X

രാജ്യം കൊതിക്കുന്നത് ബഹുമത സംസ്‌കാരം

അഡ്വ. പി.എം മുഹമ്മദ്കുട്ടി, ചേളാരി

ന്ത്യന്‍ സാഹചര്യത്തില്‍ ഏക സിവില്‍കോഡ് അപ്രസക്തവും അനഭിലഷണീയവുമാണെന്ന് ബോധ്യപ്പെടണമെങ്കില്‍ ഏക സിവില്‍കോഡ് എന്ന ആശയം ഇന്ത്യന്‍ ഭരണഘടനയില്‍ കടന്നുകൂടിയ ചരിത്ര പശ്ചാത്തലം മനസ്സിലാക്കണം. സ്വാതന്ത്ര്യ സമര കാലത്തോ, സ്വരാജ് അംഗീകരിച്ച കാലത്തോ, ഏക സിവില്‍ കോഡ് എന്ന ആശയം ഒരു രാഷ്ട്രീയ നേതാവും ഉന്നയിച്ചിരുന്നില്ല. 1927ല്‍ മദിരാശിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം ‘സ്വരാജ’ ലക്ഷ്യമായി അംഗീകരിച്ചു.

അതിനെത്തുടര്‍ന്ന് സ്വരാജ് ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കുന്നതിനായി അന്നത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിതാവുമായ മോത്തിലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ആ കമ്മിറ്റി 19 മൗലികാവകാശങ്ങളടങ്ങിയ പട്ടിക തയാറാക്കുകയും 1937ല്‍ കറാച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൗരന്മാര്‍ക്കായി അവ മൗലികാവകാശമായി പ്രഖ്യാപിക്കുകയും ചെയ്തു. അവയിലൊന്നും ഏക സിവില്‍കോഡ് എന്ന ആശയത്തെക്കുറിച്ച് ഒരു സൂചന പോലുമുണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ 16 പിന്നെയും പിന്നിട്ടു. 1948 മാര്‍ച്ച് 28ന് ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടനാ സമിതി യോഗം ചേര്‍ന്നു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട മൗലികാവകാശങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച തുടങ്ങിയപ്പോഴാണ് എം.ആര്‍ മസാനി ഏക സിവില്‍കോഡിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ആദ്യമായി ഉന്നയിച്ചത്. യോഗത്തില്‍ പങ്കെടുത്ത മുസ്‌ലിം പ്രതിനിധികളടക്കം മിക്ക ന്യൂനപക്ഷ പ്രതിനിധികളും ഈ നിര്‍ദ്ദേശത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ദീര്‍ഘനേരത്തെ ചര്‍ച്ചക്കുശേഷം വോട്ടിനിട്ടപ്പോള്‍ ആ നിര്‍ദ്ദേശം തള്ളുകയാണുണ്ടായത്. മാര്‍ച്ച് 30ന് ഭരണഘടനാസമിതി വീണ്ടും സമ്മേളിച്ചു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിന്മേലുള്ള ചര്‍ച്ചകളാരംഭിച്ചു.
മൗലികാവകാശങ്ങളുടെ പട്ടികയില്‍ പ്രവേശനം ലഭിക്കാതിരുന്ന ഏക സിവില്‍കോഡ് മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളുടെ പട്ടികയിലെങ്കിലും ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ മസാനിയും കൂട്ടരും നിര്‍ബന്ധം പിടിച്ചു. ആ നിര്‍ദ്ദേശത്തിലടങ്ങിയ അപകടം മുന്‍കൂട്ടി മനസ്സിലാക്കിയ മുസ്‌ലിംകളടക്കമുള്ള പല ന്യൂനപക്ഷ പ്രതിനിധികളും വിയോജിപ്പ് പ്രകടിപ്പിച്ചു. അവസാനം വോട്ടിനിട്ടപ്പോള്‍ നേരിയ ഭൂരിപക്ഷത്തിന് പാസ്സാക്കുകയാണുണ്ടായത്. അങ്ങനെയാണ് ഏക സിവില്‍കോഡ് ഭരണഘടനയുടെ നാലാം പാര്‍ട്ടില്‍ 44-ാം വകുപ്പായി സ്ഥലം പിടിച്ചത്.
പിന്നീട് കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ ഏക സിവില്‍കോഡ് വിശദമായ ചര്‍ച്ചക്ക് വിധേയമാക്കപ്പെട്ടപ്പോള്‍ മുസ്‌ലിം പ്രതിനിധികളായിരുന്ന മുഹമ്മദ് ഇസ്മായില്‍ സാഹിബ്, ബി. പോക്കര്‍ സാഹിബ്, മെഹ്ബൂബ് അലിബേഗ് എന്നിവര്‍ 44-ാം വകുപ്പിന് ഭേദഗതി നിര്‍ദ്ദേശിക്കുകയുണ്ടായി. അതിപ്രകാരമാണ്. ‘ഒരു പൊതു സിവില്‍ കോഡിന് ഭാവി നിയമ നിര്‍മ്മാണ സഭ രൂപം നല്‍കുകയാണെങ്കില്‍ മതാടിസ്ഥാനത്തിലുള്ള തങ്ങളുടെ വ്യക്തി നിയമങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലാത്തവരെ അതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണം.’ അന്നത്തെ പരിതസ്ഥിതിയില്‍ ആ ഭേദഗതി പരിഗണിക്കപ്പെട്ടില്ല.

എന്നാല്‍ ന്യൂനപക്ഷ സമുദായങ്ങളുടെ ആശങ്ക ദൂരീകരിക്കാനെന്നോണം ഭരണഘടനയുടെ മുഖ്യ ശില്‍പിയായ അംബേദ്കര്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ നല്‍കിയ താഴെ പറയുന്ന ഉറപ്പ് ഇന്നും അതിന്റെ നടപടിക്രമങ്ങളുടെ ചരിത്രത്തില്‍ മായാതെ കിടക്കുന്നുണ്ടാകും. ‘അവര്‍ മുസ്‌ലിംകളാദി ന്യൂനപക്ഷ നേതാക്കള്‍ 44-ാം വകുപ്പിനെ അത് ഉദ്ദേശിക്കുന്നതിലപ്പുറം വായിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് ഒരു പൊതു സിവില്‍കോഡ് ഉണ്ടാക്കാന്‍ രാഷ്ട്രം പരിശ്രമിക്കണമെന്നേ അതുകൊണ്ട് അര്‍ത്ഥമുള്ളൂ.

പൗരന്മാരായതുകൊണ്ട് മാത്രം രാഷ്ട്രം എല്ലാ പൗരന്മാരിലും ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുമെന്ന് സ്വമേധയാ പ്രഖ്യാപിക്കുന്നവര്‍ക്ക് മാത്രമേ ഈ നിയമം ബാധകമാവൂ എന്നും ഭാവിയില്‍ പാര്‍ലമെന്റിനും വ്യവസ്ഥയുണ്ടാക്കാനും സാധ്യതയുണ്ട്. അങ്ങനെ ഏകീകൃത സിവില്‍കോഡ് നിയമത്തിന്റെ ആദ്യഘട്ടത്തില്‍ നിയമം പൂര്‍ണമായും സ്വയം സന്നദ്ധ ഭാവത്തില്‍ തന്നെയായിരിക്കും.’ഡോക്ടര്‍ അംബേദ്കറുടെ അസന്നിഗ്ധവും ആധികാരവുമായ ഈ വാക്കുകള്‍ ചോദ്യം ചെയ്യപ്പെടാവുന്നതല്ലെന്ന് ഇന്ത്യ ഭരിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവടക്കമുള്ള പ്രധാനമന്ത്രിമാരെല്ലാം മനസ്സിലാക്കിയിരുന്നു.

അതുകൊണ്ട് ഏക സിവില്‍കോഡ് വക്താക്കളുടെ നിര്‍ബന്ധം അടിക്കടിയുണ്ടായിട്ടും ആരും ആ സാഹസത്തിന് തയാറായിരുന്നില്ല. ബി.ജെ.പി പ്രധാനമന്ത്രിയായിരുന്ന വാജ്‌പെയ് പോലും അതിനു അപവാദമായിരുന്നില്ല. മുസ്‌ലിം നേതാക്കള്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ പ്രകടിപ്പിച്ച ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്ന് തെളിയിക്കുന്ന വെല്ലുവിളികള്‍ ഇന്നും ചില ഭാഗങ്ങളില്‍ നിന്നും മുഴങ്ങി കേള്‍ക്കുകയാണ്. ഏകീകൃത സിവില്‍കോഡ് ദേശീയോദ്ഗ്രഥനത്തിന് അനിവാര്യമാണെന്ന വാദത്തില്‍ കഴമ്പില്ല. ബഹുമത സംസ്‌കാരമുള്ള ഇന്ത്യയില്‍ ഈ വാദം തികച്ചും ബാലിശവും വികലവുമാണ്.
ഏകീകൃത സിവില്‍കോഡ് വാദം ഉന്നയിക്കുന്നവരാരാണെങ്കിലും ആര്‍ഷഭാരതത്തിന്റെ പരമോന്നത മൂല്യങ്ങളെയും ലോകമാസകലം ആദരിക്കപ്പെടുന്ന സനാതന ധാര്‍മ്മികാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ മതേതര ഭരണഘടനയുടെയും ആത്മാവിനെ സാംശീകരിച്ചുകൊണ്ടല്ല അങ്ങനെ ചെയ്യുന്നതെന്നതില്‍ സംശയമില്ല.
ഇന്ത്യന്‍ ജനതയുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ-നാനാത്വത്തിലുള്ള ഏകത്വത്തെ ലോകത്തിനുമുമ്പില്‍ അഭിമാനത്തോടുകൂടി മേലിലും ഉയര്‍ത്തിപ്പിടിക്കാനും സമുദായ സൗഹാര്‍ദ്ദം നിലനിര്‍ത്തി രാജ്യത്തിന്റെ ഉത്തമ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം നരേന്ദ്ര മോദി സര്‍ക്കാറും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.
(അവസാനിച്ചു)

chandrika: