ലിംഗായത്തുകാര്‍ കര്‍ണാടകയില്‍ പ്രബലശക്തിയാണ്. ജനസംഖ്യയുടെ പതിനേഴ് ശതമാനം വരും. ഭരണം എങ്ങോട്ടെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായക സ്വാധീനുണ്ടവര്‍ക്ക്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആത്മീയാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന ബസവണ്ണയുടെ സിദ്ധാന്തം പിന്തുടരുന്ന വിഭാഗമാണവര്‍. വേദങ്ങളുടെ പ്രാധാന്യത്തെയും മതാചാരപ്രകാരമുള്ള ചടങ്ങുകളെയും എതിര്‍ക്കുന്ന ശിവഭക്തരാണ് ലിംഗായത്ത് സമുദായക്കാര്‍.
കര്‍ണാടകയില്‍ രാഷ്ട്രീയമായി പ്രബലരും വലിയ സമ്മര്‍ദ്ദ ശക്തിയുമാണിവവര്‍. 1956ലും 197 2ലും സംസ്ഥാനത്ത് ലിംഗായത്തുകാരായിരുന്നു മുഖ്യമന്ത്രി. രാമകൃഷ്ണ ഹെഗ്‌ഡെ 1983ല്‍ മുഖ്യമന്ത്രിയായത് ലിംഗായത്തിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു. രാജീവ്ഗാന്ധി 1989ല്‍ ലിംഗായത്ത് നേതാവ് വീരേന്ദ്ര പാട്ടീലിനെ കര്‍ണാടകയുടെ മുഖ്യന്ത്രിയാക്കി. അത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത് പാട്ടീലിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു. 224 സീറ്റില്‍ 181 സീറ്റ് നേടാനായത് പാട്ടീല്‍ പ്രഭയിലായിരുന്നു. പ്രഭയടങ്ങുംമുമ്പേ കോണ്‍ഗ്രസ് നേതൃത്വം പാട്ടീലിനെ അധികാരത്തില്‍ നിന്നും പിടിച്ചിറക്കി. ഇതോടെ ലിംഗായത്ത് വിഭാഗം കോണ്‍ഗ്രസില്‍നിന്നും അകന്നു. പതുക്കെ അവര്‍ ബി.ജെ.പി പാളയത്തില്‍ ചേര്‍ന്നു. കര്‍ണാടകയില്‍ ലിംഗായത്ത് പിന്തുണ ബി.ജെ.പിക്ക് ഗുണം ചെയ്തു. ബി.ജെ.പി അസ്ഥിവാരമിട്ടത്ത് ലിംഗായത്ത് തിണ്ണയിലാണ്. ലിംഗായത്തുകാരനായ യെദ്യൂരപ്പ മുഖ്യമന്ത്രിയായി അവരോധിച്ചതില്‍ ലിംഗായത്തുകാരുടെ പിന്തുണ വലിയ ബലം നല്‍കി. ബി.ജെ.പിയോട് ഇഴുകി നില്‍ക്കുമ്പോഴും ലിംഗായത്തുകാര്‍ക്ക് മാത്രമായി ചില അടങ്ങാത്ത മോഹങ്ങളുണ്ടായിരുന്നു. ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതം എന്നതായിരുന്നു പ്രധാനം. രാജ്യ സ്വാതന്ത്ര്യത്തേക്കാള്‍ പഴക്കമുണ്ട് ഈ ആവശ്യത്തിന്. 1942 മുതല്‍ ലീംഗായത്ത് മതമെന്ന ആവശ്യം കര്‍ണാടകയെ മുട്ടുന്നുണ്ട്. പക്ഷേ അതംഗീകരിക്കാന്‍ ഒരു ഭരണകൂടവും ഇതുവരെ തയ്യാറായിട്ടില്ല. ആര്‍ക്കും അതിനുള്ള ധൈര്യവും ഉണ്ടായിട്ടില്ല. സമാനമായ ആവശ്യങ്ങളും നിര്‍ദേശങ്ങളും കര്‍ണാടക രാഷ്ട്രീയത്തെ മുമ്പും അസ്വസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ട്തന്നെ ലിംഗായത്ത് മതമെന്നത് കര്‍ണാടകക്ക് പൊള്ളുന്നതായിരുന്നു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ആരവങ്ങളിലേക്ക് ഇക്കുറി വീണത് തന്നെ ലിംഗായത്ത് മതമെന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കംകുറിച്ച സിദ്ധരാമയ്യ സര്‍ക്കാറിന്റെ നടപടികളോടെയാണ്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിയോഗിച്ച റിട്ട. ഹൈക്കോടതി ജഡ്ജി എച്ച്.എന്‍ നാഗമോഹന്‍ദാസ് അധ്യക്ഷനായ ഏഴംഗ സമിതി ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാമെന്ന് 2018 മാര്‍ച്ച് രണ്ടിന് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. കണ്ണടച്ച് റിപ്പോര്‍ട്ട് അംഗീകരിക്കുന്ന നിലപാടാണ് കര്‍ണാകട സര്‍ക്കാര്‍ കൈകൊണ്ടത്. മന്ത്രിസഭക്കകത്ത്തന്നെ ചില അപശബ്ദങ്ങള്‍ ഉയര്‍ന്നെങ്കിലും ലിംഗായത്തിന് പ്രത്യേക മതപദവി നല്‍കണമെന്നാവശ്യപ്പെട്ട്‌കേന്ദ്ര സര്‍ക്കാറിന് കര്‍ണാടക കത്ത് നല്‍കി. സിദ്ധരാമയ്യ തന്ത്രപൂര്‍വം രാഷ്ട്രീയം കളിക്കുകയാണെന്ന് രാഷ്ട്രീയ എതാരാളികള്‍ ആരോപിച്ചു. എന്നാല്‍ ഇനിയൊരിക്കലും പിറകോട്ടില്ലെന്ന നിലപാട് തന്നെയായിരുന്നു സിദ്ധരാമയ്യക്ക്. ഇനി തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്ന് പറഞ്ഞ സിദ്ധരാമയ്യ ഒരു മുളം മുമ്പേ തന്നെ എറിഞ്ഞ് വെട്ടിലാക്കിയത് ബി.ജെ.പിയെയായിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ലിംഗായത്തുകാര്‍ക്ക് പ്രത്യേക മതമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നപ്പോള്‍ അസ്വസ്ഥമായത് ബി.ജെ.പിയാണ്. സിദ്ധ രാമയ്യയുടെ തന്ത്രത്തിന് മുമ്പില്‍ അമിത്ഷാ പോലും പതറിപ്പോയി. ലിംഗായത്തിന് പ്രത്യേക ന്യൂനപക്ഷ പദവി നല്‍കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ ശിപാര്‍ശ കേന്ദ്രം അംഗീകരിക്കില്ലെന്നായിരുന്നു അമിത്ഷായുടെ വിശദീകരണം. കര്‍ണാടക സര്‍ക്കാര്‍ ലിംഗായത്തിന് ന്യൂനപക്ഷപദവി നല്‍കാന്‍ തീരുമാനിച്ചത് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ വേണ്ടിയാണെന്ന് അമിത്ഷാ പരിതപിച്ചു. ലിംഗായത്തുകാരനാണ് യെദ്യൂരപ്പയെന്ന് അമിത്ഷാ പറയാതെ പറയുകയായിരുന്നു. ലിംഗായത്തുകാരെ അനുനയിപ്പിക്കാന്‍ ലിംഗായത്ത് മഠങ്ങള്‍ സന്ദര്‍ശിക്കുകയും പിന്തുണക്ക് ശ്രമിക്കുകയും ചെയ്തു. ലിംഗായത്ത് സമുദായത്തോട് സിദ്ധരാമയ്യക്ക് സ്‌നേഹമില്ലെന്നും യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കുന്നത് തടയുക മാത്രമാണ് ലക്ഷ്യമെന്നും ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ യെദ്യൂരപ്പ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും പറഞ്ഞ് എങ്ങനെയെങ്കിലും ലിംഗായത്ത് വികാരം ഇളക്കാന്‍ ശ്രമിച്ചു അമിത്ഷാ. മറ്റു രാഷ്ട്രീയ കാര്യങ്ങളിലേക്കൊന്നും കടക്കാതെ കര്‍ണാടകയില്‍ ലിംഗായത്ത് വിഷയവും യെദ്യൂരപ്പയെ പിന്തുണക്കുന്ന വര്‍ത്തമാനങ്ങളുമാണ് അമിത്ഷാ നടത്തിയത്.
ലിംഗായത്തുകാര്‍ കുറച്ചു കാലമായി ബി.ജെ.പിയെ മാത്രമാണ് തുണക്കുന്നത്. പ്രത്യേക പദവി നല്‍കിയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന ആശങ്ക ബി.ജെ.പിയെ അസ്വസ്ഥമാക്കുകയാണ്. ലിംഗായത്ത് മഠങ്ങള്‍ കയറിയിറങ്ങിയെങ്കിലും അമിത്ഷാക്ക് മഠങ്ങളില്‍നിന്നുള്ള പ്രതികരണം ആശാവഹമായിരുന്നില്ല. എന്നാല്‍ ലിംഗായത്തുകാര്‍ ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് അമിത്ഷായെ നേരത്തെ കണ്ടിരുന്നു. ഇതുസംബന്ധിച്ച് നിവേദനവും നല്‍കിയിരുന്നു. ചിത്രദുര്‍ദ മുരുക ശരണരു സ്വാമി നല്‍കിയ നിവേദനത്തിന് മാന്യമായ മറുപടി നല്‍കാന്‍ പോലും അമിത് ഷാക്ക് കഴിയാത്തത് ലിംഗായത്തുകാരെ കൂടുതല്‍ ചൊചിപ്പിച്ചു.
സിദ്ധരാമയ്യക്ക് ചുവടുകളൊന്നും പിഴിച്ചിരുന്നില്ല. കൃത്യമായാണ് രാഷ്ട്രീയം കളിച്ചത്. ജനസംഖ്യയില്‍ 12 ശതമാനം വരുന്ന ലിംഗായത്തുകാര്‍ പാരമ്പര്യമായി ബി.ജെ.പിയെ പിന്തുണക്കുന്നവരാണ്. ഇതില്‍ വിള്ളലുണ്ടാക്കലായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യം. ലിംഗായത്തുകാരുടെ അതേ ആവശ്യം മറ്റു ചില സമുദായങ്ങള്‍ക്കുമുണ്ട്. വീരശൈവരും പ്രത്യേക പദവി ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് പദവി നല്‍കാതെ ലിംഗായത്തുകാര്‍ക്ക് പ്രത്യേക പദവി നല്‍കി തലോടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇരുവിഭാഗവും രണ്ട് തട്ടിലായതോടെ ലാഭം കോണ്‍ഗ്രസിനാണ്. ന്യൂനപക്ഷ പദവി സംബന്ധിച്ച് ഇനി തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നിരിക്കെ തീരുമാനം ഇനി എന്തായാലും ലാഭം മാത്രമായിരിക്കും സിദ്ധരാമയ്യക്ക്. പ്രത്യേക പദവി വേണ്ടെന്ന് തീരുമാനിച്ചാല്‍ കര്‍ണാടകയുടെ ആവശ്യം കേന്ദ്രം തള്ളിയെന്ന് പറഞ്ഞ് ബി.ജെ.പിക്ക് എതിരെ തിരിയാം. ഇനി അഥവാ അംഗീകരിച്ചാല്‍ കര്‍ണാടകയുടെ തീരുമാനം നടപ്പായതിന്റെ ഗുണവും സിദ്ധരാമയ്യക്ക് തന്നെ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിവലില്‍ വന്നതിനാല്‍ കേന്ദ്രത്തിന് തെരഞ്ഞെടുപ്പിന് മുമ്പ് ഒന്നും ചെയ്യാനാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ലിംഗായത്തിന് ന്യൂനപക്ഷ പദവി നല്‍കില്ലെന്ന അമിത്ഷായുടെ വാക്ക് ഒഴിവാക്കാമായിരുന്നുവെന്നാണ് കര്‍ണാടക ബി.ജെ.പിയുടെ അഭിപ്രായം. നടക്കാത്ത കാര്യത്തില്‍ വലിയ വര്‍ത്തമാനം പറഞ്ഞ് ലിംഗായത്തുകാരെ ചൊടിപ്പിച്ചത് ബി.ജെ.പിക്ക് വലിയ നഷ്ടം ചെയ്യുമെന്നത് ബി.ജെ.പിയെ അസ്വസ്ഥമാക്കികൊണ്ടിരിക്കുകയാണ്. ലിംഗായത്തുകാരെ ഇണക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നും പരാജയപ്പെട്ടതും ബി.ജെ.പിക്ക് തിരിച്ചടിയായി.
ലിംഗായത്തിന് പ്രത്യേക ന്യൂനപക്ഷ പദവി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന അമിത്ഷായുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ലിംഗായത്ത് നേതാക്കള്‍ ആഹ്വാനം ചെയ്തത് കഴിഞ്ഞ ദിവസമാണ്. ന്യൂനപക്ഷ പദവിയെന്ന ആവശ്യം പിന്തുണക്കുന്നവര്‍ക്കേ പിന്തുണയുള്ളൂവെന്നാണ് ലിംഗായത്തുകാര്‍ അറിയിച്ചിട്ടുള്ളത്. ബംഗളൂരു ബസവ ഭവനില്‍ ലിംഗായത്ത് മഠാധിപതിമാര്‍ യോഗം ചേര്‍ന്നാണ് കോണ്‍ഗ്രസ് അനുകൂല തീരുമാനം കൈക്കൊണ്ടത്. അമിത്ഷാക്കെതിരെ രൂക്ഷവിമര്‍ശനാണ് യോഗത്തിലുണ്ടായത്. കഴിഞ്ഞ കുറച്ചുകാലമായി ബി.ജെ.പിയെ തുണച്ച ലിംഗായത്തുകാര്‍ ഇത്തവണ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ശ്രമിച്ചത് കര്‍ണാടകയുടെ ഭരണം കോണ്‍ഗ്രസിന് സുനിശ്ചിതമാക്കിയിരിക്കുകയാണ്. കര്‍ണാടകയിലെ 224 സീറ്റുകളില്‍ പകുതിയിലേറെ സ്ഥലത്തും ലിംഗായത്തുകാര്‍ക്ക് നിര്‍ണായക ശക്തിയുണ്ട്. നിയമസഭാംഗങ്ങളില്‍ അമ്പതിലേറെപേരും ലിംഗായത്തുകാരാണ്. ബി.ജെ.പിയെ കൈവിട്ട ലിംഗായത്തുകാര്‍ ഇക്കുറി വിധാന്‍സഭയിലേക്കുള്ള കോണ്‍ഗ്രസ്‌യാത്ര എളുപ്പമാക്കും.