X

ട്രംപ്-കിം കൂടിക്കാഴ്ച ‘ഉപാധി’ തടസ്സം സൃഷ്ടിക്കുന്നു

 

ലോകം പ്രതീക്ഷാപൂര്‍വം ഉറ്റുനോക്കുന്ന അമേരിക്ക-ഉത്തര കൊറിയ ചര്‍ച്ചക്കുള്ള സാധ്യത അകലുകയാണ്. ‘നിരുപാധിക ചര്‍ച്ച’ എന്ന നിലയില്‍ മെയ് മാസം ഡോണാള്‍ഡ് ട്രംപും കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്ന പ്രതീക്ഷ അമേരിക്ക ഉപാധി മുന്നോട്ടുവെച്ചതോടെ തകരുമെന്ന അവസ്ഥയില്‍. ആണവ പ്രശ്‌നത്തില്‍ യുദ്ധത്തിന്റെ സമീപം എത്തിനില്‍ക്കവെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. ദക്ഷിണ കൊറിയയിലെ പ്യോങ് ചാങ്ങില്‍ ശീതകാല ഒളിംപ്ക്‌സില്‍ ഉത്തരകൊറിയന്‍ ടീം എത്തുകയും ഭരണാധികാരിയുടെ സഹോദരി കിംയോ ജുങ്ങിന്റെ നേതൃത്വത്തില്‍ പ്രതിനിധിസംഘം ദക്ഷിണ കൊറിയന്‍ ഭരണ നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചെയ്തതോടെയാണ് മഞ്ഞുരികയത്. ഈ സാഹചര്യത്തെ ആശ്വാസത്തോടെയാണ് ലോകം കണ്ടത്. ഇരു കൊറിയകളും ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുവാനും ഈ അവസരം ഉപയോഗിച്ചു.
ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജായ് അമേരിക്കയുമായി അടുത്തബന്ധം പുലര്‍ത്തിയാണ് ട്രംപ്-കിം കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്. ഏഷ്യന്‍ സമാധാനത്തിന് താല്‍പര്യം പ്രകടിപ്പിച്ച എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നതാണ് ട്രംപ്-കിം കൂടിക്കാഴ്ച! ഇത്തരമൊരു ചര്‍ച്ചക്ക് വൈറ്റ് ഹൗസ് സന്നദ്ധത പ്രകടിപ്പിച്ചു എങ്കിലും പിന്നീട് ആണ് ഉപാധി മുന്നോട്ടുവെക്കുന്നത്.
കൂടിക്കാഴ്ചക്ക് മുമ്പ് തന്നെ ഉപാധികള്‍ അംഗീകരിക്കണമെന്നാണ് വൈറ്റ് ഹൗസിന്റെ കര്‍ക്കശ നിലപാട്! ആണവ നിരായുധീകരണം, പരീക്ഷണം എന്നിവയൊക്കെ അവസാനിപ്പിക്കണമെന്നാണ് പ്രധാന ഉപാധി. ഉപരോധത്തില്‍ ഇളവ് നല്‍കുകയാകട്ടെ പൂര്‍ണ കരാറിന് ശേഷവും. യു.എന്‍. ഉപരോധം മൂലം പ്രതിസന്ധിയിലായതാണ് ഉത്തര കൊറിയ വീമ്പു പറച്ചില്‍ നിര്‍ത്തി സമാധാന ചര്‍ച്ചക്ക് സന്നദ്ധമാകാന്‍ കാരണം എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അമേരിക്കയുടെ മലക്കം മറിച്ചില്‍! ഭൂഖണ്‌ഡേതര മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് 2017-ലാണ് ഉത്തര കൊറിയക്കെതിരെ യു.എന്‍. ഉപരോധം ഏര്‍പ്പെടുത്തിയത്.
ഉത്തര കൊറിയയില്‍ നിന്നുള്ള കയറ്റിറക്കുമതി ഉപരോധം മൂലം നാമമാത്രം. ഇത്തരം പ്രതിസന്ധിയെ അവഗണിച്ചുകൊണ്ടായിരുന്നു കിമ്മിന്റെ നീക്കം. അമേരിക്കക്ക് മുന്നില്‍ രാജ്യതാല്‍പര്യം ബലി കഴിക്കാന്‍ തയാറില്ലെന്ന് ഉറച്ച നിലപാട് സ്വീകരിച്ച കിം ധൃതിപിടിച്ച് ട്രംപുമായി സമാധാന ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചതില്‍ ദുരൂഹതയുണ്ടത്രെ! അമേരിക്കയിലും ട്രംപ്-കിം ഉച്ചകോടിക്കെതിരെ വിമര്‍ശനം ഉയരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റണ്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി. ‘അപകടം മനസ്സിലാക്കാതെയാണ് ചര്‍ച്ചക്ക് പോകുന്നത്. ട്രംപ് ടീമില്‍ വിദഗ്ദ്ധരായ നയതന്ത്രജ്ഞരില്ലെന്ന് പ്രത്യേകം ചൂണ്ടിക്കാണിക്കട്ടെ’ ഇതായിരുന്നു ഹിലരിയുടെ പ്രതികരണം. ‘റിയാലിറ്റിഷോ പോലെ അത്ര എളുപ്പമല്ല കാര്യങ്ങള്‍. അമേരിക്കയ്ക്കു ഭീഷണിയായ ഇരുപത് ആണവായുധം കൈവശമുള്ള നേതാവിനോടാണ് കൂടിക്കാഴ്ച’ എന്ന് ഓര്‍മ്മപ്പെടുത്തുകയാണ്’- യു.എന്നിലെ മുന്‍ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ്‌സണിന്റെ മുന്നറിയിപ്പ് ഭരണകൂടത്തിന് അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ജപ്പാന്‍ ഒരു പിടികൂടി കടന്നാണ് ട്രംപ് ഭരണകൂടത്തെ ഓര്‍മ്മപ്പെടുത്തുന്നത്. ‘ഉത്തര കൊറിയ അവരുടെ ആണവ പദ്ധതി ഉപേക്ഷിക്കണം, എന്നിട്ടാകാം കൂടിക്കാഴ്ച’ ജപ്പാന്‍ പ്രതിരോധ മന്ത്രി ഇത് സുനോരിയുടെ നിലപാട്. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വര്‍ധിച്ചതോടെയാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാടില്‍ മാറ്റം വന്നത്.
ഭീഷണിയും താക്കീതും വിരട്ടലും കൊണ്ട് ഉത്തര കൊറിയയെ വരുതിയില്‍ നിര്‍ത്താമെന്നത് വ്യാമോഹം മാത്രം. അമേരിക്ക മുഴുവന്‍ പരിധിയില്‍ വരുന്ന മിസൈല്‍ ഉത്തരകൊറിയയുടെ വശമുണ്ട്. അമേരിക്കയില്‍ നിന്ന് ഏത് ആക്രമണത്തെ തിരിച്ചടിക്കുക ആണവായുധത്തോടെയായിരിക്കുമെന്ന് കിം ഭീഷണിപ്പെടുത്തിയത് ജനുവരി ആദ്യമാണ്. ‘വലുതും കരുത്തുറ്റതുമായ ആണവായുധങ്ങളുടെ ബട്ടന്‍ തന്റെ മേശപ്പുറത്തുണ്ടെ’ന്ന് ട്രംപ് തിരിച്ചടിച്ചു. ഇതിലിടക്ക്, മോശമായ പദപ്രയോഗം ഇരുപക്ഷത്ത് നിന്നും കേള്‍ക്കാനിട വന്നു. യു.എന്‍. ഉപരോധത്തെ തുടര്‍ന്ന് മതിയായ ഭക്ഷണവും മരുന്നും ലഭ്യമാകാതെ 60,000 കുട്ടികള്‍ പട്ടിണിയിലാണെന്ന് യുനിസെഫ് വ്യക്തമാക്കിയത് ലോകത്തെ നടുക്കി. രണ്ട് വര്‍ഷത്തിനകം അഞ്ച് തവണ ആണവ പരീക്ഷണം നടത്തുവാന്‍ കരുത്ത് പ്രകടിപ്പിച്ച ഉത്തര കൊറിയക്ക് പക്ഷേ, രണ്ടര കോടി വരുന്ന ജനങ്ങളുടെ പട്ടിണിയകറ്റാന്‍ പോംവഴി കാണാനായില്ല. ആണവ പരീക്ഷണത്തില്‍ നിന്ന് ഉത്തരകൊറിയയെ പിന്തിരിപ്പിക്കാന്‍ മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനക്ക് മേല്‍ അമേരിക്ക കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും വിഫലമായി. അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ യുദ്ധ കപ്പലുകള്‍ കൊറിയന്‍ തീരത്ത് ‘അഭ്യാസം’ നടത്തിയായിരുന്നു മറ്റൊരു ഭീഷണി. ഒരു ഘട്ടത്തില്‍ ‘മൂന്നാം ലോക’ മഹായുദ്ധ ഭീഷണിയിലേക്ക് വരെ കൊറിയന്‍ സംഘര്‍ഷം വഴി മാറുമോ എന്ന ആശങ്ക വ്യാപകമായി.
രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് വന്‍ശക്തികള്‍ കൊറികള്‍ (അര്‍ദ്ധദ്വീപ്) രാഷ്ട്രം വിഭജിക്കുകയായിരുന്നു. ഉത്തര ഭാഗം സോവ്യറ്റ് യൂണിയന്റെ നിയന്ത്രണത്തില്‍ വന്നു. പിന്നീട് ഉത്തരകൊറിയ എന്ന കമ്മ്യൂണിസറ്റ് രാഷ്ട്രം ചൈനയുടെ പക്ഷത്ത് നിന്നു. 1904 മുതല്‍ കൊറിയയെ കീഴടക്കാന്‍ റഷ്യയും ജപ്പാനും ശ്രമം നടത്തിയിരുന്നതാണ്. അവസാനം വരെ കൊറിയന്‍ ചക്രവര്‍ത്തി സണ്‍ ജോംഗ് ഇവരെ തടഞ്ഞുനിര്‍ത്തി. പിന്നീട് വിഭജനാനന്തരം 1950ല്‍ ദക്ഷിണ കൊറിയ ഉത്തര കൊറിയയെ അക്രമിച്ച് കീഴടക്കാന്‍ നടത്തിയ ശ്രമം മൂന്നു വര്‍ഷം നീണ്ട യുദ്ധത്തിലാണ് കലാശിച്ചത്. 1953 ജൂലായ് മാസം യുദ്ധം അവസാനിക്കുമ്പോള്‍ 2.5 മില്യണ്‍ ആളുകള്‍ കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ആദ്യം കിം ഇല്‍ സൂങ്, തുടര്‍ന്ന് മകന്‍ കിം ജോം ഇല്ലും ഇപ്പോള്‍ പൗത്രന്‍ കിം ജോംഗ് ഉന്നുമാണ് ഏകാധിപതികളായി വാഴുന്നത്. ഉത്തര കൊറിയയോടൊപ്പം ഇപ്പോള്‍ ചൈനയും പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ റഷ്യയുമുണ്ട്. ദക്ഷിണ കൊറിയ എല്ലാ സഹായത്തിനും ആശ്രയിക്കുന്നത് അമേരിക്കയെ. ദക്ഷിണയെ ആയുധമണിയിച്ച് നിര്‍ത്തുന്നതില്‍ അമേരിക്കയ്ക്ക് വലിയ താല്‍പര്യമുണ്ട്. മേഖലയിലാകെ അമേരിക്കയുടെ സൈനിക താവളങ്ങള്‍. ആണവ നിരായുധീകരണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ അമേരിക്കയ്ക്ക് സാധിക്കില്ല. വടക്ക് കിഴക്കന്‍ ഏഷ്യയിലെ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുന്ന അവസ്ഥ അവര്‍ക്ക് ചിന്തിക്കാനാവില്ല. ഈ കേന്ദ്രങ്ങളില്‍ ആണവായുധങ്ങളുണ്ട്. ഒരു ലക്ഷത്തോളം സൈനികരും. ഇവയൊക്കെ അവസാനിപ്പിച്ച് ഉത്തര കൊറിയയുമായി കരാറില്‍ ഏര്‍പ്പെടാന്‍ അവര്‍ തയാറാകില്ല. ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ ഭീഷണി പൂര്‍ണമായി അവസാനിപ്പിക്കുക ഇതാണ് അമേരിക്കയുടെ ഏക അജണ്ട.
ട്രംപ്-കിം ഉച്ചകോടി ഈ പശ്ചാത്തലത്തില്‍ മെയ് മാസം തന്നെ നടക്കുമെന്ന പ്രതീക്ഷയില്ല.
ആണവായുധ നിര്‍മാര്‍ജ്ജനവും നിരായുധീകരണവും ഏകപക്ഷീയമാകരുത്. വന്‍ശക്തികള്‍ക്ക് മാത്രം അവ കൈവശം വെക്കാം എന്ന അലിഖിത നിയമം പൊളിച്ചെഴുതണം. ആണവ നിര്‍വ്യാപന കരാറില്‍ മൂന്നാം ലോക രാജ്യങ്ങളെ ഒപ്പ് വെയ്പ്പിക്കുന്നതില്‍ കാര്യമില്ല. ആണവായുധം കൈവശമുള്ള വന്‍ശക്തികള്‍ ഉള്‍പ്പെടെ ആണവ നിര്‍മ്മാര്‍ജ്ജനത്തിന് തയാറാകണം. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്ന അമേരിക്കയെ എങ്ങനെ ഉത്തര കൊറിയന്‍ ഭരണകൂടവും ജനതയും വിശ്വസിക്കും.

chandrika: