വാസുദേവന്‍ കുപ്പാട്ട്
മഴ ശക്തമാകുന്നതോടെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധാരണ സംഭവമായി മാറുകയാണ്. കട്ടിപ്പാറ കരിഞ്ചോലമലയില്‍ ഈ മാസം 14ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്. കക്കയം അണക്കെട്ടിന് സമീപം പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം ദുരന്തങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ മഴക്കാലത്ത് ഉണ്ടാവുന്ന ദുരന്തങ്ങളുടെ കാരണം അന്വേഷിക്കാനും പ്രതിവിധി കണ്ടെത്താനും സര്‍ക്കാറും മറ്റു സംവിധാനങ്ങളും കാര്യക്ഷമമായി ശ്രമിക്കാറില്ല എന്ന പരാതി നിലനില്‍ക്കുന്നു. അപകടം സംഭവിക്കുമ്പോള്‍ നടക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങുന്നു എല്ലാം.
ഈ സന്ദര്‍ഭത്തില്‍ മലഞ്ചെരുവുകളിലെ അപകടം നിറഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ പറ്റി ഓര്‍ക്കേണ്ടതുണ്ട്. അവര്‍ സാഹസികരായതുകൊണ്ടൊന്നുമല്ല അപകടത്തിന്റെ മുള്‍മുനയില്‍ താമസിക്കാന്‍ മുതിരുന്നത്. ഒരു കൂര വെച്ചുകെട്ടാന്‍ ഇത്തിരി മണ്ണ് എന്ന അവസാനിക്കാത്ത അലച്ചിലിന് ഒടുവിലാവും അവര്‍ ഇത്തരം ഭൂഭാഗങ്ങളില്‍ എത്തിപ്പെടുന്നത്. നാളിതുവരെയുള്ള അധ്വാനത്തില്‍ സ്വരൂപിച്ച ചില്ലറ തുട്ടുകള്‍ അടക്കം നല്‍കിയാണ് രണ്ടോ മൂന്നോ സെന്റ് ഭൂമി വാങ്ങുന്നത്. അവിടെ വന്യമൃഗങ്ങളുടെ ശല്യമുണ്ടാവും. കൃഷി ലാഭകരമാവണം എന്നില്ല. അതിനൊക്കെ പുറമെ പ്രകൃതിക്ഷോഭത്തിന്റെ നിരന്തര ഭീഷണിയും. എന്നിട്ടും സുരക്ഷിതമായ സ്ഥലം തേടാതെ ഇവിടെ തന്നെ കഴിയുന്നവര്‍ നിവൃത്തികേടിന്റെ സാക്ഷികളായാണ് ജീവിതം തുടരുന്നത്. കട്ടിപ്പാറയില്‍ ദുരന്തത്തിന് ഇരയായി ജീവന്‍ വെടിഞ്ഞ കരിഞ്ചോല അബ്ദുറഹിമാന്‍, മകന്‍ ജാഫര്‍, ഹസന്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ ഇത്തിരി മണ്ണിനുവേണ്ടി സാഹസികതയെ സ്‌നേഹിച്ചവരാണ്. ഇവരുടെ മുന്നില്‍ മറ്റ് സാധ്യതകളില്ല.
കരിഞ്ചോലമലയില്‍ വീട് വെച്ചവരും ഇതേ മാനസികാവസ്ഥയുമായാവണം ഇവിടെയെത്തിയത്. കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. കരിഞ്ചോലമലയോട് ചേര്‍ന്ന കന്നൂട്ടിപ്പാറയിലും മറ്റുമാണ് ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ ഇപ്രാവശ്യത്തെ പോലെ ആളപായമോ കൃഷിനാശമോ ഉണ്ടായില്ലെന്ന് മാത്രം.
കട്ടിപ്പാറ പോലുള്ള മലമ്പ്രദേശങ്ങളില്‍ കണ്ണ് വെക്കുന്ന ക്വാറി മാഫിയയെ ഇത്തരം ദുരന്തസമയങ്ങളില്‍ കണ്ടില്ലെന്നു വെക്കാനാവില്ല. അവര്‍ ഒരിക്കലും പ്രത്യക്ഷ സാന്നിധ്യമല്ല. എന്നാല്‍ മലമുകളിലെ ഭൂമി വിലക്കുറവില്‍ പലരുടെയും പേരില്‍ അവര്‍ വാങ്ങിക്കൂട്ടും. പാറ പൊട്ടിക്കുക തന്നെയാവും പ്രധാന ലക്ഷ്യം. അതിന് മറയായി പല പദ്ധതികളെ പറ്റിയും പറയും. അത് മുഖവിലക്കെടുക്കുന്ന പഞ്ചായത്ത് അധികൃതരും മറ്റും ദുരന്തമുണ്ടാകുമ്പോള്‍ മാത്രമാണ് കണ്ണ് തുറക്കുന്നത്. കരിഞ്ചോല മലയില്‍ അനധികൃതമായി തടയണ നിര്‍മിക്കാനുള്ള ജോലികള്‍ നടന്നുവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മലയുടെ മുകളില്‍ ജല സംഭരണിയോ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളോ പാടില്ലാത്തതാണ്. ഉരുള്‍പൊട്ടലിന്റെ ശക്തിയും വ്യാപ്തിയും വര്‍ധിപ്പിക്കാന്‍ ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സഹായിച്ചുവെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. ക്വാറി മാഫിയയുടെ സാന്നിധ്യം കരിഞ്ചോലമലയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തടയണ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നാട്ടുകാര്‍ ചോദ്യം ചെയ്തതാണ്. ആട് ഫാമിനുവേണ്ടി വെള്ളം എത്തിക്കാന്‍ ജലസംഭരണി തീര്‍ക്കുന്നു എന്ന മട്ടിലുള്ളമറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പാറ പൊട്ടിച്ച് മട്ടി മണല്‍ ബിസിനസ് നടത്താനുള്ള ശ്രമവും ഇവിടെ നടന്നിട്ടുണ്ട്. മലയുടെ മുകളിലേക്ക് റോഡ് നിര്‍മിച്ചതും ഇതിന്റെ ഭാഗമാണ്.
ഇത്തരം നീക്കങ്ങളൊന്നും തങ്ങളുടെ അറിവോടെയല്ല എന്നാണ് കട്ടിപ്പാറ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. അപ്പോള്‍ അനധികൃത നിര്‍മാണത്തിന് അധികാരികള്‍ മൗനാനുവാദം നല്‍കി എന്ന സംശയത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. റവന്യൂ അധികാരികളും പഞ്ചായത്ത് അധികൃതരും ഉറക്കം നടിക്കുന്നതാണ് ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ക്ക് തുണയാവുന്നത്. പണവും സ്വാധീനവും ഉള്ളവരുടെ വാക്കുകളും നീക്കങ്ങളും എപ്പോഴും വിജയിക്കുകയാണ് ചെയ്യുന്നത്. കരിഞ്ചോലമലയിലും അതാണ് കണ്ടത്. നിരപരാധികളും പാവപ്പെട്ടവരുമായ ആളുകള്‍ മരണത്തിന് കീഴടങ്ങി. പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ദാരുണമായ അന്ത്യം ഏറ്റുവാങ്ങിയപ്പോള്‍ ദുരന്തത്തിന് ആക്കം കൂട്ടാനുള്ള വിധം കരിഞ്ചോലമലയില്‍ പരിസ്ഥിതി ആഘാതം സൃഷ്ടിച്ചവര്‍ സുരക്ഷിതരായി എവിടെയോ ഇരിക്കുകയാണ്. അവരുടെ അടുത്തേക്ക് നിയമത്തിന്റെ കൈകള്‍ കടന്നു ചെല്ലുമോ എന്നാണ് ഇനി അറിയാനുള്ളത്. അതിനുള്ള സാധ്യത ഉണ്ടാവണം എന്ന ആഗ്രഹമാണ് പൊതുജനങ്ങള്‍ക്കുള്ളത്.
പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും കയ്യേറ്റങ്ങളും എത്രയോ വര്‍ഷമായി നാം ചര്‍ച്ച ചെയ്യുന്നതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും മറ്റും ഇത് വളരെ വിശദമായി പറയുന്നുണ്ട്. എന്നാല്‍, പരിസ്ഥിതി ദുര്‍ബല പ്രദേശമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം കെട്ടിടങ്ങള്‍ നിര്‍മിച്ചും മറ്റും കയ്യേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. കര്‍ഷക സംഘടനകളും മറ്റും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നത് വിസ്മരിക്കുന്നില്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ അധികം നോവിക്കാതെ കൃഷി നടത്താനും ജീവിതം കരുപിടിപ്പിക്കാനും സാധിക്കണം. നിയമത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ മുമ്പുള്ള കൃഷി ഭൂമിയും വസ്തുവകകളും അന്യാധീനപ്പെടാന്‍ ഇടയാകരുത്. കര്‍ഷകരെയും ഭൂമാഫിയയെയും ഒരേ രൂപത്തില്‍ കണ്ടുകൂട. കുന്നിടിച്ചും പാറ പൊട്ടിച്ചും വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന മാഫിയകള്‍ നടത്തുന്ന പരിസ്ഥിതി നാശം കര്‍ഷകര്‍ നടത്തുന്നുണ്ടാവില്ല. വനഭൂമിയുടെയും പരിസ്ഥിതി ദുര്‍ബല പ്രദേശം എന്നതിന്റെ പേരിലും നികുതി സ്വീകരിക്കാതെ പാവപ്പെട്ട കര്‍ഷകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് കുന്നിടിച്ച് നിരപ്പാക്കുന്ന മാഫിയകള്‍ക്ക് സഹായം ചെയ്തുകൊടുക്കുന്നത് എന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്.
ഭൂമിയുടെ സന്തുലിതാവസ്ഥ തടസ്സപ്പെടുമ്പോഴാണ് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ ഉണ്ടാവുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കാന്‍ മനുഷ്യന്‍ നടത്തുന്ന ഇടപെടലുകളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാവുന്നത്. എപ്പോഴൊക്കെ പ്രകൃതിയെ നോവിക്കുന്ന വിധത്തില്‍ മനുഷ്യന്‍ ഇടപെട്ടുവോ അപ്പോഴൊക്കെ പ്രകൃതിയില്‍ നിന്ന്് തിരിച്ചടി ഉണ്ടായിട്ടുണ്ട്. മലയോരങ്ങളില്‍ സ്വാഭാവികമായും മഴ കൂടുതലായിരിക്കും. അത് മണ്ണിലേക്ക് ഇറങ്ങുന്നു. മരങ്ങള്‍ വലിയ തോതില്‍ മുറിച്ചുമാറ്റപ്പെടുമ്പോള്‍ അവയുടെ ദ്രവിച്ച വേരുകള്‍ക്കിടയിലൂടെ വെള്ളം ഭൂമിയിലേക്ക് ഇറങ്ങാന്‍ കൂടുതല്‍ സാധ്യതയുണ്ടാവുന്നു. വെള്ളം സംഭരിച്ചുവെക്കാന്‍ ഭൂമിക്കടിയില്‍ സ്വാഭാവികമായ സ്റ്റോറേജ് ഉണ്ട്. എന്നാല്‍ അതിലും കൂടുതല്‍ വെള്ളം എത്തുമ്പോള്‍ അത് മണ്ണടരുകളോടൊപ്പം പുറത്തേക്ക് പ്രവഹിക്കാന്‍ അവസരം തേടും. ഭൂമിയുടെ പ്രതലത്തിന്റെ ദുര്‍ബലമായ ഭാഗത്തിലൂടെ വെള്ളവും മണ്ണും കല്ലും മറ്റും ശക്തമായി പുറത്തേക്ക് പ്രവഹിക്കും. ഇതാണ് ഉരുള്‍പൊട്ടലിന്റെ പിന്നിലുള്ള പ്രക്രിയ. ക്രമവിരുദ്ധമായി എത്തുന്ന വെള്ളത്തെ ഇത്തരത്തില്‍ പുറന്തള്ളാതെ ഭൂമിക്ക് നിലനില്‍ക്കാന്‍ പറ്റില്ല. മലയോരങ്ങളില്‍ പൊതുവെ കൃഷിയിടങ്ങളില്‍ മണ്ണ് ഇളകിയ അവസ്ഥയിലായിരിക്കും. ധാരാളം വെള്ളം മണ്ണ് കുടിക്കും. അതിലും കൂടുതലായി എത്തുന്ന വെള്ളത്തെ ഇത്തരത്തില്‍ പുറന്തള്ളും. ഇങ്ങനെ വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ മരങ്ങള്‍ സഹായിക്കും. മരങ്ങള്‍ മുറിച്ചുമാറ്റുകയും നിര്‍മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്യുമ്പോള്‍ ദുരന്തങ്ങളെ വിളിച്ചുവരുത്തുകയായിരിക്കും ഫലം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ശനമായ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരുന്നത്. പിന്നീട് വന്ന കസ്തൂരി രംഗനാകട്ടെ നിര്‍ദേശങ്ങള്‍ കുറച്ചുകൂടി ലളിതവല്‍ക്കരിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കികൊണ്ടാകണം എന്ന ഭേദഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചത്. റിപ്പോര്‍ട്ട് ഇപ്പോഴും കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണ്. കട്ടിപ്പാറ ദുരന്തം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പരിസ്ഥിതിലോല പ്രദേശങ്ങളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യകത കൂടുതല്‍ ബോധ്യപ്പെടുകയാണ്. ഇത്തരം സ്ഥലങ്ങളില്‍ നടത്തുന്ന തീരെ ചെറിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പോലും പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. അതിന്റെ പ്രതിഫലനം എന്ന നിലക്കാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നിത്യസംഭവമായി മാറുന്നത്. പരിസ്ഥിതി സംരക്ഷണം പ്രധാന വിഷയമായി ഏറ്റെടുക്കണമെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയെ സംബന്ധിച്ചിടത്തോളം മഴക്കാലം ഉരുള്‍പൊട്ടലിന്റെയും മലവെള്ളപ്പാച്ചിലിന്റെയും കാലം കൂടിയാണ്. മരണം വിതച്ചും കൃഷിഭൂമി നശിപ്പിച്ചുമാണ് ഓരോ മലവെള്ളപ്പാച്ചിലും കടന്നുപോകുന്നത്. 1968 ജൂലൈയില്‍ കട്ടിപ്പാറ മാവുള്ളപൊയിലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേരാണ് മരിച്ചത്. 68 ജൂലൈയില്‍ കായണ്ണക്കടുത്ത് പെരിയമലയില്‍ ഉരുള്‍പൊട്ടലില്‍ ഒമ്പത് പേര്‍ മരിച്ചു. 1974 ആനക്കാംപൊയിലില്‍ ഒരാള്‍ മരിച്ചു. 75ല്‍ അടിവാരം നൂറാംതോടിലും മുട്ടിയിട്ട തോടിലും ഉരുള്‍പൊട്ടലുണ്ടായി. രണ്ടു പേരാണ് മരിച്ചത്. 1978 നവംബര്‍ മൂന്നിന് ആനക്കാംപൊയിലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആളപായം ഉണ്ടായില്ലെങ്കിലും വന്‍തോതില്‍ കൃഷി നശിപ്പിക്കപ്പെട്ടു. 78 ജൂലൈ 11ന് ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. 1988 ജൂലൈയില്‍ ജീരകപ്പാറ പ്രദേശത്ത് അഞ്ചിടത്ത് ഉരുള്‍പൊട്ടലുണ്ടായി. നൂറാംതോട്, ചെമ്പുകടവ്, കൂരോട്ടുപാറ പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. 1990 നവംബര്‍ ഒന്നിന് കാന്തലാട് വയലടയില്‍ രണ്ടുപേര്‍ മരിച്ചു. 1991 ജൂലൈയില്‍ കൂടരഞ്ഞി പെരുമ്പൂള കുരിയോട്ടുമലയില്‍ നാലുപേര്‍ മരിച്ചു. 2004ല്‍ പശുക്കടവില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പത്ത് പേര്‍ മരിച്ചു. 2005ലും ദുരന്തം ആവര്‍ത്തിച്ചു. വയനാട് ബാണാസുര മലയിലെ ഉരുള്‍പൊട്ടലിന്റെ ഭാഗമായി പശുക്കടവ് ഭാഗത്ത് 20 സ്ഥലത്ത് മണ്ണിടിഞ്ഞു. നിരവധി വീടുകള്‍ തകര്‍ന്നു. 2012 ഓഗസ്റ്റ് ആറിന് ഉണ്ടായ ഉരുള്‍പൊട്ടല്‍ പുല്ലൂരാംപാറ, ആനക്കാംപൊയില്‍ എന്നീ പ്രദേശങ്ങളെ ബാധിച്ചു. എട്ടുപേര്‍ മരിച്ചു. 24 വീടുകള്‍ തകര്‍ന്നു. ഏക്കര്‍ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് കട്ടിപ്പാറയില്‍ കണ്ടത്. കട്ടിപ്പാറ എന്ന പേര് പോലെ തന്നെ കരിഞ്ചോലമല ഉള്‍പ്പെടെയുള്ള മലകളിലെ പാറ പൊട്ടിക്കുക എന്നത് ശ്രമകരമാണ്. അതുകൊണ്ട് ക്വാറി സംഘങ്ങള്‍ ഇവിടേക്ക് അടുത്തകാലം വരെ എത്തിയിരുന്നില്ല. അങ്ങനെ കരിഞ്ചോലമല ഏറെക്കുറെ സംരക്ഷിതമായിരുന്നു. എന്നാല്‍ മട്ടിക്കല്ല് എന്ന ഉറപ്പുകുറഞ്ഞ പാറ പൊട്ടിക്കുന്നതിനും മറ്റുമായി ക്വാറി മാഫിയ ഇവിടെ എത്തിയതോടെ കാര്യങ്ങള്‍ കലങ്ങിമറിഞ്ഞു. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഇവിടെ തടയണ നിര്‍മാണം കൂടിയായപ്പോള്‍ പ്രകൃതി തിരിച്ചടി നല്‍കി. കുന്നിന്‍മുകളില്‍ നിന്ന് പാറയും മണ്ണും ഇളക്കി മറിച്ചുകൊണ്ട് ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ താഴ്‌വരയിലെ നിസ്സഹായരായ മനുഷ്യരുടെ ജീവിതം ഹോമിക്കപ്പെട്ടു. കട്ടിപ്പാറയില്‍ നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൊട്ടടുത്ത പ്രദേശത്തിന്റെ പേരു തന്നെ ക്വാറി എന്നാണ്. വെടിവെച്ചും മറ്റും പാറ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ സംരക്ഷിക്കാന്‍ ഓരോരുത്തരും രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. അവശേഷിക്കുന്ന കുന്നുകളെങ്കിലും സംരക്ഷിച്ചു നിര്‍ത്തണം. കട്ടിപ്പാറയില്‍ മണ്‍മറഞ്ഞവരുടെ സ്മരണക്കുവേണ്ടിയുള്ള സല്‍കര്‍മം അതായിരിക്കും.