X
    Categories: Views

ദുരൂഹമരണത്തിനിരയാകുന്ന ജനാധിപത്യം

ഫാഷിസം ഇടിച്ചുനിരപ്പാക്കിയ കാലഘട്ടത്തെ വായിച്ചെടുക്കാന്‍ നമുക്ക് മുന്നിലേക്ക് വന്നുവീഴുന്ന ചരിത്രരേഖകള്‍ എല്ലാകാലത്തും അപൂര്‍ണമായിരിക്കും. തെളിവുകള്‍ പലതും നശിപ്പിക്കപ്പെടുന്നതിനാല്‍ അതിന്റെ തുമ്പുകളിലേക്ക് നമുക്കെത്തിപ്പെടാന്‍ കഴിയാറുമില്ല. ഇനിയുമിനിയും അറിയപ്പെടാത്ത, വായിക്കപ്പെടാത്ത ഒട്ടേറെ കദനകഥകളുടെ മുകളിലാണല്ലോ ചരിത്രമെപ്പോഴും കെട്ടിപ്പടുത്തത്. പുതിയപുതിയ തെളിവുകളിലൂടെ നാം കാര്യങ്ങളെ പുതിയ മാനത്തിലേക്ക് വായിക്കുമ്പോള്‍ ചരിത്രം കൂടുതല്‍ വികാസം പൂണ്ടുവരും, പുതിയ വഴിത്തിരിവുകള്‍ രൂപംകൊള്ളും.

ആഴത്തിലാഴത്തില്‍ കുഴിവെട്ടി മൂടിയ സത്യങ്ങള്‍ ചിലപ്പോള്‍ വിങ്ങിവിങ്ങി ചെറുനാമ്പുകളായി പൊട്ടിമുളച്ചേക്കാം. നമ്മെ ഞെട്ടിപ്പിക്കുന്ന സത്യത്തിലേക്ക് കൈപിടിച്ചുനടത്താന്‍ പാകത്തിലുള്ള പച്ചപ്പാകുമത്. സാധാരണമെന്ന് കരുതിയ ഒരു മരണത്തെ കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും ചില പുതിയ തെളിവുകളോ വെളിപ്പെടുത്തലുകളോ ഉണ്ടാകുമ്പോഴാണ്. അത്തരത്തില്‍ ഇന്ത്യന്‍രാഷ്ട്രീയമണ്ഡലത്തെ പിടിച്ചുലക്കുന്ന വാര്‍ത്തയായിരുന്നു ഒരു ജഡ്ജിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ വെളിവാക്കുന്ന, കാരവന്‍ മാസിക ഈയിടെ പുറത്തുവിട്ട രണ്ട് റിപ്പോര്‍ട്ടുകള്‍. കുപ്രസിദ്ധമായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ നടത്തിയിരുന്ന മുംബൈയിലെ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി, ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രശസ്ത മാധ്യമപ്രര്‍ത്തകന്‍ നിരഞ്ജന്‍ താക്ലെ ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളായിരുന്നു അവ. (കാരവന്‍,2017 നവംബര്‍ 20, 21 ) സൊഹ്‌റാബുദ്ദീന്‍ കേസിന്റെ സവിശേഷത അതിലെ മുഖ്യപ്രതി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് എന്നുള്ളതാണ്. ജഡ്ജിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ആദ്യറിപ്പോര്‍ട്ടെങ്കില്‍ രണ്ടാമത്തേതില്‍ ഉന്നയിച്ചിരിക്കുന്നത്, അമിത് ഷായ്ക്ക് അനുകൂലമായ വിധിയുണ്ടാകാന്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ ജസ്റ്റിസ് ലോയയ്ക്ക് നൂറ് കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തു എന്ന ആരോപണമായിരുന്നു.

ജനാധിപത്യത്തിന്റെ നാല് തൂണുകളിലൊന്നായ ജുഢീഷ്യറിയുടെ വിശ്വാസ്യതയെയാണ് ഈ വെളിപ്പെടുത്തല്‍ പോറലേല്‍പ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തെ കാത്തുസംരക്ഷിക്കുന്ന മറ്റൊരു നിര്‍ണായകമേഖലയായ മാധ്യമങ്ങള്‍ അതിനെ അതീവഗൗരവത്തില്‍ പരിഗണിച്ച് സത്യത്തിലേക്ക് നയിക്കാനുള്ള ഊര്‍ജം നല്‍കേണ്ടതുണ്ട്. എന്നാലിവിടെ ദേശീയമാധ്യമങ്ങള്‍ മിക്കതും വാര്‍ത്തയെ തമസ്‌കരിക്കാന്‍ പാടുപെടുകമാത്രമല്ല, ഈ വാര്‍ത്ത ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഭരണകൂടം വേട്ടയാടാന്‍ തുടങ്ങുന്നുവെന്ന വസ്തുതയും തമസ്‌കരിക്കുകയാണ്. എന്‍.ഡി.ടി.വി പോലുള്ള ചില ഒറ്റപ്പെട്ട ദേശീയ ചാനലും ദി വയര്‍പോലുള്ള ഓണ്‍ലൈന്‍ പ്രസിദ്ധീകരണവും മാത്രമാണ് കാരവന്റെ സ്റ്റോറിയെ അതിലെ വാര്‍ത്താപ്രാധാന്യത്തോടെ പരിചരിച്ചതും ഫോളോ അപ്പിന് തയ്യാറായതും.

2005 നവംബര്‍ 26 നാണ് സൊഹ്‌റാബുദ്ദീനെയും അദ്ദേഹത്തിന്റെ ഭാര്യയേയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നത്. രാഷ്ട്രീയ സമ്മര്‍ദമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് കേസ് 2012ല്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിലേക്ക് മാറ്റിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. 2013 സെപ്റ്റംബറിലാണ് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ ഉള്‍പ്പെടെ 36 പേരെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. മരിക്കുന്ന സമയത്ത് ജസ്റ്റിസ് ലോയ കൈകാര്യം ചെയ്തിരുന്നത് അമിത്ഷാ മുഖ്യപ്രതിയായ ഈ വ്യാജ ഏറ്റുമുട്ടല്‍ കേസ് മാത്രമായിരുന്നു. വിചാരണ നടന്നു കൊണ്ടിരിക്കെ 2014 ഡിസംബര്‍ 1ന് ആയിരുന്നു ലോയ മരിക്കുന്നത്. പിന്നീട് മറ്റൊരു ജഡ്ജി വന്ന ശേഷം 2014 ഡിസംബര്‍ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കി വിധിയും വന്നു. അക്കാലത്തു തന്നെ ലോയയുടെ മരണത്തിന് പിന്നിലെ ദുരൂഹത ചര്‍ച്ചയായിരുന്നു. കാര്യമായ തെളിവുകളൊന്നുമില്ലാത്തതിനാലും മറ്റും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല.

ഫാഷിസ്റ്റ് സ്വഭാവം കൈവരിച്ച് മുന്നേറുന്ന നിലവിലുള്ള ഇന്ത്യന്‍ ഭരണകൂടത്തെ വിറളി പിടിപ്പിക്കാനും ഇളക്കിമറിക്കാനും സാധ്യതയുള്ള റിപ്പോര്‍ട്ടുകളാണ് കാരവന്‍ പുറത്തുവിട്ടിരിക്കുന്നത്. അധികാരദുര്‍വിനിയോഗവും ജനാധിപത്യ അട്ടിമറിയും കൊലപാതകങ്ങളും ചുരുളഴിയപ്പെടുകയാണോ ഇവിടെ? വരുംദിവസങ്ങളില്‍ രാഷ്ട്രീയ/നീതിന്യായരംഗങ്ങളില്‍ പ്രസ്തുതവിഷയം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കുമെന്നതിനാല്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും അതേക്കുറിച്ച് പ്രശസ്തമാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥവരദരാജന്‍ നടത്തുന്ന വിശകലനവും ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നു.

ചന്ദ്രിക ആഴ്ച്ചപ്പതിപ്പില്‍ വന്ന ലേഖനം

chandrika: