X

ജറൂസലമില്‍ വിട്ടുവീഴ്ചയില്ല ട്രംപിനെ തള്ളി അറബ് ലോകം

‘ജറൂസലം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീന്‍’ ഒരിക്കല്‍കൂടി അറബ് ഉച്ചകോടി മുഖ്യ അജണ്ടയാക്കിയതോടെ അറബ് ലോകം ആഹ്ലാദത്തിമര്‍പ്പിലാണ്. 29-ാമത് അറബ് ഉച്ചകോടിയെ ‘ഖുദ്‌സ് ഉച്ചകോടി’ എന്ന് സഊദി രാജാവ് സല്‍മാന്‍ പ്രഖ്യാപിച്ചത് ശ്രദ്ധേയം. ജറൂസലം ഇസ്രാഈലി തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കയുടെ നിലപാടിന് എതിരായ കടുത്ത അമര്‍ഷം ഉച്ചകോടിയില്‍ ഉയര്‍ന്നത് ട്രംപ് ഭരണകൂടത്തിന് കനത്ത പ്രഹരമായി. രാസായുധ പ്രയോഗത്തിനെതിരെ കഴിഞ്ഞ ആഴ്ച സിറിയയെ അക്രമിച്ച അമേരിക്കയുടെ നിലപാട് ഉച്ചകോടി ചര്‍ച്ചയില്‍ കടന്നുവന്നില്ല. മധ്യപൗരസ്ത്യ ദേശത്ത് ആധിപത്യം വീണ്ടെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തന്ത്രപരമായ ഈ ദൃശ നീക്കം ഫലം കാണാതെ പോയി. അതേസമയം ഖത്തറുമായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗ രാഷ്ട്രങ്ങള്‍ക്കുള്ള തര്‍ക്കം വൈകാതെ പരിഹരിക്കപ്പെടുമെന്ന സൂചന ഉച്ചകോടിയിലുണ്ടായത് സമ്മേളന വിജയമായി. അറബ് ലോകം തിരിച്ചറിവിന്റെ പാതയില്‍ മുന്നോട്ട് പോകുമെന്നതിന്റെ സൂചനയായി അറബ് ഉച്ചകോടി.
ഏതാനും വര്‍ഷങ്ങളായി അറബ് ഉച്ചകോടിയുടെ മുഖ്യ അജണ്ടയുടെ സ്ഥാനത്ത് ‘ഫലസ്തീന്‍’ പ്രശ്‌നം കടന്നു വരാറില്ല. ഇറാഖും ലബനാനും യമനും ലിബിയയും രംഗം കയ്യടക്കുകയായിരുന്നു. ഇതിന് പിറകിലാകട്ടെ ശിയാ – സുന്നി സംഘര്‍ഷവും. 1990ല്‍ ഇറാന്‍ പ്രസിഡന്റ് ഹഷ്മി റഫ്‌സഞ്ചാനിയും അന്നത്തെ സഊദി രാജകുമാരന്‍ അബ്ദുല്ലബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിയും തമ്മിലുണ്ടാക്കിയ സൗഹൃദം തകര്‍ക്കുന്നതില്‍ പാശ്ചാത്യ കരുനീക്കങ്ങള്‍ സംശയിക്കുന്ന അറബ് രാഷ്ട്രീയ നിരീക്ഷകരുണ്ട്. 1996ല്‍ ഫഹദ് രാജാവിന്റെ തെഹ്‌റാന്‍ സന്ദര്‍ശനം ചരിത്രത്തില്‍ ഇടം നേടിയതാണ്. തുടര്‍ന്ന് റഫ്‌സഞ്ചാനി മദീനയിലുമെത്തി. 2001ല്‍ ഈ സൗഹൃദം തകര്‍ന്നു. തെഹ്‌റാനിലെ സഊദി എമ്പസി അക്രമിക്കപ്പെട്ടതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കം നിലയ്ക്കുകയും ചെയ്തു. ഇറാഖ്, ബഹ്‌റൈന്‍, ലബനാന്‍, സിറിയ, യമന്‍ എന്നിവിടങ്ങളില്‍ ശിയാ താല്‍പര്യത്തോടെയുള്ള ഇറാന്റെ ഇടപെടല്‍ സംഘര്‍ഷം മൂര്‍ഛിച്ചു. ഇതിലിടക്ക് 2003ല്‍ മേഖലയിലെ സന്തുലിതാവസ്ഥ ഇറാഖിലെ സദ്ദാം ഭരണകൂടം തകര്‍ന്നതോടെ കീഴ്‌മേല്‍ മറിഞ്ഞു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ സഊദി എതിര്‍ത്തതാണ്. സഊദി നിലപാട് ശരിയെന്ന് കാലം തെളിയിച്ചു. ശിയാഭൂരിപക്ഷത്തിന് മേലുള്ള സദ്ദാമിന്റെ ‘സുന്നി’ ഭരണകൂടം തകര്‍ന്നത് ‘ഇറാന്‍ മോഡല്‍’ ഭരണം കടന്നുവരുന്നതിന് സഹായകമായി. 2011-ലെ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് മേഖലയാകെ കലുഷിതമായി. സിറിയ, യമന്‍ എന്നിവിടങ്ങളില്‍ ഭൂരിപക്ഷ വിഭാഗത്തിന്റെ നീക്കം സജീവമായതോടെ ശിയാ-സുന്നി സംഘര്‍ഷം വ്യാപകമായി. ഇറാന്റെ ഏകപക്ഷീയമായ ഇടപെടല്‍ അറബ് ലോകത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായി. മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമായി. ഇതിനെതിരെ അമേരിക്കയുടെ സഹായത്തോടെ അറബ് രാഷ്ട്രങ്ങള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ഒബാമ സ്ഥാനമൊഴിഞ്ഞ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ ഇറാനെതിരായ ശക്തമായ നിലപാട് സ്വീകരിച്ചു. ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം റിയാദില്‍ നിന്ന് തുടക്കം കുറിച്ചതും ഈ വിഷയത്തില്‍ ഊന്നികൊണ്ടായിരുന്നു.
29-ാമത് അറബ് ഉച്ചകോടി മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി. മേഖലയില്‍ ഇടപെടാനുള്ള ഇറാന്‍, നീക്കത്തെ സമ്മേളനം ഏക സ്വരത്തില്‍ അപലപിക്കുമ്പോള്‍ തന്നെ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാടിന് എതിരായ വികാരം ഉണര്‍ത്തി. ജറൂസലം ഇസ്രാഈലി തലസ്ഥാനമായി അംഗീകരിക്കുന്ന ട്രംപിന്റെ പ്രഖ്യാപനം ഉച്ചകോടി തള്ളി. 1967ലെ അതിര്‍ത്തി നിശ്ചയിച്ചും ജറൂസലം തലസ്ഥാനവുമായ സ്വതന്ത്ര ഫലസ്തീന് വേണ്ടി ഉച്ചകോടി പ്രഖ്യാപനം വന്നതോടെ അറബ് ലോകത്തിന്റെ വ്യക്തവും ശക്തവുമായ സമീപനം ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. മാധ്യസ്ഥന്റെ റോളില്‍ ഇനി അമേരിക്കയുടെ സാന്നിധ്യം അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ അതോറിട്ടി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രസംഗം ട്രംപ് ഭരണകൂടത്തിന് പ്രഹരമായി. ഫലസ്തീന്‍ പ്രശ്‌നത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് സഊദി രാജാവ് സല്‍മാനും ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ലയും നിലപാട് വ്യക്തമാക്കുകയും ഫലസ്തീന് സാമ്പത്തിക സഹായം വാഗ്ദാനവും ചെയ്യുകയുമുണ്ടായി. ദേശീയ അസ്ഥിത്വം പരസ്പരം അംഗീകരിക്കാനും അയല്‍പക്ക ബന്ധം ശക്തിപ്പെടുത്താനും ഉച്ചകോടി ആഹ്വാനം ചെയ്യുന്നുമുണ്ട്. രാജ്യങ്ങളുടെ പരമാധികാരത്തെ പരസ്പരം മാനിക്കുകയും അറബ് ഐക്യം സുദൃഢമാക്കുകയും വേണം. മേഖലയിലെ പ്രശ്‌നങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ അറബ് ലോകം അംഗീകരിക്കില്ല. പ്രശ്‌നപരിഹാരത്തിന് അതത് സന്ദര്‍ഭങ്ങളില്‍ തന്നെ ഇടപെടാന്‍ പൊതു സെക്രട്ടറിയേറ്റിന് രൂപം നല്‍കിയതും ശ്രദ്ധേയമായി.
മധ്യപൗരസ്ത്യദേശത്ത്, ബാഹ്യ ശക്തികളുടെ താല്‍പര്യത്തിന് സഹായകമായ നിലപാട് പലപ്പോഴും അറബ് രാജ്യങ്ങള്‍ സ്വീകരിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സിറിയ, യമന്‍, ലിബിയ എന്നിവിടങ്ങളില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാണ്. രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കൈകടത്തല്‍ സംഘര്‍ഷത്തിനിടയാക്കുന്നു. സിറിയന്‍ പ്രശ്‌നപരിഹാരത്തിന് റഷ്യയും ഇറാനും തുര്‍ക്കിയും സംയുക്തമായി നടത്തുന്ന നീക്കം അട്ടിമറിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. സിറിയയില്‍ പ്രതിപക്ഷ സഖ്യത്തെ നാളിതുവരെ സഹായിച്ച രാഷ്ട്രമാണ് തുര്‍ക്കി. ബശാറുല്‍ അസദിനെ താങ്ങിനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ് റഷ്യയും ഇറാനും. അസദ് ഭരണകൂടത്തിന് എതിരായ നീക്കം തകര്‍ന്നടിഞ്ഞതോടെ സിറിയന്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് രാഷ്ട്രീയ പരിഹാരത്തിന് ശ്രമിക്കുന്ന തുര്‍ക്കി നീക്കം വിവേകപൂര്‍വമാണ്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ച ട്രംപ് ഭരണകൂടം, രാസായുധ പ്രയോഗത്തിന്റെ മറവില്‍ സിറിയയില്‍ മിസൈല്‍ വര്‍ഷം നടത്തിയത് തുര്‍ക്കിയുടെകൂടി പിന്തുണ നേടിയെടുക്കാന്‍ കാരണമായി. അമേരിക്ക ആഗ്രഹിച്ചത് ഈ തന്ത്രപരമായ വിജയമാണ്. എന്നാല്‍ അമേരിക്കയുടെ സൈനിക ഇടപെടല്‍ അറബ് ഉച്ചകോടിയില്‍ അജണ്ടയാകാതെ പോയത് ട്രംപ് ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്. സിറിയ ഒഴികെ 21 അംഗ രാഷ്ട്ര പ്രതിനിധികള്‍ സഊദിയിലെ ദഹ്‌റാനില്‍ സമ്മേളിച്ച് നടത്തിയ പ്രഖ്യാപനം അറബ് ലോകത്തിന്റെ വ്യക്തിത്വം വീണ്ടെടുക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. സജീവമായ പൊതുവേദിയായി ‘യൂറോപ്യന്‍ യൂണിയന്‍’ മാതൃകയില്‍ ഐക്യപ്പെടുകയാണെങ്കില്‍ അറബ് സമൂഹത്തിന് മാത്രമല്ല ലോകത്തിന് തന്നെ ഗുണകരമായി തീരും തീര്‍ച്ച.

chandrika: