ഇ.ടി മുഹമ്മദ് ബഷീര്‍
വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണ കാലഘട്ടത്തിലെ മുന്നോട്ടുള്ള പ്രയാണത്തെ പറ്റിയുള്ള തിരക്കുപിടിച്ച ചര്‍ച്ചകളിലാണ് നാം. ശാസ്ത്ര സാങ്കേതികരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച എങ്ങനെ കുട്ടികളുടെ മുമ്പിലേക്ക് ഏതെല്ലാം വഴികളിലൂടെ എത്തിക്കാന്‍ കഴിയുമെന്ന ഗവേഷണ പരീക്ഷണങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ നമ്മുടെ കുട്ടികള്‍ മെച്ചപ്പെട്ടതില്‍ ഏറ്റവും മെച്ചപ്പെട്ടത് പഠിക്കട്ടെ എന്ന് ആഗ്രഹിച്ച് പണവും അധ്വാനവും ചെലവഴിക്കപ്പെടുമ്പോഴും കുട്ടികള്‍ എന്ത് നേടണമെന്ന് ആഗ്രഹിക്കുന്നുവോ അതിന്റെ അയലത്തുപോലും എത്തിയിട്ടില്ലാത്ത പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റി പാടെ വിസ്മരിക്കുകയാണ്. അതില്‍ പെട്ടതാണ് ബധിരരും മൂകരും ഭിന്നശേഷിക്കാരുമായ വിദ്യാര്‍ഥികളുടെ കാര്യം. ഇവരുടെ കഥകള്‍ സെമിനാറില്‍ ഒതുങ്ങി നില്‍ക്കുന്നതിനേക്കാള്‍ താഴോട്ട് കൊണ്ട്‌പോകുന്ന കാര്യത്തില്‍ സമൂഹം കാണിക്കുന്ന വിമുഖത ദുഃഖകരമാണ്. ഈ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കൂട്ടം കൂട്ടികളുടെ കാഴ്ചയാണിത്.
21 മുതല്‍ 27 വരെ അന്താരാഷ്ട്ര ബധിര വാരാചരണമാണ്. 1958 ല്‍ ലോകത്തിലെ ബധിരന്‍മാരുടെ അന്താരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ റോമില്‍ നിന്ന് തുടങ്ങിവെച്ച ഒരു ആശയമാണിത്. ഇവരുടെ കഷ്ടതകളിലേക്ക് അല്‍പം ഇറങ്ങി പരിശോധിച്ചാല്‍ ഈ കുട്ടികള്‍ക്ക് അങ്ങനെയൊരു പ്രയാസം ഉണ്ടായിപ്പോയെങ്കിലും അതിനെ തരണംചെയ്യുന്ന കാര്യത്തില്‍ ഓരോരുത്തരും കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്നത് ആത്മപരിശോധനക്ക് വിധേയമാക്കേണ്ട ദിവസങ്ങളാണിത്. ബധിരരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഫലത്തില്‍ നാമമാത്രം മാത്രമാണ്. വിദ്യാഭ്യാസത്തിന് ലോക മാതൃകക്ക്‌വേണ്ടി പലരും തിരയുന്ന കേരളത്തില്‍പോലും അതാണ് അവസ്ഥ. ഒന്നാമത്തെ കാര്യം ഇങ്ങനെ ബധിരരും മൂകരും ആയിപ്പോകുന്ന കുട്ടികളെ സഹായിക്കാന്‍ ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നില്ലെന്നതാണ് ആദ്യത്തെ ദു:ഖം.
ഈ കുട്ടികളുമായി ഇടപഴകേണ്ട അധ്യാപകന്‍മാരും രക്ഷിതാക്കളും അല്ലെങ്കില്‍ കുടുംബത്തിലെ എല്ലാവരും തങ്ങളുടെ സംസാര ഭാഷയും ഈ ആളുകള്‍ക്ക് കൃത്യമായിട്ട് വേണ്ട ആംഗ്യഭാഷ കൂടി അറിയുന്നവരാണെങ്കില്‍ അവര്‍ക്കു എല്ലാവര്‍ക്കും വലിയ ആശ്വാസമാകുമായിരുന്നു. ചില വീടുകളില്‍ എല്ലാവരും ബധിര, മൂകരായവരുണ്ട്. അതല്ലെങ്കില്‍ കുറച്ചുപേര്‍ ഇത്തരത്തില്‍ ഉള്ളവരാണെങ്കില്‍ അത്തരം വീടുകളില്‍ ദ്വിഭാഷ പഠനം ഉണ്ടെങ്കില്‍ ഈ കുട്ടികളുടെ സങ്കടം ഒരു പരിധിവരെ അകറ്റാന്‍ കഴിയും. അവര്‍ ഒറ്റപ്പെടില്ല. അതിന് പലര്‍ക്കും മടിയാണ്. അവരോട് സംസാരിക്കാനുള്ള ആംഗ്യഭാഷ സ്വായത്തമാക്കാനുള്ള പരിശ്രമം നടത്താന്‍ കാര്യമായിട്ട് ഇടപെടാറില്ല. ആംഗ്യഭാഷയുടെ കാര്യമാണെങ്കിലോ പല വിധത്തിലുമുണ്ട്. ആംഗ്യഭാഷകള്‍ എല്ലാം പൊതുവായി യോജിപ്പിച്ചുകൊണ്ടുള്ള പൊതു സൈന്‍ ലാംഗ്വേജ് (ആംഗ്യഭാഷ) രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമങ്ങള്‍ ഇപ്പോഴും കാര്യമായിട്ട് വിജയിച്ചിട്ടില്ല. ഇത്തരം ആളുകള്‍ക്ക് അതിന്റെ ഇന്റര്‍പ്രെട്ടേഷന് വെച്ചുകൊടുക്കാനൊക്കെ ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും അത് പ്രായോഗികമാവുന്നതു വളരെ കുറവാണ്.
ഇപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി നിലനില്‍ക്കുന്ന സമയത്ത് ഇന്റര്‍പ്രട്ടര്‍മാരെ തന്നെ വല്ലപ്പോഴും കിട്ടുകയുള്ളൂ എന്നൊരു സ്ഥിതിയാണ് വന്നിട്ടുള്ളത്. ചില ടി.വി ചാനലുകളില്‍ വാര്‍ത്ത വായിക്കുന്ന സമയത്ത് ഇവര്‍ക്ക് മാത്രം വാര്‍ത്ത കാണാന്‍വേണ്ടി ചില സംവിധാനങ്ങള്‍ കാണാറുണ്ട്. ഇത് ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന കാര്യമാണ്. ഇവിടെ ഇവര്‍ക്ക് വേണ്ടിയുള്ള നല്ലൊരു കരിക്കുലം തന്നെ ഉണ്ടായിരുന്നില്ല, വിദ്യാഭ്യാസ മന്ത്രിയായിരുന്ന 1991ലെ മന്ത്രിസഭയില്‍ അന്നാണ് ആദ്യമായി ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ സ്‌കൂളുകള്‍ക്ക് പൊതുപാഠ്യ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കിരണം എന്ന പ്രസിദ്ധീകരണം ഞങ്ങള്‍ അന്ന് കൊണ്ടുവന്നു. പക്ഷേ കാലം കുറെയായിട്ടും കരിക്കുലത്തിന്റെ കാര്യത്തിലും ഐ.എസ്.എല്‍ എന്ന പൊതുബോധന രീതിക്ക് ഉപകരിക്കുന്ന ആംഗ്യഭാഷ പദ്ധതിയെ പറ്റി കാര്യമായ നടപടികളൊന്നും നടന്നിട്ടില്ല. മറ്റൊരു സംഗതി ഇവരുടെ ജീവിതം ശരിയാക്കിയെടുക്കാനുള്ള വിധത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സാധ്യതകളാണ്. അതെല്ലാം വെച്ച്‌നോക്കുന്ന സമയത്ത് കാണേണ്ട ഒരു കാര്യമുണ്ട്. യാതൊരു കുറ്റവും കുറവും ഇല്ലാത്ത, നഖത്തിന്‌പോലും പ്രയാസമില്ലാത്ത കുഞ്ഞുങ്ങളുടെ രക്ഷിതാക്കളായ ഞാനടക്കമുള്ള ആളുകള്‍ ദൈവത്തിന് നന്ദി ചെയ്യാന്‍ കഴിയുന്ന ഏക കാര്യം ഇത്തരം കുട്ടികളുടെ സങ്കടം മാറ്റാന്‍ ചെയ്യാന്‍ പറ്റുന്ന കാര്യം ചെയ്യാനുള്ള മനസ്സ് വികസിപ്പിച്ചെടുക്കുക എന്നതാണ്. അങ്ങനെയുള്ള മനസ് വികസിപ്പിച്ചെടുക്കാന്‍ പ്രാര്‍ത്ഥിക്കണം. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അവര്‍ക്ക് വേണ്ടി ചെയ്യുകയും വേണം. അതിനെ പറ്റിയുള്ള ഗൗരവമായ ചിന്തകള്‍ പങ്കുവെക്കാനുള്ള ദിനങ്ങളാകട്ടെ ഈ ബധിരവാരത്തില്‍ കാണേണ്ടതും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതും.