X

സൂക്ഷ്മത തന്നെയാണ് റമസാന്‍

 

ഒരു റമസാന്‍ കൂടി സമാഗതമായിരിക്കുന്നു. ക്രമരഹിതമായ ദിനരാത്രങ്ങള്‍ക്കും പല ലക്ഷ്യങ്ങളുമായി സ്വയം മറന്നോടിയിരുന്ന ജീവിതയാത്രക്കും ഒരു പരിധി വരെ അവധി പ്രഖ്യാപിച്ച് വ്യവസ്ഥാപിതമായും ചിട്ടയോടെയും മുന്നോട്ടുപോകാന്‍ മനുഷ്യന് കഴിയുമെന്ന തിരിച്ചറിവുകളാണ് ഓരോ നോമ്പ് കാലവും അവശേഷിപ്പിക്കുന്നത്. ഒരു നോമ്പുകാലം മുതല്‍ അടുത്ത റമസാന്‍ വരെയുള്ള ജീവിതത്തെ ‘ഒരു മാസത്തെ ദിനരാത്രങ്ങള്‍ ശുദ്ധീകരിച്ചിരുന്നു’ എന്ന പ്രവാചകാനുചരന്മാരുടെ സാക്ഷ്യത്തെ അറിഞ്ഞുള്‍ക്കൊണ്ടവരാണ് നാം. എന്നാല്‍ എന്ത്‌കൊണ്ട് അവരെപ്പോലെ നമ്മുടെ ജീവിതത്തെയും പരിശുദ്ധമാക്കാന്‍ റമസാനിന്റെ ദിനരാത്രങ്ങള്‍ ഉപയുക്തമാവുന്നില്ല എന്നതാണ് സ്വയം വിലയിരുത്തേണ്ടത്.
മലക്കുകളെപ്പോലെ സ്രഷ്ടാവിന്റെ നിയമങ്ങളില്‍ നിന്ന് പുറത്ത് കടക്കാതെ, നന്മകളില്‍ മാത്രം മുഴുകുന്നവരല്ല മനുഷ്യര്‍. മൃഗങ്ങളെ പോലെ ഭൗതിക തൃഷ്ണയില്‍ അഭിരമിച്ച് നിയമരഹിതമായ ജീവിതം നയിക്കുന്നവരുമല്ല അവര്‍. മറിച്ച് നന്മ ചെയ്ത് ഉത്തമനാവാനും തിന്മ ചെയ്ത് അധമരില്‍ അധമരാവാനും കഴിയുന്ന തരത്തിലാണ് അവന്റെ ജീവിത ഘടന. ഇവിടെ, തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അധികാരം വ്യക്തിയുടേത് തന്നെയാണ്. കേവലമായ മനുഷ്യായുസ്സിലെ സുഖഭോഗങ്ങളാസ്വദിച്ച് പരലോകം നഷ്ടപ്പെടുത്തണോ, അതോ ശാശ്വതമായ പാരത്രിക ജീവിതത്തിന് വേണ്ടി ഇഹലോകത്തെ ചിട്ടപ്പെടുത്തണോ എന്നതാണ് സ്വയം തീരുമാനിക്കേണ്ടത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താന്‍ പറ്റിയ സമയമാണ് റമസാന്‍. തിന്മയുടെ പ്രചാരകനായ പിശാചിനെ ബന്ധനസ്ഥനാക്കുമെന്ന സ്രഷ്ടാവിന്റെ വാഗ്ദാനം വെറുമൊരു ഭംഗിവാക്കല്ല എന്നതിന് നമ്മുടെ വീടും പരിസരവും സുഹൃദ് വലയവുമെല്ലാം സാക്ഷിയാണ്. തീര്‍ച്ചയായും റമസാന്‍ തെറ്റുകളില്‍ നിന്നകന്ന് നില്‍ക്കാന്‍ ഏറ്റവും യോജിച്ച സമയമാണ്. ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്’ (ഖുര്‍ആന്‍ 2:183). എന്ന വിശുദ്ധ വചനം അതാണ് ഓര്‍മിപ്പിക്കുന്നത്.
അസഹിഷ്ണുതയും വെറുപ്പും കൊടികുത്തി വാഴുന്ന സ്ഥിതിവിശേഷമാണുള്ളത്. സ്വന്തം കക്ഷികളും പാര്‍ട്ടികളും മതവുമല്ലാത്ത ഒന്നിനെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ജനസമൂഹം അഭൂതപൂര്‍വമായി വളര്‍ന്നുകൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന വിദ്വേഷങ്ങളുടെ പ്രയോക്താക്കളോ പ്രചാരകരോ ആയി സത്യവിശ്വാസി ഒരിക്കലും മാറിക്കൂടാ. നന്മക്ക് ഇരട്ടിക്കിരട്ടി പ്രതിഫലം ലഭിക്കുന്ന പുണ്യമാസത്തില്‍ പരമാവധി സല്‍കര്‍മങ്ങള്‍ ചെയ്ത് അല്ലാഹുവിലേക്ക് അടുക്കാനാണ് നാം ശ്രമിക്കേണ്ടത്. അതിനുപകരം അനന്തകാലം നീണ്ടുനില്‍ക്കുന്ന അധമ വികാരങ്ങളുടെ പ്രചാരകരായി സ്വയം മാറിപ്പോകുന്ന സമൂഹ മാധ്യമങ്ങളിലെ തിന്മയുടെ പക്ഷത്ത് നിന്നകന്ന് നന്മയുടെ ഒരു തുരുത്തെങ്കിലും സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് കഴിയണം. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയ ഭോഗാദികളെ നിയന്ത്രിച്ചുനിര്‍ത്തല്‍ മാത്രമല്ല വ്രതം എന്ന് പുണ്യ നബി (സ) നമ്മെ പഠിപ്പിക്കുന്നുണ്ട്. ‘ചീത്ത വാക്കും പ്രവൃത്തിയും ഒഴിവാക്കാത്തവന്‍ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കണമെന്ന് അല്ലാഹുവിന് ആവശ്യമില്ല’ എന്ന പ്രവാചക വചനം അക്കാര്യമാണ് നമ്മെ ഉണര്‍ത്തുന്നത്.
അങ്ങിനെ കെട്ടിപ്പടുക്കുന്ന നന്മയുടെ കൊച്ചു കൊച്ചു തുരുത്തുകള്‍ കൂടിച്ചേര്‍ന്നാണ് വലിയ തീരങ്ങളും രാജ്യങ്ങളും രൂപപ്പെടുക. അത്തരം നന്മകളുടെ സ്രഷ്ടാക്കളാവാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണം. അതിന് ഏറ്റവും അനുകൂലമായ സമയമാണ് റമസാന്‍. പരസ്പരം സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പകരം നല്‍കുന്ന മാസം.
ജീവിത വിശുദ്ധിയിലേക്കുള്ള സമ്പൂര്‍ണ യാത്രയാണ് റമസാനില്‍ ആരംഭിക്കുന്നത്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ദോഷങ്ങള്‍ കലരാതെ ആഹാരത്തിലും മറ്റ് ജീവിത സുഖഭോഗങ്ങളിലും സൂക്ഷ്മത പാലിച്ചുകൊണ്ട് ജാഗ്രതയുള്ള ജീവിതം തുടങ്ങിവെക്കുകയാണ്. തന്റേതെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാകുന്നു എന്ന പരസ്യ പ്രഖ്യാപനമാണിത്. ആത്മാവ് തൊട്ടറിയുന്ന ആരാധന. വിശപ്പും ദാഹവും ശരീരത്തിലേല്‍ക്കുമ്പോള്‍ എത്ര സുഖലാസ്യത്തില്‍ മയങ്ങുന്നവനും അല്ലാഹുവിനെ ഓര്‍ക്കാതിരിക്കില്ല. അതോടൊപ്പം ലോകത്ത് പട്ടിണി കിടക്കുന്നവനെയും സുഖസൗഭാഗ്യങ്ങള്‍ നിഷേധിക്കപ്പെട്ടവനെയും തിരിച്ചറിയാന്‍ മനസ്സ് പാകപ്പെടുന്നു. അതുകൊണ്ട് വിശുദ്ധ റമസാനില്‍ ജീവിക്കാന്‍ കഴിഞ്ഞ വിശ്വാസിയോളം ഭാഗ്യശാലിയായി മറ്റാരുണ്ട്. ഒരൊറ്റ രാത്രികൊണ്ട് പുണ്യങ്ങളുടെ ആയിരം മാസങ്ങളെ മറികടക്കാനാവുന്ന മഹത്വമുണ്ട് റമസാനിലെ അവസാന പത്തിന്റെ ഒറ്റ രാവുകള്‍ക്ക്. ഏത് ഇരുട്ടിലും ദുരിതപൂര്‍ണമായ ജീവിത വഴികളിലും മനുഷ്യന് വെളിച്ചം കിട്ടുന്ന സര്‍വലോകത്തിനും സര്‍വകാലത്തിനും സര്‍വ ജനതക്കുമായി അല്ലാഹു നല്‍കിയ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം എന്നതില്‍പരം മഹത്വമായി മാനവ ചരിത്രത്തില്‍ മറ്റൊന്നില്ല. സത്യത്തിന്റെ വിജയമാണ് റമസാന്‍. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) അല്ലാവിന്റെ സന്ദേശത്തെ ലോകത്തിന് നല്‍കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഗോത്ര മഹിമയുടെയും സമ്പത്തിന്റെയും അധീശത്വത്തിന്റെയും ബലത്തില്‍ വന്‍ സന്നാഹങ്ങളുമായി അക്രമിച്ച് തകര്‍ക്കാനായിരുന്നു ശത്രുക്കളൊരുമ്പെട്ടത്. പക്ഷേ അംഗസംഖ്യയില്‍ കുറവായ അനുചരന്മാരുമായി ചെന്ന് പതിന്മടങ്ങ് ശേഷിയുള്ള എതിര്‍ ചേരിയോട് പൊരുതി ജയിക്കാന്‍ അല്ലാഹുവിന്റെ സഹായമിറങ്ങിയ ബദര്‍ സംഭവിച്ചത് ഈ വിശുദ്ധ മാസത്തിലായിരുന്നു. അത് വിശുദ്ധ ഖുര്‍ആനില്‍ അധിഷ്ഠിതമായി ജീവിതം നയിച്ച ഒരു ജനതയുടെ ഇച്ഛാശക്തിയുടെയും പ്രാര്‍ത്ഥനയുടെയും വിജയമായിരുന്നു. അധികാരമോ സമ്പത്തോ ആയുധ ശക്തിയോ ഉപയോഗിച്ച് മഹത്തായ ഒരാദര്‍ശത്തെ തകര്‍ക്കാനാവില്ലെന്നും പ്രതിസന്ധികള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ പതറാതെ നിന്നാല്‍ അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്നും ബദര്‍ ഓര്‍മിപ്പിക്കുന്നു. ഐക്യ ശക്തിയും ആദര്‍ശ പ്രതിബദ്ധതയും അല്ലാഹുവിലുള്ള അര്‍പ്പണവുമാണ് വിശ്വാസി സമൂഹം നയിക്കുന്ന ധര്‍മയുദ്ധങ്ങളുടെ വിജയ നിദാനം. അതൊരിക്കലും മറ്റൊരു ജനതക്ക് ഭീഷണിയുയര്‍ത്താനോ അവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിനോ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതം വരുത്തുന്നതിനോ അല്ല; മറിച്ച് ജനതയെ സല്‍പാന്ഥാവിലേക്ക് നയിക്കുന്നതിനും അവരില്‍ ജീവിത നന്മകളെ ഉദ്ദീപിപ്പിക്കുന്നതിനുമാണ്. പരസ്പരമുള്ള ഗുണകാംക്ഷയാണ് ഇസ്‌ലാമിന്റെ അടിസ്ഥാനമായി റസൂല്‍ തിരുമേനി (സ) ചൂണ്ടിക്കാട്ടുന്നത്. അതിനുപയുക്തമാകുന്ന കാലമാണ് വിശുദ്ധ റമസാന്‍. മനുഷ്യന്റെ എല്ലാ തെറ്റുകുറ്റങ്ങളും പടച്ചവന്‍ പൊറുത്തു കൊടുക്കുന്ന ഈ മാസത്തില്‍ മനുഷ്യര്‍ പരസ്പരമുള്ള വിരോധങ്ങളും പിണക്കങ്ങളും ക്ഷമിച്ചുകൊടുക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. സൂക്ഷ്മതയാണ് റമസാന്‍. ഐക്യവും സമാധാനവും സൃഷ്ടിക്കുന്ന വാക്കുകളും പ്രവൃത്തികളുമുണ്ടാകണം. സമൂഹത്തില്‍ ഭിന്നതയും അപകീര്‍ത്തിയും ദുരാചാരങ്ങളും തിന്മയും സൃഷ്ടിക്കുന്നതിന് ഒരാളും നിമിത്തമാകരുത്. സമൂഹ മാധ്യമങ്ങളും മറ്റുംവഴി പരദൂഷണവും അപവാദവും പ്രചരിപ്പിക്കുന്നവരില്‍ നിന്നും അകന്നു നില്‍ക്കണം. നോമ്പ് കാലം വൈവിധ്യമായ ഭക്ഷണത്തിന്റെ ആഘോഷവും ധൂര്‍ത്തുമാക്കുന്നതിന് പകരം എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കണം. അതേസമയം ദുര്‍ബലരെയും ദരിദ്രരെയും ഉദാരമായ സഹായിക്കണം. നാടിന്റെയും സമൂഹത്തിന്റെയും നന്മക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കുക. ആരാധനകളിലും വിശ്വാസത്തിലും വീഴ്ച പറ്റാത്തവിധം സൂക്ഷ്മത പുലര്‍ത്തി പാരത്രിക വിജയം നേടാനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും ഈ പുണ്യ റമസാന്‍ പ്രയോജനപ്പെടട്ടെ.

chandrika: