കെ.പി.എ മജീദ്
ഭരണകൂടങ്ങള്‍ ഇത്രയേറെ സാധാരണക്കാരെ നിരാശപ്പെടുത്തിയ കാലമുണ്ടോ. കോര്‍പറേറ്റുകള്‍ ഇത്രയേറെ തടിച്ചുകൊഴുത്ത കാലമുണ്ടോ. ദേശീയത പറഞ്ഞ് കേന്ദ്രത്തിലും ഇടതുപക്ഷമെന്ന പേരില്‍ കേരളത്തിലും അധികാരത്തിലെത്തിയവര്‍ ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്. ഏകാധിപത്യത്തിലേക്ക് ചുവടുവെക്കുന്ന ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി കേന്ദ്ര-കേരള ഭരണത്തലവന്മാര്‍ മാറിയ കാലത്ത് ജനാധിപത്യം തിരിച്ചുപിടിക്കുകയെന്നതാണ് ജനങ്ങളുടെ വോട്ടവകാശത്തിന്റെ മുഖ്യമായ ചുമതല. തദ്ദേശ സ്ഥാപനങ്ങളെ അധികാര വികേന്ദ്രീകരണത്തിന്റെ പ്രാദേശിക ഭരണകൂടങ്ങളാക്കി വികസനം തീരുമാനിക്കാനും നടപ്പാക്കാനുമുള്ള ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ സ്വപ്‌നങ്ങളെ ചവിട്ടിയരക്കുമ്പോള്‍ പ്രത്യേകിച്ചും.
അധികാര കേന്ദ്രീകരണവും കോര്‍പറേറ്റ് ദാസ്യവുമാണ് മോദി ഭരണകൂടത്തിനെന്ന് നിരന്തരം ആരോപിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ കേരളത്തില്‍ അതേനയം അതിനേക്കാള്‍ ഭീകരമായി നടപ്പാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശം നിഷേധിക്കുന്ന കേന്ദ്ര കരിനിയമം സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍, അതിന്റെ കാര്‍ബണ്‍ കോപ്പിയെടുത്ത് 118 എ പേരില്‍ കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യ മാരണ നിയമമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇത്രയേറെ ഭയപ്പെടുന്ന കേരള സര്‍ക്കാര്‍ സ്വന്തം നിഴലിനെ പോലും പേടിക്കുന്ന മാനസികാവസ്ഥയിലാണിപ്പോള്‍. സി.പി.എമ്മിന്റെ ചര്‍ച്ചകളും മന്ത്രിസഭയുടെ തീരുമാനവും കഴിഞ്ഞ് ഗവര്‍ണ്ണര്‍ തുല്ല്യം ചാര്‍ത്തിയ അഭിപ്രായ സ്വാതന്ത്ര്യ മാരണ നിയമത്തെ അറബിക്കടലിലെറിയാന്‍ കേരളീയര്‍ക്ക് രണ്ടു ദിവസം തികച്ചു വേണ്ടിവന്നില്ല.
രാജ്യത്താകെ അവശേഷിക്കുന്ന ഏക സി. പി.എം ഭരണകൂടം പലപ്പോഴും സംഘ്പരിവാറിനെപ്പോലും നാണിപ്പിക്കുംവിധമാണ് നയരൂപീകരണവും നിയമനിര്‍മ്മാണവും നടത്തുന്നതെന്ന ആക്ഷേപം അടിവരയിടുന്ന എത്രയെത്ര സംഭവങ്ങളാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് മതാചാരപ്രകാരം മരണാനന്തര ചടങ്ങ് നടത്താനാവാത്ത ഒരേയൊരു സംസ്ഥാനം കേരളമാണ്. ലോകാരോഗ്യ സംഘടനയോ കേന്ദ്ര ആരോഗ്യ മന്ത്രാലയമോ പറയാത്ത കോവിഡ് പ്രോട്ടോക്കോളുകളുടെ തിട്ടൂരത്തിലാണ് മരിച്ചാലും തീരാത്ത മതവിദ്വേഷം. നിരന്തര ആവശ്യങ്ങളും നിയമ യുദ്ധങ്ങളും ഉണ്ടായപ്പോള്‍ ചെറിയ ഇളവ് നല്‍കിയെങ്കിലും മയ്യിത്ത് കുളിപ്പിക്കാനോ പകരം ചടങ്ങായ തയമ്മത്തിനോ അനുമതി നല്‍കാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട് ഭരണഘടാദത്തമായ സംവരണത്തില്‍ വെള്ളംചേര്‍ത്ത് മോദി ഭരണകൂടം മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് പത്തു ശതമാനംവരെ സംവരണത്തിന് നിയമം ഉണ്ടാക്കേണ്ട താമസം അതിന്റെ നിയമ പോരാട്ടമോ ന്യായാന്യായങ്ങളോ നോക്കാതെ കേരളം മാത്രമാണ് അതു നടപ്പാക്കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ധരിക്കാന്‍ സ്‌കോളര്‍ഷിപ്പ് പോലുള്ളവ ഭരണ പങ്കാളത്ത സമയത്ത് നടപ്പാക്കിയ മുസ്്‌ലിംലീഗിന് സംവരണത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇവര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം എല്ലാ പാവപ്പെട്ടവര്‍ക്കും വേണ്ടിയല്ല. മുന്നോക്കക്കാരായ പാവപ്പെട്ടവര്‍ക്ക് മാത്രമാണ്. അതില്‍തന്നെ കോര്‍പറേഷനില്‍ അര ഏക്കര്‍ സ്ഥലമുണ്ടെങ്കിലും നഗരസഭയില്‍ 75 സെന്റ് സ്ഥലമുണ്ടെങ്കിലും ഗ്രാമ പഞ്ചായത്തില്‍ രണ്ടര ഏക്കര്‍ സ്ഥലമുണ്ടെങ്കിലും മുന്നോക്കക്കാരനാണെങ്കില്‍ അവന്‍ പാവപ്പെട്ടവനാണ്. മുസ്്‌ലിം-ഈഴവ വിഭാഗങ്ങള്‍ക്ക് അതിന്റെ അമ്പതിലൊന്ന് സാമ്പത്തിക ശേഷിയുണ്ടെങ്കിലും ക്രിമിലിയര്‍ പറഞ്ഞ് സംവരണം ലഭിക്കുകയുമില്ല.
മോദി സര്‍ക്കാര്‍ പത്തു ശതമാനം വരെ എന്നു നിയമമാക്കിയപ്പോള്‍ പിണറായി അതു തീര്‍ത്തും നല്‍കിയത് എന്തെങ്കിലും പഠനമോ റിപ്പോര്‍ട്ടോ നോക്കിയല്ല. ഈഴവന് മൂന്ന് ശതമാനവും മുസ്‌ലിമിന് രണ്ടു ശതമാനവും സംവരണമുള്ള മേഖലകളില്‍പോലും മുന്നോക്കക്കാരന് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ആളില്ലാതെ അവ നികത്താനാവുന്നില്ല. അതേസമയം, ദലിത് പിന്നാക്ക സമൂഹങ്ങള്‍ പുറംപോക്കില്‍ നില്‍ക്കുകയും ചെയ്യുന്നു. സാമൂഹ്യ നീതി നിഷേധത്തിന് സംഘ്പരിവാറിന് വഴികാണിച്ച സി.പി.എമ്മിന്റെ നയസമീപനങ്ങള്‍ ഇങ്ങനെ എത്രയോയുണ്ട്. ശബരിമലയില്‍ ഹൈന്ദവ സമൂഹത്തിന്റെ ആചാരം ലംഘിക്കാന്‍ പൊലീസിനെ ഉപയോഗിച്ച് വേഷം മാറ്റി യുവതികളെ കയറ്റിയ പിണറായി സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകളെ അണിനിരത്തി വനിത മതിലു പണിത് വര്‍ഗീയതയുടെ സുഗുണനയം നടപ്പാക്കുകയായിരുന്നു. ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം അവരുടെ വിശ്വാസ സംരക്ഷണത്തിന് പിന്തുണ പ്രഖ്യാപിച്ച മുസ്‌ലിംലീഗിനെ സംഘ്പരിവാര്‍ പക്ഷക്കാരാക്കി നവോത്ഥാന നായക വേഷം ആടിയവര്‍ ഇന്ന് അധോലോക നായകനായതാണ് കാണുന്നത്. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതകളെ കൂട്ടുപിടിച്ച് വെള്ളവും വളവും നല്‍കി പരിപാലിക്കുന്ന സി.പി.എം പൂരപ്പറമ്പിലെ മോഷ്ടാവിനെ പോലെ യു.ഡി.എഫിനുനേരെ വിരല്‍ചൂണ്ടി ശ്രദ്ധതിരിക്കുന്നതും ആവര്‍ത്തിക്കുന്നു.
പ്രയാസത്തിലും കഷ്ടപ്പാടിലും അപരന്‍ എങ്ങനെ പെരുമാറിയെന്നതാണ് വ്യക്തിയെയും ഭരണകൂടത്തെയും വിലയിരുത്താനുള്ള എളുപ്പവഴി. രണ്ടു പ്രളയവും കോവിഡും ജന കോടികളുടെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ട സമീപനം എല്ലാവര്‍ക്കും മുമ്പിലുണ്ട്. ഇരു പ്രളയത്തിലും രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും സന്നദ്ധ സംഘടനകളും നല്ല മനസ്സുള്ള മനുഷ്യരുമാണ് ഓടിയെത്തി കൈപിടിച്ചത്. അതിന്റെ പേരില്‍ കോടികള്‍ പിരിച്ച സര്‍ക്കാര്‍ അതും അഴിമതി നടത്താനുള്ള വഴിയാക്കുകയായിരുന്നു. സി.പി. എം നേതാക്കള്‍ പ്രളയ ഫണ്ടില്‍നിന്ന് കൈക്കലാക്കിയ 30 കോടിയോളം രൂപയുടെ കണക്കുകളാണ് പിണറായി പൊലീസിന്റെ ഇരുമ്പ് മറയിലും പുറത്തുവന്നത്. യഥാര്‍ത്ഥ അന്വേഷണം നടത്തിയാലോ. അന്നു വീടും സ്വത്തും എല്ലാം നഷ്ടപ്പെട്ടവരില്‍ എത്ര ലക്ഷമാണ് ഇന്നും ദുരിതത്തില്‍ കഴിയുന്നത്. അതുമായി ബന്ധപ്പെട്ട് സമാഹരിച്ച പണം പോലും വഴിമാറ്റി. റീബിള്‍ഡ് കേരള ഓഫീസിനായി വിവാദ #ാറ്റ് വാടകക്കെടുക്കാനും മോഡി പിടിപ്പിക്കാനും എത്ര കോടിയാണ് ചെലവഴിച്ചത്.
തദ്ദേശ സ്ഥാപനങ്ങള്‍വഴി ലക്ഷക്കണക്കിന് വീടുകള്‍ നല്‍കിയിരുന്ന യു.ഡി.എഫിന്റെ അധികാര വികേന്ദ്രീകരണത്തെ എല്ലാം മുഖ്യമന്ത്രി തലവനായ ലൈഫിലേക്ക് കേന്ദ്രീകരിച്ചപ്പോള്‍ തല ചായ്ക്കാന്‍ കൂരയെന്ന ലക്ഷങ്ങളുടെ സ്വപ്‌നമാണ് കമ്മീഷനും അഴിമതിയും മൂലം തകര്‍ന്നത്. പ്രളയത്തിന്റെ പേരില്‍ പിന്നെയും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ പിടിച്ചുവാങ്ങി. പിണറായിയും ശിവശങ്കറും സ്വപ്‌നയുമെല്ലാം ലൈഫ് നേടിയപ്പോള്‍ പാവപ്പെട്ടവന്‍ പെരുവഴിയിലായി. പ്രളയത്തില്‍ തകര്‍ന്ന കേരളത്തില്‍നിന്നാണ് പ്രളയ സെസായി ആയിരം കോടി പിരിക്കാന്‍ നികുതിയിട്ടത്. അതു രണ്ടായിരം കോടി കവിഞ്ഞിട്ടും കോവിഡ് കാലത്തും നികുതി രാജ് തുടരുന്നു. പ്രവാസികളെയും ഇതര സംസ്ഥാനത്ത് പെട്ടുപോയവരെയും നികൃഷ്ട ജീവികളെപോലെ തടയുകയായിരുന്നു സര്‍ക്കാര്‍. കോവിഡ്കാല പരിചരണത്തിന് എല്ലാ സഹായവും മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ വാഗ്ദാനം ചെയ്തിട്ടും രാഷ്ട്രീയ ദുഷ്ടലാക്കോടെ സേവനങ്ങളെ തടയാനായിരുന്നു സര്‍ക്കാര്‍ ശ്രമം. തിരിച്ചെത്തുന്നവര്‍ക്കെല്ലാം സൗജന്യ ക്വാറന്റൈന്‍ ഒരുക്കാന്‍ സന്നദ്ധമാണെന്ന് മുസ്്‌ലിംലീഗ് രേഖാമൂലം അറിയിച്ചിട്ടും അവരോട് പണം ഈടാക്കുമെന്നാണ് സര്‍ക്കാന്‍ നിലപാട് പ്രഖ്യാപിച്ചത്. മരാമത്ത് പണിയുടെ കരാറുകാരുടെ കുടിശ്ശിക നല്‍കുന്നത് കോവിഡ് പാക്കേജായി പ്രഖ്യാപിച്ച സര്‍ക്കാര്‍ പ്രളയവും കോവിഡും നട്ടെല്ല് തകര്‍ക്കപ്പെട്ടവര്‍ക്ക് ഒരാശ്വാസവും നല്‍കുന്നില്ല.
പുസ്തകം വായിച്ച കുറ്റത്തിറ്റ് യു.എ.പി.എ ചുമത്തി പന്തീരാങ്കാവിലെ വിദ്യാര്‍ത്ഥികളെ ജയിലിലടച്ചും വ്യാജ ഏറ്റുമുട്ടല്‍ പരമ്പരകളിലൂടെ പത്തോളം യുവാക്കളെ വെടിവെച്ച് കൊന്നും പിണറായി പൊലീസ് നയം ഏതു ദിശയിലാണെന്ന് വ്യക്തമാക്കിയതാണ്. അഴിമതിയില്‍ മുങ്ങിത്താഴുന്നവരുടെ നാണം മറക്കാന്‍ പ്രതിപക്ഷ നേതാക്കളുടെ വീടുകളിലേക്ക് വിജിലന്‍സിനെ പറഞ്ഞു വിടുന്നതും ഇതിന്റെ തുടര്‍ച്ചയാണ്. വനിതകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലാതായതാണ് പൊലീസിനെ രാഷ്ട്രീയ വല്‍ക്കരിച്ചതിന്റെ ദുരന്തം. മൂന്നു വയസ്സു മുതല്‍ തൊണ്ണൂറു വയസ്സുവരെയുള്ളവര്‍ പീഡനത്തിന് ഇരയായി. വാളയാറില്‍ ഒമ്പതും പതിനൊന്നും വയസ്സുള്ള പെണ്‍മക്കളെ പീഡിപ്പിച്ച് കൊന്ന് കെട്ടി തൂക്കിയ പ്രതികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ആ പിഞ്ചു പൈതങ്ങളുടെ അമ്മ കണ്ണീരുമായി തെരുവിലാണ്. പാലത്തായിയില്‍ യതീമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനൊപ്പം പിണറായി പൊലീസ് പക്ഷംപിടിക്കാന്‍ അദ്ദേഹത്തിന്റെ സംഘ്പരിവാര്‍ ബന്ധമാണത്രെ കാരണം. കോവിഡ് രോഗികളെ ആംബുലന്‍സില്‍ പോലും പീഡിപ്പിക്കുന്ന നാടായി കേരളം മാറുമ്പോള്‍ പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് ഒളിച്ചോടാതെ വഴിയില്ലല്ലോ. ജനദ്രോഹത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച അഴിമതിയുടെ പര്യായമായ വലതുപക്ഷ പിന്തിരിപ്പന്‍ സര്‍ക്കാറിനെ തിരുത്താന്‍ ഇടതുപക്ഷ മനസ്സുള്ളവരും യു.ഡി.എഫിനൊപ്പം കൈകോര്‍ക്കുമെന്നുറപ്പാണ്.
ലോകോത്തര കേരള മോഡലിന്റെ കടക്കല്‍ കത്തിവെച്ച് നാണക്കേടിന്റെ പാതയിലൂടെ മുന്നോട്ടുപോയ പിണറായി സര്‍ക്കാറിന്റെ പതനത്തിന്റെ വിളംബരമാണ് തദ്ദേശ ഫലത്തിലൂടെ പുറത്തുവരാനിരിക്കുന്നത്. എല്ലാവരാലും വെറുക്കപ്പെട്ട അഴിമതിയില്‍ മുങ്ങിത്താഴുന്ന മാഫിയ സര്‍ക്കാറിന്റെ നുണച്ചാക്കും പണച്ചാക്കും വര്‍ഗീയതയും പ്രബുദ്ധ കേരളത്തില്‍ ഏശില്ലെന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ജനങ്ങളുടെ പ്രതികരണം വിളിച്ചോതുന്നത്. സംസ്ഥാന ഭരണത്തലവനും സി.പി.എം സീനിയര്‍ പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ പ്രചാരണ രംഗത്തുനിന്നുള്ള ഒളിച്ചോട്ടം അതിന്റെ തെളിവാണ്. ജനാധികാരം ഏകാധിപത്യത്തിലേക്ക് വഴിമാറ്റാനുള്ള ശ്രമങ്ങള്‍ക്കെതിരായ ജനാധിപത്യ സമൂഹത്തിന്റെ പ്രതികരണം തടഞ്ഞുനിര്‍ത്താന്‍ ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ കൂട്ടു കച്ചവടമോ വിജിലന്‍സിനെ വിട്ടുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെയുള്ള വേട്ടയാടലോ മതിയാവില്ല. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ കോവിഡ്കാല സാഹചര്യങ്ങള്‍ പോലും തൃണവല്‍ക്കരിച്ച് പങ്കെടുത്ത ജനങ്ങളുടെ ആവേശം ഏകാധിപതികളുടെ ഉറക്കം കെടുത്തുന്നതാണ്.