എം.സി വടകര
ഹിസ് ഹോളിനസ് സ്വാമി കേശവാനന്ദ ഭാരതി ശ്രീപാദഗലവരുവു സമാധിയായിട്ട് ദിവസങ്ങളേ ആയുള്ളൂ. അതിനിടയില്‍ തന്നെ നമ്മുടെ ഭരണഘടനയും മൗലികാവകാശങ്ങളും എന്ന വിഷയത്തെപറ്റി ചൂടുപിടിച്ച സംവാദങ്ങളുയര്‍ന്നു കഴിഞ്ഞു. ഭരണഘടനയുടെ മൗലികാവകാശ ലംഘനത്തിനെതിരായി വീറുന്ന പോരാട്ടം നടത്തിയയാള്‍ എന്ന നിലക്കാണ് നാം കേശവാനന്ദഭാരതിയെ ഓര്‍ക്കുന്നത്. ലോകം മുഴുവന്‍ ശ്രദ്ധിച്ച ആ നിയമ പോരാട്ടത്തില്‍ അദ്ദേഹം പരാജയപ്പെട്ടുപോയെങ്കിലും നീതിന്യായ പീഠത്തിനുമുമ്പില്‍ അദ്ദേഹം ഉന്നയിച്ച വാദമുഖങ്ങള്‍ ഇപ്പോഴും ഊഷ്മളമായി തന്നെ നില്‍ക്കുന്നു. 1967 ല്‍ ഗോലക്‌നാഥ് എന്ന പഞ്ചാബിലെ കര്‍ഷകനില്‍ നിന്നാണ് ഈ കേസിന്റെ ഉത്ഭവം. വികസന ആവശ്യങ്ങള്‍ക്ക്‌വേണ്ടി പഞ്ചാബ് ഗവണ്‍മെന്റ് ഗോലക്‌നാഥിന്റെ കുറെ ഭൂമി ഏറ്റെടുത്തു. കുപിതനായ ഗോലക്‌നാഥ് ഇതിനെതിരായി പഞ്ചാബ് ഹൈക്കോടതിയില്‍ കേസു കൊടുത്തു.
ഭൂമി കൈവശം വെക്കാനുള്ള അവകാശം തന്റെ മൗലികാവകാശമാണെന്നും ഭൂമി ഏറ്റെടുക്കുകവഴി മൗലികാവകാശ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും ഗോലക്്‌നാഥ് വാദിച്ചു. നിയമവൃത്തങ്ങളില്‍ വളരെ താത്പര്യം ഉളവാക്കിയ ഈ കേസില്‍ ഒടുവില്‍ ഗോലക്‌നാഥിന് അനുകൂലമായി വിധി വന്നു. ഭൂമിയേറ്റെടുക്കല്‍ ഭരണഘടനയിലെ മൗലികാവകാശ ലംഘനമായി ഹൈക്കോടതി കണ്ടെത്തി. ഈ വിധി ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു എന്ന് പറയേണ്ടതില്ലല്ലോ. ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 24 ാം ഭരണഘടനാഭേദഗതിയിലൂടെ ഹൈക്കോടതി വിധിയെ മറികടക്കുകയും സ്വത്തവകാശത്തെ മൗലികാവകാശത്തിന്റെ പരിധിയില്‍നിന്ന് എടുത്തുകളയുകയും ചെയ്തു. ഈ ഭരണഘടനാഭേദഗതിയെയാണ് കേശവാനന്ദ ഭാരതി സുപ്രീംകോടതിയില്‍ ചോദ്യംചെയ്തത്.
മൗലികാവകാശത്തെ ഭേദഗതിചെയ്യാന്‍ പാര്‍ലമെന്റിന് അവകാശമില്ലെന്നും അതിനാല്‍ 24 ാം ഭരണഘടനാഭേദഗതി അസാധുവാക്കണമെന്നായിരുന്നു സ്വാമിയുടെ വാദം. ഇന്ത്യയിലെ നിയമ-രാഷ്ട്രീയ വൃത്തങ്ങളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച കേസായിരുന്നു ഇത്. ചീഫ് ജസ്റ്റിസ് എസ്.എം സിക്രി അധ്യക്ഷനായും ജസ്റ്റിസുമാരായ എം. ഷെലത്ത്, കെ.എസ് ഹെഗ്‌ഡേ, എ. എന്‍ ഗ്രോവര്‍, എച്ച്.ആര്‍ ഖന്ന, എ.കെ മുഖര്‍ജി, വൈ.വി ചന്ദ്രചൂഢ് എന്നിവര്‍ അംഗങ്ങളുമായുള്ള സ്‌പെഷ്യല്‍ ബെഞ്ച് ഈ കേസ് കേള്‍ക്കാനായി നിയോഗിക്കപ്പെട്ടു. ഇന്ത്യയിലെ പ്രാമാണികരായ അഭിഭാഷകരെല്ലാം കേസിനു വേണ്ടി ഇരു ഭാഗങ്ങളിലുമായി അണിനിരന്നു. ഒടുവില്‍ കേശവാനന്ദ ഭാരതിക്കെതിരായാണ് വിധി വന്നത്. ഭരണഘടനയുടെ പ്രിയാംപിള്‍ (ആമുഖം) ഒഴികെ മൗലികാവകാശങ്ങളടക്കം എല്ലാ വകുപ്പുകളും ഭേദഗതിചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നാണ് ഈ വിധിയുടെ സാരം. കേസ് പരിഗണിച്ച പ്രത്യേക ബെഞ്ച് താഴെ പറയുന്ന നിഗമനങ്ങളിലാണെത്തി ചേര്‍ന്നത്. 1. ഗോലക്‌നാഥ് കേസ് അസാധുവാക്കി. 2. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവവും ചട്ടക്കൂടും ഭേദഗതി ചെയ്യാന്‍ 368 ാം വകുപ്പ് അനുവദിക്കുന്നില്ല. 3. 1971 ലെ ഇരുപത്തിനാലാം ഭരണഘടനാഭേദഗതി നിയമം സാധുവാണ്.
ഈ കേസില്‍ തോറ്റുപോയത് കേശവാനന്ദ ഭാരതി മാത്രമല്ല. ഭരണഘടനയിലെ വകുപ്പുകള്‍ തങ്ങളുടെ രക്ഷക്കെത്തുമെന്ന് കരുതിയ ഇന്ത്യയിലെ അവശ ജനവിഭാഗങ്ങളുമാണ്. പ്രതിലോമകരമായ ഒരു പാര്‍ലമെന്റിന് എപ്പോള്‍ വേണമെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടു കൂടി മൗലികാവകാശങ്ങള്‍ ഹിംസിക്കാന്‍ കഴിയുമെന്നതാണ് ഇന്നത്തെ അവസ്ഥ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തലക്കുമുകളില്‍ ആശങ്കയുടെ നൂലിഴയില്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലിസിന്റെ വാള് പോലെയായിരുന്നു കേശവാനന്ദ ഭാരതി കേസിന്റെ തീര്‍പ്പുകള്‍. ഫാസിസ്റ്റുകള്‍ക്ക് മേല്‍ക്കൈയുള്ള ഭരണകൂടം രാജ്യം ഭരിക്കുമ്പോള്‍ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേശവാനന്ദ ഭാരതി കേസിലെ തീര്‍പ്പു കല്‍പ്പിക്കല്‍ ആശങ്കയുണര്‍ത്തുന്നതാണ്. ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന വിശ്വാസ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള എല്ലാത്തിനെയും നിഹനിച്ചു കളയാന്‍ നികൃഷ്ടമായ ഒരു ഭരണകൂടത്തിന് സമ്മതം മൂളുന്നതാണ് പ്രസ്തുത വിധി.
നഷ്ടപ്പെട്ടുപോയ തന്റെ മഠത്തിന്റെ നൂറു കണക്കിന് ഏക്കര്‍ ഭൂമി വീണ്ടെടുക്കാനാണെങ്കിലും സ്വാമി കേശവാനന്ദ ഭാരതി നടത്തിയ പോരാട്ടം മൗലികാവകാശത്തിന് വേണ്ടിയുള്ള ധീരോദാത്തമായ പരിശ്രമമായി ചരിത്രത്തിന്റെ താളുകളില്‍ മിന്നി നില്‍ക്കുക തന്നെ ചെയ്യും.