ഒരു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സി.പി.എം സ്വീകരിച്ചിരിക്കുന്ന കോണ്‍ഗ്രസ് അനുകൂല നയം ദേശീയരാഷ്ട്രീയത്തില്‍ ചില നിര്‍ണായകമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവെക്കുകയാണ്. കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ വേണ്ടെന്നായിരുന്നു മുന്‍ പാര്‍ട്ടി കോണ്‍ഗ്രസുകളൊക്കെ കൈകൊണ്ടതെങ്കില്‍ മുന്‍ തീരുമാനങ്ങളെല്ലാം തിരുത്തി കോണ്‍ഗ്രസുമായി ധാരണയാകാമെന്ന ധീരമായ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിജയിപ്പിച്ചെടുക്കാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കൂട്ടര്‍ക്കും ഏറെ വിയര്‍ത്താണെങ്കിലും കഴിഞ്ഞിരിക്കുന്നു. മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും പ്രബലരായ കേരള ഘടകത്തിന്റെയും വാദങ്ങളെല്ലാം നിരര്‍ത്ഥകമാക്കിയാണ് യെച്ചൂരി പക്ഷം വിജയിച്ചത്. ഫാസിസ്റ്റ്‌വിരുദ്ധ പോരാട്ടത്തിന് വിശാല സഖ്യമാകാമെന്ന യെച്ചൂരി പക്ഷ വാദങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചത്.
നഖശിഖാന്തം എതിര്‍ത്ത രാഷട്രീയ നയം നടപ്പാക്കേണ്ട ഗതികേടിലാണിപ്പോള്‍ പാര്‍ട്ടി കേരളഘടകം. സമ്മേളനശേഷം രാജ്യത്ത് സി.പി. എം നയം നടപ്പാക്കേണ്ട പ്രഥമ പരീക്ഷണശാലയാണ് പാലക്കാട്. ആര്‍.എസ്.എസിന്റെ അദൃശ്യകരങ്ങളുള്ള ബി.ജെ.പിയുടെ കേരളത്തിലെ ഏക നഗരസഭ. മതേതര കേരളത്തിന്റെ അപമാനമായി നിലകൊള്ളുന്ന പാലക്കാട്ടെ ബി.ജെ.പി ഭരണത്തിനെതിരെ അവിശ്വാസം കൊണ്ടുവരണമെന്ന ആവശ്യം പലപ്പോഴും ചര്‍ച്ച ചെയ്തതാണ്. കഴിഞ്ഞ ദിവസങ്ങളിലായി നാല് സ്റ്റാന്റിങ്കമ്മിറ്റികള്‍ക്കെതിരെ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നു. ചര്‍ച്ചക്കെടുക്കുമ്പോള്‍ സി.പി.എം നിലപാട് എന്താകുമെന്നതിനെകുറിച്ച് പല വീക്ഷണങ്ങളിലും ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു. അവിശ്വാസം ചര്‍ച്ചക്കെടുക്കുന്നതിന് തലേന്ന് സി.പി.എം യു.ഡി.എഫിനൊപ്പമെന്ന നിലപാട് വ്യക്തമാക്കി. അവിശ്വാസത്തെ പിന്തുണക്കുമെന്നവര്‍ ആലോചിച്ച് തീരുമാനമെടുത്ത് പ്രഖ്യാപിച്ചു. അങ്ങനെയൊരു തീരുമാനമേ സി.പി.എം സ്വീകരിക്കൂവെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ബി.ജെ.പിയെ അധികാരത്തില്‍നിന്നിറക്കാന്‍ കിട്ടിയ അവസരം അങ്ങനെ കളഞ്ഞുകുളിക്കാന്‍ മാത്രം വിഡ്ഡിത്തമൊന്നും സി.പി.എം ചെയ്യില്ലെന്നറിയാമായിരുന്നു, പ്രത്യേകിച്ച് ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ മുറ്റത്ത്. കോണ്‍ഗ്രസിനൊപ്പം കൂടാന്‍ ഇഷ്ടമില്ലെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസിലെ സി.പി.എം പ്രമേയം ബി.ജെ.പിയെ ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് ധാരണക്ക് പ്രചോദനമാകുമെന്നുറപ്പുണ്ടായിരുന്നു. സി.പി.എമ്മിന്റെ കോണ്‍ഗ്രസ് വിരുദ്ധതയില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു പാലക്കാട്ട് ബി.ജെ.പി ഇതുവരെ. തെലുങ്കാന കോണ്‍ഗ്രസിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി ആശങ്കപ്പെട്ടത് പോലെ, മതേതരകക്ഷികള്‍ ആശിച്ചപോല സി.പി.എം നിലപാടെടുത്തു. കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്നും പിടിച്ചിറക്കാനായി. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുമായി നീക്കുപോക്കാകാമെന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ ചെറുതെങ്കിലും പ്രഥമ പരീക്ഷണശാലയായി കേരളം, അതും പാലക്കാട് വേദിയായി മാറിയത് ശ്രദ്ധേയമായി. ബി.ജെ.പിക്കെതിരായ കോണ്‍ഗ്രസ് നീക്കുപോക്കിനെ നഖശിഖാന്തം എതിര്‍ത്ത കേരള ഘടകത്തിന് വലിയ തിരിച്ചടിയുമായി പാലക്കാട് സംഭവം.
ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ കേരള കണ്ണില്‍ കാണാനാകില്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമാക്കിയത്. അങ്ങനെ കണ്ടതിനെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഖണ്ഡിച്ചത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ ആകാമെന്ന് വിലയിരുത്തലുകളുണ്ട്. അതില്‍പിടിച്ച് കേരള ഘടകത്തിന് ആശ്വാസം കൊള്ളാം. കാരാട്ടും പിണറായിയുമൊക്കെ ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നത് ബലപ്പെട്ട ആരോപണമാണ്. സി.പി.എം പ്രവര്‍ത്തകരില്‍ ഇതൊക്കെ നിരാശ പടര്‍ത്തുമ്പോഴാണ് കേരള ഘടകത്തിന്റെ വാദങ്ങളെ നിരര്‍ത്ഥകമാക്കി കോണ്‍ഗ്രസ് ധാരണക്ക് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് അടിവരയിടുന്നത്. ഈ തീരുമാനം കൈക്കൊണ്ട് അധികനാള്‍ കഴിയുംമുമ്പേ അതിന്റെ പരീക്ഷണശാലയായി കേരളം തന്നെ മാറിയതും ലക്ഷ്യത്തോടടുത്തതും യെച്ചൂരിയുടെ വാദങ്ങളും വീക്ഷണങ്ങളുമാണ് ശരിയെന്ന് തെളിയിച്ചിരിക്കുകയാണ്. അതിന് കേരളം തന്നെ വേദിയായത്, കോണ്‍ഗ്രസ് നീക്കുപോക്കിനെ ശക്തമായി എതിര്‍ത്ത കേരള ഘടകത്തിന് കനത്ത പ്രഹരവുമായിരിക്കുകയാണ്.
ബി.ജെ.പിയെ മുഖ്യശത്രുവായി ഉയര്‍ത്തിക്കാട്ടുകയും കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ വേണ്ടെന്നുമാണ് വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. ഈ തീരുമാനത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാണ് സി.പി.എം ശ്രമിച്ചത്. അതിനൊരു തിരുത്താകാനും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി വിവേകപൂര്‍വമായൊരു തീരുമാനമെടുക്കാനും തെലുങ്കാന കോണ്‍ഗ്രസിനായി എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ പ്രസക്തി വര്‍ധിപ്പിച്ചുവെന്നത് നിഷേധിക്കാനാവില്ല. കേരളത്തില്‍ സി.പി.എം കോണ്‍ഗ്രസിനെയാണ് മുഖ്യശത്രുവായി കാണുന്നത്. ബി.ജെ.പിയോടും കേന്ദ്ര സര്‍ക്കാറിനോടും അഡ്ജസറ്റ്‌മെന്റ് രാഷ്ട്രീയമാണ് സി.പി.എം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. കേരള സര്‍ക്കാറിന്റെ ന്യൂനപക്ഷവിരുദ്ധവും ഫാസിസ്റ്റ് അനുകൂലവുമായ സമീപനങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. പലതവണ അധികാരത്തിലും അല്ലാതെയും അവരുമായി കൂട്ടുകൂടി. കേരളത്തില്‍ ബി.ജെ.പിയെ സുഖിപ്പിച്ച് ഹിന്ദുവോട്ടുകള്‍ നേടാന്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം സ്വീകരിക്കുന്ന സമീപനങ്ങള്‍ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്. ഇയൊരു സാഹചര്യത്തിലാണ് സി.പി.എം കേരള ഘടകത്തെ നിരാശപ്പെടുത്തികൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായും ധാരണയാകാമെന്ന തീരുമാനം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇതിലുള്ളഎതിര്‍പ്പുകള്‍ പ്രകാശ് കാരാട്ട് പക്ഷം നില്‍ക്കുന്ന കേരളഘടകത്തിന് ആവോളമുണ്ട്. ഫാസിസ്റ്റ് വിരുദ്ധത തെളിയിക്കാന്‍ കിട്ടിയ അവസരം വിനിയോഗിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നയത്തിന് അപചയം സംഭവിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാലക്കാട്ട്‌യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ സി.പി.എം പിന്തുണച്ചത്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് സഹകരണത്തിന് വാദിച്ച സീതാറാം യെച്ചൂരിയെ അവസരവാദിയെന്നാണ് കേരളത്തില്‍നിന്നുള്ള ഒരു ലോക്‌സഭാംഗം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശിച്ചത്. ബി.ജെ.പിയെ അധികാരത്തില്‍നിന്നും താഴെ ഇറക്കല്‍ മുഖ്യലക്ഷ്യമായ രാഷ്ട്രീയ പ്രമേയം അംഗീകരിച്ച തെലുങ്കാന കോണ്‍ഗ്രസിന് പാലക്കാട്ട് ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തോടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. വരുംനാളുകള്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ വലിയ പോരാട്ടത്തിന് പാലക്കാട് വേദിയാവുകയാണ്. തെലുങ്കാന കോണ്‍ഗ്രസ് തീരുമാനത്തിന്റെ പരീക്ഷണശാലയായി പാലക്കാട് മാറുമ്പോള്‍ അത്ര നിസാരമായല്ല ആരും ഇതിനെ കാണുന്നത്.
ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ വലിയ വിവാദങ്ങള്‍ക്കിത് ഇട വന്നേക്കാം. ബി.ജെ.പി രാഷ്ട്രീയമായി ഇത് വലിയ പ്രചാരണമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കോണ്‍ഗ്രസ്-സി.പി.എം കൂട്ടുകെട്ടെന്ന രീതിയില്‍ പ്രചരിപ്പിക്കാനാണ് നീക്കം. ഫാസിസ്റ്റ് ചേരിയെ ദുര്‍ബലപ്പെടുത്താന്‍ യു.ഡി.എഫ് കൈക്കൊണ്ട തീരുമാനം മതേതര വിശ്വാസികളില്‍ പ്രതീക്ഷ വര്‍ധിച്ചിരിക്കുന്നു. വിവേകപൂര്‍വമായ തീരുമാനമെടുത്ത കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനേ സി.പി.എമ്മിന് കഴിയൂ. അല്ലാത്തൊരു തീരുമാനമാണ് സി.പി.എം സ്വീകരിച്ചിരുന്നതെങ്കില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ മുഖം നശിച്ചേനേ. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ യു.ഡി.എഫിനൊപ്പം കൂടി സി.പി.എമ്മും മതേതര ചേരിക്ക് കരുത്ത് പകര്‍ന്നിരിക്കുന്നു. ഒപ്പം സി.പി.എമ്മിന്റെ ജന്മസിദ്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ അന്ത്യവും.