കുറുക്കോളി മൊയ്തീന്‍
രാജ്യം അടച്ചുപൂട്ടിയ സാഹചര്യത്തില്‍ കോവിഡ്19 വരുത്തിയ മാന്ദ്യവും കര്‍ഷകരുടെ തളര്‍ച്ചയും അകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വാശ്രയ ഭാരതം പാക്കേജിന്റെ മൂന്നാം ഭാഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ മെയ് 15ന് പ്രഖ്യാപിച്ചതാണ് മൂന്നു നിയമങ്ങള്‍. 1955ലെ ആവശ്യവസ്തുനിയമ ഭേദഗതി, കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും കാര്‍ഷികോത്പന്നങ്ങളുടെ ഉടമ്പടി എന്നിവ. അതു പ്രഖ്യാപിച്ചപ്പോള്‍ തന്നെ സ്വതന്ത്ര കര്‍ഷക സംഘം ഇവകളിലെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞു പ്രതികരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഇവ ഓര്‍ഡിനന്‍സുകളായി പുറത്തിറക്കുകയും നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ കര്‍ഷകരുടെ രോഷമോ പ്രതിപക്ഷ കക്ഷികളുടെ ശബ്ദമോ മുഖവിലക്കെടുക്കാതെ ഇരു സഭകളിലും കോവിഡിന്റെ പരിമിതികളെ പോലും അവഗണിച്ച് നിര്‍ലജ്ജം പാസാക്കി കഴിഞ്ഞിരിക്കുകയാണ്. കര്‍ഷകരെ പൂര്‍ണമായും അവഗണിച്ചും കോര്‍പറേറ്റുകളുടെയും വിദേശ കുത്തകകളുടെയും താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതിനാണ് ഇവ നിയമമാക്കുന്നത്.
സര്‍ക്കാര്‍ ഭംഗി വാക്കുകള്‍ പറയുന്നുവെങ്കിലും മഹാ അപകടങ്ങളാണ് പതിഞ്ഞിരിക്കുന്നത്. അവ തിരിച്ചറിഞ്ഞ് അനവധി കര്‍ഷക സമരങ്ങള്‍ക്ക് വേദിയായ ഇന്ത്യയിലാകെ കര്‍ഷക രോഷം പതഞ്ഞുയരുകയാണ്. ധാന്യ അറകളെന്ന് വിശേഷിപ്പിക്കാനാവുന്ന പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, സംസ്ഥാനങ്ങളില്‍നിന്ന് അലയടിച്ചുയര്‍ന്ന കര്‍ഷക സമരം തെലുങ്കാന, മഹാരാഷ്ട്ര, ബീഹാര്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്, ഝാര്‍ഖണ്ഡ് തുടങ്ങിയ കാര്‍ഷിക പ്രധാനമായ മുഴുവന്‍ പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കേരളവും ഈ ഐതിഹാസിക സമരത്തിനു ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ 100 കേന്ദ്രങ്ങളില്‍ വിവാദ ബില്ല് കത്തിച്ച് പ്രതിഷേധിക്കകയും കര്‍ഷക വിരുദ്ധ ബില്ലില്‍ ഒപ്പ് വെക്കരുതെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുകയും ചെയ്യും.
കര്‍ഷകര്‍ മേഖല തന്നെ വലിച്ചെറിഞ്ഞ് വന്‍കിട കുത്തകകളുടെ കീഴില്‍ അടിമകളാകേണ്ട അവസ്ഥയാണ് ബില്ലുകള്‍ കൊണ്ടുണ്ടാവുക. ലോകത്ത് ഏതൊരു ഉത്പന്നത്തിനും വില നിശ്ചയിക്കാന്‍ ഉത്പാദകര്‍ക്ക് അവസരമുണ്ട്. എന്നാല്‍ അതില്ലാത്ത ഒരേയൊരു വിഭാഗമാണ് കര്‍ഷകര്‍, അവരുടെ ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത് വിപണി നിയന്ത്രിക്കുന്നവരോ കുറഞ്ഞ തലത്തില്‍ സര്‍ക്കാരോ ആണ് നിശ്ചയിക്കുന്നത്. നാല് പതിറ്റാണ്ടുകാലമായി ഇരുപത്തി ഒന്നോളം ഉത്പന്നങ്ങള്‍ മിനിമം സപ്പോര്‍ട്ട് പ്രൈസ് (തറവില) നിശ്ചയിച്ച് സംഭരിച്ചുവരുന്നു. വളരെ ചെറിയ വിഭാഗത്തിനു മാത്രമേ ഇതിന്റെ ഗുണം ലഭിക്കുന്നുള്ളു.നിലവിലുള്ള വില എങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് അതുമൂലമാണ്. പുതിയ ബില്ല് നിയമമാകുന്നതോടെ അതില്ലാതാകാന്‍ പോവുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തില്‍ ഇടതുഭരണം വന്നതോടെ നിലച്ചുപോയ നാളികേര സംഭരണം. നാളികേരത്തിന്റെ വിലയിടിയാന്‍ അതു കാരണമായി.
സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക വിപണന സമിതികള്‍ മുഖേനയാണ് കര്‍ഷകര്‍ ഉത്പന്നങ്ങള്‍ വിറ്റയിക്കുന്നത്.
35 ശതമാനത്തിന് മാത്രമെ ഈ സൗകര്യം ലഭിക്കുന്നുള്ളു. രാജ്യത്ത് ഏഴായിരത്തിലധികം ഇത്തരം വിപണന കേന്ദ്രങ്ങളാണുള്ളത്. അത് ഇല്ലാതെയാവും. തുടക്കത്തില്‍ ആകര്‍ഷിക്കാന്‍ നല്ല വില നല്‍കി കുത്തകകള്‍ സംഭരിച്ചാല്‍തന്നെ വിപണന കേന്ദ്രങ്ങള്‍ ഇല്ലാതെയാവുന്നതോടെ വലിയ വിലയിടിവ് സംഭവിക്കും. കര്‍ഷകര്‍ക്ക് ഗതിക്കെട്ട് വിറ്റഴിക്കേണ്ടിവരും. വില്‍ക്കാനും വാങ്ങാനുമുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നു, ഇത് കുത്തകകള്‍ക്കാണ് ഗുണം ചെയ്യുക. രാജ്യത്തെ കര്‍ഷകരില്‍ 86 ശതമാനത്തോളം ചെറുകിട, പരിമിത, നാമമാത്ര കര്‍ഷകരാണ്. അവര്‍ക്ക് കുറഞ്ഞ അളവിലുള്ള ഉത്പന്നങ്ങള്‍ വിദൂര സ്ഥലങ്ങളില്‍ വില കൂടുതലുണ്ടെന്ന് കരുതി കൊണ്ടുപോയി വില്‍ക്കാനാവില്ല. പരിമിതമായ തന്റെ ഉത്പന്നങ്ങള്‍ സമീപ പ്രദേശങ്ങളില്‍തന്നെ വിറ്റഴിക്കാന്‍ അവര്‍ നിര്‍ബന്ധിതനാവും. എന്നാല്‍ കുത്തകകള്‍ക്ക് ഏത്ര ദൂര ദിക്കുകളില്‍ നിന്നും വാങ്ങിക്കൂട്ടാന്‍ സൗകര്യങ്ങളുണ്ട്. അവര്‍ വില കുറച്ച് ലഭിക്കുന്നിടത്തെ ഉത്പന്നങ്ങള്‍ തേടിപോവും.
ഭക്ഷ്യ വസ്തുക്കളുടെ വ്യാപാരവും വാണിജ്യവും ഭരണഘടനയില്‍ കണ്‍കറന്റ് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്. പുതിയ നിയമംവഴി അതിര്‍ത്തികളില്ലാതെ വ്യാപാരത്തിനും വാണിജ്യത്തിനും കുത്തകകള്‍ക്ക് അവസരം ലഭിക്കുകയും സംഭരിക്കാന്‍ അവസരം ഉണ്ടാവുകയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരുന്ന ഫീസ് വ്യവസ്ഥ ഇല്ലാതെയും ആവും. സംസ്ഥാനങ്ങളില്‍ വരുമാനത്തിലും കുറവ് സംഭവിക്കുന്നു. കരിഞ്ചന്ത വ്യാപാരവും പൂഴ്ത്തിവെപ്പും അടിച്ചുകസറും. സംഭരിക്കാനും സൂക്ഷിക്കാനുമുള്ള പരിധിയും ഇതോടെ എടുത്ത് കളയുന്നു. കൊയ്ത്ത് കാലത്ത് ആവശ്യത്തിലധികം സംഭരിച്ച്‌വെച്ച് വില വര്‍ധിപ്പിച്ച് വില്‍ക്കാനും അനാവശ്യക്ഷാമം സൃഷ്ടക്കാനും കുത്തകകള്‍ക്ക് അവസരം നല്‍കും. കര്‍ഷകര്‍ പൂര്‍ണമായും കുത്തകകള്‍ക്ക് അടിപ്പെടേണ്ടിവരും.
കൃഷിഭൂമിതന്നെ അവരുടെ കൈകളിലകപ്പെടും. വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്ന കരാര്‍ കൃഷി വ്യാപകമാവും. അധിക ലാഭം കിട്ടുക എന്നതു മാത്രമാവും കൃഷിയുടെ തിരഞ്ഞെടുപ്പിന്റെ പോലും മാനദണ്ഡം, ഇതു വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും കൃഷി ആര്‍ക്ക് വേണ്ടി? എന്തിന് വേണ്ടി ?എന്നതു കുത്തകകള്‍ തീരുമാനിക്കും അതു നമ്മുടെ ഭക്ഷ്യസുരക്ഷയെ തന്നെ ബാധിക്കും ലോകത്തിനു തന്നെ മാതൃകയായി ഭക്ഷ്യസുരക്ഷാ നിയമം (2013) പാസാക്കിയ 130 കോടി ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. വിലക്കയറ്റം കൊണ്ട് നം വീര്‍പ്മുട്ടും അനിയന്ത്രിത വിലക്കയറ്റം സാധാരണക്കാരന് ജീവിത ഭാരം കൂട്ടും. വലിയ കൊള്ളയാമ് കാര്‍ഷിക മേഖലയില്‍ വരാനിരിക്കുന്നത്. വരുമാനം സമൂലം ചുരുക്കം ചില വ്യക്തികളില്‍ ഒതുങ്ങി ചുരുങ്ങും. അങ്ങിനെ പുതിയ അടിമത്വം സൃഷ്ടിക്കപ്പെടാനാണ് പുതിയ നിയമങ്ങള്‍ വഴിവെക്കുന്നത്. രാജ്യത്തിന്റെ തന്നെ ഭാവിയോ കോടിക്കണക്കിന് കര്‍ഷകരുടെ ജീവിതമോ രാജ്യത്തിന്റെ അധിപ്രധാനമായ ഭക്ഷ്യസുരക്ഷയോ മുഖവിലക്കെടുക്കാതെയുള്ള സര്‍ക്കാര്‍ നീക്കം മഹാ നാശത്തിലേക്കാണ്.