യാസര്‍ അറഫാത്ത്
ചെറിയ വാചകങ്ങളാണ് അയാള്‍ ഇഷ്ടപ്പെട്ടിരുന്നത്. വലിയ വാക്കുകളും കഠിനമായ ശബ്ദങ്ങളും എല്ലായ്‌പ്പോഴും അയാളെ ഭയപ്പെടുത്തി. അലമാരയിലെ നിഘണ്ടുവില്‍ നിന്ന് ഏറെ ക്ലേശിച്ച് വലിയ വാക്കുകളെല്ലാം അയാള്‍ വെട്ടിമാറ്റി. കുറുകിയ പദങ്ങള്‍ ഉപയോഗിക്കുന്ന പത്രം മാത്രം വായിച്ചു.’നീയിനി ശബ്ദിക്കരുത്… പാറക്കല്ലുകളെയാണ് എല്ലായ്‌പ്പോഴും നിന്റെ നാവ് പെറ്റിടുന്നത്’ നിരൂപകയായ ഭാര്യയോട് അയാളൊരു നാള്‍ പറയുകയുണ്ടായി. അവള്‍ക്ക് വലിയ അല്‍ഭുതമൊന്നും തോന്നിയില്ല. വല്ലപ്പോഴും ചിറകടിക്കുന്ന പാറ്റകള്‍ മാത്രമായിരുന്നു അവര്‍ക്കിടയിലെ വാക്കുകള്‍. ഉറക്കത്തിനിടെ വായില്‍ നിന്ന് നീണ്ടൊരു പദം പുറത്തുവന്നതിന്റെ പേരില്‍ അവളെ അയാള്‍ ഉപേക്ഷിക്കുകയും ചെയ്തു.
അത്രയേറെ വിജനമായൊരിടത്തായിരുന്നു അയാളുടെ വീട്. ചെറിയ ഒച്ചയില്‍ ചിലമ്പിക്കുന്ന കാറ്റും കിളികളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അതിന്റെ ലയത്തില്‍ ദിനങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കെ, അവിചാരിതമായി വീടിനരികെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ കാര്യാലയം വന്നു. അതോടെ അയാളുടെ സ്വാസ്ഥ്യം നഷ്ടപ്പെട്ടു. കഠിനമായ പദങ്ങള്‍ നിത്യവും അയാളുടെ ജനാലകളില്‍ ചെന്നു മുട്ടി. അയാള്‍ വീടുപേക്ഷിച്ചു. കുന്നിന്‍ മുകളിലായിരുന്നു അയാള്‍ പിന്നീടൊരു താവളം കണ്ടെത്തിയത്. ഭൂമിയിലെ ഒരു വാക്കും അത്രയും ഉയരത്തില്‍ ചവിട്ടിക്കിതച്ചെത്തുകയില്ലെന്ന് അയാള്‍ക്കുറപ്പായിരുന്നു. അരുവികളുടെ നിര്‍മലമായ ശബ്ദവും ഇലകളിലെ മിടിപ്പും നുകര്‍ന്ന് അയാള്‍ വീണ്ടും തളിര്‍ക്കാന്‍ തുടങ്ങി.
പൊടുന്നനെ ഒരു നാള്‍ കുറച്ചുപേര്‍ കയറും കുറ്റിയുമൊക്കെയായി കുന്നിന്‍ മുകളില്‍ അളവെടുക്കാനായി വന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. എപ്പോഴും തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു നിര്‍മിതിയായിരുന്നു അവിടെ ഉയര്‍ന്നത്. കൃത്രിമമായ ഗന്ധങ്ങള്‍ അതില്‍ നിന്ന് എല്ലായ്‌പ്പോഴും ഉയര്‍ന്നു. അവിടേക്ക് നിറയെ ആളുകള്‍ വന്നു. ശാന്തി തേടി വരികയാണെന്നാണ് എല്ലാവരും പറഞ്ഞത്. ശാന്തിയിലേക്കുള്ള വഴിയെക്കുറിച്ച് കെട്ടിടം ഉച്ചത്തില്‍ സംസാരിച്ചു. പലര്‍ക്കും പെട്ടെന്നു മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ അവ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.
അയാള്‍ ചെവി കുത്തിപ്പൊട്ടിക്കാന്‍ തുനിഞ്ഞു. ചെവികള്‍ തന്നെ മുറിച്ചു മാറ്റിയിട്ടും പരുഷമായ ശാന്തിമന്ത്രങ്ങള്‍ വിട്ടൊഴിഞ്ഞില്ല. ഒടുക്കം അയാള്‍ മറ്റൊരു വഴി തേടി. കൂര്‍ത്ത കല്ലും കമ്പുകളും ഉപയോഗിച്ച് അയാള്‍ ഇരിക്കുന്ന ഇടം കുഴിച്ചു തുടങ്ങി. ഏഴു ദിനങ്ങള്‍ കൊണ്ട് അത് പൂര്‍ത്തിയാകുകയും ചെയ്തു. ആറടിയിലേറെ ആഴമുണ്ടായിരുന്നു അതിന്. അയാള്‍ കുഴിയിലേക്ക് ഇറങ്ങി നീണ്ടു നിവര്‍ന്നു കിടന്നു. എത്ര നീട്ടിയിട്ടും കാലുകള്‍ മണ്‍ഭിത്തിയില്‍ തൊട്ടതേയില്ല. കേവലം മൂന്നക്ഷരങ്ങള്‍ കൊണ്ടു മാത്രം തീര്‍ത്തൊരു വാക്കില്‍ ഇനിയെല്ലാം കൊളുത്തി വച്ച് തല്‍ക്കാലം നമുക്ക് കഥയിവിടെ അവസാനിപ്പിക്കാം. ചെറുതുകളെ പ്രണയിച്ചൊരു മനുഷ്യനോട് ഇതിലുമപ്പുറം എങ്ങനെ നീതി കാണിക്കാന്‍…!