പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ഹൃദയം ചേര്‍ത്തുനില്‍ക്കുന്ന സ്‌നേഹത്തിന്റെ നിറ ചിരിയുമായി അദ്ദേഹം വരില്ലെന്ന് അറിയുമ്പോഴും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല തവണ ആ നമ്പറിലേക്ക് വിളിക്കാന്‍ ഫോണ്‍ കയ്യിലെടുത്തിട്ടുണ്ട്. സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങളുടെയും കെട്ടഴിക്കാന്‍ ഒരു വിളിപ്പുറത്തുണ്ടായിരുന്ന അഹമ്മദ് സഹിബില്‍ പ്രതിവിധിയുണ്ടായിരുന്നു. വെറും വിദ്യാര്‍ത്ഥി നേതാവോ ചന്ദ്രിക പത്രാധിപ സമിതി അംഗമോ ആയിരുന്നപ്പോള്‍ മുതല്‍ അവസാനം വരെയും അഹമ്മദ് സാഹിബ് എനിക്ക് എന്നും നേതാവായിരുന്നു. ഖാഇദെമില്ലത്തിനും ബാഫഖി തങ്ങള്‍ക്കും സീതിസാഹിബിനും പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ക്കും സി.എച്ചിനുമൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച തലമുറയിലെ അനിഷേധ്യ നേതാവ്.
എന്നാണ് അഹമ്മദ് സാഹിബിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അഞ്ചര പതിറ്റാണ്ടിലേറെ പിറകോട്ട് സഞ്ചരിക്കേണ്ടി വരും അതോര്‍ത്തെടുക്കാന്‍. 1962 ല്‍ ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലമാണ്. യുവനേതാവായ അഹമ്മദ് സാഹിബ് പാണക്കാട്ടെ നിത്യ സന്ദര്‍ശകനായിരുന്നു. ബാപ്പയുടെ ഉറ്റ സുഹൃത്ത് പരേതനായ പാണക്കാട് അഹമദ് ഹാജിയുടെ സ്ഥിരമിരിപ്പിടമുണ്ടായിരുന്നു ഓഫീസ് റൂമില്‍. അഹമദ് സാഹിബ് വന്നാല്‍ ആ മുറിയിലാണിരിക്കുക. സൗമ്യവും ആകര്‍ഷകവുമായ സംസാരം. ബാപ്പയോടും അഹമദ് ഹാജിയോടുമൊപ്പമുള്ള സൗഹൃദ നിമിഷങ്ങള്‍, പായയില്‍ കൂടെയിരുന്ന് ഭക്ഷണം കഴിച്ച് മടങ്ങുമ്പോള്‍ പതിവു പോലെ കവിളില്‍ കവിള്‍ ചേര്‍ത്ത് ഉമ്മവെക്കും. അന്നു തൊട്ടേ ഞങ്ങളുടെ കൂടുംബത്തില്‍ ഒരംഗമാണദ്ദേഹം. വലിയ പ്രഭാഷകനായ വിദ്യാര്‍ത്ഥി-യുവ നേതാവിനെ പരിചയപ്പെടുമ്പോഴാണ് എത്ര സൗമ്യമാണ് ആ വ്യക്തിത്വമെന്ന് ബോധ്യപ്പെട്ടത്.
പിതാവിനെ കാണാന്‍ കൊടപ്പനക്കല്‍ തറവാട്ടിലെത്തുമ്പോഴൊക്കെ കണ്ടും സംസാരിച്ചും ദൃഢമായ സൗഹൃദം ഇഴപിരിയാത്ത കൂട്ടായി. ആദര്‍ശബന്ധിതമായി ഉറച്ച നിലപാടുകള്‍ എടുത്ത എത്രയോ വേളകള്‍ എനിക്കറിയാം. നേതാക്കളോട് ഒരിക്കല്‍ പോലും ശബ്ദമുയര്‍ത്തി സംസാരിച്ചിട്ടില്ല. വിയോജിപ്പുകളെയും സ്‌നേഹത്തോടെ ചൂണ്ടിക്കാണിച്ചു. ജ്യേഷ്ഠന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അഹമ്മദ് സാഹിബ് പുലര്‍ത്തിയിരുന്ന അടുപ്പം ഒരു പടികൂടി കടന്നതായിരുന്നു. പിതാവ് പൂക്കോയ തങ്ങള്‍ക്കും മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാവായ അദ്ദേഹത്തോടൊത്തുള്ള പ്രവര്‍ത്തനം വലിയ ഊര്‍ജ്ജവും കരുത്തുമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് അടുത്തുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് പരിചയപ്പെടുത്തല്‍. പിന്നീട് കേന്ദ്രമന്ത്രിയായപ്പോള്‍ ഡല്‍ഹിയില്‍ അഹമ്മദ് സാഹിബ് സംഘടിപ്പിക്കാറുള്ള ഇഫ്താറുകളില്‍ ഉന്നത വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തല്‍ അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ജീവിതാന്ത്യം വരെ ഔദ്യോഗിക ചടങ്ങുകളുടെ തിരക്കുകള്‍ക്കിടയിലും പാണക്കാട്ടേക്ക് വരാന്‍ സമയം കണ്ടെത്തി.
ഇനിയെന്ത് എന്ന് ആലോചിക്കുമ്പോള്‍ പ്രതിവിധിക്കു കാതോര്‍ത്ത് ധൈര്യ സമേതം ആദ്യം വിളിച്ചിരുന്നത് പലപ്പോഴും അഹമ്മദ് സാഹിബിനെയായിരുന്നു. വിദ്യാര്‍ത്ഥി-യുവ നേതാവായിരിക്കുമ്പോഴും മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷ പദവി അലങ്കരിക്കുമ്പോഴും പ്രവര്‍ത്തകരോടും നേതാക്കളോടും അദ്ദേഹം കാണിച്ചിരുന്ന അടുപ്പം പറഞ്ഞറിയിക്കാനാവില്ല. ആദ്യം കണ്ടപ്പോഴുള്ള കരസ്പര്‍ശം അര നൂറ്റാണ്ടിലേറെ ഒരു മാറ്റവുമില്ലാതെ അവസാനം വരെ തുടര്‍ന്നു. മനസ്സില്‍ നിന്നുള്ള നിഷ്‌കളങ്കമായ ചിരിയായിരുന്നു അദ്ദേഹത്തിന്. ആരെയും വലിച്ചടുപ്പിക്കുന്ന വശ്യത.
സഊദി രാജാവിനെയും ഇറാന്‍ പ്രസിഡന്റിനെയും കുവൈത്ത് അമീറിനെയും അമേരിക്കന്‍ അമ്പാസിഡറെയും വിളിക്കുന്ന അതേ താഴ്മയോടെ സാധാരണ മുസ്‌ലിംലീഗ് പ്രവര്‍ത്തകനെയും പരിഗണിച്ചു. ഉയരങ്ങള്‍ കീഴടക്കിയപ്പോഴും വേരുകള്‍ നഷ്ടപ്പെടാതെ കാത്തു എന്നതാണ് കടപുഴകാതെ അദ്ദേഹത്തെ നിലനിര്‍ത്തിയത്. തെരഞ്ഞെടുപ്പുകളിലെ വലിയ ഭൂരിപക്ഷത്തിന്റെ സ്വന്തം റെക്കോഡ് അവസാന തെരഞ്ഞെടുപ്പിലും തിരുത്തിയെന്നത് ജനങ്ങള്‍ക്കുള്ള സ്‌നേഹത്തിന്റെ പ്രഖ്യാപനമായിരുന്നു. ചന്ദ്രികയില്‍ നിന്നും എം.എസ്.എഫില്‍ നിന്നുമാണ് തുടക്കമെന്ന് അവസാന കാലം വരെയും പറഞ്ഞുകൊണ്ടേയിരുന്നു. എം.പിയായി ഡല്‍ഹിയിലെത്തിയപ്പോള്‍ ഔദ്യോഗിക വസതിയുടെ ഔട്ട് ഹൗസില്‍ ‘ചന്ദ്രിക ഡല്‍ഹി ബ്യൂറോ’ തുടങ്ങിയെന്നത് ഒരിക്കലും വന്നവഴി മറക്കാത്ത അഹമ്മദ് സാഹിബിന്റെ ഒരുദാഹരണം മാത്രമാണ്.
നഗരസഭാ ചെയര്‍മാനും എം.എല്‍.എയും എം.പിയും കേന്ദ്ര-സംസ്ഥാന മന്ത്രി പദവികളും വഹിച്ചപ്പോഴും പ്രാദേശിക തലത്തിലുളള പ്രവര്‍ത്തകരുമായി ഒരേപോലെ ബന്ധം കാത്തു സൂക്ഷിച്ചു. സാധാരണക്കാരന്റെ നൊമ്പരങ്ങളും വേദനകളും അത്രയേറെ നെഞ്ചേറ്റി അദ്ദേഹം. പ്രവര്‍ത്തകന്റെ സങ്കടം കണ്ട് കണ്ണു തുടച്ചു. അപരന്റെ സങ്കടം പറയുമ്പോഴും കാണുമ്പോഴും വേര്‍പാടിലും പരിസരം മറന്ന് പൊട്ടിക്കരയുന്ന അഹമ്മദ് സാഹിബിനെ എത്രയോ തവണ നമ്മള്‍ കണ്ടതാണ്.
പാര്‍ട്ടി പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോഴൊക്കെ കരുത്തായി പതറാതെ ഉറച്ചു നിന്നു. മുസ്‌ലിംലീഗ് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സമുദായ സ്‌നേഹവും പണ്ഡിത ബഹുമാനവും ഈമാനിക ആവേശവും രാഷ്ട്ര ബോധവും കര്‍മ്മ കുശലതയും സമം ചേര്‍ന്ന വ്യക്തിത്വം. ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിക ജീവിതത്തിന്റെ വലിയ പാഠമായിരുന്നു അഹമ്മദ് സാഹിബ്. ഇസ്‌ലാമിക അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും മുസ്‌ലിംലീഗുകാരനാണെന്ന് പറയുന്നതിലും ഇന്ത്യക്കാരനാണെന്ന് അഭിമാനിക്കുന്നതിലും ഒരു മടിയും കാണിച്ചില്ല. ഐക്യരാഷ്ട്ര സഭയുടെ അകത്തളങ്ങളില്‍ തൊപ്പിവെച്ച് മുസ്‌ലിം സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യക്കായി സംസാരിക്കുമ്പോള്‍ ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് പാക്കിസ്ഥാനെക്കാള്‍ അറബ് ലോകവും ആ വാക്കുകളെ വിശ്വാസത്തിലെടുത്തു.
കാശ്മീര്‍ ഇന്ത്യയുടേതാണെന്ന് ലോക വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു സ്ഥാപിച്ച അതേ വികാരത്തില്‍ കാശ്മീരികളുടെ മനുഷ്യാവകാശത്തെ കുറിച്ച് പാര്‍ലമെന്റിലും അദ്ദേഹം ശബ്ദിച്ചു. രാജ്യത്തെവിടെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോഴും കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി അവിടെ ആദ്യം ഓടിയെത്തിയിരുന്നതും ആത്മവിശ്വാസവും സാന്ത്വനവും പകര്‍ന്നതും അഹമ്മദ് സാഹിബായിരുന്നു. കലാപത്തിന്റെ നടുക്കുന്ന വാര്‍ത്ത നമ്മള്‍ അറിയും മുമ്പെ ആ സംഘര്‍ഷ ഭൂമിയില്‍ അദ്ദേഹം എത്തിയിരിക്കും. മുംബൈയിലും കോയമ്പത്തൂരിലുമെല്ലാം ചെല്ലുമ്പോള്‍ എത്രയോ ആളുകള്‍ അഹമ്മദ് സാഹിബിന്റെ ധീരമായ ഇടപെടലുകളെക്കുറിച്ച് പറയാറുണ്ട്.
ഗുജറാത്ത് വംശഹത്യക്കാലത്ത് തീയും പുകയും ഭീതിയും നിറഞ്ഞ മണ്ണിലേക്ക് അദ്ദേഹം എല്ലാ വിലക്കുകളെയും ലംഘിച്ച് കടന്നു ചെന്നത് ഒരു പക്ഷെ, അഹമ്മദ് സാഹിബിന്റെ ശൈലിക്ക് മാത്രം കഴിയുന്നതായിരുന്നു. അന്നാട്ടിലെ മുന്‍ പാര്‍ലമെന്റ് അംഗത്തെയും കുടുംബത്തെയും ചുട്ടുകൊന്ന വാര്‍ത്ത കണ്ട അതേ പത്രത്തിലാണ് അഹമ്മദ് സാഹിബ് ഗുജറാത്തിലെത്തി മുഖ്യമന്ത്രി മോദിയോട് രോഷാകുലനായി സംസാരിച്ചതും നമ്മള്‍ വായിച്ചത്. പലപ്പോഴും അദ്ദേഹം വിളിക്കുക പേരോ ഊരോ അറിയാത്ത ഏതോ ഒരാളുടെ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം വഴിമുട്ടി നില്‍ക്കുന്ന സങ്കടം പറയാനാവും. എല്ലാ സംസാരത്തിന്റെയും അവസാനം പ്രാര്‍ത്ഥിക്കണം എന്നു പറയുന്ന അദ്ദേഹം മറ്റുള്ളവര്‍ക്കായി എത്രയോ സമയം പ്രാര്‍ത്ഥനാ നിരതമാവാറുണ്ടായിരുന്നു.
മുസ്‌ലിം ലീഗുകാരനായാല്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആവില്ലെന്ന് പറഞ്ഞിരുന്നവരോട് കേന്ദ്രഭരണത്തിലും ഹരിതക്കൊടി ഉയരുമെന്ന ആത്മവിശ്വാസം പ്രാവര്‍ത്തികമായത് അഹമ്മദ് സാഹിബിലൂടെയാണ്. കേന്ദ്ര വിദേശകാര്യ ചുമതല ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം ഡല്‍ഹിയില്‍ നിന്ന് വിളിച്ച് ഇറാഖില്‍ ബന്ദികളായ ഇന്ത്യക്കാരുടെ മോചന ദൗത്യം ഏറ്റെടുത്തതായി അറിയിച്ചത് ഓര്‍ക്കുന്നു. പിന്നീടാണ് അതിന്റെ ഗൗരവം മനസ്സിലായത്. ഇന്ത്യയുമായി നയതന്ത്ര ബന്ധം പോലുമില്ലാത്ത രാജ്യമാണ് അപ്പോള്‍ ഇറാഖ്. ദൗത്യം പരാജയപ്പെട്ടാല്‍ നാലു വിലപ്പെട്ട ജീവനുകള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാറിന്റെ പ്രതിഛായയും ചോദ്യ ചിഹ്നമാവും. നാട്ടില്‍ വരുന്നത് പലതവണ മാറ്റി ഡല്‍ഹിയിലിരുന്ന് രാപകല്‍ ഊണും ഉറക്കവുമില്ലാതെ അദ്ദേഹം അതില്‍ മുഴുകി.
ഏതു പ്രതിസന്ധിയിലും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് മുന്നോട്ടു പോകുക എന്നതായിരുന്നു രീതി. ഗള്‍ഫിലെ ജയിലില്‍ അകപ്പെട്ട മലയാളിയുടെ മോചനത്തിനായി ശ്രമിക്കുമ്പോള്‍ അക്കാര്യം സാധിക്കാന്‍ അര്‍ധരാത്രി ഖുര്‍ആന്‍ പാരായണം ചെയ്ത് പ്രാര്‍ത്ഥിക്കുന്ന ഒരു നേതാവിനെ കുറിച്ചാണ് പറയുന്നത്. നേരവും കാലവുമില്ലാതെ അഹമ്മദ് സാഹിബ് വിളിച്ച്, പ്രാര്‍ത്ഥിക്കണം എന്നു പറയുമ്പോള്‍ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു അദ്ദേഹം. ജീവിത പ്രതിസന്ധികളില്‍ ഉത്തരം തേടിയിരുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളെ രാഷ്ട്രീയ പ്രതിസന്ധിക്കും അദ്ദേഹം ഉപയോഗിച്ചു. ഖുര്‍ആനും സ്വലാത്തും ഉരുവിട്ട് തുടങ്ങി, ഇന്ത്യ ഇസ്‌ലാമിന്റെ ശത്രുവല്ലെന്നും നിരപരാധികളായ ആ പാവങ്ങളെ വെറുതെ വിടണമെന്നും ഇറാഖിലെ ദൃശ്യമാധ്യമങ്ങള്‍ വഴി അഹമ്മദ് സാഹിബ് നിരന്തരം പറയുമ്പോള്‍ തന്നെ ഭീകരര്‍ തലയറുത്ത ബന്ദികളുടെ എത്രയോ വാര്‍ത്തകളും ചിത്രങ്ങളും നമ്മള്‍ അറിയുന്നുണ്ടായിരുന്നു.
എന്നാല്‍, ഒരു തുള്ളി രക്തം പൊടിയാതെ അഹമ്മദ് സാഹിബിന്റെ ദൗത്യം വിജയിച്ചപ്പോള്‍ ഇന്ത്യാ മഹാരാജ്യം ലോകത്തിന്റെ മുമ്പില്‍ തലയെടുപ്പോടെ നിന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയിലേക്ക് വീണ്ടും വീണ്ടും അഹമ്മദ് സാഹിബിനെ വിട്ടപ്പോഴെല്ലാം രാജ്യത്തിന്റെ യശസ്സ് അദ്ദേഹം വാനോളം ഉയര്‍ത്തി. സഊദിയില്‍ കണ്ണു ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ടവര്‍ക്കും ഇറാനിലെ ജയിലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും പ്രതിസന്ധിയില്‍ അകപ്പെട്ട എത്രയോ മനുഷ്യര്‍ക്കും അത്താണിയായി അദ്ദേഹം. ആറു പതിറ്റാണ്ട് നീണ്ട പൊതു പ്രവര്‍ത്തനത്തിനിടക്ക് ഒരിക്കല്‍ പോലും നിശ്ശബ്ദമാവാനോ അടങ്ങിയിരിക്കാനോ കൂട്ടാക്കിയില്ല.
മികച്ച ഭരണാധികാരിയായി അദ്ദേഹം മാറിയതിന് പിന്നിലുള്ള കഠിനാധ്വാനം അടുത്തു നിന്ന് കാണാന്‍ പലപ്പോഴും അവസരം ഉണ്ടായിട്ടുണ്ട്. 1982 മുതല്‍ 87വരെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അഹമ്മദ് സാഹിബാണ് കേരളത്തിന്റെ വ്യവസായ വളര്‍ച്ചയില്‍ നാഴികക്കല്ലായ കെല്‍ട്രോണ്‍ ഉള്‍പ്പെടെ നട്ടുവളര്‍ത്തിയത്. സംസ്ഥാന മന്ത്രിയായിരിക്കെ തന്നെ രാജ്യത്തെ പ്രതിനിധീകരിച്ച് വിദേശത്തേക്കുള്ള സംഘത്തെ നയിക്കാന്‍ ലഭിച്ച അവസരം ആകസ്മികമായിരുന്നില്ലെന്ന് പിന്നീട് വിദേശകാര്യ വകുപ്പ് മന്ത്രിയായപ്പോള്‍ നമ്മള്‍ അനുഭവിച്ചതാണ്. റെയില്‍വെ, മാനവ വിഭവശേഷി വകുപ്പുകളിലും ചെറിയ കാലയളവില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ അഹമ്മദ് സാഹിബിനായി. വിശുദ്ധ കഅബയുടെ ഉള്ളില്‍ പ്രാര്‍ത്ഥനക്ക് പലതവണ അവസരം ലഭിച്ച അദ്ദേഹമാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഇരട്ടിയിലേറെ വര്‍ധിപ്പിച്ചതെന്നതും കൂട്ടിവായിക്കണം.
അഹമ്മദ് സാഹിബിനെ ഓര്‍ത്ത് തലമുറകള്‍ അഭിമാനം കൊള്ളും. ഒരു ഇന്ത്യന്‍ മുസ്‌ലിം എങ്ങിനെ ജീവിക്കണമെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമായി അഹമ്മദ് സാഹിബിന്റെ ജീവചരിത്രം കയ്യില്‍ വെച്ചു കൊടുക്കാം. ആയുസ്സും ആരോഗ്യവും മുഴുവന്‍ സമുദായത്തിനും രാജ്യത്തിനുമായി സമര്‍പ്പിച്ച് സംയുക്ത പാര്‍ലമെന്റില്‍ രാഷ്ട്രപതി സംസാരിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹം നമ്മോട് വിടവാങ്ങിയത്. ജീവിതം പോലെ മരണവും പോരാട്ടമാക്കി, വര്‍ത്തമാനകാല ഇന്ത്യയിലെ വിളക്കുമരമായി ജ്വലിച്ചു അദ്ദേഹം.