ്യാഭ്യാസ മന്ത്രിക്കും ഇത് മനസിലായില്ലെങ്കില്‍ ഇനി എന്നാണ് ഇതിന് പരിഹാരമുണ്ടാവുക? ഇതുവരെ കേരളം ഭരിച്ച 12 മുഖ്യമന്ത്രിമാരില്‍ അഞ്ച് പേര്‍ മലബാറില്‍ നിന്നുള്ളവരായിരുന്നു. പിന്നെയൊരാള്‍ തൃശൂര്‍ ജില്ലക്കാരനായ സി. അച്യുതമേനോന്‍. എട്ട് കൊല്ലത്തോളം തുടര്‍ച്ചയായി കേരളം ഭരിക്കാന്‍ അവസരം കിട്ടിയ ഏക മുഖ്യമന്ത്രി. പക്ഷേ ഇതൊക്കെയായിട്ടും മലബാറിന്റെ പിന്നാക്കാവസ്ഥ മാത്രം മാറിയില്ല.
ഉപരിപഠനത്തിനുള്ള അവസരങ്ങള്‍ ജനസംഖ്യാനുപാതികമായി മലബാര്‍ ജില്ലകളില്‍ ഇല്ല. ഇക്കഴിഞ്ഞ മാര്‍ച്ചിലെ പ്ലസ്ടു പരീക്ഷയുടെ റിസള്‍ട്ട് പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. മലപ്പുറത്ത് നിന്ന് 54118, കോഴിക്കോട് 36961, കണ്ണൂര്‍ 29725 എന്നിങ്ങനയാണ് പ്ലസ്ടു പരീക്ഷക്ക് അപേക്ഷിച്ച കുട്ടികളുടെ എണ്ണം. മലപ്പുറത്ത് 21756, കോഴിക്കോട് 9899, കണ്ണൂര്‍ 4005 കുട്ടികള്‍ വീതം ഓപ്പണ്‍ സ്‌കൂള്‍ വഴിയും പ്ലസ്ടു പരീക്ഷക്ക് അപേക്ഷിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഓപ്പണ്‍ പ്ലസ്ടു പഠിതാക്കളുള്ള ജില്ലയാണ് മലപ്പുറം. ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ 21756 കുട്ടികള്‍ ഓപ്പണ്‍ പ്ലസ്ടുവിലാണ് പഠിച്ചത് എന്നതിനര്‍ത്ഥം അവര്‍ക്ക് ഗവണ്‍മെന്റ് എയ്ഡഡ് മേഖലയിലൊന്നും പഠിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നാണല്ലോ. സീറ്റ് കിട്ടാതെ ഓപ്പണ്‍ പ്ലസ്ടു പരീക്ഷയെഴുതി കോഴിക്കോട് ജില്ലയിലെ 9899 കുട്ടികളും കണ്ണൂരിലെ 4005 കുട്ടികളും സീറ്റില്ലാത്തതുകൊണ്ട് തന്നെയാണ് ഓപ്പണ്‍ പ്ലസ്ടുവിലെത്തിയത്.
തെക്കന്‍ ജില്ലകളില്‍ ഗവണ്‍മെന്റ് എയ്ഡഡ് മേഖലയില്‍ തന്നെ പ്ലസ് ടു സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുമ്പോള്‍ മലബാറില്‍ നിന്നുള്ള കുട്ടികള്‍ അണ്‍ എയ്ഡഡ് സ്‌കൂളില്‍ കനത്ത ഫീസ് നല്‍കിയോ, ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്‌തോ പഠിക്കണമെന്നത് എവിടുത്തെ നീതിയാണ്? ഈ വര്‍ഷത്തെ സ്ഥിതി ഇതിനേക്കാള്‍ ഭീകരമാണ്. 77922 കുട്ടികള്‍ എസ്.എസ്.എല്‍.സി വിജയിച്ച മലപ്പുറത്ത് 7550 അണ്‍ എയ്ഡഡ് സീറ്റുകള്‍ അടക്കം ആകെയുള്ളത് 60706 സീറ്റ്. 17216 സീറ്റുകളുടെ കുറവ്. ഇതേ കണക്കനുസരിച്ച് കോഴിക്കോട് 3694, പാലക്കാട് 7101, വയനാട് 1178, കാസര്‍ക്കോട് 1774 എന്നിങ്ങനെയാണ് പ്ലസ്ടു സീറ്റുകളുടെ കുറവ്. തെക്കന്‍ ജില്ലകളിലെ അധിക സീറ്റിന്റെ കണക്കുകള്‍ ഇങ്ങനെ: തിരുവനന്തപുരം 417, പത്തനംതിട്ട 6545, കോട്ടയം 5449, എറണാകുളം 5333, തൃശൂര്‍ 2331. ഇവിടെയൊക്കെ ഇത്രയും സീറ്റുകള്‍ പഠിക്കാന്‍ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലബാറിലെ കുട്ടികള്‍ സീറ്റിനായി നെട്ടോട്ടമോടുകയാണ്. നിയമസഭയില്‍ ഈ വിഷയത്തില്‍ പരസ്പര വിരുദ്ധമായ മറുപടികള്‍ പറയുന്നതിനു മുമ്പ് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ഈ കണക്കുകളെങ്കിലും പരിശോധിച്ചാല്‍ മതിയായിരുന്നു.