X
    Categories: columns

നിഷേധിക്കാന്‍ മാത്രം അവകാശമെവിടെ

മുഹ്‌സിന്‍ ടി.പി.എം പകര

ശിരസ്സുയര്‍ത്തി ആത്മാഭിമാനത്തോടെയും അന്തസ്സോടേയും ജീവിക്കാനുള്ള മനുഷ്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് 1948 ഡിസംബര്‍ 10 മുതല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. കോടി സ്വപ്‌നങ്ങളെ വെണ്ണീറാക്കി ഭൂമിയില്‍ നരകം പണിത് അമേരിക്കയും ഹിറ്റ്‌ലറും നടത്തിയ മനുഷ്യത്വരഹിതമായ പൈശാചികതയും രണ്ടാം ലോക യുദ്ധത്തില്‍ നടന്ന അതിഹീന പ്രവര്‍ത്തനങ്ങളുമാണ് മനുഷ്യാവകാശ പ്രഖ്യാപനം നടത്താന്‍ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത്.

മത ഭാഷാ ലിംഗ വര്‍ണ്ണ രാഷ്ട്രീയ ഭേദമന്യേ എല്ലാ മനുഷ്യര്‍ക്കും ബാധകമായ അവകാശങ്ങളായിരുന്നു മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അന്തസത്ത. മനുഷ്യരാശിയുടെ അന്തസ്സിന്റെയും സമത്വത്തിന്റെയും അടിത്തറ ലോകസമാധാനത്തിലും നീതിയിലുമാണ്. സ്വാതന്ത്ര്യം മനുഷ്യരുടെ ജന്മാവകാശമാണ്. മനുഷ്യാവകാശങ്ങള്‍ നിയമംമൂലം സംരക്ഷിക്കപ്പെടണം. സ്ത്രീയെന്നോ, പുരുഷനെന്നോ, ദേഭമില്ലാതെ എല്ലാവരുടെയും അവകാശങ്ങള്‍ക്കും ആത്മാഭിമാനത്തിനും സംരക്ഷണം നല്‍കണം. എല്ലാ അംഗ രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയോട് രമ്യതയില്‍ കഴിയുകയും പരസ്പരം സ്വാതന്ത്ര്യവും അവകാശങ്ങളും അംഗീകരിക്കുകയും വേണം. മനുഷ്യാവകാശ സംരക്ഷണത്തിലൂടെ മാത്രമേ ലോകത്തിന്റെ സുരക്ഷയും സമാധാനവും സാധ്യമാകൂ. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കണം അംഗ രാജ്യങ്ങള്‍ അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ നിലപാടുകള്‍ സ്വീകരിക്കേണ്ടതെന്നും മനുഷ്യാവകാശ പ്രഖ്യാപനം വിരല്‍ ചൂണ്ടുന്നു.
പിറന്ന നാട്ടില്‍ അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവന്ന ഗതികേടിനൊടുവില്‍ പലായനം ചെയ്യേണ്ടിവന്ന റോഹിംഗ്യകളും ചൈനയിലെ സിന്‍ജിയാങ്ങ്പ്രവിശ്യയില്‍ ഉയ്ഗൂര്‍ വംശത്തില്‍ പിറന്നതിന്റെ പേരില്‍ ഭരണകൂടത്തിന്റെ ക്രൂര പീഡനമേറ്റുവാങ്ങേണ്ടിവന്ന ഹതഭാഗ്യരായ മനുഷ്യരും അഫ്ഗാനിസ്ഥാനിലെ അധിനിവേശ സൈന്യത്തിന്റെ രക്തദാഹത്തില്‍ മരണം വരിക്കേണ്ടിവന്ന ജനങ്ങളും സിറിയയിലെ അഭയാര്‍ത്ഥികളും മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും യു.എന്നിന്റേയും പരിധിയില്‍ വരുന്നവരാണെങ്കിലും അവകാശ നിഷേധത്തിന്റെ കയ്പ്പുനീരില്‍ ഹോമിക്കപ്പെട്ട കാഴ്ചയാണ് മനുഷ്യാവകാശ പ്രഖ്യാപനത്തിന് 72 വയസ്സ് തികയുന്ന വേളയിലും.

മനുഷ്യാവകാശങ്ങള്‍ക്ക് കാവലൊരുക്കാതെ മൂലധന ശക്തികള്‍ അവരുടെ ലാഭേഛക്കായി കവചമൊരുക്കുമ്പോള്‍ ലോക സമാധാനവും മനുഷ്യാവകാശങ്ങളും പിടയുന്ന കാഴ്ചയാണ് നിലവില്‍. അയ്‌ലന്‍ കുര്‍ദി കമിഴ്ന്ന് കിടക്കുന്നത് കീഴ്‌ന്മേല്‍ മറഞ്ഞ മനുഷ്യവകാശ തത്വങ്ങള്‍ക്ക് മീതെയാണ്. എനിക്ക് ശ്വാസം ലഭിക്കുന്നില്ലെന്ന് കണ്ഠമിടറി വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഉദ്യോഗസ്ഥനോട് ജോര്‍ജ്ജ് #ോയിഡ് പറഞ്ഞപ്പോള്‍ ശ്വാസംമുട്ടിയത് മനുഷ്യാവകാശ വിചാരങ്ങള്‍ക്കും ബോധ്യങ്ങള്‍ക്കുമാണ്.

കോവിഡ് കാലത്ത് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാറുകള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം ഉന്നത ഗുണമേന്മയുള്ള ആരോഗ്യം ഉറപ്പ് തരുന്നുണ്ട്. പൊതു ജനാരോഗ്യം ക്ഷീണിക്കാതിരിക്കാനും ആവശ്യമായ വൈദ്യ സഹായങ്ങള്‍ക്കും സര്‍ക്കാറില്‍ ബാധ്യത അര്‍പ്പിക്കുന്ന മനുഷ്യാവകാശ നിയമങ്ങള്‍ കോവിഡ് വ്യാപന കാലത്ത് ദുരിതത്തിലാണ്. ഗുരുതര സാഹചര്യങ്ങളില്‍ വരുത്തുന്ന നിയന്ത്രണങ്ങള്‍ക്ക് നിയമ സാധുതയുണ്ടെന്നതും ചേര്‍ത്ത്‌വായിക്കണം. മഹാമാരിയെ തുടര്‍ന്ന് ലക്ഷങ്ങളായ ജനങ്ങളുടെ ജീവിത മാര്‍ഗമടഞ്ഞതും നരകിക്കുന്നതും ആധുനിക ലോകക്രമത്തിനുമുന്നില്‍ വലിയ വെല്ലുവിളിയായിരിക്കുന്നു.

ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നയങ്ങള്‍ ദുരിന്തമാകുകയാണ്. നോട്ട് നിരോധനം സ്വേഛാധിപത്യ താത്പര്യത്തില്‍നിന്നും ഉരുത്തിരിഞ്ഞ്‌വന്നതാണ്. ചത്ത പശുവിന്റെ തോലുരിഞ്ഞതിന് ഗോ സംരക്ഷകര്‍ നടത്തിയ ആക്രമണം മനുഷ്യ രോദനങ്ങളുടെ സാക്ഷ്യപത്രങ്ങളാണ്. പ്രതികരിക്കുന്നവരുടെ താഴ്‌വേരും തലയുമറുക്കുന്ന സമീപനം ഇന്ത്യ കടം കൊണ്ടത് നാസി ജര്‍മ്മനിയില്‍ നിന്നാണ്. ദേശീയ പൗരത്വ ഭേദഗതി നിയമം മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ക്കെതിരാണെന്ന നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ആംനസ്റ്റി ഇന്റര്‍ നാഷണലിന്ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നു. രാജ്യത്തു കടുത്ത മത വിവേചനം നടക്കുന്നു. അന്തസ്സായി ജീവിക്കാനുള്ള അവകാശമാണ് മനുഷ്യവകാശത്തിന്റെ കാതല്‍. അസ്തിത്വം നഷ്ടപ്പെട്ട മനുഷ്യന്റെ ആത്മാഭിമാനം വീണ്ടെടുക്കാനായിരിക്കണം മനുഷ്യാവകാശ സംഘടനകള്‍. എന്നാല്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ വ്യത്യസ്ഥ തരത്തിലുള്ള വിവേചനങ്ങള്‍ക്ക് വിധേയരാകുന്നു. ആദിവാസികള്‍, ദലിതര്‍, സ്ത്രീകള്‍, കുട്ടികള്‍, വികലാംഗര്‍ തുടങ്ങിയവര്‍ പരിഷ്‌കൃത ലോകത്തും കടുത്ത നിന്ദ്യത അനുഭവിക്കുന്നു. അവകാശങ്ങള്‍ നല്‍കുന്ന ഇടങ്ങളില്‍ മനുഷ്യരെ തുല്യരായി കാണാന്‍ ആധുനിക ലോക ക്രമം മെനക്കെടുന്നില്ല.

നീതിക്കായുള്ള മുറവിളികള്‍ കല്‍തുറുങ്കുകളുടെ ചുമരുകളില്‍ വനരോദനമായി അസ്തമിക്കുന്നു. നിഷേധിക്കപ്പെടുന്നത് എന്തെന്ന് മനസ്സിലാക്കിയാല്‍ മാത്രമേ നീതിക്കായി വാദിക്കാന്‍ സാധിക്കൂ. മനുഷ്യാവകാശം എന്താണെന്ന് പാഠ്യ പദ്ധതി വഴി വിദ്യാര്‍ത്ഥികളില്‍ എത്തിക്കണം. പുതിയ തലമുറയില്‍ വിശ്വാസം അര്‍പ്പിച്ച് ശോഭനവും ക്ഷേമവും നിറഞ്ഞ ഭാവിക്കായി കാത്തിരിക്കാം.

ഇന്ന് ലോക മനുഷ്യാവകാശ ദിനം

Test User: