X

അമാവാസി എന്ന കവിത

പറയാത്ത കഥ / നിധീഷ്. ജി

വലിയ ഒരു അരക്ഷിതാവസ്ഥയില്‍ നിന്നും മോചനം തേടിയാണ് അധ്യാപക ജീവിതം സ്വപ്‌നം കണ്ടുനടന്ന ഞാന്‍ ബിരുദം കഴിഞ്ഞയുടനെ മാര്‍ക്കറ്റിംഗ് ജോലിയിലേക്ക് തിരിഞ്ഞത്. ഒന്നുരണ്ട് പ്രാരാബ്ധക്കമ്പനികളിലെ ചവിട്ടിത്തേക്കലുകള്‍ കഴിഞ്ഞ് ഒടുവില്‍ ജ്യോതി ലബോറട്ടറീസിലെത്തി. ഹൈറേഞ്ചിന്റെ കവാടമായ പട്ടണത്തിലായിരുന്നു അന്നത്തെ പണി. സപ്ലൈ കഴിഞ്ഞ് അടുത്ത ലോഡ് എടുക്കുന്നതിനായി െ്രെഡവര്‍ വര്‍ഗ്ഗീസേട്ടനും സെയില്‍സ്മാന്‍ സത്യേട്ടനും വാനുമായി ഡിപ്പോയിലേക്ക് മടങ്ങി. വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്ന ആ കാലത്ത്, പുതിയ ജോലിയുടെ അന്തരീക്ഷം കുറെയൊക്കെ എന്നെ സമാധാനപ്പെടുത്തിയിരുന്നു. വ്യഥകളുടെ കൂച്ചുവിലങ്ങില്ലാത്ത ഒരു ചെറിയ സ്വാതന്ത്ര്യം മെല്ലെ ആസ്വദിച്ചു തുടങ്ങുന്ന കാലം.

ലോഡ്ജില്‍ ബാഗ് കൊണ്ടുവച്ച് കുളിയൊക്കെക്കഴിഞ്ഞ് എന്തെങ്കിലും കഴിക്കാം, ഏതെങ്കിലുമൊരു സിനിമ കാണാം എന്നിങ്ങനെയുള്ള പദ്ധതികളുമായി ഞാന്‍ പുറത്തിറങ്ങി. പുകയിലയുടെ, ഏലത്തിന്റെ, കുരുമുളകിന്റെ മണത്തിനപ്പുറം ആ ചെറുപട്ടണത്തിന് അഴുക്കുചാലുകളുടെ ഗന്ധവുമുണ്ടായിരുന്നു. പകല്‍ മുഴുവന്‍ നടക്കുകയായിരുന്നുവെങ്കിലും നിശാനടത്തത്തിന് വല്ലാത്ത ഒരു ലഹരി തോന്നി. രാക്കാഴ്ച്ചകളുടെ അപസര്‍പ്പകഭാവം ചുരണ്ടിയെടുക്കാനുള്ള ചോദന അക്കാലത്തേ തുടങ്ങിയിരിക്കണം.
ആകാശം ഒരു നക്ഷത്രം പോലുമില്ലാതെ കറുത്തുകിടന്നു. തട്ടുകടയില്‍ തിരക്കില്ലായിരുന്നു. മൂന്നുദോശയും ഓംലെറ്റുമടിച്ച് ഞാന്‍ പുറത്തിറങ്ങി. ചുറ്റുപാടുമുള്ള മതിലുകള്‍ നിറയെ ഷക്കീലപ്പടങ്ങളുടെ പോസ്റ്ററുകള്‍ മാത്രം. ഏതെങ്കിലും ഒന്നിന് കയറാം എന്നോര്‍ത്ത് നില്‍ക്കുമ്പോഴാണത് കേട്ടത്.

”പറയാം സ്‌നേഹം പൊറാഞ്ഞമ്മയെക്കൊല്ലാന്‍
കത്തും വിറകിന്‍കൊള്ളിക്കാഞ്ഞ പാപിതന്‍ കടങ്കഥ
പറയാം ദുഃഖത്തിലേക്കാദ്യപുത്രനെ തള്ളാ
നരുതായെന്‍ പെണ്ണിന്‍ ഗര്‍ഭമൂറ്റിയ കഥ…’
തട്ടുകടയ്ക്ക് കുറച്ചപ്പുറമുള്ള ഒരു കടത്തിണ്ണയില്‍ ഒരാള്‍ അടഞ്ഞ ഷട്ടറില്‍ ചാരിയിരിക്കുന്നത് മങ്ങിയ വെളിച്ചത്തില്‍ കാണാം. അഴുക്കുപിടിച്ച വസ്ത്രങ്ങള്‍, കഷണ്ടിയുള്ള തലയുടെ പിന്‍ഭാഗത്ത് മാത്രമായി ജടകെട്ടിയ മുടി, കീഴ്ത്താടിയില്‍ നിന്നുമാത്രം താഴേക്ക് നീളുന്ന രോമങ്ങള്‍. അയാള്‍ പഴയ ദിനപത്രം പോലെയെന്തോ കൈയ്യില്‍ നിവര്‍ത്തിപിടിച്ച്, അതുനോക്കി ഉറക്കെ ചൊല്ലുകയാണ്. അത്രമാത്രം മനസ്സില്‍ പതിഞ്ഞതെങ്കിലും ആ സമയത്ത് അതേത് കവിതയെന്നോ ആരുടേതെന്നോ ഒട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ആ വരികളത്രയും അയാള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. എനിക്കതിന്റെ ബാക്കിയുള്ള വരികള്‍ അറിയാമായിരുന്നു. എത്രയോര്‍ത്തിട്ടും അത് തെളിഞ്ഞു വന്നില്ല. ചിലനേരങ്ങളില്‍ അങ്ങനെയാണ്. ഏറ്റവും പരിചിതമായ ഒരു പുസ്തകത്തിന്റെ പേരോ, ഒരു ഗാനത്തിന്റെ തുടക്കമോ, സുഹൃത്തിന്റെ മുഖമോ പൊടുന്നനെ നമ്മില്‍ നിന്ന് അടര്‍ന്നുപോകും. അത് തിരികെപ്പിടിക്കാനുള്ള നോവും വെപ്രാളവും അനുഭവിച്ചാല്‍ മാത്രമേ അറിയൂ.

ഒരോ തവണ ചൊല്ലി നിര്‍ത്തുമ്പോഴും അയാള്‍ തലയുയര്‍ത്തി റോഡിന്റെ എതിര്‍വശത്തേക്ക് നോക്കി തെറിവാക്കുകള്‍ ഉരുവിടുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്റെ നോട്ടവും അങ്ങോട്ടേക്ക് നീണ്ടു ചെന്നു. പാഞ്ഞുപോയ ഒരു കാറിന്റെ വെളിച്ചത്തില്‍ രണ്ടു കടമുറികള്‍ക്കിടയിലുള്ള ഇരുട്ടിലായി ഒരു മുഖം മിന്നിത്തെളിഞ്ഞു. മെലിഞ്ഞ്, മധ്യവയസ്സ് കഴിഞ്ഞ ഒരു സ്ത്രീയായിരുന്നു അത്. ഭിത്തിയില്‍ ചാരി നിന്നിരുന്ന അവര്‍ മുടിയില്‍ നിറയെ മുല്ലപ്പൂക്കള്‍ ചൂടിയിരുന്നു. ഇടവിട്ട് വാഹനങ്ങള്‍ കടന്നുപോകുമ്പോഴൊക്കെ തളര്‍ന്നുതൂങ്ങിയ അവരുടെ മുഖം ഞാന്‍ കണ്ടു. പൊടുന്നനെ അവര്‍ ഭിത്തിയില്‍ നിന്നുമൂര്‍ന്ന് താഴേക്കിരുന്നതും, അയാള്‍ വേഗത്തില്‍ റോഡ് മുറിച്ചുകടന്ന് അവര്‍ക്കരികിലേക്കോടി. ഒരു ബൈക്ക് അയാളെ ഇടിച്ചു ഇടിച്ചില്ലെന്ന മട്ടില്‍ ബ്രേക്കിട്ട് പുലഭ്യം പറഞ്ഞ്, പാഞ്ഞുപോയി. താഴേക്ക് മറിഞ്ഞുപോയ സ്ത്രീയെ അയാള്‍ താങ്ങിയുയര്‍ത്തി ചുമരിലേക്ക് ചാരിയിരിക്കാന്‍ സഹായിച്ചു. അയാള്‍ അവരോട് ചോദിക്കുന്നതെന്തെന്ന് എനിക്ക് കേള്‍ക്കുവാനാകുമായിരുന്നില്ല. ഞാന്‍ അല്‍പം കൂടി നീങ്ങി നിന്നു.

അയാള്‍ അവിടെനിന്നുമെഴുന്നേറ്റ്, തട്ടുകട ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ എന്നിലേക്ക് അലസമായ ഒരു നോട്ടമെറിഞ്ഞു. വിങ്ങി നിറഞ്ഞ കീശയില്‍ നിന്നും ചില്ലറകള്‍ പെറുക്കി കടയില്‍നിന്നും ഒരു പൊതി വാങ്ങി, അതുമായി വീണ്ടും സ്ത്രീക്കരികിലേക്ക് ചെന്ന് അതവര്‍ക്ക് നല്‍കി, പിറുപിറുത്തുകൊണ്ട് ബസ്സ്റ്റാന്‍ഡിന്റെ ഭാഗത്തേക്ക് നടന്നുനീങ്ങി. കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന പത്രക്കടലാസ് അയാള്‍ ഓടയിലേക്കെറിഞ്ഞു. പൊടുന്നനെ എന്റെ ഓര്‍മ്മയിലേക്ക് ഒരു നദി ഇരച്ചുവന്നു.
‘കഥയാല്‍ തടുക്കാമോ കാലത്തെ
വിശക്കുമ്പോള്‍ തണുത്ത തലച്ചോറെയുണ്ണുവാനുള്ളൂ കയ്യില്‍
കഷ്ടരാത്രികള്‍ കാളച്ചോര കേഴുമീയോടവക്കില്‍
വേച്ചുപോം നഷ്ടനിദ്രകള്‍…’
കണ്ണില്‍ പതിച്ചാലും വെളുമ്പ് പോലും തെളിഞ്ഞുകിട്ടാത്ത എത്രയെത്ര ജീവിതങ്ങളാണ് ചുറ്റും! പറയാത്തതും കേള്‍ക്കാത്തതുമായ നൂറുനൂറു നോവുകള്‍. ആകാശത്തേക്ക് നോക്കവേ. ഇരുട്ടില്‍ നീങ്ങുന്ന ഒരു നക്ഷത്രം തെളിവായി. അതിനെ പിന്‍തുടര്‍ന്ന്, ഞാന്‍ മെല്ലെ ലോഡ്ജിലേക്ക് നടന്നു.

Test User: