X

കൂട്ടക്കുരുതിക്ക് അവസാനമില്ല പശ്ചിമേഷ്യയില്‍ രാഷ്ട്രീയ മാറ്റം

പശ്ചിമേഷ്യയില്‍ കൂട്ടക്കുരുതിക്ക് അവസാനമില്ല. ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രാഈല്‍ വീണ്ടും പത്ത് ഫലസ്തീന്‍ യുവാക്കളെ കൊലപ്പെടുത്തി. സിറിയയിലെ കിഴക്കന്‍ ഗൗഥയിലെ അവസാനത്തെ പ്രതിപക്ഷ കേന്ദ്രമായ ഭൗമയില്‍ സിറിയന്‍-റഷ്യന്‍ സൈനികരുടെ രാസായുധ പ്രയോഗത്താല്‍ ദയനീയമായി ജീവന്‍ നഷ്ടപ്പെട്ടത് കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 70 പേര്‍ക്കാണ്. വിലപേശല്‍ തുടരുമ്പോള്‍ ഐക്യരാഷ്ട്ര സംഘടനക്ക് നിസ്സഹായാവസ്ഥ. അറബ് ലീഗ് ഇനിയും ഉണര്‍ന്നിട്ടുമില്ല.
പശ്ചിമേഷ്യയില്‍ വന്‍ ശക്തികളുടെ സാന്നിധ്യവും നിലപാടും കിഴ്‌മേല്‍ മറിയുന്നു. സിറിയയില്‍നിന്ന് അമേരിക്കയുടെ സൈനികര്‍ ഉടന്‍ പിന്മാറുമെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഐ.എസ് തീവ്രവാദികളെ പൂര്‍ണമായും അമര്‍ച്ച ചെയ്തു കഴിഞ്ഞ സാഹചര്യത്തിലാണത്രെ പിന്‍വാങ്ങല്‍. ‘ഏഴ് ലക്ഷം മില്യന്‍ ഡോളര്‍ സിറിയയില്‍ ഇതിനകം ചെലവഴിച്ചു. അമേരിക്കന്‍ സൈന്യം സിറിയയില്‍ തുടരണമെങ്കില്‍ സഊദി അറേബ്യ പണം മുടക്ക’ണമെന്നാണ് നിര്‍ലജ്ജം ട്രംപിന്റെ പ്രസ്താവന. ഭൗമയിലെ രാസായുധ പ്രയോഗത്തിന്റെ പേരില്‍ അസദ് ഭരണകൂടത്തിനും റഷ്യക്കുമെതിരെ ട്രംപ് ഭീഷണി മുഴക്കിയെങ്കിലും ഇവയൊക്കെ പതിവ് അഭ്യാസ പ്രകടനംമാത്രമാണ്. അസദ് ഭരണകൂടം സ്വന്തം ജനതക്കുമേല്‍ രാസായുധം പ്രയോഗിക്കുന്നത് ആദ്യമല്ല. നേരത്തെയും അമേരിക്കയുടെ ഭീഷണിയും താക്കീതും ഉയര്‍ത്തിയതായിരുന്നുവെങ്കിലും മഷി ഉണങ്ങും മുമ്പേ വിസ്മൃതിയിലാണ്ടു. ഇക്കാര്യം അസദും റഷ്യയും മനസിലാക്കുന്നുണ്ട്. ആധിപത്യം ഉറപ്പിക്കാന്‍ സ്വന്തം ജനതക്കുമേല്‍ പൈശാചിക നടപടി സ്വീകരിച്ച അപൂര്‍വം ഭരണാധികാരികളില്‍ ബശാറുല്‍ അസദിന്റെ നാമം ചരിത്രത്തില്‍ കറുത്ത അധ്യായമായിരിക്കും. സോഷ്യല്‍ മാധ്യമങ്ങളും പാശ്ചാത്യ മാധ്യമങ്ങളും തുറന്നുകാണിക്കുന്ന ചിത്രങ്ങള്‍ അതിദയനീയ രംഗങ്ങളാണ്. വായില്‍ നുരയും പതയുമൊലിച്ച് കിടക്കുന്ന പിഞ്ചോമനകള്‍, ശ്വാസം കിട്ടാതെ മരിച്ചുവീഴുന്ന ദയനീയാവസ്ഥ- ഇവയൊക്കെ ലോക സമൂഹത്തെ നടുക്കി. അസദും റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുട്ടിനുംഇതൊക്കെ നിഷേധിക്കുന്നുണ്ട്. അതേസമയം, യു.എന്‍ രക്ഷാസമിതിക്ക് വിഷയത്തില്‍ ഇടപെടാന്‍ പോലും റഷ്യ അനുവദിക്കുന്നില്ല.
ഗസ്സയില്‍ നിരായുധരായ ഫലസ്തീന്‍കാര്‍ക്ക് നേരെ നിറത്തോക്ക് തുറന്ന് വെച്ചിരിക്കുകയാണ് ജൂത കിങ്കരന്മാര്‍. അവര്‍ക്ക് മനസാക്ഷിയില്ല, അഹങ്കാരവും ആയുധബലവും രാക്ഷസീയ നിലവാരത്തില്‍ എത്തിച്ചിരിക്കുകയാണ്. ഫലസ്തീന്‍ നയത്തില്‍ സഊദിയും മാറ്റം വരുത്തുന്നുണ്ട്.
സിറിയയിലെ മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിംകള്‍ക്ക്‌മേല്‍ ആധിപത്യം പുലര്‍ത്തി അടക്കിവാഴുന്ന ചെറു ന്യൂനപക്ഷമായ ശിയാ ഭരണകൂടം റഷ്യന്‍ സഹകരണത്തോടെ എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഉന്മൂലനം ചെയ്യുന്നു. 13 ശതമാനം വരുന്ന ശിയാക്കളുടെതാണ് (അലവിയ വിഭാഗം ശിയാക്കള്‍) അസദിന്റെ ഭരണകൂടം. മഹാഭൂരിപക്ഷത്തിന്മേല്‍ ഏഴ് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ സമ്പൂര്‍ണ വിജയം ആഘോഷിക്കുകയാണ് അസദും സഖ്യവും. 2011-ലെ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങിയ അസദിനെ താങ്ങിനിര്‍ത്തിയത് റഷ്യയും ഇറാനും ലബനാനിലെ ശിയാ സായുധ പോരാളികളായ ഹിസ്ബുല്ല പ്രസ്ഥാനവുമാണ്. അവര്‍ അസദിന് സൈനികമായി നേരിട്ട് പിന്തുണ നല്‍കി. നാല് ലക്ഷത്തിലേറെയായിരുന്നു മരണം. ജനസംഖ്യയില്‍ പകുതിയിലേറെ അഭയാര്‍ത്ഥി ക്യാമ്പുകളിലെത്തി. പ്രധാന നഗരങ്ങള്‍ക്ക് പ്രേതനഗരിയുടെ പ്രതീതിയാണ്. തകര്‍ന്നടിയാന്‍ ഒരു കെട്ടിടവും അവശേഷിക്കുന്നില്ല. മറുവശത്ത്, പ്രതിപക്ഷ വിഭാഗത്തെ അമേരിക്ക, സഊദി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ സഹായിച്ചു; പിന്തുണ പരമാവധി നല്‍കി, ബശാറുല്‍ അസദ് ഭരണകൂടം തകരുന്ന ഘട്ടത്തില്‍, സംഘര്‍ഷത്തിന്റെ ഊന്നല്‍ മാറി. ഐ.എസ് വിരുദ്ധ നിലപാടിലേക്ക് അമേരിക്ക ഉള്‍പ്പെടെ നീങ്ങി. അസദ് തന്ത്രപൂര്‍വം രാജ്യത്ത് ആധിപത്യം വീണ്ടെടുത്തു. റഷ്യ സൈനികമായി തന്നെ സഹായിച്ചതിന്റെ ഫലമായിരുന്നു അസദിന്റെ വിജയം. ആഭ്യന്തര യുദ്ധം അസദിന്റെ വിജയത്തില്‍ കലാശിച്ച സാഹചര്യത്തില്‍, അമേരിക്ക പ്രതിപക്ഷത്തെ കൈവിടുകയാണ്. പ്രതിപക്ഷ സഖ്യത്തെ ഭാവിയില്‍ സഹായിക്കണമെങ്കില്‍ സഊദി സാമ്പത്തിക സഹായം നല്‍കണമെന്നാണ് ട്രംപിന്റെ നിലപാട്. അതിനിടെ, അമേരിക്കയേയും സഖ്യരാഷ്ട്രമായ തുര്‍ക്കിയേയും തമ്മിലടിപ്പിക്കാനുള്ള റഷ്യന്‍ തന്ത്രവും വിജയം കണ്ടു. തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ പതിറ്റാണ്ടുകളായി അസ്വസ്ഥത സൃഷ്ടിക്കുന്ന കുര്‍ദ്ദിഷ് പോരാളികള്‍ക്ക് (വൈ.പി.ജി) പരിശീലനവും ആയുധവും നല്‍കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തോട് തുര്‍ക്കി ശക്തമായി വിയോജിച്ചു. സിറിയയിലെ ആഫ്രീന്‍ മേഖലയിലേക്ക് തുര്‍ക്കി സൈന്യം കടന്ന് കയറി കുര്‍ദ്ദിഷ് പോരാളികളെ നിഷ്പ്രഭരാക്കി. മേഖലയാകെ തുര്‍ക്കി നിയന്ത്രണത്തിലാണിപ്പോള്‍. നാറ്റോ സഖ്യത്തിലെ ഏക മുസ്‌ലിം രാജ്യമായ തുര്‍ക്കിയെ അവഗണിച്ചുള്ള ട്രംപിന്റെ നിലപാട് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഭിന്നത രൂക്ഷമാക്കി. ഏറ്റവും അവസാനം ബ്രിട്ടനും റഷ്യയും തമ്മിലുള്ള ‘നയതന്ത്ര യുദ്ധ’ത്തില്‍ തുര്‍ക്കി പക്ഷം ചേരാതെ നില്‍ക്കുകയാണ്. മറുവശത്ത്, നാറ്റോ സഖ്യമായിരുന്നിട്ടും എസ്-400 എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനം എത്രയും പെട്ടെന്ന് തുര്‍ക്കിക്ക് നല്‍കാന്‍ റഷ്യ തയ്യാറായി. റഷ്യന്‍ സഹകരണത്തോടെ തുര്‍ക്കിയില്‍ ആണവ പവര്‍ പ്ലാന്റ് സ്ഥാപിക്കാനും ഇരു രാഷ്ട്രങ്ങളും ധാരണയിലെത്തി. തുര്‍ക്കിയുമായുള്ള ചങ്ങാത്തത്തിന് റഷ്യ വലിയ പ്രാധാന്യം നല്‍കുന്നു. പശ്ചിമേഷ്യയില്‍ അമേരിക്കയെ ഒഴിവാക്കിയുള്ള നയതന്ത്ര നീക്കം വ്യാപകമാക്കാന്‍ തുര്‍ക്കിയുമായുള്ള സഹകരണം റഷ്യക്ക് സഹായകമായി. ജറൂസലം വിവാദത്തോടെ ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് അമേരിക്കയെ മാധ്യസ്ഥരായി പരിഗണിക്കില്ലെന്ന് ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബാസ് തുറന്നടിച്ചിട്ടുണ്ട്. സിറിയയില്‍ നിന്ന് അമേരിക്കയുടെ സൈനിക പിന്മാറ്റത്തോടെ പ്രശ്‌നപരിഹാര ശ്രമത്തിന് തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളുടെ സഹകരണത്തിന് റഷ്യ ആഗ്രഹിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ റഷ്യന്‍ പ്രസിഡണ്ട് പുട്ടിനും ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റുഹാനിയും തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉറുദുഗാനും നടത്തിയ ഉച്ചകോടി സിറിയയില്‍ രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമത്തിന് ആക്കം കൂട്ടും. സിറിയയുടെ പുനരുദ്ധാരണത്തിനും പുതിയ ഭരണഘടന തയാറാക്കാനും അങ്കാറ ഉച്ചകോടിയില്‍ തീരുമാനമായി. കസാഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ തുടങ്ങിവെച്ച ത്രിരാഷ്ട്ര ചര്‍ച്ചയുടെ രണ്ടാം ഘട്ടമാണ് അങ്കാറയില്‍ നടന്നത്. അടുത്തത് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ചാണ് നിശ്ചയിച്ചിട്ടുള്ളത്. സിറിയന്‍ പ്രതിപക്ഷത്തിന് ഇന്നത്തെ സാഹചര്യത്തില്‍ തുര്‍ക്കി ലൈനില്‍ നീങ്ങാനേ കെല്‍പ്പുള്ളൂ. അമേരിക്ക ഉള്‍പ്പെടെ സഹായിക്കാന്‍ ആരുമില്ല. ഏപ്രില്‍ 3, 4 തീയതികളിലെ ത്രിരാഷ്ട്ര ഉച്ചകോടിക്ക് മുമ്പ് തന്നെ പുട്ടിന്‍ അങ്കാറയിലെത്തി ഉറുദുഗാനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയത് പ്രശ്‌നപരിഹാരത്തിനുള്ള കരട് ഫോര്‍മുല തയ്യാറാക്കാന്‍ സഹായിച്ചിട്ടുണ്ടത്രെ.
പശ്ചിമേഷ്യയില്‍ അമേരിക്കയുടെ സ്വാധീനം കുറഞ്ഞുവരികയാണ്. സിറിയയില്‍ നിന്നുള്ള പിന്മാറ്റവും ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രാഈലിനെ സമ്പൂര്‍ണമായി പിന്തുണ നല്‍കുന്നതും ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് അമേരിക്കയെ അകറ്റുന്നുണ്ട്. വ്യക്തമായ ലക്ഷ്യത്തോടെ റഷ്യ നടത്തുന്ന നയതന്ത്ര നീക്കം പശ്ചിമേഷ്യയെ സംരക്ഷിക്കാനാണോ അതല്ല തകര്‍ക്കാനാണോ എന്ന് കാത്തിരുന്ന് കാണാം.

chandrika: