X
    Categories: columns

പി.എസ്.സി വാതില്‍ കൊട്ടിയടച്ച് പിണറായി സര്‍ക്കാര്‍

അഡ്വ. എം.ടി.പി.എ കരീം

‘അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. തസ്തികകള്‍ വെട്ടിക്കുറക്കുന്ന രീതി അവസാനിപ്പിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പ്‌വരുത്തും. ഓരോ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള്‍ പത്ത് ദിവസത്തിനകം പി.എസ്.സിയെ അറിയിക്കുമെന്ന് ഉറപ്പുവരുത്തും’ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണി പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണിത്. അഞ്ച് വര്‍ഷം കൊണ്ട് പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മറ്റൊരു വാഗ്ദാനവുമുണ്ട്. ഏട്ടിലെപശു പുല്ലു തിന്നില്ലെന്നത് പോലെ വാഗ്ദാനങ്ങള്‍ പറയാനുള്ളതാണ്; പ്രാവര്‍ത്തികമാക്കാനുള്ളതല്ല എന്ന് ഇടത് സര്‍ക്കാര്‍ നാള്‍ക്കുനാള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഭരണം നാല് വര്‍ഷം പിന്നിടുമ്പോഴും വാഗ്ദാനങ്ങള്‍ വോട്ട് പെട്ടിയിലാക്കാനുള്ള വെറും കൊട്ടിഘോഷങ്ങളായിരിക്കുന്നു. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ മത്സര പരീക്ഷകള്‍ എഴുതി പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കയറിക്കൂടിയവര്‍ അര്‍ഹതപ്പെട്ട തൊഴിലും കാത്ത് വേഴാമ്പലിനെപോലെ കാത്ത്കഴിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം റാങ്ക് ലിസ്റ്റുകളെ നിഷ്‌ക്രിയമാക്കിയും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും കമ്പനി ബോര്‍ഡുകളിലും പുറംവാതില്‍ നിയമനങ്ങള്‍ തകൃതിയായി നടക്കുകയുമാണ്. കണ്‍സള്‍ട്ടന്‍സി എന്ന ഓമനപ്പേരിലാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും ഈ വിധം തിരുകിക്കയറ്റുന്നത്.

പത്താംതരം പോലും പാസ്സാകാത്ത സ്വപ്‌ന സുന്ദരിമാര്‍ക്ക് ഒന്നര ലക്ഷം ശമ്പളത്തില്‍ ഉയര്‍ന്ന തസ്തികകളില്‍ അവരോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഒത്താശ ചെയ്യുന്നത് വരെയെത്തി കാര്യങ്ങള്‍. കിഫ്ബിയിലും വിവിധ മിഷനുകളിലുമായി നൂറുക്കണക്കിന് നിയമനങ്ങളാണ് ഇപ്രകാരം നടക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ചെയ്യാന്‍ കഴിയാവുന്ന ജോലികള്‍ പോലും പുറംകരാറുകാര്‍ക്ക് നല്‍കുന്ന കണ്‍സള്‍ട്ടന്‍സി ഏര്‍പ്പാടിലൂടെ തകരുന്നത് തൊഴില്‍ രഹിതരുടെ സ്വപ്‌നങ്ങളാണ്. സ്വര്‍ണക്കടത്ത് വിവാദത്തിലൂടെ ശ്രദ്ധാകേന്ദ്രമായ സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള പ്രധാന സ്ഥാപനമായ ഐ.ടി മിഷനില്‍ മാത്രം 300 ഓളം പേരെയാണ് സംസ്ഥാനത്തുടനീളം ഈയ്യിടെ നിയമിച്ചത്. യോഗ്യതയുള്ളവര്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ഭരണകക്ഷി സ്വാധീനത്തില്‍ ഇത്തരക്കാര്‍ കയറിപ്പറ്റുന്നത്.

പൊതുപണത്തില്‍ നിന്ന് പ്രതിഫലം നല്‍കുന്ന നിയമനങ്ങളെല്ലാം പി.എസ്.സി വഴി നടത്തുന്നമെന്ന് നയമായി സ്വീകരിച്ച് അധികാരമേറ്റവരാണ് ഇടതുപക്ഷം. എന്നാല്‍ നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് സംസ്ഥാനത്ത് കരാര്‍ നിയമനങ്ങളുടെ അവിശ്വസനീയ കണക്കുകളാണ് വാര്‍ത്തകളില്‍ നിറയുന്നത്. പൊതു പണത്തിന്റെ നിര്‍ലജ്ജമായ ദുര്‍വിനിയോഗവും തികഞ്ഞ അഴിമതിയുമാണിത്. കോവിഡ് വ്യാപനം കാരണം പി.എസ്.സി നിയമനം തടസ്സപ്പെട്ടതും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കാണുകയാണ്. സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ 47 പേരെയാണ് ഇത്തരത്തില്‍ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയത്. അസാധാരണമായ പ്രതിസന്ധി കാലംപോലും നിയമനങ്ങളില്‍ പാര്‍ട്ടി രാജ് നടപ്പിലാക്കുകയാണ് ഭരണകൂടം.

നിയമന കണക്കുകള്‍ പെരുപ്പിച്ചു കാണിച്ച് കേമത്തം പറയാന്‍ ഇറങ്ങിയവരുടെ വാദഗതികളെ പൊളിച്ചെടക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവജനങ്ങള്‍ ഒന്നാകെ ഡിസ്‌ലൈക്ക് ചെയ്ത് പൊങ്കാലയിടുന്ന കാഴ്ച അവരുടെ പ്രതിഷാധാഗ്‌നിയുടെ പ്രതിഫലനമാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് റാങ്ക് ലിസ്റ്റ് വന്ന് മൂന്നു വര്‍ഷത്തിനകം മറ്റൊരു ലിസ്റ്റ് വന്നില്ലെങ്കില്‍ പ്രസ്തുത ലിസ്റ്റിന്റെ കാലാവധി നീട്ടികൊടുക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാലിപ്പോള്‍ കാലാവധിക്കകത്ത് ഒരാളെ പോലും നിയമിക്കാതെ ലിസ്റ്റുകള്‍ പലതും അകാല ചരമം പ്രാപിക്കുകയാണ്. നൂറിലധികം റാങ്ക് ലിസ്റ്റുകളാണ് കഴിഞ്ഞ ആറ് മാസത്തിനകം കേവലം 30 ശതമാനത്തില്‍ താഴെ നിയമനവുമായി കാലാവധി അവസാനിച്ചത്. ഒരു വര്‍ഷം മാത്രം കാലാവധിയുള്ള സിവില്‍ പൊലീസ് ഓഫീസര്‍ (സി.പി.ഒ) ലിസ്റ്റില്‍നിന്നും ഇതേ വരെയായി കുതിയോളം പേരെ മാത്രമേ നിയമിച്ചിട്ടുള്ളൂ.

തിരുവനന്തപുരം യൂനി. കോളജിലെ എസ്.എഫ്.ഐയുടെ ക്രിമിനല്‍ സംഘത്തില്‍പ്പെട്ട ശിവരഞ്ജിത്തും നസീമും നടത്തിയ ക്രമക്കേട് തെളിഞ്ഞതിനെതുടര്‍ന്ന് ലിസ്റ്റ് നാല് മാസത്തോളം മരവിപ്പിക്കേണ്ടിവന്നു. തുടര്‍ന്ന് കോവിഡ് മൂലം മൂന്നു മാസക്കാലം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതേയും പോയി. പകുതിയിലധികം കാലം ഇപ്രകാരം നഷ്ടമായത് നികത്താന്‍ ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാറിന്റെ ബധിരകര്‍ണങ്ങളില്‍ ഏശിയില്ല. ഇത്മൂലം ലിസ്റ്റില്‍ ഉള്‍പ്പെട്ട നൂറുക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ പ്രതീക്ഷകള്‍ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമാകുന്നത്.

ഒഴിവുകള്‍ ഉണ്ടായിട്ടും യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ വീഴ്ച വരുത്തുന്ന വകുപ്പ് മേധാവികളോട് മൗനം അവലംബിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിവരാവകാശ രേഖകള്‍ സമ്പാദിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയും അനന്തമായി കാത്തിരുന്നും റാങ്ക് ലിസ്റ്റിലുള്ള പലരുടേയും പ്രതീക്ഷകള്‍പോലും കെട്ടുപോയ അവസ്ഥയിലാണ്. ഇതൊന്നും കണ്ടിട്ടും യാതൊരു ചാഞ്ചല്യവുമില്ലാത്ത വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ നയം കരുത്താവുകയാണ്. കെ.എസ്.ആര്‍.ടി.സിയില്‍ 123 ഒഴിവുകളുണ്ടെന്ന് ഒരു വര്‍ഷം മുമ്പ് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയിട്ടും പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട വൈദ്യുതിബോര്‍ഡ് ഒരു ഒഴിവ് പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, നേരത്തെ ബോര്‍ഡ് ചെയര്‍മാനായ കാലം മുതല്‍ താല്‍ക്കാലികക്കാരെ തിരുകിക്കയറ്റുകയാണ്.
സപ്ലൈകോ അസി. സെയില്‍സ്മാന്‍ റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍തന്നെ അതേ ജോലി ചെയ്യുന്ന താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന നീക്കമുള്ളതായും ആരോപണമുണ്ട്.

ഡ്യൂപ്ലിക്കേഷന്‍ വഴി നിയമന ശിപാര്‍ശകളുടെ എണ്ണം കൂട്ടി മേന്മ നടിക്കാനുള്ള പാഴ് വേലയാണ് സര്‍ക്കാര്‍ കാണിക്കുന്ന മറ്റൊന്ന്. കമ്പനി ബോര്‍ഡുകളില്‍ ഒരേ പരീക്ഷ നടത്തി ഒരേ ആളുകളെ വെച്ച് രണ്ട് റാങ്ക് ലിസ്റ്റുകള്‍ ഇടുന്നതാണ് ഇതിന്റെ രീതി. ഒരേസമയം രണ്ട് ലിസ്റ്റില്‍പ്പെട്ടയാള്‍ ഒരെണ്ണം വേണ്ടെന്ന് വെക്കാന്‍ വേണ്ടി വരുന്ന നിയമപരമായ കാലതാമസം മുതലാക്കി ഈ ഇടവേളയില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന ഗൂഢ നീക്കമാണിത്. ഭരണകക്ഷിക്കാരുടെ ശിപാര്‍ശയില്ലാതെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക നിയമനവും നടക്കുന്നില്ല. സ്വജനപക്ഷപാതം കൊടികുത്തി വാഴുകയാണിവിടെ.

വസ്തുതാ വിരുദ്ധമായ കണക്കുകള്‍ കാണിച്ച് ഉദ്യോഗാര്‍ത്ഥികളുടെ കണ്ണില്‍ പൊടിയിടാനുള്ള ഹീന തന്ത്രമാണിപ്പോള്‍ ഭരണക്കാര്‍ പയറ്റുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നിയമന നിരോധനമായിരുന്നെന്നും പി.എസ്.സി വഴി നിയമനം കിട്ടിയവര്‍ പരിമിതമായിരുന്നുവെന്നും യുവജന പ്രതിഷേധം തണുപ്പിക്കാന്‍ അവരിപ്പോള്‍ തട്ടി വിടുകയാണ്. എന്നാല്‍ എന്താണ് യഥാര്‍ത്ഥ്യം? ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടനെ നിയമസഭയിലെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ യു.ഡി. എഫ് സര്‍ക്കാര്‍ കാലത്ത് നിയമന നിരോധനമുണ്ടായില്ലെന്നും 1,54,238 പേര്‍ക്ക് മുന്‍ സര്‍ക്കാര്‍ കാലത്ത് പി.എസ്.സി വഴി നിയമനം നല്‍കിയെന്നും പറഞ്ഞിട്ടുണ്ട്. അധ്യാപക പാക്കേജിലും ഭിന്നശേഷി ക്കാരെ സ്ഥിരപ്പെടുത്തിയതിലൂടെയും കെ.എസ്.ആര്‍.ടി.സി എം പാനല്‍കാരെ സ്ഥിരപ്പെടുത്തിയതടക്കം 16000 ത്തോളം പേരെ നിയമിച്ചത് ഇതിന് പുറമെയായിരുന്നു.
എന്നാല്‍ പി.എസ്.സി അഡൈ്വസ് അയച്ച് 6 മാസത്തിലധികം കഴിഞ്ഞിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ നൂറുക്കണക്കിന് പേര്‍ സമരരംഗത്താണിപ്പോള്‍. 52 സ്ഥാപനങ്ങളിലെ നിയമനം പുതുതായി പി.എസ്.സിക്ക് വിട്ടുവെന്ന് പറയുന്നവര്‍ തന്നെ ഇതിനായി പ്രത്യേക ചട്ടം തയ്യാറാക്കാതെ ഇത്തരം സ്ഥാപനങ്ങളില്‍ ഒരാളെ പോലും നിയമിച്ചില്ലെന്ന കാര്യം സൗകര്യപൂര്‍വ്വം മറച്ചുവെക്കുകയാണ്.

 

Test User: