X

ആണവ കരാറില്‍ നിന്ന് പിന്മാറ്റം ട്രംപിനെതിരെ സഖ്യരാഷ്ട്രങ്ങള്‍

 

ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അപ്രതീക്ഷിതമല്ല. ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും യു.എന്നിലെ വന്‍ശക്തി രാഷ്ട്രങ്ങളും ഒന്നടങ്കം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ട്രംപിന്റെ ശൈലി ഇവിടെയും പ്രകടമായി. ‘തന്നിഷ്ടം’ ആര്‍ക്കും വിട്ടുകൊടുക്കാന്‍ ട്രംപ് തയാറില്ല. ട്രംപിന്റെ പ്രഖ്യാപനം മധ്യപൗരസ്ത്യ ദേശത്ത് രാഷ്ട്രീയ, സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കും. സന്തോഷിപ്പിക്കുക, ഇസ്രാഈലിനെയും. അതേസമയം, എണ്ണ വിപണിയിലുണ്ടാകുന്ന വില വര്‍ധന ലോകത്താകെ പ്രതിസന്ധി ക്ഷണിച്ചുവരുത്തുമെന്നതിലും സംശയമില്ല. ഫലസ്തീന്‍ മുഖ്യ അജണ്ടയാക്കി ഐക്യപ്പെട്ട് വന്ന അറബ് ലോകത്തിന്റെ നീക്കം ഇറാന്‍ വിരുദ്ധതയുടെ പേരില്‍ തകിടം മറിക്കാന്‍ ട്രംപിനും ഇസ്രാഈലിനും സാധിക്കുമെന്നതാണ് പുതിയ നീക്കത്തിന്റെ നിഗൂഢ താല്‍പര്യം എന്ന് സംശയിക്കുന്നവരാണ് പശ്ചിമേഷ്യയിലെ രാഷ്ട്രീയ ചിന്തകര്‍ ഏറേയും.
2015ലെ ആണവ കരാര്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത ഇല്ലാതാക്കാന്‍ വളരെയേറെ സഹായകമായി. (അതേസമയം, ഇസ്രാഈലിന്റെ ആണവ പദ്ധതി ഇപ്പോഴും നിര്‍ത്തിയില്ല. ആണവ നിലയം പരിശോധിക്കാന്‍ പോലും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ അനുവദിക്കുന്നുമില്ല) വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇറാനെ വരുതിയില്‍ കൊണ്ടുവരാനും കരാറില്‍ ഒപ്പ് വെപ്പിക്കാനും കഴിഞ്ഞത്. ഒബാമ ഭരണകൂടം ഇതിനെ വന്‍ നേട്ടമായി വിശേഷിപ്പിച്ചു. അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ വന്‍ശക്തി രാഷ്ട്രങ്ങളും ജര്‍മ്മനി, യു.എന്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഒപ്പുവെച്ചു. ചരിത്ര പ്രാധാന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട കരാറില്‍ നിന്ന് ട്രംപ് അധികാരത്തില്‍ എത്തിയ തുടക്കത്തില്‍ തന്നെ പിന്മാറാന്‍ ശ്രമം നടത്തി. മറ്റ് രാഷ്ട്രങ്ങള്‍ കരാറില്‍ ഉറച്ചുനിന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണും ജര്‍മ്മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും കരാറില്‍ നിന്ന് പിന്മാറരുതെന്ന് ട്രംപിനോട് നേരിട്ട് വാഷിംഗ്ടണിലെത്തി അഭ്യര്‍ത്ഥിച്ചതാണ്. പക്ഷെ, അടുത്ത സുഹൃദ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന പോലും മാനിക്കാതെ ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്, അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. ഉത്തര കൊറിയയുമായി നടക്കാനിരിക്കുന്ന ചര്‍ച്ചയെ പോലും ട്രംപിന്റെ നിലപാട് ബാധിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ഒബാമ ഭരണകൂടം സ്വീകരിച്ച സമീപനം മിക്കവയും ട്രംപ് തിരുത്തുകയോ, അവയില്‍ നിന്ന് പിന്മാറുകയോ ചെയ്യുകയാണ്. അമേരിക്കന്‍ സമൂഹത്തില്‍ വലിയൊരു വിഭാഗത്തിന് ഗുണകരമായ ‘ഒബാമ കെയര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി’ അവസാനിപ്പിച്ചതും കാലാവസ്ഥ ഉച്ചകോടി പ്രഖ്യാപനത്തിന്‍ നിന്ന് പിന്മാറിയതും വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പാരീസ് കാലാവസ്ഥ ഉച്ചകോടി പ്രഖ്യാപനത്തെ തള്ളിപ്പറഞ്ഞ ട്രംപ്, പലപ്പോഴും രാഷ്ട്രാന്തരീയ മര്യാദ കാറ്റില്‍ പറത്തി. സഖ്യരാഷ്ട്രങ്ങളില്‍ നിന്ന് പോലും ഒറ്റപ്പെട്ടു. ഇറാന്‍ ആണവ കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് പിന്നില്‍ ചരട് വലിച്ചത് അമേരിക്കയിലെ സിയോണിസ്റ്റ് ലോബിയും ഇസ്രാഈലുമാണെന്ന് പരക്കെ വിമര്‍ശിക്കപ്പെടുന്നു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തിലേറെ രേഖകള്‍, 183 സി.ഡികളും ഇസ്രാഈലി ചാര സംഘടനയായ മൊസാദിന്റെ കൈവശമുണ്ടെന്ന് കഴിഞ്ഞാഴ്ചയാണ് ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടത്. ട്രംപിന് തീരുമാനം എടുക്കാന്‍ വഴി സൗകര്യപ്പെടുത്തുകയായിരുന്നു നെതന്യാഹുവിന്റെ നിഗൂഢ ലക്ഷ്യമെങ്കിലും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രമുഖനായിരുന്ന ഉദ്യോഗസ്ഥന്‍ ‘ഇവയൊക്കെ പഴയ രേഖകള്‍ ആണെ’ന്ന് തള്ളിപ്പറഞ്ഞതോടെ നെതന്യാഹുവിന്റെ ആരോപണത്തിന് അല്‍പായുസ് മാത്രമായി. അതേസമയം ഇറാന്‍ ആണവ കരാര്‍ ലംഘിച്ചതായി വൈറ്റ് ഹൗസിന് തെളിയിക്കാന്‍ കഴിഞ്ഞില്ല. കരാര്‍ വഴി മേഖലയിലെ അണ്വായുധ കിടമത്സരം ഒഴിവാക്കപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യമാണ്. അണ്വായുധ പദ്ധതി ഇറാന്‍ നിര്‍ത്തിവെച്ചതായി ആണവ നിലയങ്ങള്‍ പരിശോധിച്ച അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വ്യക്തമാക്കിയിരുന്നു. കരാര്‍ റദ്ദാക്കി മുന്‍ ഉപരോധ തീരുമാനം പുനഃസ്ഥാപിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ പ്രയാസപ്പെടും. ഇറാന്‍ കരാറുമായി മുന്നോട്ട് പോകുമെന്നാണ് പ്രസിഡണ്ട് ഹസന്‍ റുഹാനിയുടെ പ്രസ്താവന. അമേരിക്ക ഒഴികെ കരാറില്‍ ഒപ്പിട്ട രാഷ്ട്രങ്ങളും കരാറിന് ഒപ്പമുണ്ട്. അതുകൊണ്ട് തന്നെ ട്രംപ് ഭരണകൂടം വിഷമസന്ധിയിലാകും. അമേരിക്കയുടെ മാത്രം ഉപരോധം മുന്‍കാലങ്ങളെ പോലെ ഇറാന് വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയില്ല. ട്രംപിന്റെ തീരുമാനം മറികടക്കാന്‍ ഇറാന്‍, അന്താരാഷ്ട്ര വിനിമയം ‘ഡോളറി’ന് പകരം ‘യൂറോ’വിലേക്ക് മാറ്റാന്‍ രണ്ടാഴ്ച മുമ്പ് തന്നെ തീരുമാനം പ്രഖ്യാപിച്ചത് അവരുടെ പ്രയാസം ലഘൂകരിക്കും.
സഊദി നേതൃത്വത്തില്‍ എണ്ണ ഉല്‍പാദക രാഷ്ട്ര സംഘടനയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള പ്രമുഖ ഉല്‍പാദക രാഷ്ട്രമായ റഷ്യയും ചേര്‍ന്ന് നടത്തിവന്ന നീക്കത്തെ ട്രംപിന്റെ തീരുമാനം ബാധിക്കും. ഇറാന്‍ എണ്ണയുടെ അഭാവം എണ്ണ വില ഉയര്‍ത്തുമ്പോള്‍ തിരിച്ചടിയാവുക അമേരിക്കയെ ആയിരിക്കും. ഇന്ത്യയും യൂറോപ്യന്‍ രാജ്യങ്ങളും ഇറാന്‍ എണ്ണ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാണ്. വിലക്കയറ്റം തടുത്തുനിര്‍ത്താന്‍ ഇത്തരം ഇടപാടുകള്‍ പ്രയോജനപ്പെടും.
അറബ് ലോകത്തെ പ്രമുഖ രാഷ്ട്രങ്ങള്‍ ട്രംപിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ലബനാനില്‍ ശിയാ വിഭാഗത്തിന് തെരഞ്ഞെടുപ്പിലുണ്ടായ മേധാവിത്തവും സിറിയയില്‍ ഇറാന്‍ പിന്തുണയുള്ള ബശാറുല്‍ അസദിനുണ്ടായ വിജയവും അറബ് (സുന്നി) രാഷ്ട്രങ്ങളെ അസ്വസ്ഥരാക്കുക സ്വാഭാവികം. മധ്യ പൗരസ്ത്യ ദേശത്ത് ഇറാന്‍ സ്വാധീനം വളരുന്നതില്‍ പൊതുവെ ആശങ്ക ഉണര്‍ത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തെ ചൂഷണം ചെയ്യുകയും അതോടൊപ്പം ഇസ്രാഈലിന് എതിരായ അറബ് ലീഗ് നീക്കത്തെ തന്ത്രപൂര്‍വം ഒഴിവാക്കുകയുമാണ് അമേരിക്കയുടെ നയതന്ത്ര നീക്കമത്രെ.
കഴിഞ്ഞ മാസം സഊദിയില്‍ നടന്ന അറബ് ഉച്ചകോടി അമേരിക്കയുടെ ഇസ്രാഈല്‍ അനുകൂല നീക്കത്തിന് എതിരെ ആഞ്ഞടിച്ചതാണ്. ജറൂസലം ഇസ്രാഈലി തലസ്ഥാനമായി അംഗീകരിക്കാനുള്ള ട്രംപിന്റെ സമീപനം നഖശിഖാന്തം ഉച്ചകോടി എതിര്‍ത്തു. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസും സഊദി രാജാവും ജോര്‍ദ്ദാന്‍ രാജാവും ട്രംപിന്റെ തീരുമാനത്തിന് എതിരെ ശക്തമായ നിലപാടും സ്വീകരിച്ചു. ശിയാ-സുന്നി വിഭജനത്തിലൂടെ ഐക്യത്തിന് വിള്ളല്‍ വീഴ്ത്താന്‍ ഒരിക്കല്‍ കൂടി അമേരിക്കക്ക് ഇപ്പോള്‍ സാധിച്ചിരിക്കുകയാണ്. ഫലസ്തീന്‍ പ്രശ്‌നം ഒരിക്കല്‍ കൂടി മുഖ്യ അജണ്ടയില്‍ നിന്ന് വഴുതിമാറുമോ എന്നാണ് ആശങ്ക. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതും നിര്‍ണയിക്കുന്നതും പതിറ്റാണ്ടുകളായി ബാഹ്യശക്തികള്‍ ആണ്. ട്രംപിന്റെ പുത്തന്‍ നിലപാട്, പശ്ചിമേഷ്യയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കും. അവയുടെ അവസാന ഫലം കൊയ്‌ത്തെടുക്കുകയും ബാഹ്യശക്തികള്‍ തന്നെ. സംശയമില്ല.

chandrika: