X
    Categories: Views

കാവിവത്കരണത്തിന്റെ തീവ്രത

വെട്ടിച്ചിറ മൊയ്തു

കേന്ദ്ര ഭരണം ബി.ജെ.പിയുടെ കൈകളില്‍ വന്ന സന്ദര്‍ഭങ്ങളിലെല്ലാം ചരിത്രം, സാംസ്‌കാരികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം കാവി വത്കരണത്തിന്റെ ശക്തമായ ഇടപെടലുകള്‍ നടത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ വ്യക്തമാണ്. ഭരണം കാവി പുതപ്പിക്കുന്നതിന് വേണ്ട അജണ്ടകള്‍ നിശ്ചയിക്കുന്നതും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ആര്‍.എസ്.എസും മറ്റ് സംഘ്പരിവാര്‍ ശക്തികളുമാണ്. ആര്‍.എസ്. എസ് രചിക്കുന്ന തിരക്കഥക്കനുസരിച്ച് അരങ്ങത്ത് ആടുകയാണ് ബി.ജെ.പി. ഭാരതീയ ജനതാപാര്‍ട്ടിക്ക് സ്വാധീനമുള്ള അധികാര കേന്ദ്രങ്ങളില്‍ ഭരണ സ്വാധീനം ഉപയോഗപ്പെടുത്തിയും അല്ലാത്ത സ്ഥലങ്ങളില്‍ സംഘടനാ സ്വാധീനം ഉപയോഗപ്പെടുത്തിയുമാണ് ആര്‍.എസ്.എസ് കാവിവത്കരണം നടപ്പിലാക്കുക.

ഏതൊരു സമുദായത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രയാണത്തിനും അഭിമാനകരമായ അസ്തിത്വത്തിനും ഏറ്റവും അത്യന്താപേക്ഷിതമാണ് അവയുടെ പൂര്‍വകാല ചരിത്രം. തങ്ങളുടെ പൂര്‍വികരുടെ മഹിതമായ ചരിത്ര പശ്ചാത്തലം ഉള്‍കൊണ്ടു അതിനെ മാതൃകയാക്കി പുതിയ തലമുറയും മുന്നോട്ട് നീങ്ങുമ്പോഴാണ് നന്മയുടെ വക്താക്കള്‍ വീണ്ടും രൂപം കൊള്ളുന്നത്. ഈ നന്മകളെ തല്ലിക്കെടുത്താന്‍ ഒരു പ്രത്യേക സമുദയത്തെയും അവരുടെ പൂര്‍വികരുടെയും ചരിത്രം മാറ്റി എഴുതുകയും വികലമായ ചരിത്രങ്ങള്‍ പാഠ പുസ്തകങ്ങളില്‍ വരെ കുത്തിനിറക്കുകയും ചെയ്യുന്ന ജോലിയാണ് ഇപ്പോള്‍ ആര്‍. എസ്.എസ് ബുദ്ധി കേന്ദ്രങ്ങള്‍ കേന്ദ്ര സര്‍ക്കാരിലൂടെ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ചില സംഘടനകള്‍ക്കും അവരുടെ പൂര്‍വികരില്‍ ചിലര്‍ക്കും സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ബ്രിട്ടീഷ്‌കാര്‍ക്കൊപ്പം ചേര്‍ന്ന് രാജ്യത്തെ ഒറ്റികൊടുത്ത ചരിത്ര പശ്ചാത്തലമുള്ളതിനാല്‍ മാറ്റി എഴുതി മഹത്വവത്കരിക്കേണ്ടതുണ്ട്. ഇതിനെല്ലാം വേണ്ടിയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്. ആര്‍) പുനസംഘടിച്ചപ്പോള്‍ ആര്‍.എസ്.എസു കാരെ തിരുകി കയറ്റിയിരിക്കുന്നത്. അവരാണ് ചരിത്ര സത്യങ്ങളെ വികലമാക്കിയും പുതിയ ചരിത്ര രചനകള്‍ നടത്തിയും സാംസ്‌കാരിക മേഖലയെ മലിനമാക്കി കൊണ്ടിരിക്കുന്നത്.

പാഠ പുസ്തകങ്ങളില്‍ വിഷലിപ്തമായ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അവ പഠിപ്പിച്ച് കുരുന്നു ഹൃദയങ്ങളില്‍ വര്‍ഗീയത കുത്തി വെക്കുകയാണ്. ശരിയുടെ വിപരീതം തെറ്റ്, ഹിന്ദു വിന്റെ വിപരീതം മുസ്‌ലിം എന്ന് പഠിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിയിരിക്കുന്നു ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകള്‍. ഹിന്ദു മതത്തെ പുകഴ്ത്തിയും മറ്റ് മതങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന പുസ്തകങ്ങളാണ് ഇപ്പോള്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സാംസ്‌കാരിക ചരിത്ര ജനകീയ സ്ഥാപനങ്ങളില്‍ കാവിവത്കരണം നടപ്പിലാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മനുഷ്യ വിഭവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും രാഷ്ട്രീയ സ്വയം വേവക സംഘവും ഉണ്ട് എന്ന് സമ്മതിക്കുന്നു. ഇതിന് കാവിവത്കരണം എന്ന പേരല്ല സ്മൃതി ഇറാനി പറഞ്ഞത് എന്ന് മാത്രം. ഭാരതവത്കരണം അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ ഹൈന്ദവ ചിന്താവത്കരണം എന്നൊക്കെയുള്ള ഓമന പേരിലാണ് സുമൃതി ഇറാനി ഈ അജണ്ടയെ വിശദീകരിക്കാന്‍ ശ്രമിച്ചത്.
മോദി ഗവണ്‍മെന്റ് അക്കാദമിക്ക് സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയും നിയന്ത്രിക്കുകയും ആശയങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്നുണ്ട് എന്ന് പരസ്യമായി പ്രഖ്യാപിച്ചത് ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യസെന്‍ ആയിരുന്നു. അമര്‍ത്യസെന്‍ തന്നെ അതിന്റെ ഒരു ഇരയാണ്. അടുത്തകാലത്താണ് അദ്ദേഹത്തെ മോദി ഗവണ്‍മെന്റ് നളന്ദ സര്‍വകലാശാലയുടെ ചാന്‍സ് ലര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തത്. വിദ്യാഭ്യാസ, ചരിത്ര, ജനകീയ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഗവണ്‍മെന്റ് ആശയപരമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമര്‍ത്യസെന്നിനെ പോലെയുള്ളവര്‍ ഈ പ്രക്രിയയെ കയ്യേറ്റമായാണ് വിശദീകരിക്കുന്നത്.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് കഴിഞ്ഞ ജൂണ്‍ എട്ടു മുതല്‍ പന്ത്രണ്ട് വരെ നടത്തിയ ശില്‍പശാല യില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിലെ അംഗങ്ങളും ഉണ്ടായിരുന്നു. ശില്‍പശാലയുടെ ഉദ്ദേശം ചരിത്രത്തിലെ തെറ്റുകളും വിവാദങ്ങളും കണ്ടെത്തുകയെന്നതായിരുന്നു. അതെല്ലാം സംഘ്പരിവാറിന്റെ കാവി വീക്ഷണ കോണിലൂടെയാണെന്ന് മാത്രം. ഇത് പ്രകാരം സംഘ്പരിവാറിന്റെ പുസ്തകത്തില്‍ അക്ബര്‍ മഹാനല്ല. റാണാപ്രതാപ് സിങാണ് അതിലും മഹാന്‍. മഹാത്മാ ഗാന്ധിജിയേക്കാളും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാളും മഹാത്മാക്കള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലും ബാലഗംഗാധര തിലകനും. മഹാഭാരതവും രാമായണവും പുരാണങ്ങള്‍ അല്ല, ചരിത്രം ആണ്. ആര്യന്മാര്‍ ഇന്ത്യയെ കീഴടക്കി ദ്രാവിഡന്മാരെ ഗംഗാ തടത്തില്‍ നിന്നും തെക്കോട്ടും കിഴക്കോട്ടും ഓടിച്ചതല്ല, ആര്യന്മാര്‍ ഇന്ത്യയില്‍ ജനിച്ചവരാണ്. ദലിതന്മാര്‍ മുസ്‌ലിം അധിനിവേശ സംസ്‌കാരത്തിന്റെ സൃഷ്ടികളാണ്. അശോക ചക്രവര്‍ത്തിയുടെ അഹിംസ പ്രചാരണവും ബുദ്ധമത വിശ്വാസവും ഉത്തരേന്ത്യയെ ബലഹീനമാക്കി. ഇങ്ങനെ ഒട്ടേറെ വിചിത്രമായ ചരിത്രങ്ങള്‍ പാഠപുസ്തകങ്ങളായി വിദ്യാര്‍ത്ഥികളെ തേടിയെത്താന്‍ സംഘ്പരിവാറിന്റെ ആയുധപ്പുരയില്‍ കാത്തിരുപ്പുണ്ട്. ഇങ്ങിനെയുള്ള നിരവധി സമാന്തര ചരിത്ര പഠനത്തിലുടെ കാവി പുതച്ച ഒരു സമൂഹം രൂപപ്പെടും എന്നാണ് സംഘ്പരിവാര്‍ ശക്തികള്‍ വിശ്വസിക്കുന്നത്.

കാവിവത്കരണത്തിന്റെ കാര്യത്തില്‍ ബി.ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരമാണ്്. ഇതില്‍ രാജസ്ഥാന്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു. 67000 ത്തോളം വരുന്ന ഇവിടത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ യൂണിഫോം കാവി നിറത്തിലാക്കണമെന്ന വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ് നാനിയുടെ ഭരണ പരിഷ്‌കാരം നേരത്തെ വിവാദമായതാണ്. ഇപ്പോള്‍ എട്ടാം ക്ലാസിലെ സാമൂഹിക പാഠം പുസ്തകത്തില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, വീര്‍ സര്‍വര്‍ക്കര്‍, ഭഗത് സിങ്, ലാലാ ലജ്പത് റായ്, ബാല്‍ ഗംഗാധര്‍ തിലക് തുടങ്ങിയവരെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും പുസ്തകത്തില്‍ നെഹ്‌റുവിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാരെന്നു വ്യക്തമാക്കാതെയാണ് പുസ്തകത്തിലെ പാഠ ഭാഗം. കോണ്‍ഗ്രസുകാരായ സ്വാതന്ത്ര്യസമര സേനാനികളെയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇതില്‍ നാഥുറാം ഗോഡ്‌സെയെപ്പറ്റിയും പറഞ്ഞിട്ടില്ല. സംഘ് പരിവാര്‍ പടച്ചുണ്ടാക്കുന്ന ലഘുലേഖകള്‍ മാത്രമാണ് വിദ്യാഭ്യാസം എന്ന തരത്തിലേക്കാണ് ഇക്കൂട്ടര്‍ രാജ്യത്തെ കൊണ്ടെത്തിക്കുന്നത്. വിദ്യാര്‍ത്ഥി ജീവിതത്തിലെ സമസ്ത മേഖലകളിലേക്കും കാവിവത്കരണത്തിന്റെ കരാളഹസ്തങ്ങള്‍ കടന്ന് കയറുമ്പോള്‍ പ്രതിരോധത്തിന്റെ തീജ്വാലകള്‍ ഉയര്‍ത്തിയേ മതിയാകൂ.

chandrika: